Latest News
|^| Home -> Pangthi -> കാലവും കണ്ണാടിയും -> അകം-പുറ സഞ്ചാരങ്ങള്‍

അകം-പുറ സഞ്ചാരങ്ങള്‍

ഫാ. മാത്യു ഇല്ലത്തുപറമ്പില്‍

സ്ഥിരം അവനവനില്‍നിന്നു പുറത്തുചാടി നടക്കുന്നവര്‍ ഉന്മാദികളാണ്. അവനവന്‍ ഒഴികെ മറ്റെല്ലാം തലയ്ക്കു പിടിച്ചവര്‍. എന്നാല്‍ ഒരിക്കലും അവനവനില്‍ നിന്ന് പുറത്തു കടക്കാത്തവര്‍ തടവുകാരാണ്. അവനവന്‍ മാത്രം തലയ്ക്കുപിടിച്ച് ഒരിക്കലും അഹത്തിന്‍റെ അഴിക്കൂട്ടില്‍നിന്ന് പുറത്തിറങ്ങാത്തവര്‍. ഈ രണ്ടു കൂട്ടരും വളരെ വിരളമായിരിക്കും. സാധാരണ മനുഷ്യര്‍ ഇടയ്ക്കിടെ അവനവനില്‍നിന്ന് പുറത്തിറങ്ങുന്നവരാണ്. ഉദാഹരണത്തിന്, നമ്മെത്തന്നെ വിധിക്കുകയോ വിലയിരുത്തുകയോ ചെയ്യുന്ന സന്ദര്‍ഭങ്ങളില്‍ നാം നമ്മില്‍നിന്ന് പുറത്തു കടക്കുന്നുണ്ട്. നാം നമ്മെ നോക്കി പറയും, നീ ചെയ്തത് ഒട്ടും ശരിയായില്ല. ചിലപ്പോള്‍ പറഞ്ഞെന്നിരിക്കും, മിടുക്കനാണ് നീ. എന്നാല്‍ അവനവനില്‍നിന്ന് പുറത്തുകടക്കാനുള്ള കഴിവ് ശ്രേഷ്ഠമായ സമൂഹജീവിതത്തിനും ആരോഗ്യകരമായ ആത്മീയജീവിതത്തിനും നാം ഉപയുക്തമാക്കേണ്ടതുണ്ട്.

നമ്മുടെ സുഖപ്രദമായ പ്രതലങ്ങളില്‍നിന്നിറങ്ങി നമ്മെ നോക്കിക്കാണുന്നത് അവനവനില്‍നിന്നു പുറത്തേക്കുള്ള പുറപ്പാടാണ്. അതില്‍ ഏറ്റവും എളുപ്പമുള്ളതും എന്നാല്‍ ശ്രദ്ധാപൂര്‍വം ചെയ്യാവുന്നതുമായ കാര്യം മറ്റുള്ളവര്‍ നമ്മെക്കുറിച്ച് പറയുന്ന കാര്യങ്ങള്‍ക്കു ചെവികൊടുക്കുന്നതാണ്. നമുക്ക് നമ്മെക്കുറിച്ചുള്ള ധാരണയാവില്ല മറ്റുള്ളവര്‍ക്കുള്ളത്. നമ്മുടെ മനസിന്‍റെ കണ്ണാടിയിലെ രൂപമാകണമെന്നില്ല മറ്റുള്ളവരുടെ കണ്ണിലൂടെ നമ്മെക്കാണുമ്പോള്‍. മറ്റുള്ളവരുടെ അഭിപ്രായങ്ങള്‍ നമ്മെക്കുറിച്ചുള്ള നമ്മുടെ ചിത്രം കൂടുതല്‍ സത്യസന്ധമാക്കാന്‍ ഇടയാക്കും. കുറച്ചുസമയത്തേയ്ക്കെങ്കിലും നമ്മില്‍നിന്ന് പുറത്തുകടന്നു നില്ക്കുന്നവര്‍ക്കേ ഇതു സാധിക്കൂ. എന്നാല്‍ പുറത്തുനിന്നുകിട്ടുന്ന അഭിപ്രായചിത്രങ്ങള്‍ സത്യസന്ധവും സദുദ്ദേശപരവുമാണെങ്കിലേ നമ്മെ സഹായിക്കൂ. അല്ലെങ്കില്‍ അവ സ്വീകരി ക്കുന്നത് സ്വന്തം കണ്ണാടിയില്‍ ചായം കലക്കി ഒഴിക്കുന്നതിനു തുല്യമായിരിക്കും. അപ്പോള്‍ നാം കാണുന്നത് വികൃതരൂപിയായ ഒരു സത്വമായിരിക്കും! അത് നാമാവില്ല.

