Latest News
|^| Home -> Pangthi -> കാലവും കണ്ണാടിയും -> നിഷ്പക്ഷതയോ നിസ്സംഗതയോ?

നിഷ്പക്ഷതയോ നിസ്സംഗതയോ?

സിജോ കണ്ണമ്പുഴ OM

“നിഷ്പക്ഷത ഉള്ളവനല്ല, സത്യത്തോട് ആഭിമുഖ്യമുള്ളവനാണ് നല്ല ന്യായാധിപന്‍” – പാക്കിസ്ഥാനിലെ യുവകവിയായ റഹീല്‍ ഫറൂഖിന്‍റെതാണ് ഈ വാക്കുകള്‍. നിഷ്പക്ഷനായിരിക്കുക എന്നത് മനുഷ്യന്‍റെ നല്ലൊരു ഗുണമായിട്ടാണ് പൊതുവെ കരുതപ്പെടുന്നത്. വൈരുദ്ധ്യമുള്ള രണ്ടോ അതിലധികമോ നിലപാടുകളുള്ളപ്പോള്‍ ശ്രേഷ്ഠമായതും കൂടുതല്‍ ശരിയായതും കണ്ടെത്താന്‍ നിഷ്പക്ഷത പുലര്‍ത്തുന്നവരെയാണ് നാം സമീപിക്കുക.

എന്നാല്‍ ഇന്നത്തെ സമൂഹത്തില്‍ നിസ്സംഗതയെന്നത് നിഷ്പക്ഷതയായി തെറ്റിദ്ധരിക്കപ്പെടുന്നുണ്ടോ എന്നു സംശയിച്ചു പോവുകയാണ്. കാലാന്തരത്തില്‍ വാക്കുകള്‍ അവയുടെ ആദ്യമുണ്ടായിരുന്ന അര്‍ത്ഥം നഷ്ടപ്പെട്ട് പുതിയ അര്‍ത്ഥങ്ങള്‍ സ്വീകരിക്കുന്നതുപോലെ നിഷ്പക്ഷത എന്ന പദത്തിനും അര്‍ത്ഥവ്യത്യാസം വന്ന് അത് ചുറ്റുമുള്ളവയോടുള്ള നിസ്സംഗതയായി പരിണമിച്ചുവോ? ഇപ്പോള്‍ നിഷ്പക്ഷത പാലിക്കുന്നവര്‍ അനുകൂലമോ പ്രതികൂലമോ ആയ നിലപാടുകളോട് അകലം പാലിക്കുക മാത്രമല്ല, ഏതെങ്കിലും തരത്തിലുള്ള നിലപാടുകള്‍ എടുക്കാന്‍ വൈമുഖ്യം ഉള്ളവരുമാണോ എന്ന് ചിന്തിച്ചുപോകുന്നു. നിഷ്പക്ഷത എന്നത് എല്ലാ വിധത്തിലുമുള്ള നിലപാടുകളില്‍ നിന്നുള്ള ഒരു ഒളിച്ചോട്ടമായി മാറിയിരിക്കുന്നു. അത് ഒന്നിനോടും പക്ഷം ചേരാതെയുള്ള, സ്വന്തമായി നിലപാടുകള്‍ എടുക്കാതിരിക്കാനുള്ള ഒരു മാര്‍ഗ്ഗമായി മാറിയോ? അതുകൊണ്ടായിരിക്കാം ഇംഗ്ലീഷ് തത്വചിന്തകനായ ചെസ്റ്റര്‍ട്ടന്‍ ഇങ്ങനെ പറഞ്ഞത് “നിഷ്പക്ഷത എന്നത് നിസ്സംഗതയ്ക്കുള്ള പൊങ്ങച്ചപ്പേരാണ്. നിസ്സംഗതയാകട്ടെ, അറിവില്ലായ്മയുടെ ചാരുതയുള്ള ഒരു പേരാണ്.”

പഴയനിയമപുസ്തകത്തിലെ രണ്ടു സംഭവങ്ങളെടുക്കാം. ആദ്യത്തേത് ദാനിയേല്‍ ന്യായാധിപന്മാര്‍ക്കെതിരെ സധൈര്യം സത്യത്തിനും നീതിക്കും വേണ്ടി നില കൊള്ളുന്നതാണ് (ദാനി. 13). സാമുവലിന്‍റെ രണ്ടാം പുസ്തകത്തിലും സമാനമായ സംഭവം വിവരിക്കുന്നുണ്ട്. താന്‍ ഏറ്റുമുട്ടാന്‍ പോകുന്ന ദാവീദ് രാജാവാണെന്നതോ, യഹോവായാല്‍ തിരഞ്ഞെടുക്കപ്പെട്ടവനാണെന്നതോ സത്യം പറയുന്നതില്‍നിന്ന് നാഥാനെ തടസ്സപ്പെടുത്തുന്നില്ല. പുതിയനിയമത്തിലുമുണ്ട് ഇടംവലം നോക്കാതെ സത്യത്തിനുവേണ്ടി നിലകൊള്ളുന്ന ഒരുവന്‍ – സ്നാപകയോഹന്നാന്‍.

