Latest News
|^| Home -> Pangthi -> കാലവും കണ്ണാടിയും -> പ്രോ-ലൈഫ് പ്രവര്‍ത്തനങ്ങള്‍ ക്രിയാത്മകമാകണം

പ്രോ-ലൈഫ് പ്രവര്‍ത്തനങ്ങള്‍ ക്രിയാത്മകമാകണം

ഫാ. ജിമ്മി പൂച്ചക്കാട്ട്

സഭയുടെ പ്രോലൈഫ് പ്രവര്‍ത്തനങ്ങള്‍ വളരെ ക്രമവത്കൃതവും സുസജ്ജവുമാണ് എന്ന് നമുക്കറിയാം. അതിനായി യത്നിക്കുന്ന നിരവധി പേരെ നേരിട്ടറിയാം. ഇവരുടെയെല്ലാം പ്രവര്‍ത്തനമികവും സന്മനസ്സും സമര്‍പ്പണവും ജീവന്‍റെ മൂല്യം കാത്തുസൂക്ഷിക്കാനും അപ്രകാരം ചെയ്യുന്നതിന്‍റെ മഹത്വം മാനവരാശിക്കു മനസ്സിലാക്കി നല്കാനും ഏറെ സഹായിക്കുന്നുണ്ട് എന്നതും തര്‍ക്കമറ്റ സംഗതിയത്രേ. സഭയുടെ ഭാഗത്തുനിന്നും നേരിട്ടായാലും ശ്ലാഘനീയമായ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. നാലാമത്തെ കുട്ടിക്ക് മാമ്മോദീസ നല്കുവാനെത്തുന്ന രൂപതാദ്ധ്യക്ഷനും ഭിന്നശേഷിയുള്ളവരെയെല്ലാം ആദരവോടെ പരിരക്ഷിക്കുന്ന സഭാപ്രവര്‍ത്തനങ്ങളും എന്നും ജീവന്‍റെ സംരക്ഷണത്തിന് സഭ നല്കുന്ന വലിയ പ്രചോദനമാണ്.

ജീവന്‍റെ സംരക്ഷണത്തെപ്പറ്റി ആശയപരമായി സംവദിക്കുകയും പ്രവര്‍ത്തനോന്മുഖയാവുകയും ചെയ്യുന്ന സഭ കൂടുതല്‍ ക്രിയാത്മകമായി ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടേണ്ടതില്ലേ എന്ന സംശയം മാത്രമാണ് ഈ കുറിപ്പിനാധാരം. അതിനര്‍ത്ഥം ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്ന നന്മകള്‍ നന്മകളല്ലെന്നോ അത്തരം പ്രവര്‍ത്തനങ്ങള്‍ ആവശ്യമില്ലെന്നോ അല്ല. ഇന്നത്തെ ശ്ലാഘനീയമായ പ്രവര്‍ത്തനങ്ങളെ കൂടുതല്‍ ആഴമുള്ളതാക്കാന്‍ എന്തു ചെയ്യാനാവും എന്ന് ചിന്തിക്കുകയാണ്. പ്രവര്‍ത്തനങ്ങള്‍ ഉപരിപ്ലവമാകാതെ അര്‍ത്ഥമുള്ളതാക്കാന്‍ കൂടുതലായി എന്തെങ്കിലും ചെയ്യാനാവുമോ എന്ന തുറന്ന ചിന്ത മാത്രം.

അദ്ധ്യയനവര്‍ഷ ആരംഭമായതിനാല്‍ സ്കൂള്‍ വിദ്യാഭ്യാസത്തെപ്പറ്റിത്തന്നെ പറയാം. ഏഴു മക്കളുള്ള ആന്‍ഡ്രൂസിനെ വിവിധ വേദികളില്‍ സഭ ആദരിച്ചിട്ടുണ്ട്. പ്രോലൈഫ് പരിപാടികളില്‍ ക്ഷണിതാവായി പോയിട്ടുണ്ട്. ചില മീറ്റിംഗുകളില്‍ പൊന്നാട അണിയിച്ചിട്ടുണ്ട്. എന്നാല്‍ നഴ്സറി മുതല്‍ പതിനൊന്നുവരെ പഠിക്കുന്ന ഇവരുടെ വിദ്യാഭ്യാസത്തിന് എന്തെങ്കിലും ഇളവുകിട്ടാന്‍ കൂപ്പുകരങ്ങളുമായി ആന്‍ഡ്രൂസ് കേഴേണ്ടി വരുന്നത് എന്തുകൊണ്ടാണ്? ഒരിക്കല്‍ ഇളവ് അനുവദിച്ചാലും അടുത്തതവണ കരുണയ്ക്കായി കാത്തുനില്‍ക്കേണ്ടി വരുന്നത് ആരുടെ കുറ്റം കൊണ്ടാണ്?

