Latest News
|^| Home -> Pangthi -> കാലവും കണ്ണാടിയും -> മര്‍ക്കടാ, നീയങ്ങ് മാറിക്കിടാശഠാ!

മര്‍ക്കടാ, നീയങ്ങ് മാറിക്കിടാശഠാ!

ഫാ. ജോഷി മയ്യാറ്റില്‍

“യേശുവിന് ജനറല്‍മാനേജരായി പ്രവര്‍ത്തിക്കാന്‍ കഴിയാത്ത ആശുപത്രികള്‍ നമുക്ക് അടച്ചുപൂട്ടാം” എന്ന് വേദശബ്ദകാരന്‍ ഈയിടെ ഒരു വാരികയില്‍ എഴുതി. ക്രൈസ്തവ ദൈവശാസ്ത്രം സുശക്തമായ അടിത്തറ പാകിവളര്‍ത്തിയ നഴ്സിങ്ങ് മേഖല കേരളത്തില്‍ പ്രതിസന്ധികള്‍ക്കിടയിലമര്‍ന്ന് പ്രക്ഷോഭത്തിലൂടെയലയുന്ന ഈ സമയത്ത് ഈ കുറിപ്പിന് വല്ലാത്ത മൂര്‍ച്ചയുണ്ട്.

ചാതുര്‍വര്‍ണ്യവും അജ്ഞതയും തലതിരിഞ്ഞ ധാര്‍മികബോധവും സ്ത്രീയുടെ പിന്നോക്കാവസ്ഥയുമെല്ലാം ചേര്‍ന്ന് ഭാരതത്തിലെ ആരോഗ്യപരിചരണമേഖലയില്‍ നൂറ്റാണ്ടുകളോളം തികഞ്ഞ ശൂന്യത സൃഷ്ടിച്ചിരുന്നു. സൂതികര്‍മിണികള്‍ മാത്രമായിരുന്നു പറയത്തക്ക നഴ്സുമാര്‍. ഈ പശ്ചാത്തലത്തില്‍, ഭാരതത്തിലെ നഴ്സിങ്ങ് മേഖലയ്ക്കു തുടക്കംകുറിച്ചത് ക്രൈസ്തവസംസ്കാരമായിരുന്നു. 1664-ല്‍ ഈസ്റ്റ് ഇന്ത്യാ കമ്പനി മദ്രാസില്‍ ആരംഭിച്ച മിലിറ്ററി ആശുപത്രിയില്‍ നഴ്സിങ്ങ് ശുശ്രൂഷയ്ക്കായി സ്ത്രീജനങ്ങള്‍ എത്തിയത് ലണ്ടനില്‍ നിന്നായിരുന്നു. നഴ്സിങ്ങിന്‍റെ ശാസ്ത്രീയ പരിശീലനത്തിനു തുടക്കംകുറിച്ച ഫ്ളോറന്‍സ് നൈറ്റിംഗേലിന്‍റെ സവിശേഷ ശ്രദ്ധയും പിന്തുണയും ഭാരതത്തിന്‍റെ നഴ്സിങ്ങ് പരിശീലനമേഖലയിലുണ്ടായിരുന്നെന്നത് പലര്‍ക്കും അറിഞ്ഞുകൂടാ. 1867-ല്‍ ഡല്‍ഹി സെന്‍റ് സ്റ്റീഫന്‍സ് ഹോസ്പിറ്റലില്‍ ഇന്ത്യന്‍ നഴ്സുമാരെ പരിശീലിപ്പിക്കാനുള്ള പ്രഥമകേന്ദ്രം ആരംഭിച്ചത് നൈറ്റിംഗേലിന്‍റെ ഒത്താശയോടുകൂടെയായിരുന്നു.

കേരളത്തിലും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. തിരുവനന്തപുരത്തും കൊല്ലത്തും സര്‍ക്കാര്‍ ആശുപത്രികളില്‍ ഇന്ന് ഹോളിക്രോസ് കോണ്‍വെന്‍റുകള്‍ ഉള്ളതിന്‍റെ ചരിത്രം ആരെങ്കിലും തിരഞ്ഞിട്ടുണ്ടോ? തിരുവതാംകൂര്‍ ഭരിച്ചിരുന്ന ശ്രീമൂലം തിരുനാള്‍ രാമവര്‍മ മഹാരാജാവ് കൊട്ടാരം വൈദ്യനായ ഡോ. പുന്നന്‍ ലൂക്കോസിന്‍റെ അഭിപ്രായം മാനിച്ച് സ്വിറ്റ്സര്‍ലണ്ടില്‍നിന്നുള്ള മിഷനറിയും കൊല്ലം മെത്രാനുമായിരുന്ന അലോഷ്യസ് മരിയ ബെന്‍സിഗര്‍ പിതാവിനെ ചെന്നുകണ്ട് അഭ്യര്‍ത്ഥിച്ചതിന്‍റെ ഫലമാണ് കേരളത്തില്‍ ഇന്നു കാണുന്ന നഴ്സിങ്ങ് സമ്പ്രദായം. 1906-ല്‍ സ്വിറ്റ്സര്‍ലണ്ടില്‍നിന്നു വന്ന ഹോളിക്രോസ് സിസ്റ്റേഴ്സിന്‍റെ ശുശ്രൂഷാ ചൈതന്യവും അര്‍പ്പണമനോഭാവവും മലയാളിയുടെ കാഴ്ചപ്പാടുകളെ മാറ്റിമറിച്ചു. തിരുവനന്തപുരം ജനറലാശുപത്രിയോടുചേര്‍ന്ന് സി. ഫ്രാന്‍സി, സി. കമില്ല, സി. പൗള എന്നിവരുടെ നേതൃത്വത്തില്‍ സ്ഥാപിച്ച നഴ്സിങ്ങ് പരിശീലനകേന്ദ്രം മഹാവിജയമായി.

