എന്ന്, സ്വന്തം ചെല്ലാനംതാത്തി ഒടുക്കത്ത ഒപ്പ്!

എന്‍റ കൊച്ചേ, കാക്കനാട്ടെ ശേഖരതമ്പ്രാന് ക്ഷോഭം വരണന്ന്. കടലിളകി കലിതുള്ളി കുടിലുകളേം വീടുകളേം കൊളമാക്കി പാഞ്ഞതിന്‍റെ കദനം പറയാന്‍ തമ്പ്രാന്‍റെ മാളികവരെ നെഞ്ചുപിടഞ്ഞ് ഓടിയെത്തിയ ചെല്ലാനത്തെ കടലിന്‍റെ മക്കള്ടേം അവര്ടെ അച്ചന്മാര്ടേം തേങ്ങലു കേള്‍ക്കാന്‍ നേരമില്ലാത്രേ!

ആണ്ടുകളെത്ര കടന്നുപോയ്… എത്ര ഓളങ്ങളും ഓഖികളും വന്നുപോയ്… ആളുകളെത്ര മരിച്ചുപോയ്… തീരത്തിന്‍റെ വോട്ടും വാങ്ങി നാടു വാഴണ രാഷ്ട്രീയത്തമ്പ്രാക്കള്‍ ഒന്നുമറിഞ്ഞില്ല! അവര് പിന്നേം പിന്നേം വാഗ്ദാനം തന്നും തിന്നും കൊഴുത്തും വന്നും പോയീംകൊണ്ടിരുന്ന്. നുമ്മേണങ്കീ, പ്രതീക്ഷേടെ ക്യൂ നിന്ന് വോട്ടും കുത്തി ജയിപ്പിച്ചുംകൊണ്ടേയിരുന്ന്!

തീരമക്കളുടെ ചൊല്ലുവിളി പതിറ്റാണ്ടുകള്‍ ആസ്വദിച്ച വലത്തുവീട്ടിലെ തമ്പ്രാക്കള്‍ ഫിഷറീസ് വകുപ്പിന്‍റെ പോലും തലപ്പത്തുണ്ടായിരുന്നത്രേ. തീരത്തിന് എന്തു ഫിഷറീസ്? സ്വന്തം എംഎല്‍എ സംസ്ഥാന മന്ത്രീം എംപീം കേന്ദ്രമന്ത്രീം ഒക്കെ ആയിരുന്നിട്ടും തമ്പ്രാന് ചെല്ലാനത്തെ കദനം അറിയാന്‍മേലാ. ഒടുവില്‍, 'ഇവിടെ എന്തു പ്രശ്നം' എന്നു ചോദിക്കാന്‍ വന്നിട്ട് ഈ വിവരമില്ലാത്തതുങ്ങള് ഒന്ന് കയറ്റിവിടണ്ടേ? പിന്ന വന്ന അവതരണതമ്പ്രാനും ഫിഷറീസ്മന്ത്രിയായിര്ന്ന്ട്ടാ… തമ്പ്രാനാണെങ്കീ, ഇങ്ങനെയൊരു നാട് തന്‍റെ തീരത്തുണ്ടെന്ന് അറിയാതെ പോയ ആളും! കടലിന് എന്തു പുലിമുട്ട്? എന്തു ഭിത്തി? പിന്നെ, ഹാര്‍ബററെന്നും പറഞ്ഞ് എന്തൊക്കെയോ കാട്ടിക്കൂട്ടി. ഒരിടത്തുമെത്താതെ ദേ കെടക്കണ്! പ്രാഗല്ഭ്യം ജനത്തിനു ബോധ്യപ്പെട്ടപ്പോ, മാറിനില്ക്കാന്‍ പറഞ്ഞ്.

