Latest News
|^| Home -> Pangthi -> കാലവും കണ്ണാടിയും -> മതേതരത്വവും മാര്‍ക്സിയന്‍ മതവിരുദ്ധതയും

മതേതരത്വവും മാര്‍ക്സിയന്‍ മതവിരുദ്ധതയും

മാർ ജോസഫ് പാംപ്ലാനി

ബിഷപ് ജോസഫ് പാംപ്ലാനി

മതേതരത്വം ഭാരതത്തിന്‍റെ ആത്മാവാണ്. മതേതരത്വം എന്നതിലൂടെ മതനിരാസനം എന്ന അര്‍ത്ഥം ഭരണഘടന അനുശാസിക്കുന്നില്ല. എല്ലാ മതങ്ങള്‍ക്കും തുല്യമായ അവകാശമുണ്ടെന്നും മതത്തിന്‍റെ പേരില്‍ രാജ്യത്തു വിവേചനം പാടില്ല എന്നുമാണ് മതേതര സങ്കല്പത്തിലൂടെ ഭരണഘടന വിവക്ഷിക്കുന്നത്. ഓരോ പൗരനും ഇഷ്ടമുള്ള മതത്തില്‍ വിശ്വസിക്കാനും അതു പ്രചരിപ്പിക്കാനും മതവിശ്വാസമില്ലാത്തവര്‍ക്ക് നിരീശ്വരരായി ജീവിക്കാനും അവകാശം നല്‍കുന്ന സമുന്നതമായ സ്വാതന്ത്ര്യത്തിലാണ് മതേതരത്വത്തിന്‍റെ അടിത്തറ വിഭാവനം ചെയ്തിരിക്കുന്നത്.

എന്നാല്‍, ഭരണഘടന വിഭാവനം ചെയ്യുന്ന മതേതരത്വത്തില്‍നിന്നും ഭിന്നമായ മതേതരത്വമാണ് കമ്മ്യൂണിസം വിഭാവനം ചെയ്യുന്നത്. മതവിശ്വാസം അനാവശ്യമാണെന്നും സാമൂഹികവിപ്ലവത്തിലെ പ്രതിലോമശക്തിയാണെന്നും മാര്‍ക്സിസം സിദ്ധാന്തിക്കുന്നു. മനുഷ്യനെ മയക്കുന്ന കറുപ്പായി മതത്തെ കണ്ട മാര്‍ക്സ് മതാചാരങ്ങളെ ഉന്മൂലനം ചെയ്യപ്പെടേണ്ട അനാചാരങ്ങളായാണ് കരുതിയിരുന്നത്. അതിനാല്‍ മാര്‍ക്സിയന്‍ സങ്കല്പത്തിലെ മതേതരത്വം മതനിരാസനമാണ്. ഭാരതത്തിന്‍റെ ഭരണഘടന വിഭാവനം ചെയ്യുന്ന മതേതരത്വവും തമ്മിലുള്ള സംഘര്‍ഷമാണ് സമകാലികപരിസരങ്ങളെ സംഘര്‍ഷഭരിതമാക്കുന്ന പരിതോവസ്ഥകള്‍ സൃഷ്ടിക്കുന്നത്.

