പൊളിയുന്ന സാമൂഹിക ഉറപ്പുകള്‍

കേരളമെന്ന ഇന്ത്യയുടെ തെക്കേക്കരയിലിരുന്ന് കാലാ കാലങ്ങളായി നാം നമ്മെക്കുറിച്ച് ആശ്വസിക്കുകയും അഭിമാനിക്കുകയും ചെയ്തിട്ടുണ്ട്: പ്രശാന്തസുന്ദരമായ സാമൂഹികജീവിതം! എന്നാല്‍ ഈ അവസ്ഥ അതിവേഗം മാറിവരുന്നുണ്ടിപ്പോള്‍. ഇതുവരെയും നാം കൊണ്ടാടിയിരുന്ന സാമൂഹിക ഉറപ്പുകള്‍ അസ്ഥിരമാകുന്ന കാഴ്ചകളാണിപ്പോള്‍. നമ്മുടെ സാമൂഹിക വ്യവസ്ഥ വ്യാകുലപ്പെടേണ്ടാത്ത ഒരു പൊതുമൂലധനമായി നാം കരുതിപ്പോന്നു. എന്നാല്‍ സഭയും ക്രിസ്തീയസമൂഹങ്ങളും വ്യക്തികളും നമ്മുടെ സാമൂഹികഭാവിയെക്കുറിച്ച് ഗൗരവമുള്ള നിലപാടുകള്‍ സ്വരൂപിക്കേണ്ട കാലാവസ്ഥ ഉണ്ടായിരിക്കുന്നു. അതിനു നമ്മെ നിര്‍ബന്ധിക്കുന്ന ഏതാനും സൂചനകള്‍ ചൂണ്ടിക്കാണിക്കുകയാണിവിടെ.

കേന്ദ്രസര്‍ക്കാര്‍ അടിച്ചേല്പിച്ചിരിക്കുന്ന പൗരത്വഭേദഗതിയുടെ അനന്തരഫലങ്ങള്‍ ദൂരവ്യാപകമായി പരിഗണിക്കപ്പെടാനുണ്ട്. പൊതുസമൂഹത്തെ ഇത് എങ്ങനെ ബാധിക്കുന്നു എന്നും ക്രൈസ്തവ സമൂഹത്തെ ദീര്‍ഘകാലാടിസ്ഥാനത്തില്‍ എങ്ങനെ ബാധിക്കാന്‍ പോകുന്നു എന്നും പരിഗണിക്കപ്പെടേണ്ടതുണ്ട്. മതാടിസ്ഥാ നത്തില്‍ പൗരത്വം ചര്‍ച്ച ചെയ്യപ്പെടാന്‍ സര്‍ക്കാര്‍ കാരണമാക്കി എന്നതാണ് അതിപ്രധാനവും ആദ്യത്തേതുമായ സാമൂഹികഫലം. സര്‍ക്കാര്‍നയം നടപ്പിലാക്കാന്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തുകയോ തുറന്നുവിടുകയോ ചെയ്യുന്ന മര്‍ദ്ദനമുറകളും നമ്മുടെ സാമൂഹിക ഭാവി ഭീദിതമായിരിക്കും എന്നതിന്‍റെ സൂചനയാണ്. ജനാധിപത്യത്തില്‍ത്തന്നെ ഏകാധിപത്യം പിടിമുറുക്കുന്നതും നാം കാണാതിരുന്നുകൂടാ.

രാജ്യത്തെയും കേരളത്തിലെയും സാമ്പത്തികസ്ഥിതി ഒട്ടും ശോഭനമല്ല എന്ന് കണക്കുകള്‍ പറയുന്നു. കാര്‍ഷിക രംഗം അഭൂതപൂര്‍വമാംവിധം തകര്‍ച്ച നേരിടുന്നു. നാണ്യവിളകള്‍ക്ക് വിലയില്ലാതായി. ഈ രംഗത്തേയ്ക്ക് സര്‍ക്കാരുകള്‍ തിരിഞ്ഞു നോക്കുന്നില്ല എന്നതും വാസ്തവം. കൃഷിയെ ആശ്രയിച്ചുജീവിക്കുന്ന കേരളീയരുടെ ഭാവി തികച്ചും അരക്ഷിതമായി മാറിയിരിക്കുന്നു.

ജനങ്ങളുടെ സാമ്പത്തിക സ്ഥിതി അടിക്കടി മോശമാകുമ്പോഴും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ധൂര്‍ത്തും കെടുകാര്യസ്ഥതയും കൂടിവരുന്നേയുള്ളൂ. പൊതുമേഖലാ സ്ഥാപനങ്ങളുടെ സഞ്ചിതനഷ്ടം മുഴുവന്‍ പൊതുജനങ്ങളുടെ ചുമലിലേക്ക് മാറ്റാനുള്ള സാമ്പത്തികപരിജ്ഞാനവും നീതിബോധവുമേ സാമ്പത്തികരംഗം ഭരിക്കുന്നവര്‍ക്കുള്ളൂ. കെഎസ് ആര്‍ടിസിയുടെ നഷ്ടങ്ങളും പാലാരിവട്ടം പാലത്തിലെ അഴിമതിയുടെ ഭാരവും മരടു ഫ്ളാറ്റ് വരുത്തിവച്ച നഷ്ടപരിഹാരവുമെല്ലാം ജനങ്ങളുടെ പോക്കറ്റില്‍നിന്ന് എടുത്ത് ചിലരുടെ അഴിമതിക്ക് എല്ലാവരെയും ശിക്ഷിക്കുന്ന സര്‍ക്കാരാണിവിടെ. കോര്‍പ്പറേറ്റുകള്‍ക്ക് രാജ്യത്തെ ഒന്നാകെ എഴുതിക്കൊടുത്ത് കാശാക്കാന്‍ കൃത്യമായി ശ്രമിക്കുന്ന സര്‍ക്കാരാണ് കേന്ദ്രത്തില്‍. അടിക്കടി ഉയരുന്ന ഇന്ധനവില അതിന്‍റെ ഒരു തെളിവു മാത്രമാണ്.

