പ്രതിപക്ഷം നല്‍കുന്ന പ്രതീക്ഷ

പ്രതിപക്ഷം നല്‍കുന്ന പ്രതീക്ഷ

ജനാധിപത്യത്തില്‍ പ്രതിപക്ഷത്തിന്‍റെ പങ്ക് നിസ്തുലമാണ്. ഭരണകക്ഷിയുടെ ഭൂരിപക്ഷധാര്‍ഷ്ട്യത്തിനു മൂക്കയറിടാനും അധികാരദുര്‍വിനിയോഗങ്ങളെ ചോദ്യം ചെയ്യാനും പ്രതിപക്ഷം അത്യാവശ്യമാണ്. ഭരണഘടനാമൂല്യങ്ങളുടെ കാവലാളുകളായി വര്‍ത്തിക്കേണ്ട ചുമതലയാണ് പ്രതിപക്ഷം നിര്‍വ്വഹിക്കേണ്ടത്. അതിനാലാണ് പ്രതിപക്ഷനേതാവിന് കാബിനറ്റ് റാങ്ക് നല്കിയിരിക്കുന്നത്. പ്രതിപക്ഷം ദുര്‍ബ്ബലമാകുമ്പോള്‍ ജനാധിപത്യം ഏകാധിപത്യത്തിനു വഴിമാറുന്നു.

ഭാരതത്തിന്‍റെ ലോകസഭയില്‍ പ്രതിപക്ഷം പലപ്പോഴും ദുര്‍ബ്ബലമായിരുന്നു. സ്വാതന്ത്ര്യാനന്തര നാളുകളില്‍ കോണ്‍ഗ്രസിന്‍റെ മൃഗീയ ഭൂരിപക്ഷത്തിനു മുന്നില്‍ പ്രതിപക്ഷത്തിന്‍റെ എണ്ണം അംഗുലീപരിമിതമായിരുന്നു. എങ്കിലും നെഹ്രുവിയന്‍ യുഗം പ്രതിപക്ഷത്തിന്‍റെ സുവര്‍ണ്ണകാലമായിരുന്നു. അഭിപ്രായാന്തരങ്ങളെ തുറന്ന മനസ്സോടെ സ്വീകരിച്ചിരുന്ന നെഹ്രുവിന് പ്രതിപക്ഷം ഒരിക്കലും ശത്രുപക്ഷമായിരുന്നില്ല. പ്രതിപക്ഷനേതൃസ്ഥാനം ഔദ്യോഗികമായി ലഭിക്കണമെങ്കില്‍ പത്തുശതമാനത്തില്‍ കുറയാത്ത അംഗങ്ങള്‍ (55 ലോകസഭാംഗങ്ങള്‍) ഉണ്ടായിരിക്കണമെന്ന വ്യവസ്ഥയുള്ളതിനാല്‍ നെഹ്രു, ഇന്ദിര, രാജീവ് തുടങ്ങിയവരുടെ കാലത്തും ഔദ്യോഗിക പ്രതിപക്ഷം ഇല്ലായിരുന്നു എന്നതു സത്യമായിരുന്നു. അതിനാല്‍ പതിനാറാം ലോകസഭയില്‍ പ്രതിപക്ഷനേതാവില്ലാതെ പോയത് മോദിസര്‍ക്കാരിന്‍റെ കുറ്റമല്ല ജനവിധിയുടെ വൈചിത്ര്യമാണ്. എന്നാല്‍ മുന്‍സര്‍ക്കാരില്‍നിന്നു വ്യത്യസ്തമായി പ്രതിപക്ഷത്തെ ശത്രുപക്ഷമായി കരുതി പെരുമാറുന്നു എന്നൊരു ആരോപണമാണ് മോദിസര്‍ക്കാരിനെതിരെ ഉയരുന്നത്. ഗുജറാത്തു തെരഞ്ഞെടുപ്പുകാലത്ത് മുന്‍ പ്രധാനമന്ത്രിയെയും പ്രതിപക്ഷനേതാക്കളെയും പാക്കിസ്ഥാന്‍ ചാരന്മാരായി ചിത്രീകരിച്ച പ്രധാനമന്ത്രിയുടെ പ്രസംഗം ഈ വസ്തുതയ്ക്ക് അടിവരയിടുന്നതാണ്. പ്രതിപക്ഷകക്ഷിയുടെ നേതാവിനെ "പയ്യനായും" "പപ്പു"വായും ചിത്രീകരിച്ച് ആക്ഷേപിക്കാന്‍ നേതൃത്വം കൊടുക്കുന്നത് പ്രധാനമന്ത്രിതന്നെയാണെന്നതും ശ്രദ്ധേയമാണ്. ആരോപണത്തില്‍ കഴമ്പുണ്ടെങ്കില്‍പോലും പ്രസ്തുത ആരോപണത്തിനു പ്രധാനമന്ത്രി നേതൃത്വം കൊടുക്കുന്നത് ജനാധിപത്യസംസ്കാരത്തിനു ചേര്‍ന്നതല്ല.