മതവിശ്വാസം എന്നത് പ്രത്യയശാസ്ത്രംപോലെ കേവലമൊരു താത്വികസംഹിതയല്ല. അത് ആചാരങ്ങളിലൂടെയും അനുഷ്ഠാനങ്ങളിലൂടെയും പ്രകാശിക്കപ്പെടുന്നതും കൈമാറ്റം ചെയ്യപ്പെടുന്നതുമാണ്. മതവിശ്വാസത്തിന്‍റെ അടിസ്ഥാന പ്രമാണങ്ങളെ കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിന്‍റെ യുക്തിഭദ്രമായ മൂശയില്‍ സ്ഫുടം ചെയ്യാനുള്ള വ്യഗ്രത കമ്മ്യൂണിസത്തിന് ആരംഭം മുതലേയുണ്ടായിരുന്നു. റഷ്യയിലും ചൈനയിലും ഉന്മൂലനം ചെയ്യപ്പെട്ട ക്രിസ്തീയ വിശ്വാസികളുടെയും പുരോഹിതരുടെയും ഭീമമായ സംഖ്യ ഇതിനു സാക്ഷ്യമാണ്. സമീപകാലത്തെ ചില സംഭവവികാസങ്ങളുടെയും കോടതിവിധികളുടെയും മറവില്‍ മതവിരുദ്ധതയുടെ മാര്‍ക്സിയന്‍ പ്രത്യയശാസ്ത്രം മലയാളികളുടെമേല്‍ അടിച്ചേല്പിക്കാന്‍ കേരളത്തിലെ ഭരണക്കൂടം നടത്തുന്ന അമിതവ്യഗ്രത അത്യന്തം അപലപനീയമാണ്.

ഭാരതത്തിലെതന്നെ ഏറ്റവും വലിയ തീര്‍ത്ഥാടനകേന്ദ്രങ്ങളിലൊന്നായ ശബരിമല കേരളത്തിന്‍റെ അഭിമാനമാണ്. അവിടെ നിലനിന്നിരുന്ന ബ്രഹ്മചര്യബദ്ധമായ ആചാരത്തെ ലിംഗസമത്വത്തിന്‍റെ നീതിയില്‍ പരമോന്നത നീതിപീഠം തിരുത്തി എന്നത് വസ്തുതാപരമാണ്. പരമോന്നത നീതിപീഠത്തിന്‍റെ വിധികളെ ജനാധിപത്യ സര്‍ക്കാര്‍ നടപ്പിലാക്കേണ്ടതല്ലേ എന്ന ഭരണകൂടവാദം തികച്ചും ന്യായവുമാണ്. തങ്ങള്‍ക്കിഷ്ടമില്ലാത്ത വിധിപറഞ്ഞ കോടതികളോടും ന്യായാധിപന്മാരോടും ഈ ഭരണകക്ഷി പ്രകടമായി പ്രചരിപ്പിച്ച എതിര്‍പ്പുകളെ ഗതകാലത്തിലെ അവിവേകമായി കരുതി മാപ്പു നല്‍കാനും മലയാളികള്‍ തയ്യാറാണ്. എന്നാല്‍, ഒരു മതാചാരത്തില്‍ കേവലം ലിംഗസമത്വത്തിന്‍റെ നൈയാമികതയ്ക്ക് ഉപരിയായുള്ള മാനങ്ങളെ തിരിച്ചറിയാനും കോടതിയുടെ ശ്രദ്ധയില്‍ കൊണ്ടുവരാനും സര്‍ക്കാരിനു കഴിഞ്ഞില്ലന്നതിന്‍റെ പ്രകടമായ സാക്ഷ്യമാണ് കോടതിയില്‍ ഇടതുസര്‍ക്കാര്‍ നല്‍കിയ തിരുത്തിയ സത്യവാങ് മൂലം. ചുരുക്കത്തില്‍ മതവിശ്വാസത്തിന്‍റെ സങ്കീര്‍ണ്ണതയെ മനസ്സിലാക്കുന്നതില്‍ മാര്‍ക്സിയന്‍ സൈദ്ധാന്തികര്‍ക്കു വന്ന പിഴവാണ് ശബരിമലയിലെ പ്രതിസന്ധിക്കു കാരണം.