ഇവിടെയാണ് പ്രൊലൈഫ് പ്രവര്‍ത്തകര്‍ പ്രവര്‍ത്തനനിരതരാകുമ്പോഴും നയപരവും ക്രിയാത്മകവുമായ ചില തീരുമാനങ്ങള്‍ സഭാതലത്തില്‍ ഉണ്ടാകേണ്ടത്. നാലാമത്തെ കുട്ടി മുതല്‍ എല്ലാവരുടെയും വിദ്യാഭ്യാസം സഭ ഏറ്റെടുക്കും എന്നു പറഞ്ഞാല്‍ അതു സംഭവിക്കണം. ഏതു ക്രിസ്ത്യന്‍ മാനേജ്മെന്‍റ് സ്കൂളിലും ഈ കുട്ടികളെ പഠിപ്പിക്കാന്‍ മാതാപിതാക്കള്‍ക്കു സ്വാതന്ത്ര്യം കൊടുക്കണം. ഓരോ സ്ഥാപനവും ആവശ്യപ്പെടുന്ന പഠനനിലവാരം തീര്‍ച്ചയായും മാനദണ്ഡമാക്കാം. എന്നാല്‍ ഫീസിന്‍റെയും മറ്റും ഭാരം സ്കൂളുകളെ ഏല്പിക്കാതെ അത് രൂപതാ പ്രോലൈഫ് സമിതിവഴി രൂപതകള്‍ സ്കൂളിലെത്തിക്കണം. ഇത്തരം നയപരമായ തീരുമാനങ്ങള്‍ക്കും അതിന്‍റെ ധീരമായ നടപ്പിലാക്കലുകള്‍ക്കും ഒപ്പമാകട്ടെ പൊന്നാട അണിയിക്കലും ആശംസാപ്രസംഗവും.

അഞ്ചാമത്തെ കുട്ടിയെപ്പറ്റി സംസാരിക്കുമ്പോള്‍ നാലാമത്തെ കുട്ടിയുടെ കാര്യമേ ഇവിടെ പറഞ്ഞിട്ടുള്ളൂ എന്നും അഞ്ചാമത്തെ കുട്ടിക്ക് എന്താണ് ചെയ്യേണ്ടത് എന്ന് അറിയില്ല എന്നും പറയുന്ന ക്ലാര്‍ക്ക് അറിവില്ലായ്മയുടെ അവതാരം മാത്രമാണ്. അവനിലേക്ക് കൃത്യമായ കാഴ്ചപ്പാട് നല്കുന്നതും തീരുമാനം അറിയിക്കുന്നതുമാവണം സഭയുടെ ക്രിയാത്മക ജീവപരിപാലന പ്രവര്‍ത്തനങ്ങള്‍.

വിസ്താരഭയത്താല്‍ എല്ലാ മേഖലകളെയും പ്രതിപാദിക്കാനോ സഭ വിഭാവനം ചെയ്യുന്ന ജീവസംരക്ഷണത്തിന്‍റെ പഠനങ്ങളെ പ്രതിപാദിക്കാനോ ഈ അവസരത്തില്‍ മുതിരുന്നില്ല. എങ്കിലും ഒരു കാര്യം ശ്രദ്ധിക്കണം. കൂടുതല്‍ കുട്ടികളുള്ള മാതാപിതാക്കളെ സഭ പ്രോത്സാഹിപ്പിക്കുന്നു എങ്കില്‍ വിദ്യാഭ്യാസരംഗത്തു മാത്രമല്ല ആതുരശുശ്രൂഷാരംഗത്തും മറ്റു പല മേഖലകളിലും ഇത്തരം ക്രിയാത്മക സമീപനങ്ങള്‍ വരുത്തേണ്ടതാണ് എന്ന് എത്രയോ നാളുകളായി സംസാരിക്കുന്നുണ്ട്. അതിന്‍റെ ഫലമായി തന്നെയാണ് പല മാറ്റങ്ങളും ഉണ്ടാകുന്നത്. ജീവന്‍ ദൈവത്തിന്‍റേതാണെന്നും അതിന്‍റെ മൂല്യം സംരക്ഷിക്കേണ്ടതാണെന്നുമുള്ള വലിയ ബോധ്യം പ്രസംഗത്തിലൂടെയല്ല പ്രവര്‍ത്തനത്തിലൂടെയാണ് കാട്ടേണ്ടത്. ജീവന്‍ ഭക്ഷണത്തിനും ശരീരം വസ്ത്രത്തിനും ഉപരിയാണ് (ലൂക്കാ 12:23) എന്ന തത്ത്വം എല്ലാവരിലും ആഴപ്പെടാന്‍ നമ്മുടെ പ്രോലൈഫ് പ്രവര്‍ത്തനങ്ങള്‍ക്കും അതിന്‍റെ ക്രിയാത്മകപ്രവര്‍ത്തനങ്ങള്‍ക്കും സാധിക്കട്ടെ.

Leave a Comment

*
*