നമ്മള്‍ ഇനിയും വിദേശികളാകണമോ?

അജോ രാമച്ചനാട്ട്

കഴിഞ്ഞയിടെ സുഹൃത്തായ ഒരു വൈദികനെയും അദ്ദേഹത്തിന്‍റെ മാതാപിതാക്കളെയും ഒരു യാത്രാമദ്ധ്യേ കാണുവാനിടയായി. ആ അപ്പച്ചന്‍ ഇങ്ങനെ പറഞ്ഞു: "മക്കളിലൊരാളെ അച്ചനാകാന്‍ വിട്ടതുകൊണ്ട് ഇപ്പോള്‍ അവനെങ്കിലുമുണ്ട്." അവരുടെതന്നെ അനേകം കുടുംബങ്ങളില്‍ മാതാപിതാക്കള്‍ ഒറ്റയ്ക്കാണു കഴിയുന്നതെന്നും മക്കളെല്ലാം വിദേശത്താണെന്നുമൊക്കെ അവര്‍ പങ്കുവയ്ക്കുകയുണ്ടായി.

ആലോചിച്ചു നോക്കിയപ്പോള്‍ ഇതൊരു ഒറ്റപ്പെട്ട സംഭമല്ല. കേരളത്തിലെമ്പാടുമുള്ള ഒട്ടുമിക്ക വീടുകളിലും, പ്രത്യേകിച്ചു കത്തോലിക്കാ കുടുംബങ്ങളില്‍ മക്കളൊക്കെയും വിദേശത്തും മാതാപിതാക്കള്‍ മാത്രം നാട്ടിലൊറ്റപ്പെട്ടും കഴിയുകയാണ്. ഇടയ്ക്കെങ്ങാനും അവധിക്ക് ഒറ്റയായോ കുടുംബമായോ വിദേശത്തുനിന്നും മക്കള്‍ വന്ന് അല്പസ്വല്പം ബഹളമൊക്കെ ഉണ്ടാക്കി തിരിച്ചുപോയിക്കഴിഞ്ഞാല്‍ വീണ്ടും ആളും ആരവവുമില്ലാതെ ഉറങ്ങിപ്പോകുന്ന നമ്മുടെ കത്തോലിക്കാ കുടുംബങ്ങള്‍.

1960 കാലത്തു ക്രമാതീതമായ ജനപ്പെരുപ്പവും പട്ടിണിയും കൃഷിയിടത്തിന്‍റെ ദൗര്‍ലഭ്യതയും കാരണം മദ്ധ്യതിരുവിതാംകൂറില്‍ നിന്നും ഹൈറേഞ്ചിലേക്കും മലബാറിലേക്കും നടത്തിയ കുടിയേറ്റത്തിന്‍റെ ചരിത്രം കത്തോലിക്കര്‍ക്കുണ്ട്. വീണ്ടും 1980 കാലം മുതലാണു വിദേശത്തേയ്ക്കു നമ്മുടെ നാട്ടില്‍ നിന്നും ജോലിക്കായി പോയിത്തുടങ്ങുന്നത്. പ്രധാന കാരണം ദാരിദ്ര്യം തന്നെ. ലക്ഷക്കണക്കിനാളുകള്‍ വിദേശ നാടുകളില്‍ അദ്ധ്വാനം ചെയ്തുണ്ടാക്കുന്ന പണമാണു കേരളത്തിന്‍റെ ഇന്നത്തെ സാമ്പത്തികമേഖലയുടെ നട്ടെല്ല് എന്ന കാര്യം വിസ്മരിക്കാവുന്നതല്ല. വിദേശത്തേയ്ക്കുള്ള കുടിയേറ്റത്തിന്‍റെ തുടര്‍ചലനങ്ങളാണു നമ്മുടെ നാട്ടില്‍ അങ്ങോളമിങ്ങോളമുള്ള വീടുകളും കെട്ടിടങ്ങളും ആരാധനാലയങ്ങളുമെല്ലാം. അക്കാലത്ത് അതു കാലഘട്ടത്തിന്‍റെ ആവശ്യമായിരുന്നുതാനും.

