നല്ല സമറിയാക്കാരനോടും കരുണ!

നല്ല സമറിയാക്കാരനോടും കരുണ!

നല്ല സമറിയാക്കാരന്‍റെ ഉപമ സമകാലീനഭാവനയിലൂടെ കടത്തിവിട്ടാല്‍ താഴെ പറയുന്ന രംഗം നമുക്ക് കാണാന്‍ കഴിഞ്ഞേക്കും. അര്‍ദ്ധപ്രാണനായി തെരുവോരത്ത് കിടക്കുന്നവന്‍റെയടുത്തെത്തുന്ന നല്ല സമറിയാക്കാരന്‍. വീണവനെ താങ്ങിപ്പിടിച്ച് തന്‍റെ കഴുതപ്പുറത്ത് കയറ്റാന്‍ ഒരുങ്ങവേ ആ അര്‍ദ്ധപ്രാണന്‍ മുറിഞ്ഞ ശബ്ദത്തില്‍ മുരളുന്നു, "ബുദ്ധിയില്ലാത്ത ഈ നാല്‍ക്കാലിയുടെ പുറത്തേക്കാണോ എന്നെ വലിച്ചുകയറ്റുന്നത്? തനിക്ക് സ്വന്തമായി കുതിരയൊന്നുമില്ലേ. ഒരു കുതിര വണ്ടി വാടകക്കെങ്കിലും വിളിച്ചുകൂടേ? ഒരു എച്ചി പരസ്നേഹത്തിന് ഇറങ്ങിയിരിക്കുന്നു. കഷ്ടം!" ആ സമറിയാക്കാരന്‍റെ ശേഷം ക്രിയകള്‍ നിങ്ങളുടെ ഭാവനയ്ക്കു വിടുന്നു. എന്നാല്‍ ഉപകാരികളുടെയുള്ളില്‍ രോഷത്തരിപ്പു കയറ്റുന്ന ഇത്തരം സന്ദര്‍ഭങ്ങള്‍ ഇക്കാലത്തും നടക്കാറുണ്ട്. ഏതാനും ഉദാഹരണങ്ങള്‍:

ഒരു ഹോസ്റ്റല്‍വാസി തിടുക്കത്തില്‍ തന്‍റെ വസ്ത്രങ്ങള്‍ ഇസ്തിരിയിട്ടുകൊണ്ടിരിക്കുകയാണ്. അപ്പോഴാണ് സുഹൃത്തിന്‍റെ ദയനീയമായ അപേക്ഷ. ഈ ഷര്‍ട്ടു കൂടെ ഒന്നു തേച്ചുതരണം. പ്ലീസ്…. അയാളിലെ നല്ല സമറിയാക്കാരന്‍ ഉണര്‍ന്നു. ഷര്‍ട്ട് തേച്ചുമടക്കി മുറിയില്‍ കൊണ്ടുപോയി കൊടുത്തു. കുറേക്കഴിഞ്ഞപ്പോള്‍ വാതിലില്‍ ഒരു മുട്ട,് പിന്നെ മുട്ടനൊരു ശകാരവും. നിനക്കൊരു ഷര്‍ട്ട് വൃത്തിയായി തേയ്ക്കാന്‍പോലും അറിഞ്ഞു കൂടെ? കോളര്‍ ചുളുങ്ങിയിരിക്കുന്നതു കണ്ടോ…. അതോടെ നല്ല സമറിയാക്കാരന്‍ പ്ലിംഗ്!

നോക്കാന്‍ ആരുമില്ലാതെ അവശനിലയിലെത്തിയ ഒരു വൃദ്ധയെ കുറച്ചു ചെറുപ്പക്കാര്‍ ആശുപത്രിയില്‍ കൊണ്ടുപോയി ചികിത്സിക്കാന്‍ തീരുമാനിച്ചു. അവരെ കാര്യം പറഞ്ഞു ബോധ്യപ്പെടുത്തി കാറില്‍ കയറ്റി. പോകുംവഴി അവര്‍ ചോദിച്ചു, എങ്ങോട്ടാ മക്കളെ എന്നെ കൊണ്ടുപോകുന്നത്? അവര്‍ പറഞ്ഞു, നമ്മുടെ ജില്ലാ ആശുപത്രിയിലേക്ക്. പണ്ടത്തെപ്പോലൊന്നുമല്ല. ഇപ്പോള്‍ നല്ല ചികിത്സയും സൗകര്യവുമാ… അവര്‍ പറഞ്ഞു, അതുവേണ്ട. എന്നെ കൊണ്ടുപോകുന്നെങ്കില്‍ ഒന്നുകില്‍ ആസ്റ്റര്‍ മെഡിസിറ്റി അല്ലെങ്കില്‍ രാജഗിരി. നിങ്ങള്‍ക്കതു പറ്റുകേലെങ്കില്‍ എന്നെക്കൊണ്ടുപോയി എന്‍റെ വീട്ടില്‍ കെടത്തിക്കോ. ഇളിഭ്യരായ അവര്‍ വണ്ടി തിരിച്ചു.

