മതിലുകള്‍ പണിയുമ്പോള്‍

കമ്യൂണിസ്റ്റു സര്‍ക്കാര്‍ കേരളത്തില്‍ മതിലുകെട്ടുന്നതാണ് സമകാലിക രാഷ്ട്രീയത്തിലെ ചൂടേറിയ വിവാദം. ഈ മതിലിന്‍റെ ലക്ഷ്യത്തിന് ശബരിമലയുമായി ബന്ധമുണ്ടെന്നും ഇല്ലെന്നും പക്ഷാന്തരങ്ങളുണ്ട്. ഈ മതില്‍ സവര്‍ണ്ണമേധാവിത്വത്തിനെതിരെ അവര്‍ണ്ണര്‍ നടത്തുന്ന പ്രതിഷേധമാണെന്ന് ചിലര്‍ വാദിക്കുമ്പോള്‍ ഭൂരിപക്ഷ സമുദായത്തെയും ന്യൂനപക്ഷസമുദായങ്ങളെയും തമ്മില്‍ വേര്‍തിരിക്കാനുള്ള മതിലായി ഇതിനെ ചിത്രീകരിക്കുന്നവരുമുണ്ട്. സര്‍ക്കാര്‍ ജീവനക്കാരും വിദ്യാര്‍ത്ഥികളും കല്പന വഴി മതിലിനോട് നിര്‍ബന്ധമായും ചേര്‍ക്കപ്പെട്ടെന്നും ഇല്ലെന്നുമുള്ളതിന് ഔദ്യോഗികരേഖകള്‍ അന്തരിക്ഷത്തില്‍ പറന്നു നടക്കുന്നുണ്ട്. നവോത്ഥാന മതില്‍ എന്നു പേരിട്ടിരിക്കുന്ന ഈ സംരംഭം കേരളത്തിന് നവീന നവോത്ഥാനം നല്‍കുമെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടുമ്പോള്‍ ഇത് വര്‍ഗ്ഗീയമതില്‍ ആണെന്നും കേരളത്തിന്‍റെ മതസൗഹാര്‍ദ്ദം തകര്‍ക്കുമെന്നും നിയമസഭയില്‍പോലും ചര്‍ച്ചയുണ്ടായി. ചുരുക്കത്തില്‍ സര്‍വ്വത്ര ആശയക്കുഴപ്പത്തിന്‍റെ ചാന്തിലാണ് മുഖ്യമന്ത്രി മതിലുറപ്പിക്കാന്‍ ശ്രമിക്കുന്നത് എന്നു വ്യക്തം. മതില്‍ വിവാദമായതിനു പിന്നില്‍ കാരണങ്ങള്‍ പലതുണ്ട്. ഒന്നാമതായി, കോടതിവിധിയുടെ പിന്‍ബലത്തില്‍ ശബരിമലയില്‍ സ്ത്രീകളെ എത്തിക്കാനുള്ള സര്‍ക്കാരിന്‍റെ ഭഗീരഥപ്രയത്നം പാഴായതിന്‍റെ ജാള്യതയെ മതിലുകെട്ടി മറയ്ക്കാനുള്ള ശ്രമം ഇതിനു പിന്നിലുണ്ടെന്ന് ആരെങ്കിലും ആക്ഷേപിച്ചാല്‍ കുറ്റം പറയാനാവില്ല. ഏറെ കഷ്ടപ്പെട്ട് തങ്ങള്‍ നിര്‍മ്മിച്ച ബര്‍ലിന്‍ മതില്‍ സാമ്രാജ്യശക്തികള്‍ തകര്‍ത്തകാലം മുതല്‍ മതിലുകള്‍ കമ്യൂണിസ്റ്റ് ഗൃഹാതുരത്വത്തിലെ ഉണങ്ങാത്ത മുറിവുകളാണ്. അതിനാലാണ് വര്‍ഷത്തിലൊരിക്കലെങ്കിലും കേരളത്തില്‍ തെക്കുവടക്ക് മനുഷ്യമതിലുനിര്‍മ്മിക്കാന്‍ അവര്‍ ആവേശം കാട്ടുന്നത്. മതില്‍ നിര്‍മ്മാണത്തിലെ ചില അടിസ്ഥാന അപാകതകള്‍ ചൂണ്ടിക്കാട്ടാതെ തരമില്ല.

