തിരിച്ചുവരവുകള്‍ ആഘോഷിക്കപ്പെടുമ്പോള്‍

കത്തോലിക്കാ സഭയിലേക്ക് മതം മാറി വന്നവരുണ്ട്. മറ്റ് അകത്തോലിക്കാ സഭകളില്‍നിന്ന് കത്തോലിക്കാ മതത്തിലേക്ക് ചേരുന്നവരുണ്ട്. മുന്‍പ് കത്തോലിക്കാ സഭയില്‍ അംഗങ്ങളായിരിക്കുകയും പിന്നീട് മറ്റ് വിശ്വാസങ്ങളിലേക്കോ ഇതര സഭകളിലേക്കോ പെന്തക്കോസ്ത് സഭാവിഭാഗങ്ങളിലേക്കോ പോയതിനുശേഷം കത്തോലിക്കാ വിശ്വാസം പുനരാശ്ലേഷിക്കുന്നവരുമുണ്ട്. ഇതിനുള്ള സ്വാതന്ത്ര്യം രാജ്യവും, സാധ്യത സഭയും നല്‍കുന്നുണ്ട്. സമീപകാലത്തുണ്ടായ ഇത്തരത്തിലുള്ള ചില സംഭവങ്ങള്‍ അല്പം കൂടി ശ്രദ്ധയോടെ ഇത്തരം സാഹചര്യങ്ങളെ കൈകാര്യം ചെയ്യേണ്ടതിന്‍റെ ആവശ്യകത നമ്മെ ബോധ്യപ്പെടുത്തുന്നുണ്ട്.

കത്തോലിക്കാ വിശ്വാസത്തിലേക്ക് ചേര്‍ക്കപ്പെടുന്ന ഇവരുടെ സാക്ഷ്യജീവിതം പലര്‍ക്കും ഒരു പ്രചോദനമാകും എന്നതില്‍ തര്‍ക്കമില്ല. അവരുടെ അതിനുവേണ്ടിയുള്ള കാത്തിരിപ്പും, അതുവഴി സഹിച്ച നഷ്ടങ്ങളും ചെറുതായിരിക്കാന്‍ ഇടയില്ല. കത്തോലിക്കാ സഭയിലേക്കുള്ള അവരുടെ കടന്നുവരവ് തീര്‍ച്ചയായും വിലമതിക്കേണ്ടതും പ്രശംസിക്കപ്പെടേണ്ടതുമാണ്. എങ്കിലും മറ്റു ചില വശങ്ങളും കൂടി നാം പരിഗണിക്കേണ്ടിയിരിക്കുന്നു.

ചില ധ്യാനകേന്ദ്രങ്ങളും ആത്മീയചാനലുകളും ധ്യാനഗുരുക്കന്മാരും ഓണ്‍ലൈന്‍ പോര്‍ട്ടലുകളും മറ്റ് സഭകളില്‍ നിന്നോ, മതങ്ങളില്‍ നിന്നോ ക്രിസ്തുമതത്തിലേക്ക് വന്നവരെയും/തിരിച്ചുവന്നവരെയും കൂടുതല്‍ പ്രൊജക്റ്റ് ചെയ്തത് കാണിക്കാറുണ്ട്. ചിലര്‍ സ്വന്തമായി ധ്യാനങ്ങളും പ്രഭാഷണങ്ങളും നടത്തുന്നു. ചിലര്‍ ഓണ്‍ലൈന്‍ യുദ്ധങ്ങളില്‍ ഏര്‍പ്പെടുന്നു. ചിലര്‍ കത്തോലിക്കാ സഭയുടെ സംരക്ഷകരായും സംവാദക്കാരുമായുമൊക്കെ അവരോധിക്കപ്പെടുന്നു, അല്ലെങ്കില്‍ സ്വയം പ്രഖ്യാപിക്കുന്നു. അവരില്‍ ചിലരാണ് ഇപ്പോള്‍ സഭാ വിഷയങ്ങളില്‍ അല്മായര്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നത്. ഭൂമി ഇടപാട്, 'ലവ് ജിഹാദ്', മീശ, ആരാധനാക്രമ ഏകീകരണം, പൗരത്വനിയമഭേദഗതി തുടങ്ങിയ സകലമാന വിഷയങ്ങള്‍ക്കും അവര്‍ നല്‍കുന്ന വിശദീകരണങ്ങള്‍ നിരീക്ഷിക്കപ്പെടേണ്ടതാണ്.