നല്ല കഥകളും നോവലുകളും വായിക്കുമ്പോള്‍ നമ്മുടേതല്ലാത്ത ഒരു ലോകത്തേക്ക് നാം പ്രവേശിക്കും. തത്ക്കാലത്തേക്ക് നാം സ്വയം മറക്കും; കഥാപാത്രങ്ങളുടെ ലോകം നാം സ്വന്തമാക്കും. മനുഷ്യരുടെ പെരുമാറ്റ രീതികളെക്കുറിച്ച്, അവരുടെ അനുഭവസന്ധികളെക്കുറിച്ച് മനസിലാക്കാന്‍ അതുവഴി ഇടയാകും. ഏകാന്തത എന്ന അനുഭവം എന്താണെന്നറിയണമെങ്കില്‍ ഒന്നുകില്‍ അതിലൂടെ കടന്നുപോകണം. അല്ലെങ്കില്‍ ഏകാന്തത ഭക്ഷിച്ചു ജീവിക്കുന്നവരുടെ കഥകള്‍ നാം കാര്യമായിട്ടെടുക്കണം. അനുഭവതലങ്ങളില്‍ നാം എത്രയോ ദരിദ്രരായിരിക്കും മിക്കപ്പോഴും; എന്നാലും അത്തരം അനുഭവസ്ഥരെക്കുറിച്ച് നാം അഭിപ്രായങ്ങള്‍ പറയുന്നു; അവരെ വിധിക്കുന്നു… ദാരിദ്ര്യം, വൈധവ്യം, യുദ്ധം, ഉപേക്ഷിക്കപ്പെടല്‍, പ്രകൃതിദുരന്തങ്ങള്‍, സാമൂഹികവിചാരണ, കടബാധ്യത, ആട്ടിയിറക്കപ്പെടല്‍, കിടപ്പാടമില്ലായ്മ, വിവാഹം നടക്കാത്ത അവസ്ഥ, ഉറ്റവരുടെ അപ്രതീക്ഷിത വേര്‍പാട്, അപമാനിക്കപ്പെടല്‍, സഹായത്തിനു തെണ്ടേണ്ട സാഹചര്യം…. അങ്ങനെ പലതും. ദരിദ്രരുടെ വിശപ്പെന്ന അനുഭവം ദൈവകാരുണ്യത്താല്‍ നമുക്ക് അന്യമായിരിക്കും. ഒരു നേരം ഉപവസിക്കുന്നയാള്‍ക്ക് അടുത്ത നേരത്തെ ഭക്ഷണത്തിനുമുമ്പ് അനുഭവപ്പെടുന്ന വിശപ്പല്ല ദരിദ്രരുടെ വിശപ്പ്. അടുത്ത ഭക്ഷണം എപ്പോഴാണെന്നും അപ്പോള്‍ എന്തു കഴിക്കാന്‍ കിട്ടും എന്നയാള്‍ക്കറിയാം. ഇനിയൊരു ഭക്ഷണം എപ്പോള്‍ എന്നറിയാതെ വയറുകത്തി നില്ക്കുന്നവന്‍റെ വിശപ്പ് തുലോം വ്യത്യസ്തമാണ്. ലോകത്തില്‍ ഒന്‍പതില്‍ ഒരാള്‍ ഇത്തരത്തില്‍ വിശപ്പിന്‍റെ ഇരകളാണെന്നു ലോകഭക്ഷ്യ സംഘടന പറയുന്നു.

