കുമ്പിട്ട കൗമാരങ്ങള്‍

കുമ്പിട്ട കൗമാരങ്ങള്‍

അജോ രാമച്ചനാട്ട്

പത്തിലും പ്ലസ്ടുവിലും ഉന്നതവിജയം കരസ്ഥമാക്കിയ കുട്ടികളെ ആദരിക്കുന്ന ഒരു ചടങ്ങില്‍ പങ്കെടുത്തത് ഓര്‍മ്മ വരുന്നു. ആശംസാവചനങ്ങള്‍ക്കും സമ്മാനദാനത്തിനും ശേഷം ഉന്നതവിജയം നേടിയ കുട്ടികള്‍ക്ക് സംസാരിക്കാന്‍ സമയം കൊടുത്തു. തിളക്കമാര്‍ന്ന വിജയത്തിലേക്ക് എത്താന്‍ അവര്‍ നടത്തിയ പരിശ്രമങ്ങള്‍ കേള്‍ക്കാനും, അത് കേട്ടിരിക്കുന്ന മറ്റ് കുട്ടികള്‍ക്കും പഠിതാക്കള്‍ക്കും പ്രചോദനമാകാനും ഒക്കെയായിരുന്നു ഉദ്ദേശം. എന്നാല്‍ അത്ഭുതമെന്നു പറയട്ടെ, കൂട്ടത്തിലുണ്ടായിരുന്ന ഒരേ ഒരു പെണ്‍കുട്ടി അല്ലാതെ മറ്റാരും കാര്യമായി ഒന്നും ഉരിയാടിയില്ല. അവര്‍ക്ക് ഒന്നും പറയാനില്ല. ആലോചിച്ചിട്ട് വാക്കുകള്‍ ഒന്നും കിട്ടുന്നില്ല. ഇത് സംഘടിപ്പിച്ചവര്‍ക്ക് നന്ദി എന്ന് പോലും പറഞ്ഞ് പറയിപ്പിക്കേണ്ടിവന്നു. എ പ്ലസും എ വണ്ണും വാങ്ങിയ, ഫ്ളക്സുകളില്‍ തലയുയര്‍ത്തി നിന്ന നമ്മുടെ യുവകേസരികള്‍. സത്യത്തില്‍ ഒരു വലിയ ഇച്ഛാഭംഗം തോന്നി.

പ്രോഗ്രാമിന് മുമ്പും പ്രോഗ്രാമിന് ശേഷവും അവരൊക്കെ ഒന്നുകില്‍ സമപ്രായക്കാരോടൊപ്പം അതുമല്ലെങ്കില്‍ തങ്ങളുടെതന്നെ സ്മാര്‍ട്ട് ഫോണുകളോട് മാത്രം മിണ്ടുന്നതും കണ്ടു. അവിടെയെത്തിയ അവരുടെ തന്നെ അധ്യാപകരോടോ മുതിര്‍ന്നവരോടോ പരിപാടിയുടെ സംഘാടകരോടോ ഒന്നും കാര്യമായി ഒന്നുംതന്നെ മിണ്ടാന്‍ ഇല്ലാതെ ഉള്‍വലിയുന്നവര്‍!

വര്‍ത്തമാനകേരളം നേരിടുന്ന രൂക്ഷമായ പ്രതിസന്ധികളില്‍ ഒന്നാണ് ഇത് എന്ന് ഞാന്‍ കരുതുകയാണ്. സ്വയം ഉള്‍വലിയുന്ന കൗമാരം. സമപ്രായക്കാരോടും സ്മാര്‍ട്ട് ഫോണുകളോടും അല്ലാതെ മറ്റൊന്നിന്‍റെയും മുമ്പില്‍ തലയുയര്‍ത്തി രണ്ടു വാക്ക് സംസാരിക്കാന്‍ കെല്‍പ്പില്ലാതെ പോകുന്ന നമ്മുടെ കുട്ടികള്‍. ഹൈസ്കൂള്‍ പ്രായം എത്തുമ്പോഴേക്കും ആണ്‍കുട്ടികള്‍ ഓരോ തുരുത്തുകളായി രൂപാന്തരപ്പെടുകയാണ്. അതേസമയം പെണ്‍കുട്ടികളാവട്ടെ പ്രകൃത്യാ ലഭിക്കുന്ന വളര്‍ച്ചയുടെ ഊര്‍ജ്ജം പഠനകാര്യങ്ങളിലും പാഠ്യേതരകാര്യങ്ങളിലും പുലര്‍ത്തുകയും ആ ആവേഗം നല്ല ഒരു ജീവി താവസ്ഥയില്‍ എത്തുന്നതുവരെ കൊണ്ടു പോവുകയും ചെയ്യുമ്പോള്‍ നമ്മുടെ ആണ്‍കുട്ടികള്‍ക്ക് ഇതെന്തുപറ്റി?

ഒറ്റവാക്കില്‍ എന്താണ് ഇതിന് കാരണമെന്നോ എന്താണ് ഇതിന് പരിഹാരം എന്നോ പറയാനാവും എന്ന് കരുതുന്നില്ല. ചില മാതാപിതാക്കളും അധ്യാപകരും കാടടച്ച് പുതിയ തലമുറയിലെ കുട്ടികളെ പഴിക്കുന്നത് കേട്ടിട്ടുണ്ട്. സ്മാര്‍ട്ട്ഫോണുകളാണ് കാരണം എന്നും കേട്ടിട്ടുണ്ട്. നവീന യുഗത്തിലെ മാധ്യമങ്ങളെയും ജീവിതശൈലികളെയും പഴിക്കുന്നവരുമുണ്ട്. ഇവയൊക്കെ കാരണങ്ങളാവാം, മറ്റു ചില കാരണങ്ങളും ഉണ്ടാവാം. ഏതായാലും പ്രശ്നം ഗുരുതരം തന്നെ.