സ്വര്‍ഗ്ഗം, നരകം, ശുദ്ധീകരണസ്ഥലം എന്നിവയുടെ പ്രതിപാദനത്താല്‍ പാശ്ചാത്യകലാകാരന്മാരുടെ പ്രചോദനമായ മധ്യകാലഘട്ടത്തിലെ പ്രസിദ്ധനായ ഇറ്റാലിയന്‍ കവി ഡാന്‍റെ ഇങ്ങനെ പറയുന്നു, “നരകത്തിലെ ഏറ്റവും തീയുള്ള സ്ഥലം നിശ്ചയിക്കപ്പെട്ടിട്ടുള്ളത്, ഏറ്റവും ഗുരുതരമായ ധാര്‍മ്മിക പ്രതിസന്ധിയുടെ സമയങ്ങളില്‍ നിഷ്പക്ഷത പുലര്‍ത്തിയവര്‍ക്കാണ്.” പുതിയ നിയമത്താളുകളില്‍ നാം ഭയത്തോടെ വായിക്കേണ്ട ഉപമയാണ് ധനവാന്‍റെയും ലാസറിന്‍റെയും ഉപമ. ധനവാന്‍ നരകത്തില്‍ പോകുവാന്‍ ഇടയാക്കിയത് അവന്‍ ലാസറിനോട് പുലര്‍ത്തിയ നിസ്സംഗതയാണ് (ലൂക്കാ 16:19-31).

നിലപാടുകള്‍ എടുക്കുന്നതില്‍നിന്ന് പലപ്പോഴും നമ്മെ പിന്തിരിപ്പിക്കുന്നത് നിലപാടുകളെടുക്കേണ്ട വിഷയങ്ങളില്‍ ഉള്‍പ്പെട്ടിരിക്കുന്നവരെക്കുറിച്ചുള്ള ആകുലതയാണ്. നമ്മുടെ നിലപാടുകള്‍ അവര്‍ക്കെതിരായി വന്നാല്‍ അത് ഉണ്ടാക്കാനിടയുള്ള കോലാഹലങ്ങളും അസ്വാരസ്യങ്ങളും നമ്മെ നിലപാടുകള്‍ രൂപപ്പെടുത്തുന്നതില്‍നിന്ന് പിറകോട്ട് വലിക്കുന്നു. ഇവിടെയാണ് അധികം പേര്‍ക്കും തെറ്റുപറ്റുന്നത്. നമ്മുടെ നിലപാടുകള്‍ ഒരിക്കലും വ്യക്തികള്‍ക്കെതിരല്ല. അവരുടെ ആശയങ്ങള്‍ക്കെതിരാണ്. അനീതിയേയും അസത്യത്തേയുമാണ് നാം എതിര്‍ക്കേണ്ടത്. അല്ലാതെ ഏതൊക്കെയോ കാരണങ്ങളാല്‍ ആ അസത്യത്തെയും അനീതിയെയും അനുകൂലിക്കുന്നവരെയല്ല. പാപത്തെ വെറുത്ത് പാപിയെ സ്നേഹിക്കുന്ന ക്രിസ്തുതന്നെയായിരിക്കണം നമ്മുടെ ദൃഷ്ടാന്തവും. വ്യക്തികളോടുള്ള ബഹുമാനമോ അവര്‍ അലങ്കരിക്കുന്ന സ്ഥാനങ്ങളോ അവരോടുള്ള നമ്മുടെ ബന്ധങ്ങളോ അസത്യത്തിനെതിരെ നിലപാടെടുക്കുന്നതില്‍ നിന്ന് നമ്മെ പിന്തിരിപ്പിച്ചുകൂടാ. അല്ലെങ്കില്‍ അസത്യത്തിനു മുന്‍പില്‍ നാം മുട്ടുകാല് മടക്കുകയാണ്.

