മര്‍ക്കടാ, നീയങ്ങ് മാറിക്കിടാശഠാ!

മര്‍ക്കടാ, നീയങ്ങ് മാറിക്കിടാശഠാ!

"യേശുവിന് ജനറല്‍മാനേജരായി പ്രവര്‍ത്തിക്കാന്‍ കഴിയാത്ത ആശുപത്രികള്‍ നമുക്ക് അടച്ചുപൂട്ടാം" എന്ന് വേദശബ്ദകാരന്‍ ഈയിടെ ഒരു വാരികയില്‍ എഴുതി. ക്രൈസ്തവ ദൈവശാസ്ത്രം സുശക്തമായ അടിത്തറ പാകിവളര്‍ത്തിയ നഴ്സിങ്ങ് മേഖല കേരളത്തില്‍ പ്രതിസന്ധികള്‍ക്കിടയിലമര്‍ന്ന് പ്രക്ഷോഭത്തിലൂടെയലയുന്ന ഈ സമയത്ത് ഈ കുറിപ്പിന് വല്ലാത്ത മൂര്‍ച്ചയുണ്ട്.

ചാതുര്‍വര്‍ണ്യവും അജ്ഞതയും തലതിരിഞ്ഞ ധാര്‍മികബോധവും സ്ത്രീയുടെ പിന്നോക്കാവസ്ഥയുമെല്ലാം ചേര്‍ന്ന് ഭാരതത്തിലെ ആരോഗ്യപരിചരണമേഖലയില്‍ നൂറ്റാണ്ടുകളോളം തികഞ്ഞ ശൂന്യത സൃഷ്ടിച്ചിരുന്നു. സൂതികര്‍മിണികള്‍ മാത്രമായിരുന്നു പറയത്തക്ക നഴ്സുമാര്‍. ഈ പശ്ചാത്തലത്തില്‍, ഭാരതത്തിലെ നഴ്സിങ്ങ് മേഖലയ്ക്കു തുടക്കംകുറിച്ചത് ക്രൈസ്തവസംസ്കാരമായിരുന്നു. 1664-ല്‍ ഈസ്റ്റ് ഇന്ത്യാ കമ്പനി മദ്രാസില്‍ ആരംഭിച്ച മിലിറ്ററി ആശുപത്രിയില്‍ നഴ്സിങ്ങ് ശുശ്രൂഷയ്ക്കായി സ്ത്രീജനങ്ങള്‍ എത്തിയത് ലണ്ടനില്‍ നിന്നായിരുന്നു. നഴ്സിങ്ങിന്‍റെ ശാസ്ത്രീയ പരിശീലനത്തിനു തുടക്കംകുറിച്ച ഫ്ളോറന്‍സ് നൈറ്റിംഗേലിന്‍റെ സവിശേഷ ശ്രദ്ധയും പിന്തുണയും ഭാരതത്തിന്‍റെ നഴ്സിങ്ങ് പരിശീലനമേഖലയിലുണ്ടായിരുന്നെന്നത് പലര്‍ക്കും അറിഞ്ഞുകൂടാ. 1867-ല്‍ ഡല്‍ഹി സെന്‍റ് സ്റ്റീഫന്‍സ് ഹോസ്പിറ്റലില്‍ ഇന്ത്യന്‍ നഴ്സുമാരെ പരിശീലിപ്പിക്കാനുള്ള പ്രഥമകേന്ദ്രം ആരംഭിച്ചത് നൈറ്റിംഗേലിന്‍റെ ഒത്താശയോടുകൂടെയായിരുന്നു.

