‘ചര്‍ച്ച് ആക്റ്റ് ‘ (അപ്പ. പ്രവ. 6:2-5) വരണം

‘ചര്‍ച്ച് ആക്റ്റ് ‘ (അപ്പ. പ്രവ. 6:2-5) വരണം

ഫാ. ജിമ്മി പൂച്ചക്കാട്ട്

സഭയില്‍ ഭൂമിയെയും സമ്പത്തിനെയും പറ്റിയായിരുന്നു ഈ കാലഘട്ടത്തില്‍ ചര്‍ച്ചകളും തര്‍ക്കങ്ങളും. അതിന്‍റെ ന്യായാന്യായങ്ങളൊന്നും ഈ കുറിപ്പിന്‍റെ ലക്ഷ്യമല്ല. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് കൃത്യമായ നിയമസംഹിതവേണം (Church Act), അതുണ്ടാക്കണം എന്നെല്ലാം അഭിപ്രായം വന്നു. കത്തോലിക്കാ സഭയില്‍ ഉള്ളതിനെക്കാള്‍ കൃത്യമായ നിയമം മറ്റെവിടെയാണുള്ളത്. നിയമമുള്ളതുകൊണ്ടാണ് അത് ചോദ്യം ചെയ്യപ്പെടുന്നത്. ഡോക്ടര്‍ അംബേദ്കറുടെ വാക്കുകള്‍ പ്രസക്തമാണ്. എന്നെങ്കിലും ഈ ഇന്ത്യന്‍ ഭരണഘടന പരാജയപ്പെട്ടേക്കാം. അത് ഇതിലെ നിയമങ്ങള്‍ മോശമായതുകൊണ്ടല്ല. മറിച്ച് അതു പാലിക്കാന്‍ അവര്‍ക്കു സാധിക്കാതെ പോകുന്നതുകൊണ്ടാണ്. സഭയുടെ കാനോനിക നിയമസംഹിതയും ഇതിലേറെ ഉറപ്പും ബലവും സംരക്ഷണവും നല്‍കുന്നതാണ്. ഇതിനെ വെല്ലുന്ന ഒരു നിയമത്തെപ്പറ്റി ചിന്തിക്കുന്നതുതന്നെ അതിരു കടന്നതാണ്.

എന്നാല്‍ സഭയുടെ കാനോനിക നിയമസംഹിതയ്ക്കും മുമ്പ് അതിനേക്കാള്‍ ഉപരിയായ ഒരു സഭാനിയമം അപ്പസ്തോലപ്രവര്‍ത്തനം ആറാം അദ്ധ്യായം രണ്ടു മുതല്‍ അഞ്ചുവരെ വാക്യങ്ങളിലുണ്ട്. അത് ആദിമ ക്രൈസ്തവസഭയുടെ ചര്‍ച്ച് ആക്റ്റ് ആണ്. ഒരു നിയമം എന്നതിലുപരി അപ്പസ്തോലന്മാര്‍ കൈക്കൊണ്ട ജീവിതശൈലിയാണത്. ഇന്ന് അപ്പസ്തോലന്മാരുടെ പിന്‍ഗാമികളായ മെത്രാന്മാരും അവരുടെ സഹകാരികളായ പുരോഹിതരും കാത്തുസൂക്ഷിക്കണമെന്ന് സഭ ആഗ്രഹിക്കുന്ന ചര്‍ച്ച് ആക്റ്റ്. സമര്‍പ്പിത സമൂഹവും വചനാധിഷ്ടിത ജീവിതം നയിക്കുന്ന വിശ്വാസസമൂഹവും ശിരസാവഹിക്കേണ്ട ജീവിതനിയമം.

അപ്പസ്തോലന്മാര്‍ പൂര്‍ണമായും നിരന്തരമായ പ്രാര്‍ത്ഥനയിലും വചനശുശ്രൂഷയിലും വ്യാപരിക്കുന്ന രീതി (അപ്പ. പ്രവ. 6:4). വചനത്തിന്‍റെ ശുശ്രൂഷയിലായിരിക്കേണ്ടയാള്‍ അതില്‍ ശ്രദ്ധിക്കാതെ തീന്‍മേശയുടെയോ, വയറിന്‍റെയോ, വയറ്റിപ്പിഴപ്പിന്‍റെയോ ശുശ്രൂഷകരാകേണ്ടതില്ല എന്നാണ് അപ്പസ്തോലന്മാരുടെ നിഗമനം (cf. അപ്പ. പ്രവ. 6:2). ഈ അഭിപ്രായം വിശ്വാസസമൂഹത്തിനു മുഴുവന്‍ ഇഷ്ടപ്പെട്ടത്രേ (അപ്പ. പ്രവ. 6:5). ഇന്നും ഇത് ആര്‍ക്കാണ് ഇഷ്ടപ്പെടാത്തത്. പള്ളിപണിയിക്കുന്ന അച്ചനെക്കാള്‍ പ്രാര്‍ത്ഥിക്കുന്ന അച്ചനെയല്ലേ ജനം ഇഷ്ടപ്പെടുന്നത്. പള്ളിപണിയുമ്പോഴും പ്രാര്‍ത്ഥന മുടക്കാത്തവരെയാണ് അവര്‍ പ്രതീക്ഷിക്കുന്നത്.