സമാനമായ മതവിരുദ്ധസമീപനമാണ് ഇടതുപക്ഷസര്‍ക്കാരിന്‍റെ പ്രസിദ്ധീകരണമായ വിജ്ഞാനകൈരളി ക്രൈസ്തവ വിശ്വാസത്തോടും പ്രകടമാക്കിയത്. കുമ്പസാരവുമായി ബന്ധപ്പെടുത്തി കേരളത്തിലെ ഒരു സഭാവിഭാഗത്തിലെ ഏതാനും വൈദികര്‍ക്കെതിരെ ഉന്നയിക്കപ്പെട്ട ആരോപണത്തിന്‍റെ പേരില്‍ കുമ്പസാരം എന്ന കൂദാശയെ പ്രത്യക്ഷമായും പരസ്യമായും ആക്ഷേപിച്ചു സംസാരിക്കാന്‍ വിജ്ഞാനകൈരളിയിലെ ‘വിജ്ഞന്മാര്‍’ മുതിര്‍ന്നതും മാര്‍ക്സിയന്‍ പ്രത്യയശാസ്ത്രത്തിന്‍റെ വികലമായ മതവീക്ഷണം മൂലമാണ്. മതാചാരങ്ങളെ ഉന്മൂലനം ചെയ്യേണ്ട അനാചാരങ്ങളായി മാത്രം കരുതുന്ന മാര്‍ക്സിയന്‍ ചിന്തയാണ് വിജ്ഞാനകൈരളിയിലെ അജ്ഞാനികള്‍ പ്രകടമാക്കിയത്. ഇരുപതുനൂറ്റാണ്ടുകളായി വിശ്വാസികള്‍ പരിപാവനമായും തങ്ങളുടെ ആത്മീയതയുടെ അനിവാര്യതയായും കരുതുന്ന വിശുദ്ധ കുമ്പസാരത്തെ കേവലമൊരു ആരോപണത്തിന്‍റെ പേരില്‍, ആരോപണങ്ങളുടെ സത്യാവസ്ഥ ഇനിയും തെളിയിക്കപ്പെട്ടിട്ടുപോലുമില്ലാതിരുന്നിട്ടും, അക്രമിക്കാന്‍ മുതിര്‍ന്നവരുടെ മതവിദ്വേഷത്തിന് വര്‍ഗ്ഗീയതയെക്കാള്‍ വിഷമുണ്ട്.

കേരളത്തിന്‍റെ സാംസ്കാരിക നവോത്ഥാനത്തിന്‍റെ പിതൃത്വം ഏറ്റെടുക്കാന്‍ കമ്മ്യൂണിസം നടത്തുന്ന ഈ വൃഥ ാവ്യായാമം പാഴ്വേലയാകും. കാരണം കേരളത്തിന്‍റെ സാമൂഹികപരിഷ്കരണത്തിന് ഐതിഹാസിക നേതൃത്വം നല്‍കിയവരൊക്കെ മതവിശ്വാസത്തിന്‍റെ ആന്തരികചൈതന്യം ആവാഹിച്ചിട്ടുള്ള മഹത്വ്യക്തിത്വങ്ങളായിരുന്നു. കേരള നവോത്ഥാനത്തിന്‍റെ നാഴികക്കല്ലായ അരുവിപ്പുറം പ്രതിഷ്ഠ നടത്തിയ ശ്രീനാരായണഗുരുസ്വാമികള്‍തന്നെ ഏറ്റവും നല്ല ദൃഷ്ടാന്തം. ഗുരുദേവന്‍ പ്രതിഷ്ഠിച്ചത് അരിവാള്‍ ചുറ്റികയല്ല മറിച്ച് ശിവപ്രതിഷ്ഠയായിരുന്നു എന്നത് ഇടതുപക്ഷം മറക്കരുത്. വിദ്യാഭ്യാസവിപ്ലവത്തിലൂടെ കേരളത്തിന്‍റെ നവോത്ഥാനത്തി നു ദിശാബോധം നല്‍കിയ ചാവറയച്ചനുള്‍പ്പെടെയുള്ള മിഷനറിമാര്‍ സത്യവിശ്വാസത്തിന്‍റെ കരുത്തു കൈമുതലാക്കി സാമൂഹിക പരിഷ്കരണത്തിനിറങ്ങിയവരായിരുന്നു. ചട്ടമ്പിസ്വാമികളുടെ സാധുപരിപാലനസംഘവും വാഗ്ഭടാനന്ദന്‍റെ ആത്മവിദ്യാസംഘവും മന്നത്തു പത്മനാഭന്‍റെ നായര്‍ സര്‍വ്വീസ് സൊസൈറ്റിയുമൊക്കെ കേരളത്തെ നവോത്ഥാനപാതയില്‍ നയിച്ചവരാണ്. വിശ്വാസത്തെ നിരാകരിച്ചുകൊണ്ടല്ല വിശ്വാസത്തിന്‍റെ കരുത്തിലാണ് ഇവര്‍ സാമൂഹികപരിഷ്കരണം നിര്‍വ്വഹിച്ചത്. കേരളത്തിന്‍റെ വിശ്വാസാധിഷ്ഠിത നവോത്ഥാന നേട്ടങ്ങളുടെ ചരിത്രം മറന്നു കൊണ്ടാണ് ഇടതുപക്ഷം ‘അപക്വമായ’ ചരിത്രനിയോഗത്തിന്‍റെ അനാവശ്യഭാരം തലയിലേറ്റുന്നത്. വിശ്വാസത്തെ വെല്ലുവിളിച്ചും നിരാകരിച്ചും കേരളത്തില്‍ ഒരു സാമൂഹികപരിഷ്കരണവും ഫലവത്തായി നടത്താനാവില്ല എന്നതിന് ചരിത്രം സാക്ഷിയാണ്. മതവിശ്വാസം സാമൂഹിക പരിഷ്കരണത്തിന് തടസ്സമാണ് എന്ന മാര്‍ക്സിയന്‍ ചിന്തയാണ് തിരുത്തപ്പെടേണ്ടത്.

