|^| Home -> Pangthi -> കാലവും കണ്ണാടിയും -> വിവേചനബുദ്ധിയുടെ അരിപ്പ

വിവേചനബുദ്ധിയുടെ അരിപ്പ

ഫാ. മാത്യു ഇല്ലത്തുപറമ്പില്‍

അടുത്തകാലത്തെ ഒരു അമേരിക്കന്‍ സര്‍വേഫലമനുസരിച്ച് ദിനംതോറും ശരാശരി അമേരിക്കക്കാരന്‍ പതിനാറായിരത്തിലധികം മൂല്യ-സന്ദേശങ്ങള്‍ (value-messages) സ്വീകരിക്കുന്നുണ്ട്. വസ്തുക്കള്‍, വ്യക്തികള്‍, ഉത്പന്നങ്ങള്‍, പ്രസ്ഥാനങ്ങള്‍, ആശയങ്ങള്‍, സാമൂഹികമുന്നേറ്റങ്ങള്‍, രാഷ്ട്രീയ സംഭവവികാസങ്ങള്‍, മതകാര്യങ്ങള്‍ എന്നിവയെക്കുറിച്ചെല്ലാം നല്ലതെന്നോ ചീത്തയെന്നോ പറയുകയോ സൂചിപ്പിക്കുകയോ ചെയ്യുന്നവയാണ് മൂല്യസന്ദേശങ്ങള്‍. വ്യക്തികള്‍, മാധ്യമങ്ങള്‍, പ്രസ്ഥാനങ്ങള്‍, സഭകള്‍, രാഷ്ട്രീയപ്രസ്ഥാനങ്ങള്‍, സാമൂഹികമാധ്യമങ്ങള്‍ എന്നിവയില്‍നിന്നാണ് ഇത്തരത്തില്‍ മൂല്യസന്ദേശങ്ങള്‍ മനുഷ്യരില്‍ എത്തിക്കൊണ്ടിരിക്കുന്നത്. കേരളീയരും ഇതുപോലെ ആയിരക്കണക്കിനു മൂല്യസന്ദേശങ്ങള്‍ ദിനം പ്രതി സ്വീകരിക്കുന്നുണ്ട്. സാധാരണഗതിയില്‍ നാം അവ തള്ളുന്നു, അല്ലെങ്കില്‍ കൊള്ളുന്നു. എന്നാല്‍ സാമൂഹികമാധ്യമങ്ങളില്‍ നിന്ന് ലഭിക്കുന്ന മൂല്യസന്ദേശങ്ങളോട് ക്രിയാത്മകമായി പ്രതികരിക്കാനുള്ള അവസരം നമുക്കുണ്ട്. നമുക്കു കിട്ടിയ മൂല്യസന്ദേശം നാം അംഗീകരിച്ചാലും ഇല്ലെങ്കിലും മറ്റുള്ളവര്‍ക്ക് കൈമാറാം; അനേകംപേരിലേക്ക് എത്തിക്കാം. ഇക്കാര്യത്തിന്‍റെ ധാര്‍മ്മികതയും യുക്തിഭദ്രതയും നാം വിലയിരുത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

നമുക്കു ലഭിക്കുന്ന സന്ദേശത്തിന്‍റെ വാസ്തവികതയും ശരി-തെറ്റുകളും ബോധ്യപ്പെടാതെ അവ വിതരണം ചെയ്യുന്നത് വിവേചനമില്ലായ്മ മാത്രമല്ല; തെറ്റുകളുടെ വിതരണം അധാര്‍മ്മികവുമാണ്.ڔഈ വിഷയത്തില്‍ മൂന്നു കാര്യങ്ങള്‍ നമുക്ക് ശ്രദ്ധിക്കാനുണ്ട്.ڔ

