Latest News
|^| Home -> Pangthi -> കാലവും കണ്ണാടിയും -> മടി പിടിക്കുന്ന മലയാളികള്‍

മടി പിടിക്കുന്ന മലയാളികള്‍

മാർ ജോസഫ് പാംപ്ലാനി

മലയാളികള്‍ അധ്വാനശീലരാണ്, അക്കരെ കടന്നാല്‍ മാത്രം. ഇക്കരെ മലയാളി മടിയെ മടിയിലിരുത്തി താലോലിക്കുന്നവനാണ്. ഇല്ലത്ത് ഊണും അച്ചിവീട്ടില്‍ കൂറുമായി നടന്നിരുന്ന സവര്‍ണ്ണന്മാര്‍ അലസതയുടെ ആള്‍രൂപങ്ങളായിരുന്നു. കുടുംബകാരണവരുടെ കിരീടം തലയിലേറ്റി ചാരുകസേര സിംഹാസനമാക്കി ഉമ്മറത്തെ ഇരുപ്പു മുതലായി മാറിയ തറവാടികളും അലസതയുടെ നേര്‍ക്കാഴ്ചകളായിരുന്നു. അവര്‍ണ്ണനെ തീണ്ടാപാടകലെ നിര്‍ത്തി പുച്ഛിച്ചപ്പോഴും അവന്‍റെ വിയര്‍പ്പു കുഴഞ്ഞു രൂപപ്പെട്ട അമൃതേതു കഴിച്ച സവര്‍ണ്ണന്‍ നീട്ടി ഏമ്പക്കം വിട്ടു രസിച്ചിരുന്നു. ആരാന്‍റെ അധ്വാനഫലം ആസ്വദിക്കുകയും അധ്വാനവര്‍ഗ്ഗത്തെ അധിക്ഷേപിക്കുന്നതില്‍ ആനന്ദിക്കുകയും ചെയ്യുന്ന വൈരുധ്യാത്മകത മലയാളിയുടെ മനോനിലയുടെ മായ്ക്കാനാവാത്ത അടയാളപ്പെടുത്തലാണ്.

മടിയുടെ സംസ്കാരം കൂടുതല്‍ ശക്തമായത് ഗള്‍ഫ് മലയാളികള്‍ എന്ന വംശത്തിന്‍റെ പിറവിയോടെയാണ്. അക്കരെ കടക്കുന്ന മലയാളി മരുഭൂമിയില്‍ ചോര നീരാക്കി കനകം വിളയിച്ചു. ഗള്‍ഫില്‍നിന്ന് കുഴല്‍പ്പണമായും അല്ലാതെയും ഒഴുകിയ ദിര്‍ഹവും ദിനാറും റിയാലും മലയാളിയെ മാറ്റി മറിച്ചു. അധ്വാനിക്കുന്ന ന്യൂനപക്ഷത്തിന്‍റെ ചെലവില്‍ ആഡംബരം ആസ്വദിച്ചുകൊണ്ടാണ് ഗള്‍ഫുമലയാളികളുടെ കുടുംബങ്ങള്‍ ഇവിടെ കൊഴുത്തത്. എന്നാലും ഗള്‍ഫുകാരന്‍റെ പരിഷ്കാരത്തെയും പൊങ്ങച്ചത്തെയും ഊതിപ്പെരുപ്പിച്ചു പരിഹസിക്കുന്നതില്‍ മലയാളികള്‍ തമ്മില്‍ മത്സരമായിരുന്നു. ജീവിതം മുഴുവന്‍ വിയര്‍പ്പൊഴുക്കിയവന്‍ വിയര്‍പ്പുനാറ്റം മാറ്റാന്‍ അല്‍പം സെന്‍റു പൂശിയതിനെ ഗള്‍ഫുകാരന്‍റെ അഹന്തയായി നാം പരിഹസിച്ചു. പ്രവാസിയുടെ ചക്രവാളങ്ങള്‍ യൂറോപ്പിലേക്കും അമേരിക്കയിലേക്കും വികസിച്ചപ്പോഴും നാട്ടിലെ വീട്ടുകാരും കൂട്ടുകാരും അലസതയെ ആഘോഷിക്കുകയായിരുന്നു.

