Latest News
|^| Home -> Pangthi -> കാലവും കണ്ണാടിയും -> മാര്‍ഗ്ഗബോധം

മാര്‍ഗ്ഗബോധം

ഫാ. മാത്യു ഇല്ലത്തുപറമ്പില്‍

ലക്ഷ്യബോധത്തെക്കുറിച്ച് വാചാലരാകുന്നവരുണ്ട്. എന്നാല്‍ മാര്‍ഗബോധത്തെക്കുറിച്ച് നാം എപ്പോഴെങ്കിലും കേട്ടാലായി. അത്രതന്നെ. ലക്ഷ്യത്തിനൊപ്പം പ്രാധാന്യം നാം മാര്‍ഗത്തിനു കൊടുക്കുന്ന പതിവില്ല എന്നതിന്‍റെ സാമാന്യമായ തെളിവായിരിക്കണമിത്. എന്നാല്‍ ലക്ഷ്യം നന്നായാല്‍ മാത്രം പോരാ; മാര്‍ഗവും സംശുദ്ധമായിരി ക്കണം എന്നത് ക്രൈസ്തവധാര്‍മികതയുടെ അടിസ്ഥാന പാഠങ്ങളിലൊന്നാണ്.ڔഅതിന്‍റെ അര്‍ഥം ലക്ഷ്യം മാര്‍ഗത്തെ ന്യായീകരിക്കുകയില്ല എന്നാണ്. അതായത്, നല്ല ലക്ഷ്യത്തിനുവേണ്ടി തെറ്റായ മാര്‍ഗം ഉപയോഗിക്കുന്നതിനു ന്യായീകരണമില്ല.

ക്രൈസ്തവ ധാര്‍മികതയുടെ വ്യഗ്രത നല്ല ലക്ഷ്യങ്ങള്‍ നിര്‍ണ്ണയിക്കുന്നതില്‍ മാത്രമല്ല; നല്ല മാര്‍ഗങ്ങള്‍ ഉറപ്പിക്കുന്നതില്‍ കൂടിയാണ്. നല്ല ല ക്ഷ്യ-മാര്‍ഗ സമന്വയം ജീവിതത്തില്‍ അനിവാര്യമാണ്. വിശുദ്ധ പൗലോസ് ഇക്കാര്യത്തെക്കുറിച്ച് സംശയം അവശേഷിപ്പിക്കാതെ പഠിപ്പിച്ചു, നന്മയുണ്ടാകാന്‍വേണ്ടി തിന്മ ചെയ്യാം എന്ന് ഞങ്ങള്‍ പഠിപ്പിക്കുന്നുണ്ട് എന്ന് ചിലര്‍ പറയുന്നുണ്ട്. അവര്‍ക്ക് തക്ക ശിക്ഷ ലഭിക്കും (റോമാ 3:8). ധാര്‍മിക വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുകയല്ല വിശുദ്ധ പൗലോസ് ഈ വേദഭാഗത്ത്. പക്ഷേ, ധാര്‍മികമായും ഇതാണ് സ്വീകാര്യമായ നിലപാട്. അതായത്, ഏതു മാര്‍ഗം ഉപയോഗിച്ചും നന്മ ചെയ്യേണ്ടവരല്ല ക്രൈസ്തവര്‍. മാര്‍ഗബോധമില്ലാതെ ചറപറ നന്മ ചെയ്യാന്‍ വിളിക്കപ്പെട്ടവരല്ല നമ്മള്‍. ലോകത്തിലുള്ള പല പ്രസ്ഥാനങ്ങളോടും ക്രൈസ്തവര്‍ വിയോജിക്കുന്നത് അവയുടെ ലക്ഷ്യത്തിന്‍റെ പേരിലല്ല, മാര്‍ഗത്തിന്‍റെ പേരിലാണ്. ഉദാഹരണത്തി ന്, സാമ്പത്തികസമത്വം ഒരു സ്വപ്നമെന്നനിലയില്‍ നമുക്ക് സ്വീകാര്യമാണ്. പക്ഷേ, ഉള്ളവന്‍റേത് ബലമായി പിടിച്ചെടുത്ത് ഇല്ലാത്തവനു കൊടുക്കുന്ന മാര്‍ഗം നമുക്ക് അസ്വീകാര്യമാണ്.

അനേകം നല്ല മനുഷ്യര്‍ ധാര്‍മികമായി വീണു പോകുന്നത് തെറ്റായ ലക്ഷ്യങ്ങള്‍ സ്വീകരിച്ചിട്ടല്ല; നല്ല ഉദ്ദേശ്യങ്ങള്‍ക്കുവേണ്ടി മോശം മാര്‍ഗം അവലംബിക്കുന്നതുവഴിയാണ്. ചിലരുടെ തിന്മപ്രവൃത്തികള്‍ ലക്ഷ്യങ്ങളല്ല, നല്ല ലക്ഷ്യത്തിനുവേണ്ടി യുള്ള (ചീത്ത)മാര്‍ഗങ്ങളാണ്. ഉദാഹരണത്തിന്, നുണപറച്ചില്‍, കളവ്, അപകീര്‍ത്തിപ്പെടുത്തല്‍, സത്യസന്ധതയില്ലായ്മ തുടങ്ങിയവ. പക്ഷേ, ഇവയ്ക്കൊന്നിനും ദൈവസന്നിധിയില്‍ ന്യായീകരണമില്ല, എത്ര നല്ല ലക്ഷ്യങ്ങളുമായി അവയെ കൂട്ടിയിണക്കിയാലും.