ആതുരസേവനം ക്രിസ്തുവിശ്വാസത്തോട് ഏറെ ചേര്‍ന്നുപോകുന്നതുകൊണ്ടുതന്നെയായിരിക്കണം നഴ്സുമാരില്‍ ഏതാണ്ട് 80 ശതമാനത്തോളംപേരും ക്രൈസ്തവരായിരിക്കുന്നത്. യേശു നടത്തിയ നിരവധി രോഗശാന്തികളും നല്ല സമരിയാക്കാരനെക്കുറിച്ചുള്ള അവിടത്തെ ഉപമയും (ലൂക്കാ 10:25-37) അന്ത്യവിധിയെക്കുറിച്ചുള്ള പ്രബോധനവുമെല്ലാം (മത്താ 25:31-46) നഴ്സിങ്ങ് ശുശ്രൂഷയുടെ ക്രൈസ്തവാടിത്തറകള്‍ തന്നെ.

എന്നാല്‍, 2013-ല്‍ ശമ്പളവര്‍ധനയ്ക്കായി മുദ്രാവാക്യം മുഴക്കാന്‍ നിര്‍ബന്ധിതരായ നൈറ്റിംഗേലിന്‍റെ പിന്‍ഗാമികള്‍ക്ക് 2017-ല്‍ വീണ്ടും പ്രക്ഷോഭത്തിലേക്കിറങ്ങേണ്ടി വന്നിരിക്കുന്നു, തങ്ങളുടെ ജീവിതച്ചെലവിന്‍റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍. ഇവരുടെ കാര്യത്തില്‍ ഇന്നത്തെ ക്രൈസ്തവ മാനവികതക്കാര്‍ പുലര്‍ത്തുന്ന നിസ്സംഗതയുടെ യുക്തി തീരെ പിടികിട്ടുന്നില്ല. സമരക്കാരുടെ പൊള്ളുന്ന പ്രശ്നം സര്‍ക്കാര്‍ തിരിച്ചറിഞ്ഞതിനു പിന്നാലെ സഭയ്ക്കും കാര്യം പിടികിട്ടിയത്രേ! സര്‍ക്കാര്‍ പറയുന്നതു കൊടുത്തുകളയും ഇനി നമ്മള്‍!!!

നഴ്സുമാരുടെ സമരം പ്രതിസ്ഥാനത്തു നിറുത്തിയത് പ്രൈവറ്റു മാനേജുമെന്‍റുകളെയാണെങ്കിലും മുഖ്യപ്രതിസ്ഥാനത്തായിപ്പോയത് കത്തോലിക്കാസഭതന്നെയാണ്. സഭയുടെ ആരോഗ്യമേഖലയില്‍ ഔദ്യോഗികസ്ഥാനങ്ങള്‍ വഹിക്കുന്ന വ്യക്തികളുടെ വീക്ഷണവൈകല്യവും ആര്‍ക്കോവേണ്ടിയുള്ള ചിലരുടെ കടുംപിടുത്തങ്ങളുമാണ് ഇത്തരം ഒരവസ്ഥ സംജാതമാക്കിയത് എന്നു നിരീക്ഷിക്കാതെ വയ്യാ.

അധികം വൈകാതെ പുറത്തുചാടാന്‍ പോകുന്ന അടുത്ത ഭൂതം അണ്‍എയ്ഡഡ് വിദ്യാഭ്യാസമേഖലയിലെ പ്രശ്നങ്ങളാണ്. അപര്യാപ്തമായ ശമ്പളം നല്കിയും ഉയര്‍ന്ന അഡ്മിഷന്‍ഫീസ് വാങ്ങിയും മുന്‍കൂര്‍ സഹായം നിര്‍ബന്ധമായി സംഘടിപ്പിച്ചുമെല്ലാം നമ്മില്‍ ചിലരെല്ലാം ഈ മേഖലയെ പുകഞ്ഞുകൊണ്ടിരിക്കുന്ന അഗ്നിപര്‍വതസമാനമാക്കി മാറ്റിയിരിക്കുകയാണ്.