കേരളത്തിന്‍റെ മതേതര മണ്ണില്‍ വര്‍ഗ്ഗീയ ധ്രുവീകരണത്തിന് പടയൊരുക്കം നടത്തിക്കൊണ്ടിരുന്നവര്‍ക്ക് രാജവീഥിയൊരുക്കുന്ന ദയനീയ കാഴ്ചയാണ് മതേതരത്വത്തെ സ്നേഹിക്കുന്നവരെ നിരാശപ്പെടുത്തുന്നത്. മതേതരത്വത്തിന്‍റെ കാവലാളുകളായി കരുതുന്നവര്‍തന്നെ മതധ്രുവീകരണത്തിനു വഴിമരുന്നിടുന്നതിലെ ദൂരവ്യാപകമായ ദുരന്തം കാണാനുള്ള ക്രാന്തദര്‍ശനം ഇടതു സൈദ്ധാന്തികര്‍ക്കു കൈമോശംവന്നു എന്നു കരുതാന്‍ ന്യായമില്ല. ചുവപ്പിനു നിറംമങ്ങിയാല്‍ അതു കാവിയാകും എന്ന സത്യം വര്‍ണ്ണാന്ധതയില്ലാത്തവര്‍ക്കൊക്കെ മനസ്സിലാകും. ഏറെ കിഴക്കോട്ടുപോയാല്‍ പടിഞ്ഞാറെത്തുമെന്നതുപോലെയുള്ള സത്യമാണ് പരിധിവിട്ട് ഇടത്തോട്ടുപോയാല്‍ വലതുപക്ഷത്തെത്തുമെന്നത്. പ്രളയാനന്തര നവകേരളം നിര്‍മ്മിക്കാന്‍ പ്രതിജ്ഞാബദ്ധമായ സര്‍ക്കാര്‍ അനാവശ്യവിവാദങ്ങളില്‍ അഭിരമിക്കുന്നതില്‍ അണികള്‍ക്കുപോലും അങ്കലാപ്പുള്ള കാര്യം മുകളിലുള്ളവര്‍ അറിയാത്തതാണോ അറിയിക്കാത്തതാണോ അതോ അറിഞ്ഞിട്ടും അറിയിക്കാന്‍ അധൈര്യപ്പെടുന്നതാണോ?

Leave a Comment

*
*