കത്തോലിക്കാ സഭയിലേക്കുള്ള അവരുടെ മടക്കം പലപ്പോഴും വലിയ ആഘോഷമാക്കപ്പെടുന്നുണ്ടെങ്കിലും അവരുടെ ശൈലികളിലോ പ്രവര്‍ത്തനങ്ങളിലോ ഒരു കത്തോലിക്കാ ചൈതന്യം ദൃശ്യമാകുന്നില്ല എന്ന് മാത്രമല്ല, അവരുടെ പഴയ പെന്തകോസ്ത്/ അകത്തോലിക്കാ രീതികള്‍ തടസ്സങ്ങളില്ലാതെ തുടരുന്നുമുണ്ട്. അവര്‍ക്ക് കത്തോലിക്കാ സഭ ഒരു ഇടത്താവളം മാത്രമാണോ എന്നും ഇവിടെ നിന്ന് മറുകണ്ടം ചാടിയാല്‍ കൂടുതല്‍ ലാഭമുണ്ടാകും എന്ന അവസ്ഥയില്‍ അതുണ്ടാകില്ല എന്നും ആര്‍ക്ക് ഉറപ്പ് പറയാന്‍ സാധിക്കും? 'കൂടെയുള്ളവരും തിരികെ വരും' എന്ന 'ഓഫര്‍' കണ്ണിന് ആനന്ദമാണ്, കാതുകള്‍ക്ക് ഇമ്പവും. പക്ഷേ അതിന് അര്‍ത്ഥം കൂടെയുള്ളവര്‍ക്ക് സ്വന്തമായ നിലപാടുകളോ ചിന്താശേഷിയോ യുക്തിവിചാരമോ ഇല്ലെന്നാണോ? അങ്ങനെയെങ്കില്‍ സൂക്ഷിക്കണം, കാരണം ഇനി അദ്ദേഹം മറുകണ്ടം ചാടുമ്പോള്‍ അവരും കൂടെപോകില്ലേ?

മറ്റു മതങ്ങളില്‍ നിന്ന് മടങ്ങി വന്നവര്‍ക്ക് കിട്ടുന്ന സ്വീകാര്യതയും അവര്‍ക്ക് ലഭിക്കുന്ന പബ്ലിസിറ്റിയും ശ്രദ്ധിക്കപ്പെടേണ്ടതാണ്. പതിറ്റാണ്ടുകളായി സഭയോട് ചേര്‍ന്ന് വിശ്വാസ ജീവിതം നയിക്കുകയും എല്ലാ കുറവുകളും സഹിച്ച് വചനം പ്രഘോഷിക്കുകയും ചെയ്യുന്ന നമ്മുടെ കത്തോലിക്കരായ അല്മായര്‍ക്ക് ലഭിക്കുന്ന നാമമാത്രമായ പ്രാതിനിധ്യവും അവര്‍ക്ക് നല്‍കുന്ന നിസ്സാരമായ പരിഗണനയും കാണുമ്പോള്‍ തിരികെയെത്തുന്നവര്‍ കത്തോലിക്കാ സഭയുടെ ചെലവില്‍ കൂടുതല്‍ പ്രശസ്തരാവുകയല്ലേ ഉണ്ടായത് എന്ന് സംശയിച്ചു പോകുന്നു. തിരികെയെത്തുന്നവര്‍ പുകഴ്ത്തപ്പെടുമ്പോള്‍, പ്രലോഭനങ്ങള്‍ അതിജീവിച്ച് ഇന്ന് വരെ സഭ വിട്ട് പോകാതിരുന്ന, അതിനുവേണ്ടി നഷ്ടം സഹിക്കേണ്ടി വന്നവര്‍ക്ക് തോന്നുന്ന വികാരം എന്തായിരിക്കും?

ക്രിസ്തുമതം സ്വീകരിച്ച ചിലര്‍ സ്വസ്ഥമായ സമൂഹ സമ്പര്‍ക്ക മാധ്യമങ്ങളിലിരുന്ന് നടത്തുന്ന സഭാപ്രതിരോധം ഒരു വിധത്തിലും ക്രിസ്തീയമല്ല. അവര്‍ ഉപയോഗിക്കുന്ന ഗര്‍വ്വിന്‍റെയും, അഹങ്കാരത്തിന്‍റെയും വെല്ലുവിളിയുടെയും ശബ്ദം സഭയെ കൂടുതല്‍ കളങ്കപ്പെടുത്തുകയേയുള്ളൂ. അര്‍ദ്ധസത്യങ്ങളും സാധ്യതകളും കൂട്ടിയിണക്കി അവര്‍ പടച്ചുവിടുന്ന വാര്‍ത്തകള്‍ കുരുക്ഷേത്ര യുദ്ധക്കളത്തില്‍ ഇന്നും അശ്വത്ഥാത്മാവിനെ കൊന്നുകൊണ്ടിരിക്കുന്നു.