പ്രതിപക്ഷത്തെ ഒന്നാകെ വിലയ്ക്കുവാങ്ങി തെരഞ്ഞെടുപ്പിലെ ജനഹിതം അട്ടിമറിക്കാന്‍ കാണിച്ച ആവേശം ഗോവയിലും ഹരിയാനയിലും മിസോറാമിലും വിജയിച്ചിട്ടുണ്ടാകാം. ത്രിപുരയില്‍ തെരഞ്ഞെടുപ്പിനു മുന്‍പുതന്നെ നിലവിലുള്ള പ്രതിപക്ഷത്തെ മൊത്തമായി വിലയ്ക്കു വാങ്ങിയതും അപകടകരമായ നീക്കമാണ്.

പ്രതിപക്ഷ അനൈക്യം ഏതൊരു ഭരണകക്ഷിയുടെയും സ്വപ്നമാണ്. പ്രതിപക്ഷ ഐക്യം തകര്‍ക്കാന്‍ ഭരണകക്ഷി സമാധാന ദണ്ഡമുറകള്‍ സമര്‍ത്ഥമായി ഉപയോഗിക്കാറുണ്ട്. വിജലന്‍സ് കേസോ ആദായനികുതി വകുപ്പിന്‍റെ റെയ്ഡോ സിബിഐ അന്വേഷണമോ ഒക്കെ ഇതിനായി ഭരണകൂടങ്ങള്‍ ഫലപ്രദമായി വിനിയോഗിക്കാറുണ്ട്. പ്രതിപക്ഷ പാര്‍ട്ടികളെ ഇല്ലാതാക്കാന്‍ സര്‍വ്വതന്ത്രങ്ങളും പയറ്റുന്ന പൂച്ചയ്ക്കു മണികെട്ടാന്‍ പ്രതിപക്ഷം നല്‍കുന്ന പ്രതീക്ഷകളെ മനസ്സിലാക്കാം.

ഒന്നാമതായി, ജാതി, മതം, ഭാഷാ, പ്രാദേശിക മാനദണ്ഡങ്ങളില്‍ വിഭജിക്കപ്പെട്ടുപോയ ഭാരതത്തിന്‍റെ രാഷ്ട്രീയ ചേതനയില്‍ ദേശീയബോധം തിരികെക്കൊണ്ടുവരാന്‍ ഈ പ്രതിപക്ഷ ഐക്യത്തിനു കഴിയുന്നു എന്നത് നിസ്സാരകാര്യമല്ല. സംഘപരിവാര്‍ ഉയര്‍ത്തുന്ന വികലമായ ദേശീയതാവാദത്തിന് താത്വികവും പ്രായോഗികവും ഫലപ്രദവുമായ പ്രതികരണമായി പ്രതിപക്ഷ ഐക്യത്തെ വിലയിരുത്താം.