മിഷനറിമാര്‍ ഇവിടെ ആതുരസേവനവും വിദ്യാഭ്യാസവുമെല്ലാം തുടങ്ങിവച്ചത് ക്രിസ്തുവിനെ പകര്‍ന്നു നല്കാനുള്ള മാര്‍ഗങ്ങളായിട്ടായിരുന്നു. ഇന്നാകട്ടെ, സുവിശേഷപ്രഘോഷണമെന്ന ലക്ഷ്യത്തിനു വിഘാതം സൃഷ്ടിക്കുംവിധം പല ക്രൈസ്തവസ്ഥാപനങ്ങളും അധഃപതിച്ചിരിക്കുന്നു. മിഷന്‍ മറന്ന ഈ സ്ഥാപനങ്ങള്‍ ഇനിയും നമുക്കു വേണോ? കേരള സമൂഹത്തില്‍ സൂപ്പര്‍ സ്പെഷ്യാലിറ്റി ഹോസ്പിറ്റലുകളും സ്മാര്‍ട്ട് വിദ്യാഭ്യാസ സ്ഥാപനങ്ങളും നടത്തിക്കൊണ്ടുപോകാന്‍ ഇപ്പോള്‍ സഭയുടെ ആവശ്യമുണ്ടോ?

ക്രിസ്തുവിനെ ഫലപ്രദമായി പ്രഘോഷിക്കാന്‍ സഹായകമല്ലാത്തതോ പ്രതിസാക്ഷ്യകാരണമായിത്തീരുന്നതോ ആയ മേഖലകള്‍ ഒഴിവാക്കി കാലത്തിന്‍റെ ചുവരെഴുത്തുകള്‍ വായിച്ചും ആത്മാവിന്‍റെ സ്വതന്ത്രവഴികള്‍ തിരിച്ചറിഞ്ഞും സര്‍ഗാത്മകത തുരുമ്പെടുക്കാനനുവദിക്കാതെ മിഷന്‍റെ ബദല്‍ മാര്‍ഗങ്ങള്‍ തേടാനുള്ള വിവേകമാണ് ഇന്നു നമുക്കു വേണ്ടത്. ദൈവരാജ്യപ്രഘോഷണവഴിക്കു വിഘാതം സൃഷ്ടിക്കുന്നവരോട് പറയാനുള്ളത് ഉറപ്പിച്ചും തറപ്പിച്ചും പറയാന്‍ ഇനിയും നാം എന്തിനു മടിക്കുന്നു?

Comments

3 thoughts on “മര്‍ക്കടാ, നീയങ്ങ് മാറിക്കിടാശഠാ!”

 1. jUGNU says:

  മര്‍ക്കടാ, നിയ്യങ്ങ്‌ മാറിക്കിടാ ശഠാ- കൊള്ളാം അച്ചോ. വ്യത്യസ്ഥമായൊരു ശബ്ദം കേട്ടതിന്‌. അച്ചന്‍ പറഞ്ഞത്‌ ചരിത്രം. അമേരിക്കന്‍ മാവും, പാല്‍പ്പൊടിയും,സൊയാബീന്‍ എണ്ണയും പള്ളികളും പള്ളി സ്‌ക്കൂളുകളും കേന്ദ്രീകരിച്ച്‌ ഇവിടെ വന്നിരുന്നതും വിദേശി അച്ചന്മാരും കന്യാസ്‌ത്രികളും ഇവിടെ ചോരനീരാക്കി പാകി തന്ന അടിത്തറയിലുമാണ്‌ യഥാര്‍ത്ഥ്യത്തില്‍ ഇപ്പോഴും ഇവിടത്തെ പ്രാദേശിക സഭകള്‍ പോലും നിലയുറപ്പിച്ചതും ഇപ്പോഴും പ്രവര്‍ത്തിക്കുന്നതും. ഇതു പരസ്യമായി പറയാന്‍ നാണിക്കുന്ന ഒരു പാട്‌ സഭാ മേധാവികല്‍ നമുക്കുണ്ട്‌. ഇവിടത്തെ പ്രാദേശിക സഭകളെ യൂറോപ്പിലും അമേരിക്കയിലുമൊക്കെ കൊണ്ടു പോയി വ്യാപിപ്പിക്കുകയും പാശ്ചാത്യരെ വിശ്വാസത്തിലേക്കു തിരിച്ചു കൊണ്ടു വരുകയുമാണ്‌ ഇപ്പോഴത്തെ ദൈവഹിതമെന്നാണ്‌ പറയുന്നത്‌. ചുരുക്കം പറഞ്ഞാല്‍ മാര്‍പ്പാപ്പയെ കുരിശുവര പഠിപ്പിക്കുകയാണ്‌ കേരള സഭകളുടെ ഉത്തരവാദിത്വമെന്നാണ്‌ ഘോഷിക്കപ്പെടുന്നത്‌. ഇതിലെ അധികാര വികേന്ദീകരണങ്ങളും അധികാരമോഹങ്ങളും നാമിപ്പോള്‍ മറക്കുകയാണ്‌ നല്ലത്‌. കാലം ഇതിനെല്ലാം മറുപടി നല്‍കും, പ്രത്യേകിച്ച്‌ ദൈവനാമം ദുരുപയോഗിക്കുന്നവര്‍ക്ക്‌.
  യൂറോപ്പിലും അമേരിക്കയിലുമൊക്കെ സഭയെ വളര്‍ത്താന്‍ ഇറങ്ങിപ്പുറപ്പെടുന്നവര്‍ ഒരു കാര്യം ശ്രദ്ധിച്ചാല്‍ കൊള്ളാം. നാട്ടില്‍ നിന്നും ലോണെടുത്തും കിടപ്പാടവും താലിമാലയും വിറ്റും ബാംഗ്ലൂരിലേയും തമിഴ്‌ നാട്ടിലേയും നേഴ്‌സിംഗ്‌ സ്‌ക്കൂളുകളിലും കോളേജുകളിലും കഷ്ടപ്പെട്ടു പഠിച്ച നേഴ്‌സുമാര്‍ അമേരിക്കയിലും ഇംഗ്ലണ്ടിലും ആസ്‌ത്രേലിയായിലുമെല്ലാം ഇല്ലായിരുന്നെങ്കില്‍ നിങ്ങള്‍ക്കാര്‍ക്കും സഭ വളര്‍ത്തി പിതാക്കന്മാരോ പുത്രന്മാരോ ആകാന്‍ കഴിയുമായിരുന്നില്ല.
  പട്ടിണി കിടന്നും ക്രിസ്‌തു ദര്‍ശനങ്ങള്‍ മനസ്സില്‍ പേറി നാട്ടിലെ ക്രൈസ്‌തവ സ്ഥാപനങ്ങളില്‍ രാപകള്‍ വിശ്രമം പോലുമില്ലാതെ വീട്ടില്‍ പട്ടിണിയാണെങ്കിലും തുഛമായ ചില്ലിക്കാശിനു വേണ്ടി ശുശ്രൂഷകള്‍ ചെയ്‌തില്ലായിരുന്നെങ്കില്‍ ആതുര സേവന രംഗത്ത്‌ ക്രൈസ്‌തവരുടെ മഹാത്മ്യം ഘോഷിക്കാന്‍ കഴിയുമായിരുന്നോ. ഇവിടെ എത്ര അച്ചന്മാരു കന്യാസ്‌ത്രികളുമുണ്ട്‌ നേഴ്‌സിംഗ്‌ രംഗത്ത്‌??
  അഭിനന്ദനങ്ങള്‍ ഫ.ജോഷിക്ക്‌,ഇതെങ്കിലും എഴുതാനുള്ള മനസ്സുണ്ടായല്ലോ. നന്ദി അച്ചോ നന്ദി.

