കാക്കിയില്‍ ചോര തെറിച്ചപ്പോള്‍

കുറ്റാന്വേഷണത്തിലും കാര്യശേഷിയിലും സ്കോട്ലാന്‍റ് യാഡിനെ വെല്ലുന്ന കേരളപോലീസിന് എന്തുപറ്റി എന്ന ചോദ്യം പ്രസക്തമാണ്. നാട്ടിലെ കാപാലികരായ ക്രിമിനലുകള്‍ പോലും അറയ്ക്കുന്ന രീതിയില്‍ കുറ്റാരോപിതരെ ഉരുട്ടിക്കൊല്ലുന്ന കേരളാപോലിസിന്‍റെ കാക്കിയില്‍ ചോര തെറിച്ചു വീഴുന്നത് ആദ്യമായല്ല. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നിട്ട് ഇതിനോടകം അഞ്ചുപേര്‍ കൊല്ലപ്പെട്ടു എന്നത് നിസ്സാരകാര്യമല്ല. അടിയന്തിരാവസ്ഥയുടെ ആഘാതമേറ്റവര്‍ താക്കോല്‍ സ്ഥാനങ്ങളിലിരിക്കുന്ന സര്‍ക്കാറായിട്ടുപോലും കസ്റ്റഡി മരണങ്ങള്‍ തുടരുന്നത് ലജ്ജാവഹമാണ്. ഈച്ചരവാര്യരുടെ ആത്മാവ് ഒഴിയാബാധപോലെ കേരളപോലീസിനെ പിന്തുടരുന്നുണ്ട്.

പോലീസിലെ ഗുണ്ടായിസത്തിന്‍റെ കാരണം തിരക്കിയിരുന്ന കേരളത്തിന്‍റെ മുന്നിലേക്ക് പകലുപോലെ വ്യക്തമായ കാരണമാണ് തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ വധശ്രമം വ്യക്തമാക്കിയത്. സഹപാഠിയെ കുത്തിക്കൊല്ലാന്‍പോലും മടിയില്ലാത്തവരും സ്വന്തം മുറിയെ യൂണിവേഴ്സിറ്റി പരീക്ഷാകേന്ദ്രമാക്കിയവരുമാണ് കേരളാപോലീസിന്‍റെ നിയമന റാങ്ക് ലിസ്റ്റിലെ ആദ്യസ്ഥാനക്കാര്‍. പബ്ലിക്ക് സര്‍വ്വീസ് കമ്മീഷനും പരീക്ഷാകണ്‍ട്രോളറും പ്രിന്‍സിപ്പാളും ഇത്തരക്കാര്‍ക്ക് ഒത്താശ ചെയ്തതായുള്ള ആരോപണം കാക്കിയില്‍ ചോരതെറിക്കുന്നതിന്‍റെ കാരണമാണ് വ്യക്തമാക്കുന്നത്. പോലീസ് സേനയിലെ റിക്രൂട്ട്മെന്‍റ് പാര്‍ട്ടി ഓഫീസുകള്‍ വഴി നടക്കുന്നിടത്തോളം കാലം കാക്കിയിട്ട കാപാലികരുടെ എണ്ണം പെരുകുക തന്നെ ചെയ്യും.

കേസന്വേഷിക്കുന്ന പോലീസിന്‍റെ അമിതാവേശത്തിനു പിന്നില്‍ ഉന്നതങ്ങളില്‍ നിന്നുള്ളവരുടെ സമ്മര്‍ദ്ദമുണ്ടെന്നത് സ്പഷ്ടമാണ്. കേവലമൊരു പണമിടപാടുകാരനെ പിടിച്ചാല്‍ സ്റ്റേഷന്‍ ജാമ്യത്തില്‍ വിടാവുന്ന കേസാണത്. എന്നാല്‍ 72 മണിക്കൂര്‍ കസ്റ്റഡിയിലിട്ട് പൈശാചികമായി മര്‍ദ്ദിച്ചത് ഏത് ഉന്നതനെ പ്രീതിപ്പെടുത്താനാണെന്ന വസ്തുത കൂടി പുറത്തുകൊണ്ടുവന്നെങ്കിലേ നീതി നടപ്പിലാവുകയുള്ളൂ. പല കസ്റ്റഡിമരണങ്ങളിലും പ്രതികളാകുന്ന പോലീസുകാര്‍ക്ക് കൂലിത്തല്ലുകാരുടെ റോളേ ഉള്ളൂ. യഥാര്‍ത്ഥ കഥ മറച്ച് തിരക്കഥ സംവിധാനം നടത്തുന്ന ഉന്നതര്‍ തിരശ്ശീലയ്ക്കു പിന്നില്‍ എന്നും സുരക്ഷിതരായിരിക്കും.