നീ ദൈവത്തോട് പ്രാര്‍ത്ഥിക്കാതിരിക്കുമ്പോള്‍ സാത്താനോടാണ് പ്രാര്‍ത്ഥിക്കുന്നതെന്ന ഫ്രാന്‍സിസ് പാപ്പയുടെ വാക്കുകള്‍ ഇവിടെ പ്രസ്താവ്യമാണ്. നീ സത്യത്തോട് കൂറുപുലര്‍ത്താതിരിക്കുമ്പോള്‍, സത്യത്തെ നിശ്ശബ്ദമാകാന്‍ നിര്‍ബന്ധിക്കുമ്പോള്‍ നീ പക്ഷം ചേരുക അസത്യത്തോടാണ്.

മറ്റുള്ളവര്‍ എന്തു ചിന്തിക്കുന്നു എന്നത് പലപ്പോഴും നമ്മുടെ നിലപാടുകളെ സ്വാധീനിക്കാറുണ്ട്. മറ്റുള്ളവരുടെ ആശയങ്ങളെ സ്വീകരിക്കുന്നതിനുമുമ്പ് സ്വയം കാര്യങ്ങള്‍ ഗ്രഹിക്കാനും അതിനെ മുന്‍വിധിയില്ലാതെ വിശകലനം ചെയ്യാനും ഒരു നിലപാടിലേക്കെത്താനും സാധിക്കണം. മറ്റുള്ളവരുടെ ചിന്തയേക്കാള്‍, സ്വന്തം ചിന്തകളില്‍ ആശ്രയിക്കണം. സത്യം ആര്‍ക്കും പൂര്‍ണ്ണമായി ഉള്‍ക്കൊള്ളാനാവാത്തവിധം ശ്രേഷ്ഠമാണ്, അപ്രാപ്യമാണ്. നമുക്ക് വെളിപ്പെട്ടു കിട്ടുന്നത് സത്യത്തിന്‍റെ അംശങ്ങള്‍ മാത്രമാണ്. ദൈവം നല്‍കിയ ചിന്താശേഷിയും ബുദ്ധിയും ഉപയോഗിക്കാതെ ആരെങ്കിലുമൊക്കെ പറഞ്ഞുപരത്തുന്ന കിംവദന്തികള്‍ അപ്പാടെ വിശ്വസിക്കുന്നവര്‍ മടിയന്മാരാണ്. അവര്‍ ദൈവം നല്‍കിയ താലന്തുകള്‍ ഉപയോഗിക്കുന്നില്ല.

‘തങ്ങള്‍ പറയുന്നതാണ് സത്യം, അത് മാത്രമാണ് സത്യം’-എന്ന് കരുതുന്നവരാണ് നിലപാടുകള്‍ തുറന്നു പറയാന്‍ പലരെയും പലപ്പോഴും തടസ്സപ്പെടുത്തുന്നത്. ഞങ്ങള്‍ പറയുന്നതും എഴുതുന്നതും സത്യമാണെന്ന് കരുതണമെന്നും അത് വള്ളിപുള്ളി തെറ്റാതെ വിശ്വസിക്കണമെന്നും ഏതെങ്കിലും അധികാരസമൂഹമോ, വ്യക്തികളോ ആവശ്യപ്പെടുന്നത് പരിഷ്കൃതമായ സംസ്കാരത്തിന്‍റെയോ ആരോഗ്യമുള്ള ചിന്താധാരയുടെയോ ലക്ഷണമല്ല. ഏതൊരു സ്ഥാപനത്തിനും അധികാരിക്കും സമൂഹത്തിനും അവരവരുടെ നിലപാടുകള്‍ വ്യക്തമാക്കാം. അത് സ്വീകരിക്കണമോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് ഓരോ വ്യക്തിയുമാണ്. പ്രസ്താവിക്കപ്പെടുന്നത് സത്യമാണെങ്കില്‍ ജനങ്ങള്‍ അത് സ്വീകരിക്കും. അതില്‍ അസത്യവും അര്‍ദ്ധസത്യവും അടങ്ങുമ്പോഴാണ് അതിനെ സ്വീകാര്യമാക്കുവാന്‍ ബലം പ്രയോഗിക്കേണ്ടിവരുന്നത്. സമ്മര്‍ദ്ദതന്ത്രങ്ങള്‍ ഉപയോഗിച്ച് മറ്റുള്ളവരെ വിശ്വസിക്കാന്‍ നിര്‍ബന്ധിക്കുമ്പോള്‍ നമ്മുടെ ജനാധിപത്യത്തിന് എന്ത് വിലയാണുള്ളത്? നമ്മുടെ സാഹോദര്യത്തിന് എന്ത് അര്‍ത്ഥമാണുള്ളത്?