 2. അച്ഛന്റെ ഈ കുറിപ്പിന് വളരെയധികം ആനുകാലിക പ്രസക്തിയുണ്ട്.ഒരേസമയം സത്യദീപത്തെയും അച്ഛനെയും പ്രശംസിക്കാൻ ഈ അവസരം ഉപയോഗിക്കട്ടെ.അടുത്ത് കണ്ട മറ്റൊരു കുറിപ്പ് കൂടി ഇവിടെ ചേർക്കുന്നു.”കഴുകി ശുദ്ധമാക്കപ്പെട്ട ഹൃദയത്തോടും വെടിപ്പാക്കപ്പെട്ട മനഃസാക്ഷിയോടും കൂടെ….
  ഈ കുറിപ്പ് ഇവിടെ പോസ്റ്റുന്നത് ഇതിൽ നേഴ്സുമാരെയും പരാമർശിക്കുന്നു എന്നുള്ളതിനാലാണ്.
  അഭിവന്ദ്യ പിതാക്കന്മാരെ ,പ്രീയപെട്ട സഹോദരങ്ങളെ…
  കേരളത്തിൽ നിന്നും ലോകത്താകമാനം പടർന്നു പന്തലിച്ച സീറോ മലബാർ സഭയക്ക് കാലാനുസൃതമായി അവശ്യമായ ചില പുനർ വിചിന്തനങ്ങളിൽ ലോകമെമ്പാടുമുള്ള കത്തോലിക്കരുടെ പങ്കാളിത്തം അനിവാര്യമാണ്. ഇതിനായി അൽമായ-വൈദീക നേതൃത്വം ഐക്യഖണ്ഡേന പ്രവർത്തിക്കണം /ശബ്ദമുയർത്തുകയും വേണം എന്നഭ്യര്തിക്കുന്നു.
  1 )സീറോ മലബാർ സഭ ഇനി കെട്ടി ഉയർത്തലുകൾ പാടെ അവസാനിപ്പിക്കണം.
  പള്ളികൾ,ഹോസ്പിറ്റലുകൾ,സ്‌കൂൾ,കോളേജ്,ഓഡിറ്റേറിയം തുടങ്ങി സെമിത്തേരി വരെ ഒരു നീണ്ട ലിസ്റ്റ് കത്തിയൊലിക്ക സഭയിൽ അനുദിനം തുടരുന്നു.ഇവ അടിയന്തിരമായി നിർത്തിവച്ച് സഭയിലും പുറത്തുമുള്ള അടിസഥാന വർഗ്ഗത്തിന്റെ ഉന്നമനത്തിനായി പരിശ്രമിക്കണം.അതാണ് യഥാർത്ഥ-പ്രേഷിത പ്രവർത്തനം.
  2) നമ്മുടെ സമൂഹത്തിലെ വിദ്യാർത്ഥി സമൂഹം
  പേടിയോടെ കേൾക്കുന്ന ഒരു വാക്കാണ് DONATION
  ഈ വാക്കിന്റെ അർഥം സംഭാവന എന്നാണെങ്കിലും ഇതിനോളം പേടിപ്പെടുത്തുന്ന ഒരുവാക്കും കത്തോലിക്കാ സഭയിൽ നിലവിലില്ല.ഈ വാക്കിന്റെ ദുരുപയോഗം തടയാൻ സഭയുടെ കീഴിൽ പ്രവർത്തിക്കുന്ന നേഴ്‌സറി സ്‌കൂൾ മുതൽ മെഡിക്കൽ കോളേജ് വരെയുള്ള സകല സ്ഥാപനങ്ങളിലും DONATION ഒഴിവാക്കണം.
  അതിനായി ഈ ഒരു ബോർഡ് ഓരോ വിദ്യാഭ്യാസ സ്ഥാപനത്തിലെ ഓഫിസ് റൂമിലും പ്രദർശിപ്പിക്കണം.
  ഒരു സാമ്പിൾ താഴെ കൊടുക്കുന്നു.
  “മരിയൻ കോളേജ് കുട്ടിക്കാനം എന്ന മാതാവിന്റെ പേരിലുള്ള ഈ വിദ്യാഭ്യാസ സ്ഥാപനത്തിൽ സർക്കാർ നിബന്ധനകൾക്കപ്പുറമായി യാതൊരു വിധ ഡോനെഷൻ,തലവരി,കൈവരി,കൈമടക്ക്,മാനേജ്‌മന്റ് കോട്ട,ഫണ്ട് തുടങ്ങിയ പേരുകളിൽ യാതൊരു വിധ പണസമാഹരണവും നടത്തുന്നതല്ല.മേല്പറഞ്ഞ വസ്തുതയുടെ ലംഘനം ഇന്ത്യൻ പീനൽ കോഡ് 171E പ്രകാരം കുറ്റകരമാണ്.
  എല്ലാറ്റിനും പുറമെ സഭയുടെ കീഴിൽ പ്രവർത്തിക്കുന്ന ഇത്തരത്തിലുള്ള എല്ലാ പഞ്ചനക്ഷത്ര വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മെറിറ്റ് അടിസ്ഥാനത്തിൽ തുല്യ പ്രധാന്യത്തോടെ എല്ലാവര്ക്കും അഡ്മിഷൻ ലഭിക്കുന്നു എന്ന് ഉറപ്പുവരുത്തണം.സാമ്പത്തീക സംവരണം അനുവദിക്കരുത്.
  3)സഭയുടെ കീഴിൽ പ്രവർത്തിക്കുന്ന GOVT -AIDED ,UNAIDED സ്ഥാപനങ്ങളിലെ ജീവനക്കാരുടെ ശമ്പളം സർക്കാർ നിബന്ധനകൾക്കനുസൃതമായി പരിഷ്കരിക്കുകയും ഏകീകരിക്കുകയും ജീവനക്കാരുടെ ക്ഷേമം ഉറപ്പു വരുത്തുകയും വേണം.താൽകാലിക ,കരാർ അടിസ്ഥാനത്തിൽ സഭയുടെ കീഴിൽ ജോലി ചെയ്യുന്ന യുവതിയുവാക്കൾക്ക് അവർക്ക് അർഹമായ ശമ്പളം ലഭിക്കുന്നുണ്ട് എന്ന് മേലധികാരികൾ ഉറപ്പുവരുത്തണം.ഇതിൽ സ്‌കൂൾ,ഹയർ സെക്കണ്ടറി,നഴ്സിംഗ് ട്യൂട്ടർസ് എന്നവരുടെ വേതന പരിഷ്‌ക്കരണം അടിയന്തിരമായി നടപ്പിലാക്കണം.
  കൂടാതെ അവർ അർഹിക്കുന്ന LEAVE ,ALLOWANCES തുടങ്ങിയവ അനുവദിക്കുകയും ജോലി സംബന്ധമായ കരാറുകൾ ലഘൂകരിക്കുകയും വേണം.കൂടാതെ അവർക്ക് അർഹതപ്പെട്ട EXPERIENCE LETTER ,NOC ,CONDUCT CERTIFICATE തുടങ്ങിയവ കാലതാമസം കൂടാതെ ലഭ്യമാക്കണം.
  4 )സഭയുടെ കീഴിൽ പ്രവർത്തിക്കുന്ന എല്ലാ ആശുപത്രികളിലൂടെയും മേൽനോട്ടം 30 അനുപാതത്തിൽ
  വൈദീക-സന്യസ്ത -അൽമായ കൂട്ടായ്മയായി ക്രമീകരിക്കുകയും തീരുമാനങ്ങൾ കോ-ഓപ്പറേറ്റീവ് മോഡലിൽ നടപ്പിലാക്കുകയും വൈദീകരുടെ സ്വേച്ഛാധിപത്യം അവസാനിപ്പിക്കുകയും വേണം.
  5 )കത്തോലിക്കാ സഭയുടെ കീഴിൽ പ്രവർത്തിക്കുന്ന ആശുപത്രികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും അധികാര-ഭരണ മേഖലകളിൽ ചില വൈദീകർക്കും കന്യസ്ത്രീകൾക്കും ഉള്ള പരമാധികാരം അടിയന്തിരമായി എടുത്തുകളയുകയും ക്രൈസ്തവ വിശ്വാസ,സേവന രംഗങ്ങളിൽ പണക്കൊതിയോടും ലാഭേച്ഛയോടും കൂടി പ്രവർത്തിക്കുന്നവരെ പരസ്യമായി താക്കീതു ചെയ്യുകയും ഇവരുടെ അധികാര ദുർവിനിയോഗത്തെ ചോദ്യം ചെയ്യാൻ സാധാരണക്കാരന് ആകും വിധം പരാതി സെൽ രൂപീകരിക്കുകയും വേണം. നിർദിഷ്ട സെല്ലിന്റെ മേൽവിലാസം,ഫോൺ നമ്പർ തുടങ്ങിയവ അടങ്ങുന്ന ഒരു ബോർഡ് ഓരോ സ്ഥാപനത്തിലും പ്രദർശിപ്പിക്കുകയും പരാതികൾ കാലതാമസം കൂടാതെ പരിഹരിക്കുകയും വേണം.