സാംസ്കാരികരംഗത്തും വിദ്യാഭ്യാസരംഗത്തും ഒക്കെ പ്രശോഭിക്കുന്ന അനേകം മഹനീയ വ്യക്തിത്വങ്ങളുടെ ജീവിതങ്ങളും അവയുടെ പിന്നാമ്പുറങ്ങളും പരിശോധിക്കുമ്പോള്‍ അവരൊക്കെയും കടന്നുപോയത് ഒരു ജീവിതസമരത്തിലൂടെ ആയിരുന്നു എന്ന് കാണാം. പ്രശസ്തര്‍ മാത്രമല്ല, നമ്മുടെയൊക്കെ മുതിര്‍ന്ന തലമുറയില്‍ ജീവിതത്തിന്‍റെ നല്ല നിലയില്‍ കയറിപ്പറ്റിയ ഭൂരിഭാഗം മനുഷ്യരും ദാരിദ്ര്യത്തോടും സൗകര്യക്കുറവുകളോടും പ്രതിസന്ധികളോടും ഇല്ലായ്മകളോടും മല്ലിട്ട് ജീവിച്ചവരാണ്. ഇന്ന് ജീവിതം സമരമായി ആര്‍ക്കൊക്കെ മാറുന്നുണ്ട്? വളരെ അപൂര്‍വ്വം ചിലര്‍ക്കൊഴികെ മറ്റാര്‍ക്കും ജീവിതം ഒരു സമരം അല്ല. ആര്‍ക്കും പൊരുതി ജയിക്കേണ്ടതില്ല. അതെ, ജീവിതത്തെ ഗൗരവമായി കാണുന്നവരുടെ എണ്ണം കുറയുകയാണ്!

അനുദിനം വളരുന്ന മയക്കുമരുന്ന് ഉപയോഗവും, അടിക്കടി വര്‍ധിക്കുന്ന വിവാഹത്തകര്‍ച്ചകളും, ഉയരുന്ന ആത്മഹത്യാനിരക്കും നമ്മുടെ കണ്ണ് തുറപ്പിക്കാന്‍ സമയമായി.

ജീവിതത്തെ easy ആയി കണ്ട് വളര്‍ന്നവര്‍ക്ക് ജീവിതത്തിന്‍റെ പ്രതിസന്ധികളെ നേരിടാന്‍ പറ്റാതെ പോകുന്നു എന്ന യാഥാര്‍ത്ഥ്യത്തെ നമ്മള്‍ വളരെ ഗൗരവമായി കണക്കിലെടുക്കേണ്ടതുണ്ട്. സ്മാര്‍ട്ട് ഫോണുകളും നവീനമാധ്യമങ്ങളും തരുന്ന സൗകര്യങ്ങളും ഉപയോഗങ്ങളും മാറ്റി നിര്‍ത്താതെ അവയെ വളരുന്ന കുട്ടികള്‍ക്ക് ഉപയോഗപ്പെടുന്ന വിധത്തില്‍ മാറ്റിയെടുക്കാനുള്ള ആര്‍ജ്ജവവും പദ്ധതിരൂപീകരണവും ഇന്ന് ആരെങ്കിലുമൊക്കെ തുടങ്ങേണ്ടിയിരിക്കുന്നു. കരിയര്‍ ഗൈഡന്‍സ് കോഴ്സുകളേക്കാള്‍ നമുക്ക് ആവശ്യം എനര്‍ജി ഗൈഡന്‍സ് കോഴ്സുകള്‍ ആണ് എന്നു തോന്നുന്നു.

കൗമാരത്തിന്‍റെയും യുവത്വത്തിന്‍റെയും പ്രസരിപ്പും ഊര്‍ജ്ജവും ഒട്ടും കുറവില്ലാതെ നന്മയിലേക്കും വളര്‍ച്ചയിലേക്കും വഴിതിരിച്ചുവിടുന്ന ഒരു കൂട്ടായ പരിശ്രമത്തിന് മാത്രമേ അപകര്‍ഷതാബോധം കൊണ്ടും, ആര്‍ജ്ജവത്വമില്ലായ്മ കൊണ്ടും മുഖം കുമ്പിട്ട് പോയ നമ്മുടെ പുതുതലമുറയെ രക്ഷിച്ചെടുക്കാന്‍ ആവൂ. സ്മാര്‍ട്ട് ഫോണുകള്‍ തുറന്നുവയ്ക്കുന്ന ലോകത്തേക്കാള്‍ വിശാലമായ ലോകം ഞങ്ങള്‍ക്ക് ചുറ്റും ഉണ്ടെന്ന തിരിച്ചറിവ് അവര്‍ക്ക് ഇണങ്ങുന്ന വിധത്തില്‍ പകര്‍ന്നുകൊടുക്കാന്‍ ആയാല്‍ നമ്മുടെ പുതുതലമുറ പ്രസരിപ്പുള്ളവരാകും.

കുറ്റം പറഞ്ഞത് കൊണ്ടോ മാറ്റിനിര്‍ത്തിയത് കൊണ്ടോ ഉപേക്ഷിച്ച് കളഞ്ഞത് കൊണ്ടോ കാര്യമില്ല. മുഖം കുമ്പിട്ട നമ്മുടെ കൗമാരക്കാരെ വീണ്ടെടുക്കാന്‍ ഒരു ക്യാംപയിന്‍, അതാണ് ഇനി വേണ്ടത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org