വിദേശനാടുകളിലേക്കുള്ള മനുഷ്യസമ്പത്തിന്‍റെ ക്രമാതീതമായ ഒഴുക്കുമൂലം സംഭവിച്ച ചില കാര്യങ്ങള്‍കൂടിയുണ്ട്. അതിലൊന്നാണു മേല്പറഞ്ഞ മാതാപിതാക്കള്‍ തനിച്ചാകുന്ന കുടുംബങ്ങള്‍. കുടുംബങ്ങളില്‍ മാത്രമല്ല, കേരളസമൂഹത്തില്‍തന്നെ ഊര്‍ജ്ജസ്വലരായ യുവതീയുവാക്കന്മാരില്‍ കത്തോലിക്കരുടെ എണ്ണം എത്രത്തോളമുണ്ട്? പണ്ടൊക്കെ ഏതു സ്ഥാപനങ്ങളിലും നമുക്കു കൂട്ടായി ഏതെങ്കിലുമൊരു തോമസോ ഒരു വര്‍ഗീസോ ഒരു ജോസഫോ ഒരു മേരിക്കുട്ടിയോ ഒക്കെ ഉണ്ടാകുമായിരുന്നു. എന്നാലിപ്പോള്‍ കാലം മാറി. ആ സ്ഥാനങ്ങളൊക്കെ മറ്റാരൊക്കെയോ കയ്യടക്കിയിരിക്കുന്നു. ഗവണ്‍മെന്‍റ് സ്ഥാപനങ്ങളിലും ഉദ്യോഗസ്ഥവൃന്ദങ്ങളിലും നമുക്കാരുമില്ലാതാകുന്നു. അവിടെയൊക്കെ ചെല്ലുമ്പോള്‍ വല്ലാത്തൊരു അപരിചിതത്വം.

ഇനിയൊന്നു മാറിചിന്തിക്കേണ്ടേ? നമ്മളിനിയും വിദേശികളാകണമോ? ദൈവത്തിന്‍റെ സ്വന്തം നാടായ കേരളത്തെ ഉപേക്ഷിക്കാന്‍ നമ്മുടെ മക്കളെ വിദേശങ്ങളില്‍ അടിമപ്പണിക്കു വിടേണ്ടതുണ്ടോ? നമ്മുടെ നാട്ടിലെ ജോലിസാദ്ധ്യതകളും നമ്മുടെ നാടിന്‍റെ ഊര്‍ജ്ജസമ്പത്തും നമ്മുടെ നാട്ടിലെ നിരവധിയായ അവസരങ്ങളും എന്തുകൊണ്ടു നമ്മുടെ കുട്ടികള്‍ ലക്ഷ്യം വയ്ക്കുന്നില്ല? പ്ലസ് ടുവിനുശേഷം കാനഡയോ ന്യൂസിലാന്‍ഡോ ഉപരിപഠനത്തിനുവേണ്ടി തിരഞ്ഞെടുത്തില്ലെങ്കില്‍ അവനെന്തോ കുഴപ്പമുണ്ടെന്നു നമ്മുടെ കുട്ടികള്‍ തന്നെ ചിന്തിക്കുന്ന ഒരവസ്ഥ ഈ നാട്ടില്‍ ഉടലെടുത്തതു ദയനീയംതന്നെ.

ആദര്‍ശധീരരായ അന്തസ്സുംആഭിജാത്യവുമുള്ള കത്തോലിക്കരായ യുവതലമുറയെ ഈ നാടിനാവശ്യമുണ്ട്. നാടിനു ജീവന്‍ പകരാന്‍ കത്തോലിക്കാ വിശ്വാസത്തിലും ക്രൈസ്തവപുണ്യങ്ങളിലും അടിയുറച്ച ഒരു തലമുറയെ ഈ നാടിനു സംഭാവന ചെയ്യാന്‍ നമ്മളൊരുമിച്ചു മുന്നോട്ടിറങ്ങിയേ മതിയാവൂ. ഇടവകകളിലും സംഘടനാതലങ്ങളിലും സണ്‍ഡേ സ്കൂളുകളിലും വ്യക്തമായ കാഴ്ചപ്പാടുകളുള്ളവര്‍ മുമ്പില്‍ നിന്ന് ഈ നാടിനു ഗുണമുള്ള ഒരു യുവസമൂഹത്തെ വാര്‍ത്തെടുക്കണം.

ഒരുപക്ഷേ, അതിനുവേണ്ടി വിദ്യാഭ്യാസമേഖലയിലും വേദപഠനക്ലാസ്സുകളിലും സിലബസുകള്‍ വേണ്ടിവന്നാല്‍ മാറ്റിയെഴുതുക തന്നെ ചെയ്യണം. തങ്ങളുടെ അദ്ധ്വാനം കൊണ്ടു ജീവിതത്തില്‍ നേട്ടം വരിച്ചിട്ടുള്ള മുതിര്‍ന്ന തലമുറയുടെയും റിട്ടയര്‍ ചെയ്തു വീടുകളിലുള്ള അനേകായിരം അനുഭവസമ്പന്നരായ മനുഷ്യരുടെയും സാന്നിദ്ധ്യവും സഹകരണവും ഈ മേഖലയില്‍ ഉറപ്പിക്കണം. അങ്ങനെ ക്രൈസ്തവചൈതന്യം തുളുമ്പുന്ന പൊതുഇടങ്ങളെ സൃഷ്ടിക്കാന്‍ നമുക്കു പ്രതിജ്ഞാബദ്ധരാകാം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org