  6 )ആതുര സേവന രംഗത്താണ് മറ്റ് സേവന രംഗങ്ങളെക്കാൾ കൂടുതൽ ചൂഷണം നടന്നു കൊണ്ടിരിക്കുന്നത്.സഭയുടെ കീഴിലുള്ള ആശുപത്രികൾ ക്രൈസ്തവമൂല്യങ്ങൾ പാടെ അവഗണിച്ചാണ് മുന്നോട്ടു പോകുന്നത്.രോഗികളിൽ നിന്ന് അമിത തുക ഈടാക്കാൻ അനാവശ്യ ടെസ്റ്റുകൾ നടത്തിയും ബിൽ തുക വർധിപ്പിക്കാൻ കിട്ടുന്ന അവസരങ്ങളെല്ലാം മുതലാക്കാനും ശ്രമിക്കുകയും അതിനായി നേഴ്സുമാരുൾപ്പടെയുള്ളവരെ നിർബന്ധിക്കുകയും ചെയ്യുന്നത് പരസ്യമായ രഹസ്യമാണ്.ഇത് ലജ്ജാവഹമാണ് എന്ന് പറയാതെ വയ്യ.അതിനാൽ തന്നെ ഇത്തരം പ്രവണതകൾ അവസാനിപ്പിക്കാൻ സഭ അധികാരികൾ ശ്രദ്ധിക്കണം.വേണ്ട നടപടികൾ കൈക്കൊള്ളണം.
  7 ) ഇടവകകളിൽ സർവവിധ നിര്ബന്ധ പിരിവും അവസാനിപ്പിക്കണം.ദേവാലയം,ഓഡിറ്റോറിയം,തുടങ്ങിയവയുടെ ഉപയോഗത്തിന് മാമോദീസ ,വിവാഹം ,മരണം,ഓര്മ തുടങ്ങിയ അവസരങ്ങളിൽ പിരിക്കുന്ന കനത്ത വാടക ഒഴിവാക്കി MAINTENANCE COST മാത്രമായി ചുരുക്കണം.
  ഉദാഹരണത്തിന് വിവാഹത്തിന് ഓഡിറ്റോറിയം ഉപയാഗത്തിനായി നിലവിലുള്ള ചില ഇടവകളിൽ പത്തു മുതൽ ഇരുപത് ആയിരവും അതിനപ്പുറവുമാണ്.ഇതേ ഓഡിറ്റോറിയത്തിന്റെ ഒരു ദിവസത്തെ മുഴുവൻ ചിലവ് (കറണ്ട്,ജലം,ക്ളീനിങ് ഉൾപ്പടെ )അയ്യായിരം രൂപയിൽ ചുരുങ്ങും.ഇത് പരിഗണിച്ച് തുച്ഛമായ ചിലവിൽ മേൽപറഞ്ഞ പൊതുസ്ഥലങ്ങൾ ഉപയോഗപ്പെടുത്തുവാൻ എല്ലാവര്ക്കും കഴിയണം.അതിനായി വേണ്ട മാറ്റങ്ങൾ വരുത്തണം.
  എല്ലാറ്റിനും പുറമെ പിരിവ് മുടങ്ങിയതിനെ പേരിൽ കൂദാശകൾ വിലക്കുക ,പള്ളിയിൽ വിളിച്ചു പറയുക,നോട്ടീസ് ബോർഡിൽ പ്രദർശിപ്പിക്കുക തുടങ്ങിയ നടപടികൾ അടിയന്തിരമായി നിർത്തലാക്കേണ്ടതാണ്.