ആദ്യകാല ജന്മിമാരുടെ അലസതയും ധൂര്‍ത്തും അവരുടെ കുടുംബങ്ങളുടെ അടിത്തറയിളക്കിയതിനു സമാനമാണ് പല ഗള്‍ഫുമലയാളികളുടെയും കുടുംബങ്ങള്‍. തിരിച്ചെത്തുന്ന പ്രവാസികളെ കാത്തിരിക്കുന്ന സങ്കടങ്ങള്‍ വിവരണാതീതമാണ്. മലയാളിയുടെ അലസത സമൂഹത്തില്‍ വരുത്തിയ തിരുത്താനാവാത്ത ചില നിരുത്തരവാദിത്വ ഭാവങ്ങളുണ്ട്. ഒന്നാമതായി, ഏതു തൊഴിലും കുലീനമെന്നു കരുതുന്ന ആധുനിക സംസ്കാരം മലയാളി ഇനിയും അറിഞ്ഞിട്ടില്ല. കസേരയില്‍ ഇരുന്നു കാറ്റുകൊണ്ടു ചെയ്യാനാവാത്ത ജോലിയൊക്കെയും ആക്ഷേപകരമെന്നു ചിന്തിക്കുന്നവരാണ് ശരാശരി മലയാളി. അന്യസംസ്ഥാന തൊഴിലാളികളുടെ അധ്വാനമില്ലായിരുന്നെങ്കില്‍ കേരളം പണ്ടേ ശവപ്പറമ്പാകുമായിരുന്നു.

രണ്ടാമതായി, മലയാളിയുടെ അലസതയുടെ സംസ്കാരമാണ് ബന്ദിലും ഹര്‍ത്താലിലും വെളിപ്പെടുന്നത്. ഓട്ടോറിക്ഷയില്‍ കയറ്റാനുള്ള ആളുപോലുമില്ലാത്ത പാര്‍ട്ടികള്‍ വിജയകരമായി നാടു സ്തംഭിപ്പിക്കുന്നതിന്‍റെ കാരണം മറ്റൊന്നുമല്ല. ബന്ദിനെ നിയമവിരുദ്ധമായി കോടതി വിധിച്ചപ്പോള്‍ ഹര്‍ത്താലെന്നു പുനര്‍നാമകരണം നടത്തി ബന്ദിനെ വരവേറ്റവരാണു മലയാളികള്‍. ക്രിസ്തുമസും വിഷുവും റംസാനും ആചരിക്കുന്നതിനേക്കാള്‍ ആനന്ദത്തില്‍ ഹര്‍ത്താല്‍ കൊണ്ടാടുന്ന മലയാളിയുടെ മടിക്കു മറ്റുതെളിവുകള്‍ ആവശ്യമുണ്ടോ? തടിയനങ്ങാതെ സമ്പന്നനാകാനുള്ള സൂത്രവിദ്യകളില്‍ മലയാളിയോളം മനം മയങ്ങി വീഴുന്നവര്‍ മറ്റാരുമില്ല. ആടുഫാമും മാഞ്ചിയവും മലര്‍ മുതല്‍ വലംപിരിശംഖും സ്വര്‍ണ്ണക്കുടവും വരെ തട്ടിപ്പിന്‍റെ കഥ നീളുന്നു. അലസന്‍റെ ജീവിതത്തിന്‍റെ സ്വാഭാവിക ദുരന്തമാണിത്.