ഒന്ന്, നാം ഒരു സന്ദേശം മറ്റുള്ളവരുമായി പങ്കിടാന്‍ മൂന്ന് കാരണങ്ങളാണുള്ളത്. ഒന്ന്, എനിക്കു കിട്ടിയ ഈ നല്ല കാര്യം നീയും കാണണം എന്ന ആഗ്രഹം-നന്മ പങ്കുവയ്ക്കല്‍. നമ്മള്‍ പങ്കുവയ്ക്കുന്ന സന്ദേശം നാം അംഗീകരിക്കുന്നുണ്ട് എന്ന ധാരണ പൊതുവേ ഉണ്ടാകും.ڔഅതുകൊണ്ടുതന്നെ, അവാസ്തവമോ അധാര്‍മികമോ ആയ ഒരു സന്ദേശം നാം പങ്കുവയ്ക്കുമ്പോള്‍ മനുഷ്യര്‍ നമ്മെക്കുറിച്ച് മോശമായും മതിപ്പില്ലാതെയും ചിന്തിക്കും. രണ്ട്, കിട്ടിയത് അവാസ്തവമായ വാര്‍ത്തയാണ്; തിന്മനിറഞ്ഞ സന്ദേശമാണ്; എന്നാലും നിനക്കിത് അയക്കുന്നു. ഇതാണ് ഇവിടെ നടക്കുന്നത് എന്നറിയിക്കാന്‍. ഇത്തരത്തിലുള്ള സന്ദേശം പങ്കുവയ്ക്കല്‍ പരസ്പരം അറിയുന്നവര്‍ തമ്മിലുള്ള നിയന്ത്രിത വിവരകൈമാറ്റമാണ്. മൂന്ന്, പണംവാങ്ങി എന്തു സന്ദേശവും ആയിരങ്ങളിലേക്ക് എത്തിക്കുന്ന വാര്‍ത്താരംഗത്തെ കൂലിപ്പണി. ഒരു സന്ദേശം പങ്കുവയ്ക്കുമ്പോള്‍ നാം എന്ത് ഉദ്ദേശിക്കുന്നു എന്നതും മറ്റുള്ളവര്‍ അത് എങ്ങനെ മനസിലാക്കുന്നു എന്നതും നാം ശ്രദ്ധിക്കേണ്ട സംഗതികളാണ്.

തിന്മനിറഞ്ഞ, വാസ്തവമല്ലാത്ത, വാസ്തവികതയെക്കുറിച്ച് നമുക്ക് ബോധ്യമില്ലാത്ത കാര്യങ്ങള്‍ നാം പങ്കുവയ്ക്കുമ്പോള്‍ യഥാര്‍ത്ഥത്തില്‍ നാമെന്താണ് ചെയ്യുന്നത്? നമ്മുടെ മുറ്റത്തേക്ക് ആരോ ഒരാള്‍ ഒരു പൊതി വലിച്ചെറിഞ്ഞു എന്നു കരുതുക. മുറ്റത്തു വീണ സാധനമായതുകൊണ്ട് നാമത് തുറന്നു നോക്കുന്നു. സംഗതി ഒന്നാന്തരം മാലിന്യമാണ്. നാമത് ഉടന്‍ ദൂരെക്കളയുന്നു. ഇതല്ലാതെ മുറ്റത്ത് വീണുകിട്ടിയതാണെന്നും പറഞ്ഞു നാമത് അയല്‍ക്കാര്‍ക്കോ ബന്ധുക്കള്‍ക്കോ കൈമാറുമോ? ഗള്‍ഫിലുള്ള മൂത്തമകന് അതിന്‍റെ ഫോട്ടോയെടുത്ത് അയക്കുമോ? നമ്മുടെ വാട്ട്സാപ്പിലും ഫേസ്ബുക്കിലും വന്നുവീഴുന്ന മാലിന്യങ്ങള്‍ കയറ്റി അയക്കുന്നവര്‍ മേല്‍പറഞ്ഞ പണിയാണ് കാര്യമറിയാതെ ചെയ്തുപോകുന്നത്.