  8 )നേഴ്‌സിങ് മേഖലയിലെ ചൂഷണം:നേഴ്‌സിങ് മേഖലയിലെ ചൂഷണത്തെ പറ്റി ഞാൻ ഒരു പുസ്തകം എഴുതിയാൽ ആ നമ്മുടെ രാഷ്ട്രപിതാവിന്റെ എന്റെ സത്യാന്വേഷണ പരീക്ഷണങ്ങളെക്കാൾ അതിനു വലിപ്പം വരും എന്നതുകൊണ്ട് ചില കാര്യങ്ങൾ ചുരുക്കി പരാമർശിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.1990 മുതലുള്ള ചരിത്രം പരിശോധിച്ചാൽ തുടക്കത്തിൽ മൂന്നു വർഷത്തെ ക്ലേശം നിറഞ്ഞ പഠനത്തിനപ്പുറം രണ്ടര വർഷത്തെ ബോണ്ടും അതിനപ്പുറം ഒരു വര്ഷം ട്രെയിനിങ്ങും അടങ്ങുന്ന പീഡനങ്ങളുടെ ഒരു യുഗം കഴിഞ്ഞാണ് ഓരോ നേഴ്‌സും മാന്യമായി ഒരു ജോലിയിൽ എത്തിപ്പെട്ടത്.ഇതിനിടയിൽ വീണുപോയവർ ഏറെ.കൊടിയ ശാരീരിക -മാനസീക പീഡനങ്ങൾ തെല്ലൊന്നു കുറഞ്ഞെങ്കിലും അടിമ സമ്പ്രദായം കത്തോലിക്കാ സഭ നേതൃത്വം നൽകുന്ന ഒട്ടുമിക്ക ആശുപത്രികളിലും തുടരുന്നു.മനുഷ്യത്വ രഹിതമായ രീതിയിൽ നേഴ്‌സുമാരെ ചൂഷണം ചെയ്യുന്ന ഈ സാമൂഹികസ്ഥിതി അവസാനിപ്പിക്കുവാൻ കേരളത്തിലെ കത്തോലിക്കാ സഭമുഴുവൻ ഐക്യഖണ്ഡേന ഒന്നിക്കേണ്ട സമയം അതിക്രമിച്ചു എന്ന് പറയാതെ വയ്യ.
  സീറോ മലബാർ സഭ തലവൻ ആലഞ്ചേരി പിതാവ് ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും യാതൊരു നടപടിയും സ്വീകരിക്കാത്ത ഈ അധികാര വർഗത്തെ ലോകം മുഴുവനുമുള്ള മലയാളീ സമൂഹം തികഞ്ഞ വെറുപ്പോടെയാണ് നോക്കികാണുന്നത് എന്ന് ഓർത്താൽ നന്ന്. കേരളം മുഖ്യമന്ത്രിയുടെ തേതൃത്വത്തിൽ നടത്തിയ ചർച്ചയുടെ സ്വീകരിച്ച നിലപാടും പാടെ സർക്കാർ നിശ്ചയിച്ച ശമ്പളം പോലും നല്കാൻ തയ്യാറാകാതെ ഇവർ ഇപ്പോൾ നേഴ്സുമാർക്കെതിരെ തുറന്ന യുദ്ധത്തിന് തയ്യാറാണ് പോലും.