മറ്റ് മതങ്ങളില്‍ നിന്നും വിശ്വാസങ്ങളില്‍ നിന്നും വരുന്നവര്‍ സത്യദൈവത്തെ അറിയുന്നതിലും ആ വിശാസം ആശ്ലേഷിക്കുന്നതിലും സന്തോഷം. പക്ഷേ അവരാ സാധ്യത ചൂഷണം ചെയ്യുന്നില്ല എന്ന് ഉറപ്പുവരുത്തേണ്ടിയിരിക്കുന്നു. ഇത്തരക്കാര്‍ക്ക് കുറച്ചു നാളുകള്‍ വേണമെങ്കില്‍ സ്വന്തമായി ധ്യാനത്തിനും മനനത്തിനും പഠനത്തിനും ഒക്കെയായി നല്കുക. പ്രഘോഷണങ്ങളിലേക്കും പ്രതിരോധത്തിലേക്കും കടക്കുന്നതിനു മുമ്പ് അവര്‍ കാതലുള്ള വിശ്വാസമുള്ളവരാണെന്ന് കാലത്തിന്‍റെ ബലത്തില്‍ തെളിയിക്കട്ടെ. അവരുടെ തിരിച്ചുവരവുകളില്‍ സന്തോഷിക്കാം, അത് പക്ഷേ നമ്മുടെ മറ്റു മതസ്ഥരുമായുള്ള സാഹോദര്യത്തിനും സൗഹാര്‍ദ്ദത്തിനും മങ്ങലേല്‍പ്പിക്കരുത്. അവര്‍ തിരിച്ചുവരുന്നത് പട്ടാളക്കാരില്ലാത്ത ഒരു രാജ്യത്തിലേക്ക് അല്ലെന്നും അവരില്‍ നിന്ന് പ്രതീക്ഷിക്കുന്നത് യുദ്ധമല്ലെന്നും അവരെ ബോധ്യപ്പെടുത്തണം. അവരുടെ തിരിച്ചുവരവ് സഭയ്ക്ക് ഒരു നഷ്ടവും വരുത്തുന്നില്ല എന്നും ഉറപ്പാക്കേണ്ടതുണ്ട്.

കത്തോലിക്കാ വിശ്വാസത്തിലേക്ക് കടന്നുവരുന്ന/തിരികെയെത്തുന്ന ഇവരുടെ ഭൂതകാലത്തേക്കാള്‍, ഭാവി കാര്യങ്ങള്‍ക്കാണ് ഊന്നല്‍ നല്‍കേണ്ടത്. അവര്‍ ആരായിരുന്നു എന്നതിനേക്കാളും എന്തായിത്തീരണം എന്നതാണ് സഭ താല്പര്യം കാണിക്കേണ്ട വിഷയം. പലപ്പോഴും ഈ ഭാവിപദ്ധതികള്‍, ഭൂതകാലത്തിന്‍റെ കുളിരില്‍ സുഷുപ്തിയിലാകുകയും അവര്‍ ക്രിസ്തുവിനെ സാക്ഷ്യപ്പെടുത്തുന്നതിനേക്കാള്‍ അവരുടെ പഴയകാല ജീവിതത്തെക്കുറിച്ച് സംസാരിക്കേണ്ടിവരികയും ചെയ്യുന്നു. 'ക്രിസ്തുവില്‍ പുതിയ സൃഷ്ടികളായ അവര്‍' തങ്ങളുടെ ഗതകാല സ്മരണകളെ അയവിറക്കി കഴിയേണ്ടി വരുന്നത് ആരോഗ്യകരമല്ല. പോസ്റ്റര്‍ അടിച്ച്, കമാനം വച്ച്, താലപ്പൊലി കൊടുത്ത് സ്വീകരിച്ച പലരും ഇച്ഛാഭംഗം നേരിട്ട് അകത്തളങ്ങളില്‍ അപസ്വരം തീര്‍ക്കുന്ന അവസ്ഥ ഉണ്ടാകരുത്. അവര്‍ സഭക്കൊരു ഭാരമാകരുത്, സഭ അവര്‍ക്കും.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org