അടുത്ത കാലത്തായി പല കാരണങ്ങളാല്‍ വിവിധ മതസമൂഹങ്ങള്‍ തമ്മിലുള്ള അവിശ്വാസം വളരുന്ന സാഹചര്യവും ഉടലെടുക്കുന്നുണ്ട്. ദീര്‍ഘകാലാടിസ്ഥാനത്തില്‍ എല്ലാവര്‍ക്കും ദോഷം ചെയ്യുന്ന അവസ്ഥയാണിത്. എല്ലാവരും എല്ലാം തുറന്നുപറയുന്നില്ല എന്നു മാത്രമേയുള്ളൂ. മാത്രവുമല്ല, എല്ലാ മതസമൂഹങ്ങളിലും തീവ്രനിലപാടുകള്‍ രാകിമിനുക്കുന്നവര്‍ ഉണ്ടെന്ന വസ്തുതയും നാം കാണാതിരുന്നു കൂടാ.

പൊതുനന്മയ്ക്കുവേണ്ടി നില കൊള്ളേണ്ട മാധ്യമങ്ങള്‍ തികച്ചും പക്ഷപാതപരമായ നിലപാടെടുക്കുന്ന വിഷയങ്ങള്‍ അടുത്ത കാലത്തായി കൂടിവരികയാണ്. ആരെയെങ്കിലും ഭയന്നിട്ടോ ആരെയെങ്കിലും പ്രീണിപ്പിക്കാനോ ആകാം അത്. പക്ഷേ, പക്ഷം തിരിഞ്ഞ് വാര്‍ത്തകള്‍ തമസ്കരിക്കുന്നതും ഊതിപ്പെരുപ്പിക്കുന്നതും പതിവു കാഴ്ചയാകുന്നു എന്നത് നമ്മെ അസ്വസ്ഥരാക്കേണ്ടതുണ്ട്. ഒറ്റ ഉദാഹരണം മാത്രമെടുക്കാം. 2016 ഏപ്രില്‍ 28 ന് ജിഷ എന്ന നിയമവിദ്യാര്‍ഥിനി പെരുമ്പാവൂരില്‍ കൊല ചെയ്യപ്പെട്ടു. നമ്മുടെ മാധ്യമലോകം എടുത്ത ന്യായമായ പ്രതികരണം പൊതുസമൂഹത്തിലും ഭരണതലത്തിലും ചലനങ്ങളുണ്ടാക്കി. എന്നാല്‍ ഒരാഴ്ച മുമ്പ് നടന്ന ഇവാ ആന്‍റണിയെന്ന കൊച്ചിക്കാരി പ്ലസ്ടു വിദ്യാര്‍ഥിനിയുടെ കൊലപാതകം മുഖ്യധാരാമാധ്യമങ്ങള്‍ ബോധപൂര്‍വ്വം അവഗണിച്ചു. അതിന്‍റെ കാരണം തിരക്കി കവടി നിരത്തേണ്ടതില്ല.

പലതരത്തില്‍ ആശങ്കാജനകമായി മാറുന്ന സാമൂഹികക്രമത്തില്‍ നാം എന്ത് നിലപാടുകള്‍ സ്വീകരിക്കണം എന്നത് വ്യാപ്തിയുള്ള വിഷയമാണ്; പല തലങ്ങളിലുള്ള സമീപനം ആവശ്യമായി വരും. ശരിയായ ഒരു സാമൂഹിക വായനയാണ് ആദ്യം നടക്കേണ്ടത്. എല്ലാവരുടെയും ക്ഷേമവും നന്മയും എന്ന പൊതുതത്വം അംഗീകരിക്കുകയും എന്നാല്‍ ഒരു സമുദായമെന്ന നിലയില്‍ നമുക്ക് കോട്ടങ്ങള്‍ വരാതെ നോക്കുകയും വേണം. പരസ്പര സംഭാഷണവും ഭരണകൂടങ്ങളോടും ജനപ്രതിനിധികളോടുമുള്ള ക്രിയാത്മകമായ ഇടപെടലുകളും മുറയ്ക്ക് നടക്കണം. രാഷ്ട്രീയനിലപാടുകള്‍ സമയാസമയത്ത് വ്യക്തമാക്കേണ്ട ആവശ്യവുമുണ്ട്. സമാനമനസ്കരുടെ കൂട്ടായ്മകള്‍ ഇതില്‍ സഹായകമാകും. സമ്മര്‍ദ്ദവും സമരവും ആവശ്യമാകുന്ന സന്ദര്‍ഭങ്ങളും ഉണ്ടാകും. സാമൂഹികജാഗ്രതയും നിശ്ശബ്ദഭൂരിപക്ഷത്തിനിടയിലുള്ള ആശയവിനിമയവും ചര്‍ച്ചകളുമാണ് ആദ്യം ഉണ്ടാകേണ്ടത്. പരിഹാരങ്ങളുടെയും പ്രതിക്രിയകളുടെയും വഴി അവിടെ ഉരുത്തിരിയാന്‍ തുടങ്ങും. ജനാധിപത്യരീതിയില്‍ എല്ലാ മുന്നേറ്റങ്ങളും ആരംഭിക്കേണ്ടതും അവിടെത്തന്നെയാണല്ലോ.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org