  “കഴുകി ശുദ്ധമാക്കപ്പെട്ട ഹൃദയത്തോടും വെടിപ്പാക്കപ്പെട്ട മനഃസാക്ഷിയോടും കൂടെ ഈ ബലി അർപ്പിക്കുവാൻ …”എന്നനുദിനം വി.കൃബാന മദ്ധ്യേ ഉരുവിടുന്ന നമ്മുടെ അഭിഷിക്തരുടെ മേൽ പരിശുദ്ധാത്മാവ് വകതിരിവിന്റെ കിരണങ്ങൾ അനർഗളമായി വർഷിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.ഒപ്പം ഒന്ന് ഓർക്കുക ലോകം നിങ്ങളെ നോക്കി കാണുന്നു.
  വാൽക്കഷ്ണം : പലതരത്തിലുള്ള സമരമുറകൾ പിന്തുടർന്നിട്ടും നഴ്‌സുമാർക്കും അധ്യാപകർക്കും ഇപ്പോഴും ദുരവസ്ഥ തുടരുകയാണ്.ആയതിനാൽ അവർ തങ്ങളുടെ കൊടിയ ദുരവസ്ഥ വർണ്ണിച്ചുകൊണ്ട് മാർപ്പാപ്പയ്ക്ക് കത്തെഴുതുവാൻ തീരുമാനിച്ചിരിക്കുകയാണ് എന്ന വിവരം എല്ലാ കത്തോലിക്കാ വൈദീക മേലധ്യക്ഷന്മാരെയും അറിയിക്കട്ടെ.ഇവർ എഴുതുന്ന കത്തുകൾ നേരിട്ട് മാർപ്പാപ്പയുടെ കയ്യിൽ എത്തിക്കുന്നതിനുവേണ്ടിയുള്ള ക്രമീകരണങ്ങൾ പൂർത്തിയായി വരുന്നു.