ലോകത്തിലെ എല്ലാ അനുഭവങ്ങളും സ്വന്തമാക്കാനും അങ്ങനെ അര്‍ഥവത്തായി ജീവിക്കാനും ആര്‍ക്കും സാധ്യമല്ല. നമുക്ക് അന്യമായ അനുഭവലോകമാണെങ്കിലും അവയോടു ഹൃദയം തുറക്കുന്നവര്‍ക്കു മറ്റുള്ളവരെ മനസിലാക്കാന്‍ സാധിക്കും. അതായത്, നല്ല സമ്പത്തുള്ളയാള്‍ക്കും ദാരിദ്ര്യത്തിന്‍റെ തീവ്രത എന്താണെന്ന് കുറെയെങ്കിലും മനസിലാകും. ഇതിനുള്ള രണ്ട് എളുപ്പ മാര്‍ഗങ്ങള്‍: ഒന്ന്, എന്‍റെ മുമ്പില്‍ നില്ക്കുന്ന ഗതികേടുകാരന്‍റെ സ്ഥാനത്ത് ഞാനോ എന്‍റെ ഉറ്റവരോ ആയിരുന്നെങ്കില്‍ എന്നു ചിന്തിച്ചാല്‍ മതി. ഹൃദയദ്രവീകരണ ശക്തിയുണ്ടാകും കാര്യത്തില്‍ ഈ ചിന്തയ്ക്ക്. എന്നാല്‍ ആരോടും ഒരു മമതയുമില്ലാത്ത സ്വന്തം തള്ളയെപ്പോലും ഗൗനിക്കാത്ത ഒരാള്‍ക്ക് ഈ മാര്‍ഗം ഫലിക്കില്ല. രണ്ട്, നമ്മുടെ മുന്നില്‍ വരുന്ന നിരാലംബന്‍റെ അനുഭവം നമുക്കു തികച്ചും അജ്ഞാതമാണെങ്കിലും അവനെ ക്രിസ്തുവിന്‍റെ സ്ഥാനത്തു കാണുക. ഭക്ഷണവും വസ്ത്രവും പാര്‍പ്പിടവും ജീവിക്കാനുള്ള വഴികളും ഇല്ലാത്തവര്‍ക്ക് ചെയ്യുന്നതെല്ലാം തനിക്കു ചെയ്യുന്നു എന്നു ഈശോ പഠിപ്പിച്ചു (മത്താ. 25:40). അതുമാത്രമല്ല, അന്ത്യവിധിയിലെ സുപ്രധാന മാനദണ്ഡം ഇതായിരിക്കും എന്നും അവിടുന്ന് വ്യക്തമാക്കി. എങ്കില്‍ വിശക്കുന്നവനെ ഊട്ടാന്‍ വിശപ്പിന്‍റെ രൂക്ഷത നാം അറിയണമെന്നില്ല; ക്രിസ്തുവിനെ അറിഞ്ഞാല്‍ മതി.

അവനവന്‍റെ അകത്തേക്കും പുറത്തേക്കുമുള്ള സഞ്ചാരം ശരീരത്തിനു ശ്വാസോഛാസം എന്ന പോലെയാണ്. അതു ജീവന്‍റെ അടയാളമാണ്; ആത്മാവിന്‍റെയും മനസിന്‍റെയും കാര്യത്തില്‍. അകം-പുറ സഞ്ചാരങ്ങള്‍ സാധിക്കാത്തവര്‍ ജീവന്‍ നിലച്ചവരെപ്പോലെയാണ്, ആത്മാവിന്‍റെയും മനസിന്‍റെയും കാര്യത്തില്‍ത്തന്നെ.

Comments

One thought on “അകം-പുറ സഞ്ചാരങ്ങള്‍”

  1. Rejy joy says:

    Very good article.. good insight

Leave a Comment

*
*