ഉന്നതമായ ലക്ഷ്യം സൂക്ഷിക്കുമ്പോഴും മാര്‍ഗശുദ്ധി നഷ്ടപ്പെടുത്താന്‍ പലരും തുനിയുന്നത് സ്വന്തം കാര്യത്തില്‍ എന്നതിനേക്കാള്‍ പൊതു കാര്യത്തിലാണ് എന്നത് ശ്രദ്ധേയമാണ്. അതായത്, ദൈവത്തിന്‍റെ പേരില്‍ തിന്മ ചെയ്യാനും സഭയ്ക്കുവേണ്ടി വളഞ്ഞ വഴികള്‍ സ്വീകരിക്കാനും മടിക്കാത്തവര്‍ ഈ ഗണത്തില്‍ വരുന്നു. പാവപ്പെട്ടവരുടെ പേരില്‍ കണക്കില്‍ തിരിമറികള്‍ കാണിക്കുന്നതും നിശ്ചിതലക്ഷ്യത്തിനുവേണ്ടി വാങ്ങിയ പണം വകമാറ്റി ചിലവഴിക്കുന്നവരും നല്ല ലക്ഷ്യത്തിനുവേണ്ടി മോശം മാര്‍ഗം സ്വീകരിക്കുന്നവരാണ്. ചില നല്ല ലക്ഷ്യങ്ങള്‍ സാധിച്ചു കിട്ടാന്‍വേണ്ടി മറ്റുള്ളവരെ തെറ്റിദ്ധരിപ്പിക്കുന്നതും തിന്മയാണ്.

ലക്ഷ്യ-മാര്‍ഗപ്പൊരുത്തമില്ലാത്തിടത്ത് മിക്കപ്പോഴും ദുരന്തസൂചനയുള്ള ആഭാസങ്ങള്‍ നടക്കും. നിശബ്ദത ഉറപ്പാക്കാന്‍വേണ്ടി ഒച്ചയെടുക്കുന്നവരും സമാധാനമുണ്ടാക്കാന്‍വേണ്ടി യുദ്ധം ചെയ്യുന്നവരും അച്ചടക്കം ഉറപ്പാക്കാന്‍വേണ്ടി അഴിഞ്ഞാട്ടം നടത്തുന്നവരും ലാളിത്യം പ്രകടി പ്പിക്കാന്‍വേണ്ടി ധൂര്‍ത്തടിക്കുന്നവരും ഒരാള്‍ക്ക് സല്‍പേരുണ്ടാക്കിക്കൊടുക്കാന്‍വേണ്ടി മറ്റുള്ളവരെ അപകീര്‍ത്തിപ്പെടുത്തുന്നവരും ധാര്‍മികദുരന്തങ്ങളാണ്.

ഈശോ മാര്‍ഗശുദ്ധിയില്‍ വിശ്വസിച്ചു. നീ ദൈവപുത്രനാണെങ്കില്‍ കുരിശില്‍നിന്നിറങ്ങി വരിക എന്ന ആക്രോശമായിരുന്നു അവന്‍ നേരിട്ട അന്ത്യപ്രലോഭനം. താന്‍ ദൈവപുത്രനാണെന്ന് തെളിയിക്കുന്നത് ഈശോയ്ക്ക് ഉന്നതമായ ലക്ഷ്യമായിരുന്നു. പക്ഷേ, അതു നേടാന്‍ അവന്‍ ദൈവഹിതമല്ലാത്ത കുരിശുപേക്ഷ എന്ന വഴി തെരഞ്ഞെടുത്തില്ല. ദൈവത്തിന്‍റെ നന്മയിലും ശക്തിയിലും വിശ്വസിക്കുന്നവര്‍ നല്ല ലക്ഷ്യങ്ങള്‍ നേടാന്‍ മോശം മാര്‍ഗങ്ങള്‍ തേടുകയില്ല; വീണുകിട്ടിയാല്‍ത്തന്നെ ഉപയോഗിക്കുകയുമില്ല.

ലക്ഷ്യവും മാര്‍ഗവും പൊരുത്തപ്പെടുത്താന്‍ നോക്കിയാല്‍ പല നല്ല കാര്യങ്ങളും പലപ്പോഴും ചെയ്യാന്‍ പറ്റാതെവരും. അതു വലിയ നഷ്ടമായിരിക്കും. ശരിയാണത്. എല്ലാ നല്ല കാര്യങ്ങളും ചെയ്തുകൊള്ളണമെന്നോ സ്വീകരിക്കണമെന്നോ ആരാ പറഞ്ഞിരിക്കുന്നത്? തിന്മയില്‍നിന്ന് ഞങ്ങളെ രക്ഷിക്കണമേ എന്ന് അപേക്ഷിക്കുന്നവര്‍ നല്ല ലക്ഷ്യത്തെപ്രതിയുള്ള തെറ്റായ മാര്‍ഗങ്ങളില്‍നിന്ന് ഞങ്ങളെ രക്ഷിക്ക എന്നുകൂടെ അപേക്ഷിക്കുന്നുണ്ട്. ദൈവത്തിനു നിരക്കാത്ത മാര്‍ഗങ്ങള്‍ എത്ര മഹത്തായ ലക്ഷ്യങ്ങള്‍ക്കുവേണ്ടിയാണെങ്കിലും സ്വീകരിക്കാതിരിക്കാനുള്ള ദൃഢനിശ്ചയം ഉള്ളവര്‍ക്കുള്ളതാണ് കര്‍ത്താവിന്‍റെ കൂടാരത്തില്‍ വസിക്കാനും അവന്‍റെ വിശുദ്ധഗിരിയില്‍ വാസമുറപ്പിക്കാനുമുള്ള ഭാഗ്യം (സങ്കീ 15).

Leave a Comment

*
*