പോലീസ് സേനയുടെ മാനസികാരോഗ്യത്തെക്കുറിച്ച് കാര്യമായ പഠനങ്ങള്‍ ആവശ്യമുണ്ട്. അഹന്തയുടെ ആള്‍രൂപങ്ങളും അക്രമവാസനയുടെ മൂര്‍ത്തരൂപങ്ങളും പോലീസ് സേനയിലുണ്ട്. നിയമസംഹിതകളെ വെല്ലുവിളിച്ച് മൂന്നാം മുറയിലൂടെ കുറ്റം തെളിയിക്കാന്‍ അമിതാവേശം കാട്ടുന്ന പോലീസുകാരന്‍റേത് ക്രിമിനല്‍ മനസ്സാണ്. അതു തിരുത്തപ്പെട്ടാല്‍ മാത്രം പോരാ ശിക്ഷിക്കപ്പെടുകയും വേണം. മേലാളന്മാരായ ഉദ്യോഗസ്ഥരുടെ മുന്നില്‍ ആത്മാഭിമാനം നഷ്ടപ്പെടുംവിധം അപമാനിക്കപ്പെടുന്നതും അര്‍ഹമായ അംഗീകാരം ലഭിക്കാത്തതും അമിതമായ ജോലിഭാരവും പോലീസിന്‍റെ മനോനില തകരാറിലാക്കുന്ന കാര്യങ്ങളാണ്. മനോരോഗികളായ സേനാംഗങ്ങള്‍ അക്രമസ്വഭാവികളാകുന്നത് സ്വാഭാവികമാണല്ലോ.

കേരളാപോലീസിന്‍റെ ജനകീയ മുഖം വീണ്ടെടുക്കാന്‍ മുഖ്യമന്ത്രി ബോധപൂര്‍വ്വം ശ്രമിക്കണം. സര്‍ക്കാര്‍ നയങ്ങളെ പോലീസുകാര്‍ സംഘപരിവാറിന് ഒറ്റിക്കൊടുത്തു എന്ന ആക്ഷേപംകൊണ്ട് സേനയെ നവീകരിക്കാനുള്ള ശ്രമത്തില്‍ കാര്യമായ ആത്മാര്‍ത്ഥതയില്ല. രാജുനാരായണസ്വാമിയെയും ജേക്കബ്ബ് തോമസിനെയും പിരിച്ചയയ്ക്കാന്‍ കാണിക്കുന്ന തീക്ഷ്ണതയുടെ നാലിലൊന്നുണ്ടായിരുന്നെങ്കില്‍ പോലീസ് ഗുണ്ടായിസത്തിനു തടയിടാമായിരുന്നു. അന്യായമായ പോലീസ് മര്‍ദ്ദനത്തിന്‍റെ തിക്തഫലങ്ങള്‍ അനുഭവിച്ച വ്യക്തിതന്നെ ആഭ്യന്തരമന്ത്രിയായിരിക്കുന്ന നാട്ടില്‍ ഇത്തരം വാര്‍ത്തകള്‍ ആവര്‍ത്തിക്കുന്നത് അപമാനകരമാണ്. വിളവു തിന്നുന്ന വേലികള്‍ പൊളിച്ചു നീക്കണം. ചങ്ങലകള്‍ക്കു ഭ്രാന്തു പിടിക്കാതിരിക്കാന്‍ നിതാന്ത ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org