  1. Jugnu Male says:

   ങാ ഹാ ഹാ ഹാാാ. എന്തുവാ റോബ്‌സണ്‍ പുവേലില്‍ പറയുന്നതു മനസ്സിലാകുന്നില്ല. പുരോഹിതരില്‍ 45 ശതമാനവും അഹങ്കാരികളാണ്‌. അല്‍മായന്റെ പിച്ചക്കാശിലും പിന്‍തുമയിലും നെഞ്ചു വിരിച്ചു നടക്കുന്നവര്‍. അവരുടെ വിചാരം തന്നെ അവര്‍ക്കെന്തോ സൂപ്പര്‍ പവറുണ്ടെന്നാണ്‌(ക്ഷമിക്കണം, എനിക്ക്‌ ഏറ്റവും പ്രിയപ്പെട്ടവര്‍-സമൂഹത്തിനു മാതൃകയായി ജീവിക്കുന്ന നിരവധി പുരോഹിതരോടും കന്യാസ്‌ത്രികളോടും മാപ്പ്‌ ചോദിക്കുന്നു) വിചാരം. തല്ലുകിട്ടാത്തതിന്റെ കുറവുള്ളവര്‍ ഒരുപാടുണ്ടെന്നര്‍ത്ഥം. അവര്‍ പറയുന്നത്‌ പോപ്പിനല്ല ഏതു കോപ്പിന്‌ നിങ്ങള്‍ കത്തെഴുതിയാലും ഇ-മെയില്‍ അയച്ചാലും ഒന്നും സംഭവിക്കാന്‍ പോകുന്നില്ല. കാരണം, സീറോ മലബാര്‍ സഭ ഒരു സ്വതന്തസഭയായിട്ട്‌ ജൂബിലി വരെ പിന്നിട്ടു. പിന്നെ, റോമയായി ബന്ധമുണ്ടന്നു വരുത്തി തീര്‍ക്കുന്നത്‌ ഒരു അന്താരാഷട്ര ബന്ധമുണ്ടെന്നു വരുത്താനും ഇന്ത്യയില്‍ 85% ഹിന്ദുക്കളുടെ ഇടയില്‍ പിടിച്ചു നില്‍ക്കാനുമാണത്രെ. ഇവിടെ നിന്നും നമ്മുടെ ഈ അഭിവന്യ പിതാക്കന്മാരും അയച്ചു കൊടുക്കുന്ന രേഖകള്‍ കണ്ണടച്ച്‌ കയ്യൊപ്പും സീലും വെക്കലുമാത്രമേ അവരുടെ ഉത്തരവാദിത്വമായിട്ടുള്ളു. അതുകൊണ്ടല്ലേ ഇയ്യിടെയായി എല്ലാ ഇടവകകളില്‍ നിന്നും പുണ്യവതികളും പുണ്യാളന്മാരും ഉണ്ടാകാന്‍ വേണ്ടി ചില കാകളുടെ സഹായത്തോടെ,ഒത്താശയോടെ വിശുദ്ധരാക്കാന്‍വേണ്ടി ഒരു നീണ്ട പട്ടിക തന്നെ അയച്ചു കൊടുത്തിരിക്കുന്നത്‌.റോമിലുള്ളവര്‍ ആകെ വശക്കേടായിരിക്കയാണത്രെ! കാരമം ഈ ലിസ്‌റ്റിലുള്ളവരെ മുഴുവന്‍ പുണ്യാളന്മാരും പുണ്യാളത്തികലുമായി പ്രഖ്യാപിച്ചു തീരുന്നതിനു മുന്നെ തന്നെ ലോകം അവസാനിക്കുമെന്ന കണക്കു കൂട്ടലാണവര്‍ക്ക്‌. ഇവിടെ കുറ്റകൃത്യങ്ങല്‍ ചെയ്‌ത്‌ കുപ്രസിദ്ധരായി ജീവിച്ചവരും മരിച്ചവരും അടക്കമുള്ളവര്‍ പട്ടികയിലുണ്ടത്രെ!
   പിന്നെ ഒരു നല്ല കാര്യം ആ പട്ടികയില്‍ നിന്നും അവര്‍ക്കു മനസ്സിലായത്രെ. പട്ടിണി കിടന്നു മരിച്ചവരോ വിശ്വാസ സംരക്ഷണത്തിനായി ജീവന്‍ നല്‍കേണ്ടി വന്ന ദരിദ്ര വീടുകളില്‍ നിന്നുള്ള ഒരുത്തനോ ഒരുത്തിയോ അതിലില്ല. അത്രയും നല്ലത്‌.
   നിങ്ങളാരെങ്കിലും റോമിലേക്കോ സ്വര്‍ഗ്ഗത്തിലേക്കോ കത്തൊ,കുത്തോ എഴുതുന്നുണ്ടെങ്കില്‍ ഉദ്യമത്തില്‍ നിന്നും പിന്‍ മാറുക.ഒരു കാര്യവുമില്ലെന്ന്‌ പറയാന്‍ പറഞ്ഞു. പകരം അവരുടെ പേരുവിവരം തരുകയാണെങ്കില്‍ ഒരു മഹറോനുള്ള വകുപ്പുണ്ടാക്കാം. ജയ്‌ ജീസസ്‌.

Leave a Comment

*
*