നിലപാടുകള്‍ ഉണ്ടാവുക എന്നുള്ളത് പ്രധാനമാണ്. Elie Wiesel-ന്‍റെ വാക്കുകള്‍ കടമെടുത്താല്‍ ‘നമ്മള്‍ എപ്പോഴും ഏതെങ്കിലും ഒരു പക്ഷം പിടിക്കേണ്ടതായിട്ടുണ്ട്. നിഷ്പക്ഷത ചൂഷകനെയാണ് സഹായിക്കുക, ഇരയെയല്ല. നിശബ്ദത പീഢിപ്പിക്കുന്നവനെയാണ് പ്രോത്സാഹിപ്പിക്കുന്നത്, പീഢിതനെയല്ല.’ നിലപാടുകളിലേക്ക് എത്തിച്ചേരണമെങ്കില്‍ കാര്യങ്ങളുടെ നിജസ്ഥിതി അറിയാനും അവയെ വിശകലനം ചെയ്യാനുമുള്ള സമയവും സ്ഥൈര്യവും മാത്രം പോരാ, ലഭ്യമായ അറിവുകളില്‍നിന്ന് ഒരു ആശയം രൂപപ്പെടുത്താനും രൂപപ്പെടുത്തപ്പെട്ട ആശയങ്ങള്‍ നിലപാടായി സധൈര്യം ഏറ്റുപറയാനും സാധിക്കണം. അതുകൊണ്ടുതന്നെ നിഷ്പക്ഷനാകുക എന്നത് ഇന്നത്തെ സമൂഹത്തില്‍ വളരെയേറെ എളുപ്പമുള്ള ജോലിയായിരിക്കുന്നു. നിലപാടുകള്‍ ഉണ്ടാകുന്നതാണ് ഇന്ന് ക്ലേശകരമായിട്ടുള്ളത്. കാരണം സ്വന്തം നിലപാടുകള്‍ കൂടെയുള്ളവരുടെ നിലപാടുകളോട് ചേര്‍ന്നുപോകുന്നതാകണമെന്നില്ല. അതുകൊണ്ടുതന്നെ വ്യത്യസ്തമായ നിലപാടുകളുള്ളവരുമായി പലപ്പോഴും സംവദിക്കേണ്ടിവരുന്നു. വ്യത്യസ്തമായ നിലപാടുകളുള്ളവരുമായി ആരോഗ്യകരമായ ഒരു സംവാദത്തിന്‍റെ സംസ്കാരം ഇനിയും നമ്മുടെയിടയില്‍ ഉരുത്തിരിയേണ്ടിയിരിക്കുന്നു.

ആശയങ്ങളെ ആശയങ്ങള്‍ക്കൊണ്ടാണ് എതിര്‍ക്കേണ്ടത്. നമ്മുടെ ആശയങ്ങള്‍ എപ്പോഴും എല്ലാവരാലും അംഗീകരിക്കപ്പെടണം എന്ന് വാശിപിടിക്കാനും പാടില്ല. പലപ്പോഴും ആശയങ്ങളുടെ സ്വീകരണം സാധ്യമാകുന്നത് വളരെ സാവധാനത്തിലാണ്. ആരും അംഗീകരിച്ചില്ല എങ്കില്‍കൂടി നമ്മുടെ ആശയങ്ങള്‍ ഫലമില്ലാതാകുന്നില്ല. ഒരുപക്ഷേ കാലാന്തരത്തില്‍ അത് സ്വീകരിക്കപ്പെടുകയോ കൂടുതല്‍ ശ്രേഷ്ഠമായത് ഉരുത്തിരിയാന്‍ കാരണമാക്കപ്പെടുകയോ ചെയ്യും.

നാം സത്യമന്വേഷിക്കുമ്പോള്‍ ക്രിസ്തുവിനെ തന്നെയാണ് അന്വേഷിക്കുക. അതൊരു ഐച്ഛികമായ വിഷയമല്ല, മറിച്ച് ഓരോ ക്രിസ്ത്യാനിയുടെയും ഉത്തരവാദിത്വമാണ്, പ്രധാനവും പ്രഥമവുമായ കര്‍ത്തവ്യമാണ്. നിസ്സംഗത പാപമാണ്. സത്യത്തെ മുന്‍വിധികളില്ലാതെ അന്വേഷിക്കാനും കണ്ടെത്താനും അതിനുവേണ്ടി നില കൊള്ളാനും സാധിക്കട്ടെ. “തെറ്റിനു നേരേ കണ്ണടയ്ക്കുന്നവന്‍ ഉപദ്രവം വരുത്തിവയ്ക്കുന്നു; ധൈര്യപൂര്‍വ്വം ശാസിക്കുന്നവനാകട്ടെ, സമാധാനം സൃഷ്ടിക്കുന്നു (സുഭാ. 10:10).

Leave a Comment

*
*