ബലിയര്‍പ്പിക്കാനുളള വസ്തുക്കള്‍ വില്‍ക്കാനും നാണയം മാറ്റാനും ഇരുന്നവര്‍ ദേവാലയം പോലും കവര്‍ന്നെടുക്കുന്ന അവസ്ഥയ്ക്കെതിരെ യേശു ചാട്ടവാറെടുത്തു (യോഹന്നാന്‍ 2:13). വിജാതീയരുടെ സ്ഥലത്ത് (Court of Gentails-മോണ്ടളം) കടന്നു എന്നത് ഭീമമായ കുറ്റമായി അവന്‍ ആരോപിക്കുമ്പോള്‍ ഇന്ന് പള്ളിക്കകത്തും മദ്ബഹായിലും കച്ചവടമോ കച്ചവടകാര്യങ്ങളുടെ വിശദീകരണമോ ഭീമമായി ഉള്ളിടത്ത് ഈശോ ഉണ്ടോ ആവോ!!!! ഞങ്ങള്‍ ദൈവവചനശുശ്രൂഷയില്‍ ഉപേക്ഷ കാണിച്ച്, ഭക്ഷണമേശകളില്‍ ശുശ്രൂഷിക്കുന്നതു ശരിയല്ല എന്ന് ഉറക്കെപ്പറയാനുളള ആര്‍ജ്ജവം അപ്പസ്തോലന്മാരുടെ പിന്‍ഗാമികള്‍ക്കും അവരുടെ സഹശുശ്രൂഷകര്‍ക്കും ലഭിക്കട്ടെ.

സ്ഥാവരജംഗമങ്ങളോടുളള അതിരറ്റ അടുപ്പവും സ്നേഹവും ക്രിസ്തുശിഷ്യനു ഭൂഷണമല്ല എന്നും അതിനായി നടത്തുന്ന കളളത്തരങ്ങള്‍ മരണത്തോളം വില നല്‍കേണ്ടതാണെന്നും വചനം പഠിപ്പിക്കുന്നു. പറമ്പു നിന്‍െറ സ്വന്തമായിരുന്നില്ലേ? വിറ്റു കിട്ടിയതും നിന്‍െറ അധീനതയിലായിരുന്നില്ലേ? ഈ പ്രവൃത്തി ചെയ്യാന്‍ നിന്നെ പ്രേരിപ്പിച്ചതെന്താണ്? നീ വ്യാജം പറഞ്ഞത് മനുഷ്യനോടല്ല ദൈവത്തോടാണ് (അപ്പ. പ്രവ. 5:3-4).

സഭയുമായി ബന്ധമുള്ള ഏതു സ്ഥലത്തും ഒരു നിയമനമോ, ഒരു കമ്മിറ്റിയിലേക്ക് നോമിനേഷനോ വേണ്ടിവന്നാല്‍ പ്രധാനി എന്ന മട്ടില്‍ അതിലേക്ക് കടന്നു കയറുന്നത് ആത്മാക്കളെ ശുശ്രൂഷിക്കുന്നവരോ സഭയുടെ സ്ഥാവരജംഗമങ്ങളുടെ കാവല്‍ക്കാരോ? എന്നാല്‍ ഇന്ന് ഇടവകയായാലും രൂപതയായാലും സ്ഥലവും സ്ഥാപനങ്ങളും സ്ഥാവരജംഗമങ്ങളുമാണ് ഒന്നാം സ്ഥാനത്ത് എന്നു തോന്നുന്നുണ്ടെങ്കില്‍ ഞങ്ങള്‍ പ്രാര്‍ത്ഥനയിലും വചനശുശ്രൂഷയിലും നിരന്തരം വ്യാപരിച്ചുകൊള്ളാം എന്ന് അപ്പസ്തോലന്മാരെപ്പോലെ ഏറ്റുപറയാനുള്ള സമയം അതിക്രമിച്ചിരിക്കുന്നു.

ജനം കൈകാര്യം ചെയ്യുകയും കാത്തുസൂക്ഷിക്കുകയും ചെയ്യുന്ന ഭൗതികസമ്പത്തിന്‍റെ അവസാനവാക്കും കൈയൊപ്പുമായി മനഃസാക്ഷിയുടെ മതില്‍ക്കെട്ടിനുളളില്‍ ഉറച്ച വിശ്വാസവും ധാര്‍മ്മികബോധവുമായി പൗരോഹിത്യ അജപാലന നേതൃത്വം നില്‍ക്കുമ്പോഴാണ് ക്രൈസ്തവ നിയമസംഹിത കരുത്തുറ്റതാവുന്നത്. അവസാനവാക്കാകേണ്ടവര്‍ ആദ്യംമുതലേ ഇടപെടുമ്പോള്‍ വിശ്വാസസമൂഹം പറയുന്നു ഇവര്‍ ആത്മീയരല്ല ഭൗതികരാണെന്ന്!!!