പിന്നെ, എടത്തുവീട്ടിലെ തമ്പ്രാക്കന്മാരുടെ ഊഴമായി. ഇപ്പ ശരിയാക്കിത്തരാന്നാര്‍ന്ന് പറഞ്ഞേ. ദോഷം പറേരുതല്ലോ. കൊറെ ട്യൂബു കൊണ്ടുവന്നു തള്ളി. പാവം ട്യൂബിനെന്തറിയാം…! ഉല്ഘാടനമഹാമഹങ്ങള്‍ എത്രണ്ണം നടന്നെന്നാ വിചാരം? ആദ്യം ഫിഷറീസ് വകുപ്പിന്‍റെ തമ്പ്രാത്തി വന്ന് – 2018 ജനുവരീല്. ജിയോ ട്യൂബിന്‍റെ ഉല്ഘാടനം കെങ്കേമോര്‍ന്ന് കമ്പനിപ്പടിക്കേല്… 2018 ജൂലായില് ജിയോ ട്യൂബിന്‍റെ നെലമൊരുക്കല് ഉല്ഘാടനം നടത്ത്യ സ്ഥലം സാമാജിക തമ്പ്രാന്‍തന്നെ 2019 ജനുവരീല് ജിയോ ട്യൂബ് നെറക്കലിന്‍റെ ഉല് ഘാടനോം നടത്തി!

എട്ടു കോടി രൂപയ്ക്ക് കൊച്ചീകടലില് തടയൊരുക്കാന്‍ മലപ്പൊറംകാരന്‍ മുഹമ്മദ് നിയാസിനെ കരാറുകാരനായി വച്ച് ജലസേചനവകുപ്പുതമ്പ്രാക്കന്മാര്‍ കരാറൊറപ്പിച്ചപ്പോ പുള്ളിക്ക് പണിയറിയാമോന്ന് അവര് അന്വേഷിച്ചില്ല. മാത്രോല്ല, കടലില്‍ പണിയെടുക്കാനൊള്ള മെഷീന്‍ കുന്ത്രാണ്ടങ്ങള് പുള്ളിക്കൊണ്ടോന്നു പോലും തെരക്കീല്ല! തമാശ അതല്ലാന്നേയ്, കരാറിനുള്ള യോഗ്യത പിഡബ്ല്യൂഡി ബി ക്ലാസ്സായാലും മതിയത്രേ! അതായത്, വെറുതെ ഒരു കാനയെങ്കിലും പണിതിട്ടൊള്ളയാള്‍ക്ക് കടലിലെ ഈ പണി ഏറ്റെടുക്കാമെന്ന്! എങ്ങനേണ്ട് ജലസേചന വെവരം? 2018 ജൂലൈ മാസത്തില്‍ കോണ്‍ട്രാക്ട് എടുത്തയാള്‍ പണി തൊടങ്ങ്യേത് 2019 ജനുവരി 27-ന്.

മണ്ണുമാന്തിക്കപ്പല്‍ കൊണ്ടുവന്ന് മണലും വെള്ളോം പമ്പുചെയ്ത് ജിയോ ട്യൂബ് നെറയ്ക്കേണ്ടടത്ത് പുള്ളി എത്തീത് 25 എച്ച്.പീ-ടെ പമ്പുമായിട്ട്! ഞങ്ങ പാടത്തു വെള്ളം വറ്റിക്കാന്‍ മാത്രം എടുക്കണ ഈ പമ്പുപരിപാടി വമ്പിച്ച പരാജയമായപ്പോ, പുള്ളീടെ വാദം കേക്കണോ? കടലില്‍ മണ്ണില്ലെന്ന്! അപ്പത്തന്നെ ഞങ്ങട മറുവക്കാട് വേളാങ്കണ്ണിമാതേല ജോണ്‍ കണ്ടത്തിപ്പറമ്പിലച്ചന്‍റെ നേതൃത്വത്തീ പശ്ചിമകൊച്ചി തീരസംരക്ഷണസമിതീലെ മത്സ്യത്തൊഴിലാളികള് കടലിലിറങ്ങി, ബോര്‍വെല്‍കൊണ്ട് കുഴിച്ച് മണ്ണ് കണ്ടെത്തിക്കൊടുത്ത്. രണ്ടര മീറ്റര്‍ താഴെ കടലിന്‍റെ തട്ട് ശുദ്ധമായ മണല്‍ശേഖരോണെന്ന് തെളിയിച്ചുകൊടുത്ത്. അതാണ് ഞങ്ങ! തമ്പ്രാക്കന്മാരുട കോട്ടും സൂട്ടും കൊട്ടും കൊരവേമൊന്നും ഇല്ലാത്ത ചെല്ലാനംകാര്ക്ക് കടലിന്‍റെ കാര്യമറിയാ. ആ കാര്യം സാമ്പിളുള്‍പ്പെടെ രേഖാമൂലം ജലസേചനത്തിലെ തമ്പ്രാക്കന്മാരെ ബോധ്യപ്പെടുത്തേം ചെയ്ത്. ഡ്രെഡ്ജര്‍ എത്തിയാല്‍ പത്തു ദെവസംകൊണ്ട് തീര്‍ക്കാവുന്ന പണിയായിരുന്ന്. എന്തു പറയാന്‍! അതിനുശേഷം ഇന്നേവരെ കരാറുകാരന്‍ ആ വഴിക്കുവന്നിട്ടില്ല.