കേരളത്തിലും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. തിരുവനന്തപുരത്തും കൊല്ലത്തും സര്‍ക്കാര്‍ ആശുപത്രികളില്‍ ഇന്ന് ഹോളിക്രോസ് കോണ്‍വെന്‍റുകള്‍ ഉള്ളതിന്‍റെ ചരിത്രം ആരെങ്കിലും തിരഞ്ഞിട്ടുണ്ടോ? തിരുവതാംകൂര്‍ ഭരിച്ചിരുന്ന ശ്രീമൂലം തിരുനാള്‍ രാമവര്‍മ മഹാരാജാവ് കൊട്ടാരം വൈദ്യനായ ഡോ. പുന്നന്‍ ലൂക്കോസിന്‍റെ അഭിപ്രായം മാനിച്ച് സ്വിറ്റ്സര്‍ലണ്ടില്‍നിന്നുള്ള മിഷനറിയും കൊല്ലം മെത്രാനുമായിരുന്ന അലോഷ്യസ് മരിയ ബെന്‍സിഗര്‍ പിതാവിനെ ചെന്നുകണ്ട് അഭ്യര്‍ത്ഥിച്ചതിന്‍റെ ഫലമാണ് കേരളത്തില്‍ ഇന്നു കാണുന്ന നഴ്സിങ്ങ് സമ്പ്രദായം. 1906-ല്‍ സ്വിറ്റ്സര്‍ലണ്ടില്‍നിന്നു വന്ന ഹോളിക്രോസ് സിസ്റ്റേഴ്സിന്‍റെ ശുശ്രൂഷാ ചൈതന്യവും അര്‍പ്പണമനോഭാവവും മലയാളിയുടെ കാഴ്ചപ്പാടുകളെ മാറ്റിമറിച്ചു. തിരുവനന്തപുരം ജനറലാശുപത്രിയോടുചേര്‍ന്ന് സി. ഫ്രാന്‍സി, സി. കമില്ല, സി. പൗള എന്നിവരുടെ നേതൃത്വത്തില്‍ സ്ഥാപിച്ച നഴ്സിങ്ങ് പരിശീലനകേന്ദ്രം മഹാവിജയമായി.

ആതുരസേവനം ക്രിസ്തുവിശ്വാസത്തോട് ഏറെ ചേര്‍ന്നുപോകുന്നതുകൊണ്ടുതന്നെയായിരിക്കണം നഴ്സുമാരില്‍ ഏതാണ്ട് 80 ശതമാനത്തോളംപേരും ക്രൈസ്തവരായിരിക്കുന്നത്. യേശു നടത്തിയ നിരവധി രോഗശാന്തികളും നല്ല സമരിയാക്കാരനെക്കുറിച്ചുള്ള അവിടത്തെ ഉപമയും (ലൂക്കാ 10:25-37) അന്ത്യവിധിയെക്കുറിച്ചുള്ള പ്രബോധനവുമെല്ലാം (മത്താ 25:31-46) നഴ്സിങ്ങ് ശുശ്രൂഷയുടെ ക്രൈസ്തവാടിത്തറകള്‍ തന്നെ.

എന്നാല്‍, 2013-ല്‍ ശമ്പളവര്‍ധനയ്ക്കായി മുദ്രാവാക്യം മുഴക്കാന്‍ നിര്‍ബന്ധിതരായ നൈറ്റിംഗേലിന്‍റെ പിന്‍ഗാമികള്‍ക്ക് 2017-ല്‍ വീണ്ടും പ്രക്ഷോഭത്തിലേക്കിറങ്ങേണ്ടി വന്നിരിക്കുന്നു, തങ്ങളുടെ ജീവിതച്ചെലവിന്‍റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍. ഇവരുടെ കാര്യത്തില്‍ ഇന്നത്തെ ക്രൈസ്തവ മാനവികതക്കാര്‍ പുലര്‍ത്തുന്ന നിസ്സംഗതയുടെ യുക്തി തീരെ പിടികിട്ടുന്നില്ല. സമരക്കാരുടെ പൊള്ളുന്ന പ്രശ്നം സര്‍ക്കാര്‍ തിരിച്ചറിഞ്ഞതിനു പിന്നാലെ സഭയ്ക്കും കാര്യം പിടികിട്ടിയത്രേ! സര്‍ക്കാര്‍ പറയുന്നതു കൊടുത്തുകളയും ഇനി നമ്മള്‍!!!