രണ്ടാമതായി, നവോത്ഥാന മതിലിനുള്ള തീരുമാനം ഏതാനും ചില ജാതിസംഘടനകളുടെ മീറ്റിംഗില്‍വച്ച് സര്‍ക്കാര്‍ കൈക്കൊണ്ടു എന്നത് ചരിത്രപരമായ അബദ്ധമാണ്. കേരളത്തിന്‍റെ നവോത്ഥാനത്തിനായി അത്യദ്ധ്വാനം ചെയ്ത സമുദായങ്ങളെയും പ്രസ്ഥാനങ്ങളെയും അവഗണിച്ചുകൊണ്ട് ഈ തീരുമാനം എടുത്തതിന് നീതീകരണങ്ങള്‍ പര്യാപ്തമല്ല. കേരള നവോത്ഥാനത്തിന് ഐതിഹാസിക നേതൃത്വം കൊടുത്ത ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് (വൈക്കം സത്യാഗ്രഹം, അയിത്തോച്ചാടനം, ക്ഷേത്രപ്രവേശന വിളംബരം….), ക്രിസ്ത്യന്‍ മിഷനറിമാര്‍ (വിദ്യാഭ്യാസ വിപ്ലവം, നാണ്യവിള വിപ്ലവം, മാറുമറയ്ക്കല്‍ സമരം, അടിമവ്യവസ്ഥിതിക്കും നികുതി സമ്പ്രദായത്തിനും എതിരായ സമരം), അഖില കേരള കത്തോലിക്കാ കോണ്‍ഗ്രസ്സ് (മലയാളി മെമ്മോറിയല്‍, അങ്കമാലി പടിയോല, വോട്ടവകാശ പ്രക്ഷോഭം, നിവര്‍ത്തന പ്രക്ഷോഭം…), നായര്‍ സര്‍വ്വീ സ് സൊസൈറ്റി, യോഗക്ഷേമസഭ മുസ്ലീം സമുദായത്തിലെ നവോത്ഥാന സംരംഭങ്ങള്‍ തുടങ്ങിയവയുടെ ചോരയും നീരുമാണ് കേരളത്തിന്‍റെ നവോത്ഥാനം. നവോത്ഥാനത്തിന്‍റെ തേരാളികളെയത്രയും തമസ്കരിച്ചുകൊണ്ട് നവോത്ഥാനത്തിന്‍റെ മുഴുവന്‍ പിതൃത്വവും ഏതുവിധേനയും കരസ്ഥമാക്കാന്‍ നാളിതുവരെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ഒളിഞ്ഞും തെളിഞ്ഞും നടത്തിവന്ന ശ്രമത്തിന്‍റെ തുടര്‍ച്ചയായി മാത്രമേ മതില്‍ നിര്‍മ്മാണത്തെ കാണാനാകൂ.

മൂന്നാമതായി, മതില്‍ നിര്‍മ്മാണത്തിനു മുന്‍നിരയില്‍ നേതൃത്വം കൊടുക്കുന്നവരില്‍ ചിലരെങ്കിലും കേരളത്തിലെ അറിയപ്പെടുന്ന വര്‍ഗ്ഗീയ ഫാസിസ്റ്റ് ചിന്താഗതിക്കാരാണ്. ഇതരസമുദായങ്ങളെ കുത്തിമുറിവേല്പിക്കാന്‍ കിട്ടുന്ന അവസരങ്ങളെ ഫലപ്രദമായി ഉപയോഗിക്കുന്ന ഈ നേതാക്കളെ നവോത്ഥാന നായകരായി ഒരു സുപ്രഭാതത്തില്‍ അവതരിപ്പിച്ചാല്‍ അതിനു കയ്യടിക്കാന്‍ അരിയാഹാരം കഴിക്കുന്നവരെ കിട്ടാതെ പോകാം. സാമുദായിക ധ്രുവീകരണത്തിനു പരിശ്രമിച്ചിരുന്ന പലര്‍ക്കും സര്‍ക്കാര്‍ ചെലവില്‍ നവോത്ഥാനപട്ടം നല്‍കപ്പെടുന്നതിലെ അവിവേകം തികച്ചും അപലപനീയമാണ്.

നാലാമതായി, വനിതാശാക്തീകരണം, ലിംഗസമത്വം തുടങ്ങിയ വിഷയങ്ങളെ കേവലം സാമുദായിക പ്രശ്നങ്ങളായി മാത്രം അവതരിപ്പിക്കുന്നതും സാമുദായികമായി മാത്രം പരിഹാരം കണ്ടെത്തുന്നതും ദൂരവ്യാപകമായ ദുരന്തഫലം ഉളവാക്കും. മഞ്ചേശ്വരം മുതല്‍ പാറശ്ശാലവരെ ഗതാഗതം തടസ്സപ്പെടുത്തി കേരളം സ്തംഭിപ്പിച്ച് മതിലു നിര്‍മ്മിക്കുന്ന അധിനിവേശ പ്രതിഷേധത്തില്‍ നവോത്ഥാന ചൈതന്യം ഉണരും എന്നത് തികച്ചും ബാലിശമായ വാദമാണ്. എല്ലാ സമുദായങ്ങളെയും മതവിഭാഗങ്ങളെയും വിശ്വാസത്തിലെടുത്തു കൊണ്ടു മാത്രമേ കേരളത്തിന്‍റെ നവോത്ഥാനം സാധ്യമാവുകയുള്ളൂ. മുള്ളിനെ മുള്ളുകൊണ്ടെടുക്കുന്നതു ബുദ്ധിയായിരിക്കാം. എന്നാല്‍ വര്‍ഗ്ഗീയതയെ വര്‍ഗ്ഗീയതകൊണ്ടു പ്രതിരോധിക്കുന്നതില്‍ വിവേകക്കുറവുണ്ട്. നവോത്ഥാനം എന്നത് സമൂഹമൊന്നാകെ മതവിരുദ്ധ ഭൗതിക വാദത്തിലെത്തുന്നതാണെന്ന ചിന്താധാരയില്‍നിന്നു പുറത്തുകടക്കാന്‍ കഴിയാത്തവര്‍ സമൂഹത്തില്‍ മതിലുകളും വേലികളും വര്‍ദ്ധിപ്പിച്ചു കൊണ്ടിരിക്കും. യഹൂദരും വിജാതീയരും തമ്മിലുള്ള മതിലുപൊളിച്ച കര്‍ത്താവിന്‍റെ കരുണയ്ക്കായി കേരളത്തെ നമുക്കു സമര്‍പ്പിക്കാം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org