വെള്ളപ്പൊക്കത്തെത്തുടര്‍ന്ന് താറുമാറായ ഒരു വീട് പുതുക്കിപ്പണിതുകൊടുക്കാന്‍ ഒരു സന്യാസഭവനം തീരുമാനിച്ചു. അവര്‍ മുടക്കാന്‍ പോകുന്ന തുകയുടെ കണക്കും പറഞ്ഞു. വീട്ടുടമസ്ഥന്‍ വീടിന്‍റെ പ്ലാന്‍ തയ്യാറാക്കി. അതുകണ്ട് ഉടുപ്പിട്ട ഉപകാരികള്‍ പറഞ്ഞു, ഞങ്ങള്‍ ഈ വീടിനു കാര്‍പോര്‍ച്ചൊന്നും ഉദ്ദേശിച്ചിട്ടില്ല. മാത്രവുമല്ല, ഞങ്ങള്‍ പറഞ്ഞ തുകയ്ക്ക് അതൊന്നും തീരുകയുമില്ല. വീട്ടുടമസ്ഥന്‍ ചൂടായി. കാര്‍പോര്‍ച്ചില്ലാത്ത വീട് എനിക്കു വേണ്ട. ഉപകാരികള്‍ പിന്നെയും അനുനയം പറഞ്ഞുനോക്കി. അതിനു ചേട്ടനിപ്പോള്‍ കാറില്ലല്ലോ. അതയാളെ കൂടുതല്‍ പ്രകോപിപ്പിച്ചു. അതുശരി. എന്‍റെ മക്കള്‍ക്കെന്താ ഭാവിയില്‍ കാറുമേടിച്ചുകൂടാ എന്നുണ്ടോ? എന്നെ അങ്ങനെയങ്ങു കൊച്ചാക്കാന്‍ നോക്കല്ലേ.

2018 ഓഗസ്റ്റിലെ ഭീകരപ്രളയദിനങ്ങള്‍. ഒരു ദുരിതാശ്വാസക്യാമ്പില്‍ മൂന്നു ദിവസം അടുപ്പിച്ച് കാരുണ്യമെത്തിയത് ബിരിയാണിപ്പൊതികളുടെ രൂപത്തിലായിരുന്നു. പക്ഷേ, നാലാം ദിവസം വന്നത് ചോറുപൊതികളും. പൊതികള്‍ തുറന്നുനോക്കി രസിക്കാതെ അവ തള്ളിനീക്കിക്കൊണ്ട് ചില ദുരന്തബാധിതര്‍ പറഞ്ഞു, ഞങ്ങള്‍ക്ക് ചോറു വേണ്ട, ബിരിയാണിയുണ്ടെങ്കില്‍ കൊണ്ടുവാ….

അലിവു കാണിക്കല്‍ മറ്റുള്ളവരുടെ കടമയും അതു സ്വീകരിക്കല്‍ സ്വന്തം അവകാശവുമാണെന്ന് നിനച്ചാല്‍ ഇതൊക്കെ സംഭവിക്കും. നല്ല സമറിയാക്കാരനും കരുണ അര്‍ഹിക്കുന്നുണ്ട്; പ്രത്യേകിച്ച് അയാളുടെ കാരുണ്യം പറ്റുന്നവരില്‍നിന്ന്. അല്പത്തവും അഹങ്കാരവും അറിവില്ലായ്മയും കൂടിക്കലരുമ്പോഴേ നല്ല സമറിയാക്കാരുടെ കാരുണ്യപ്രവൃത്തികള്‍ നിസാരമായി കാണാന്‍ ഒരാള്‍ക്ക് കഴിയൂ. എന്നാല്‍ സ്വന്തം കാരുണ്യപ്രവൃത്തികള്‍ വിലമതിക്കാത്തവരോട് തുടര്‍ന്നും കരുണ കാണിക്കുന്നവനാണ് യഥാര്‍ഥത്തില്‍ നല്ല സമറിയാക്കാരന്‍. അയാള്‍ക്ക് കാരുണ്യവാനായ ദൈവത്തിന്‍റെ പ്രതിച്ഛായയുണ്ട്; അയാള്‍ ദൈവത്തിന്‍റെ പ്രതിപുരുഷനുമാകുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org