1980-ല്‍ പണിതതാ, ഇപ്പോ കാണുന്ന കടല്‍ഭിത്തി. കഴിഞ്ഞ പതിമൂന്നുവര്‍ഷങ്ങളായി ഇതില് ഒരു അറ്റകുറ്റപ്പണീം നടത്തീട്ടില്ല. അഞ്ചെടത്താണ് കടല്‍ഭിത്തി തീര്‍ത്തും തകര്‍ന്നേക്കണത്: ചെല്ലാനം, ആലുങ്കല്‍ കടപ്പുറം, വാച്ചാക്കല്‍, ബസാര്‍, മറുവക്കാട്. ജലസേചനവകുപ്പിന്‍റെ കണക്കുംപ്രകാരം 1100 മീറ്ററാണ് തകര്‍ന്നു കെടക്കണത്. കടലീന്ന് മണലും വെള്ളോം പമ്പുചെയ്ത് ജിയോ ട്യൂബ് നെറച്ച് ഈ 1100 മീറ്റര്‍ ഭാഗം തല്ക്കാലത്തേക്ക് സുരക്ഷിതോക്കിയിരുന്നെങ്കീ, ഇപ്പ ഞങ്ങക്ക് ഈ ദുരിതം വരൂല്ലാര്ന്നു. ചെല്ലാനം തീരദേശത്ത് രണ്ടായിരത്തിനുമേലേ കുടുംബങ്ങളൊണ്ട്. ഇതില് മുന്നൂറ്റമ്പതോളം വീടുകള് താമസിക്കാന്‍ കൊള്ളൂല്ലാതായി. വര്‍ഷകാലത്തിന്‍റെ തൊടക്കംതന്നെ വീടുകളീന്ന് മാറിപ്പോകേണ്ട ഗതികേടിലാണ് ഞങ്ങ.

ഓഖീടെ വെഷ്മം മാറീട്ടില്ല. അന്ന് ഞങ്ങ നടത്ത്യ സമരോക്ക വെറുതേര്‍ന്നെന്ന് തോന്നണ്. ഞങ്ങട നേതാക്കള് എട്ടു പ്രാവശ്യോണ് കളക്ടര്‍തമ്പ്രാനെ കണ്ടത്. മൂന്ന് പ്രാവശ്യോണ് മന്ത്രി ത്തമ്പ്രാക്കന്മാരെ കണ്ടത്. പാലത്തിന് ഉപരോധോം ചെയ്ത് പലപ്രാവശ്യം. ഇനി ഞങ്ങ എന്തു ചെയ്യണം? നാളത്തെ ഓളത്തിന് ഞങ്ങ ചാക്വേരിക്കും. ഞങ്ങക്ക് ദുരിതാശ്വാസക്യാമ്പ് വേണ്ടട്ടാ… കഴിഞ്ഞവര്‍ഷത്തെ യാതനേക്കാള്‍ ഭേദം മരണോണ്. ഞങ്ങ ചത്തോട്ടെ! തമ്പ്രാക്കന്മാര് നീണാള്‍ വാഴട്ടെ!

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org