പകരം ആരെ ഏല്പിക്കണം എന്നും വചനം വ്യക്തമാക്കുന്നുണ്ട്. ആഗ്രഹിച്ചുവരുന്നവരെയോ ഇതിനായി മുറവിളി കൂട്ടുന്നവരെയോ അല്ല മറിച്ച് 'വിശ്വാസവും പരിശുദ്ധാത്മാവും നിറഞ്ഞവരെ' പ്രത്യേകം കണ്ടെത്തണം (അപ്പ. പ്രവ. 6:5).

അവസാനമായി ഒരു സംഭവം കൂടി. കര്‍ദ്ദിനാള്‍ വര്‍ക്കി വിതയത്തില്‍ പിതാവിന്‍റെ സെക്രട്ടറിയായിരിക്കുന്ന കാലം. പിതാവിനൊപ്പം ഒരു മിണ്ടാമഠം സന്ദര്‍ശിക്കുമ്പോള്‍ അവരോടു ഞാന്‍ ചോദിച്ചു – ഈ ലോകത്ത് ഇത്രയേറെ കണ്ടുപിടിത്തങ്ങളും വികസനപ്രവര്‍ത്തനങ്ങളും എല്ലാം ഉണ്ടായിട്ട് അതെല്ലാം മോശമാണ് എന്നു പറഞ്ഞ് ഒരു ആയുഷ്കാലം മുഴുവന്‍ ഇങ്ങനെ മിണ്ടാമഠത്തില്‍ കഴിയാന്‍ നിങ്ങള്‍ക്ക് എങ്ങനെ സാധിക്കുന്നു. മറുചോദ്യം പെട്ടെന്ന് വന്നു-ഈ ലോകത്തിലുളളതെല്ലാം മോശമാണെന്ന് ഞങ്ങള്‍ പറഞ്ഞു എന്ന് അച്ചനോട് ആരു പറഞ്ഞു. തൊട്ടടുത്തിരുന്ന ക്രൂശിത രൂപത്തില്‍ പിടിച്ചിട്ട് ആ സിസ്റ്റര്‍ പറഞ്ഞു – ഈ ലോകത്തിലുളളതെല്ലാം നല്ലതാണച്ചോ. എന്നാല്‍ അതിനേക്കാള്‍ നല്ല ഒരു സംഗതി ഞങ്ങള്‍ കണ്ടുമുട്ടിയപ്പോള്‍ മറ്റുള്ളതെല്ലാം ഞങ്ങള്‍ വേണ്ടെന്നു വച്ചതാണ്!!!

പള്ളിപണിയും പണപ്പിരിവും സ്ഥലവും സ്ഥാവര ജംഗമവും എല്ലാം നല്ലതാണ്. ഇതെല്ലാം മോശമാണെന്നോ ഇത്രയും വലിയസമൂഹത്തിന് പള്ളിയോ സ്ഥലമോ ആസ്തിയോ ഒന്നും വേണ്ട എന്നോ ഉള്ള കപടവിപ്ലവമോ അല്ല ഇവിടെ കുറിക്കുന്നത്. എന്നാല്‍ മിണ്ടാമഠത്തിലെ സിസ്റ്റര്‍ പറയും പോലെ അതിനെക്കാള്‍ നല്ലതായ ഈശോയ്ക്കും അവന്‍റെ വചനപ്രഘോഷണത്തിനും അജപാലനശുശ്രൂഷയ്ക്കും പ്രാര്‍ത്ഥനയ്ക്കുമായി മറ്റെതെല്ലാം വേണ്ടെന്നുവയ്ക്കുന്ന ചര്‍ച്ച് ആക്റ്റ് (അപ്പ. പ്രവ. 6:2-5) എവിടെയെങ്കിലും പരാജയപ്പെടുന്നുണ്ടെങ്കില്‍ അവിടെ വിനാശത്തിന്‍റെ അശുദ്ധലക്ഷണം നില്‍ക്കരുതാത്തിടത്തു നില്‍ക്കുന്നതു നാം കണ്ടുകൊണ്ടിരിക്കുന്നു (മര്‍ക്കോസ് 13:14). പൈശാചികതയുടെ പിടിയിലായാല്‍ അര്‍ത്ഥമില്ലാത്തതും യാഥാര്‍ത്ഥ്യമില്ലാത്തതുമായ പല ആരോപണ പ്രത്യാരോപണങ്ങളിലൂടെയും സഭയെ ഛിന്നഭിന്നമാക്കാന്‍ അവന്‍ അത്യുത്സാഹം കാട്ടുന്നതും ഈ കാലത്തിന്‍റെ കണ്ണാടിയിലൂടെ നാം നോക്കിക്കാണേണ്ട സത്യം മാത്രമാണ്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org