നഴ്സുമാരുടെ സമരം പ്രതിസ്ഥാനത്തു നിറുത്തിയത് പ്രൈവറ്റു മാനേജുമെന്‍റുകളെയാണെങ്കിലും മുഖ്യപ്രതിസ്ഥാനത്തായിപ്പോയത് കത്തോലിക്കാസഭതന്നെയാണ്. സഭയുടെ ആരോഗ്യമേഖലയില്‍ ഔദ്യോഗികസ്ഥാനങ്ങള്‍ വഹിക്കുന്ന വ്യക്തികളുടെ വീക്ഷണവൈകല്യവും ആര്‍ക്കോവേണ്ടിയുള്ള ചിലരുടെ കടുംപിടുത്തങ്ങളുമാണ് ഇത്തരം ഒരവസ്ഥ സംജാതമാക്കിയത് എന്നു നിരീക്ഷിക്കാതെ വയ്യാ.

അധികം വൈകാതെ പുറത്തുചാടാന്‍ പോകുന്ന അടുത്ത ഭൂതം അണ്‍എയ്ഡഡ് വിദ്യാഭ്യാസമേഖലയിലെ പ്രശ്നങ്ങളാണ്. അപര്യാപ്തമായ ശമ്പളം നല്കിയും ഉയര്‍ന്ന അഡ്മിഷന്‍ഫീസ് വാങ്ങിയും മുന്‍കൂര്‍ സഹായം നിര്‍ബന്ധമായി സംഘടിപ്പിച്ചുമെല്ലാം നമ്മില്‍ ചിലരെല്ലാം ഈ മേഖലയെ പുകഞ്ഞുകൊണ്ടിരിക്കുന്ന അഗ്നിപര്‍വതസമാനമാക്കി മാറ്റിയിരിക്കുകയാണ്.

മിഷനറിമാര്‍ ഇവിടെ ആതുരസേവനവും വിദ്യാഭ്യാസവുമെല്ലാം തുടങ്ങിവച്ചത് ക്രിസ്തുവിനെ പകര്‍ന്നു നല്കാനുള്ള മാര്‍ഗങ്ങളായിട്ടായിരുന്നു. ഇന്നാകട്ടെ, സുവിശേഷപ്രഘോഷണമെന്ന ലക്ഷ്യത്തിനു വിഘാതം സൃഷ്ടിക്കുംവിധം പല ക്രൈസ്തവസ്ഥാപനങ്ങളും അധഃപതിച്ചിരിക്കുന്നു. മിഷന്‍ മറന്ന ഈ സ്ഥാപനങ്ങള്‍ ഇനിയും നമുക്കു വേണോ? കേരള സമൂഹത്തില്‍ സൂപ്പര്‍ സ്പെഷ്യാലിറ്റി ഹോസ്പിറ്റലുകളും സ്മാര്‍ട്ട് വിദ്യാഭ്യാസ സ്ഥാപനങ്ങളും നടത്തിക്കൊണ്ടുപോകാന്‍ ഇപ്പോള്‍ സഭയുടെ ആവശ്യമുണ്ടോ?

ക്രിസ്തുവിനെ ഫലപ്രദമായി പ്രഘോഷിക്കാന്‍ സഹായകമല്ലാത്തതോ പ്രതിസാക്ഷ്യകാരണമായിത്തീരുന്നതോ ആയ മേഖലകള്‍ ഒഴിവാക്കി കാലത്തിന്‍റെ ചുവരെഴുത്തുകള്‍ വായിച്ചും ആത്മാവിന്‍റെ സ്വതന്ത്രവഴികള്‍ തിരിച്ചറിഞ്ഞും സര്‍ഗാത്മകത തുരുമ്പെടുക്കാനനുവദിക്കാതെ മിഷന്‍റെ ബദല്‍ മാര്‍ഗങ്ങള്‍ തേടാനുള്ള വിവേകമാണ് ഇന്നു നമുക്കു വേണ്ടത്. ദൈവരാജ്യപ്രഘോഷണവഴിക്കു വിഘാതം സൃഷ്ടിക്കുന്നവരോട് പറയാനുള്ളത് ഉറപ്പിച്ചും തറപ്പിച്ചും പറയാന്‍ ഇനിയും നാം എന്തിനു മടിക്കുന്നു?

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org