മൂന്നാമതായി, മലയാളിയുടെ അലസതയെ വിദഗ്ദ്ധരായി ചൂഷണം ചെയ്യുന്നതില്‍ മാധ്യമങ്ങള്‍ക്കു വലിയ പങ്കുണ്ട്. സന്ധ്യമയങ്ങിയാല്‍ പാതിരാവരെ സീരിയലു കണ്ടു തളര്‍ന്നുറങ്ങുന്നവരാണു മലയാളികള്‍. സീരിയലില്‍ താല്പര്യമില്ലാത്തവര്‍ക്കായി സീരിയലിനെ വെല്ലുന്ന നുണക്കഥകളും തെറിവിളികളുമായി ചാനല്‍ചര്‍ച്ചകള്‍ അരങ്ങു തകര്‍ക്കുന്നു. ആരോടും പ്രതിബദ്ധതയില്ലാത്ത കൂലി സംവാദകരുടെ ശബ്ദമലിനീകരണം രാവേറെ വരെ കേട്ടിരിക്കാന്‍ മലയാളിയെ പ്രേരിപ്പിക്കുന്നതും അലസത തന്നെയാണ്.

നാലാമതായി, വാട്ട്സ് ആപ്പിലും ഫെയ്സ് ബുക്കിലും ട്വിറ്ററിലും മാത്രമല്ല പോണ്‍സൈറ്റുകളിലും ആനുപാതികമായതിന്‍റെ ഇരട്ടിയിലധികം സാന്നിധ്യം മലയാളിക്കുണ്ട് എന്ന് സ്ഥിതിവിവരകണക്കുകള്‍ സാക്ഷ്യപ്പെടുത്തുന്നു. സപ്ലിമെന്‍ററി എഴുതാതെ എഞ്ചിനീയറിംഗും മെഡിസിനും മാത്രമല്ല സാദാ ഡിഗ്രിപോലും പാസ്സാകാതെ മലയാളി വിഷമിക്കുകയാണ്. അഖിലേന്ത്യാ മത്സരപരീക്ഷകളിലും സിവില്‍ സര്‍വ്വീസിലും മലയാളി തോറ്റമ്പുന്നതിന്‍റെ കാരണം അന്വേഷിക്കേണ്ടതല്ലേ.

അവസാനമായി, അലസന്‍ പരദൂഷകനാണ് എന്ന വേദപുസ്തക ഭാഷ്യത്തില്‍ പരമാര്‍ത്ഥമുണ്ട്. നന്മയെക്കാള്‍ തിന്മയെ ഇഷ്ടപ്പെടുന്നതും നന്മയുടെ വെളിച്ചങ്ങളെ ഊതിക്കെടുത്തുന്നതും നന്മയുടെ തിരുവസ്ത്രങ്ങളില്‍ ചെളിവാരിയെറിയുന്നതും മലയാളിയുടെ ശീലമായി മാറിയതിന്‍റെ കാരണവും മറ്റൊന്നല്ല. മുന്‍മുഖ്യമന്ത്രിയെക്കാള്‍ സോളാര്‍ സ്ത്രീയെ വിശ്വസിക്കാനാണ് മലയാളിക്കും ഇപ്പോഴത്തെ മുഖ്യമന്ത്രിക്കുമിഷ്ടം. ജൂഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ടുകളില്‍ ന്യായവാദങ്ങളെക്കാള്‍ അശ്ലീലം വായിക്കാനാണ് മലയാളിക്കിഷ്ടമെന്ന് എഴുതുന്നവര്‍ക്കും അറിയാം. ആയിരം വൈദികരുടെ ത്യാഗോജ്ജ്വല സാക്ഷ്യം മുന്നിലുള്ളപ്പോഴും ഒറ്റപ്പെട്ട വീഴ്ചകളെ ഉത്സവമാക്കാനാണ് മലയാളി മത്സരിക്കുന്നത്. മലയാളിയുടെ അലസത എന്നത് ചുമ്മാ ഇരിപ്പു മാത്രമല്ല എന്നു മനസ്സിലാക്കാനാണിത്രയും വിവരിച്ചത്.

Leave a Comment

*
*