രണ്ട്, സാമൂഹികമാധ്യമങ്ങളില്‍ ബോധപൂര്‍വം അവാസ്തവസന്ദേശങ്ങള്‍ ഇറക്കുമതി നടത്തുന്നവര്‍ക്ക് നിക്ഷിപ്ത താത്പര്യങ്ങളുണ്ട്. ഒരു വെടിക്ക് പല പക്ഷികള്‍. ഇതിന് അവഗണനയാണ് ഏറ്റവും നല്ല പ്രതികരണം. എന്നാല്‍ ഇതിനെതിരെ പ്രതിഷേധിക്കാന്‍ തുടങ്ങുന്നതോടെ പ്രതിഷേധക്കാരുടെ ചിലവില്‍ അസത്യ വാര്‍ത്തയ്ക്ക് പ്രചാരം ലഭിക്കാന്‍ തുടങ്ങുന്നു. നൂറുപേര്‍ മാത്രം കണ്ട കാര്യം പ്രതിഷേധക്കാരുടെ പ്രതികരണത്തിലൂടെ ആയിരംപേരിലെത്തും. മാത്രവുമല്ല, നാം എതിര്‍ക്കാന്‍ പോകുന്ന അവാസ്തവസന്ദേശത്തിന് എതിര്‍ക്കപ്പെടാനുള്ള യോഗ്യതയും വേണം.

മൂന്ന്, ക്രൈസ്തവരായ നാം തിന്മയുടെ വാഹകര്‍ ആകരുത്; സുവിശേഷത്തിന്‍റെ ദൂതന്മാര്‍ ആകേണ്ടവരാണ്. തിന്മയുടെ അനേകം ദൂഷിതവലയങ്ങള്‍ സാമൂഹികമാധ്യമങ്ങളിലൂടെ നമുക്കുചുറ്റും കടന്നുവരാം. പരദൂഷണത്തിന്‍റെയും വഞ്ചനയുടെയും പെരുംനുണകളുടെയും അസഭ്യത്തിന്‍റെയും പരമ്പരകള്‍ ഉണ്ടാകും. നമുക്ക് കിട്ടിയ സന്ദേശം നാം ആര്‍ക്കും അയച്ചുകൊടുക്കാതെ ഒഴി വാക്കുന്നതോടെ തിന്മയുടെ ഒരു ഞരമ്പ് നാം മുറിച്ചുകളഞ്ഞു. അതിലപ്പുറം ആ വിഷയത്തില്‍ നമുക്കൊന്നും ചെയ്യാന്‍ കഴിയില്ലായിരിക്കും. പക്ഷേ, അറിയാതെപോലും നാം തിന്മയുടെ പ്രചാരകരോ മാധ്യമതന്ത്രങ്ങളുടെ ഇരകളോ ആകരുത്.

ഈശോ പറഞ്ഞു, മനുഷ്യര്‍ പറയുന്ന ഓരോ വ്യര്‍ത്ഥവാക്കിനും വിധിദിവസത്തില്‍ കണക്കുകൊടുക്കേണ്ടി വരും (മത്താ 12:36). കാറ്റില്‍ പറക്കുന്ന വാക്കുകള്‍ക്കും വിധിദിനത്തില്‍ കണക്കുപറയേണ്ടിവരുമെങ്കില്‍, സാമൂഹികമാധ്യമങ്ങളിലൂടെ ലക്ഷ്യവേധിയായി തൊടുക്കുന്ന വിഷംകലര്‍ത്തിയ വാക്കുകള്‍ക്ക് നാം എന്തു മാത്രം ദൈവസന്നിധിയില്‍ കണക്കുപറയേണ്ടിവരും? നാമുപയോഗിക്കുന്ന സമൂഹികമാധ്യമങ്ങള്‍ക്ക് സ്വയം കല്പിത അരിപ്പ ആവശ്യമുണ്ട്; നന്മയായത് എടുക്കാനും തിന്മയായത് ദൂരെക്കളയാനും നമ്മെ സഹായിക്കുന്ന വിവേചനബുദ്ധിയുടെ അരിപ്പ.

Leave a Comment

*
*