രണ്ടാമതായി ഏകാധിപത്യപ്രവണതയ്ക്കു മൂക്കുകയറിടേണ്ടത് ജനാധിപത്യത്തിന്‍റെ നിലനില്‍പിന് അത്യന്താപേക്ഷിതമാണ്. ഏകാധിപത്യം എന്നത് വ്യക്തിപരമോ പാര്‍ട്ടിപരമോ ആകാം. ഇന്ത്യപോലുള്ള വൈവിധ്യാത്മക സംസ്കാരത്തിന് ചേര്‍ന്നത് മുന്നണി ഭരണമാണ്. ഒറ്റക്കക്ഷിയുടെ ഭൂരിപക്ഷം അതിന്‍റെ നേതാവിന്‍റെ ഏകാധിപത്യത്തിനു വഴിമരുന്നിടാം….. ഇതിന്‍റെ സജീവ ദൃഷ്ടാന്തമാണ് ഇന്ദിരാഗാന്ധിയും നരേന്ദ്ര മോദിയും പിണറായി വിജയനുമൊക്കെ. എന്നാല്‍ കൂട്ടുമുന്നണികള്‍ക്ക് എന്തെല്ലാം ദൗര്‍ബല്യങ്ങളുണ്ടെങ്കിലും ഏകാധിപത്യത്തെ പ്രതിരോധിക്കും എന്ന വലിയ നന്മ അതിനുണ്ട്.

മൂന്നാമതായി, രാജീവ് ഗാന്ധിക്കെതിരേ ഉയര്‍ന്ന പ്രതിപക്ഷ ഐക്യത്തില്‍നിന്നായിരുന്നു ബി.ജെ.പി. എന്ന രാഷ്ട്രീയ കക്ഷിയുടെ ഉയിര്‍ത്തെഴുന്നേല്‍പ്പ്. 1984 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേവലം രണ്ടു സീറ്റുമാത്രം സ്വന്തമായുണ്ടായിരുന്ന ബി.ജെ.പിയെ 1989-ലെ തെരഞ്ഞെടുപ്പില്‍ 98 സീറ്റുള്ള ദേശീയ കക്ഷിയായി ഉയര്‍ത്തിയത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഉള്‍പ്പെടെ രൂപംകൊടുത്ത കോണ്‍ഗ്രസ് വിരുദ്ധ പ്രതിപക്ഷ ഐക്യമുന്നണിയാണ്. കാലചക്രം തിരിഞ്ഞപ്പോള്‍ ബി.ജെ.പിക്കെതിരെ പ്രതിപക്ഷ ഐക്യമുന്നണി രൂപമെടുക്കുന്നത് നിയതിയുടെ നീതിയാകാം.

കേവലം വ്യക്തിവിരോധത്തിനപ്പുറം പ്രതിപക്ഷത്തെ ഒന്നിപ്പിക്കുന്ന ആശയസംഹിത ഇനിയും രൂപപ്പെട്ടില്ല എന്നതും വിസ്മരിക്കാനാവില്ല. സീറ്റുവിഭജനത്തിലും അധികാരം പങ്കിടുന്നതിലും അലസിപ്പിരിയാതിരിക്കാനുള്ള നിശ്ചയദാര്‍ഢ്യം കക്ഷിനേതാക്കള്‍ പ്രകടമാക്കണം. രാജ്യത്തിന്‍റെ ഈ ദശാസന്ധിയില്‍ അവര്‍ നിറവേറ്റേണ്ട ചരിത്രദൗത്യമാണിത്. പ്രതിപക്ഷ ഐക്യത്തില്‍ യഥാര്‍ത്ഥ രാജ്യസ്നേഹികള്‍ അര്‍പ്പിക്കുന്ന പ്രതീക്ഷയ്ക്ക് ഹിമാലയത്തെക്കാള്‍ ഉയരവും പാതാളത്തെക്കാള്‍ ആഴവുമുണ്ട്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org