നിശ്ശബ്ദശ്രുതിക്കു കാതും കരളും ചേര്‍ക്കുമോ?

നിശ്ശബ്ദശ്രുതിക്കു കാതും കരളും ചേര്‍ക്കുമോ?

2014-ലെ കണക്കനുസരിച്ച് കേരളത്തില്‍ വ്യത്യസ്ത പ്രായവിഭാഗങ്ങളിലായി 7,61,845 ബധിരരുണ്ട്. അതായത്, കേരള ജനസംഖ്യയില്‍ 2.24% പേര്‍ ബധിരരാണ്.

കേള്‍വി അതിമഹത്തായ ഒരു അനുഗ്രഹമാണ്. മണ്ണില്‍നിന്ന് മര്‍ത്ത്യനു രൂപംകൊടുക്കുമ്പോള്‍ കാതു കൂടി കൂട്ടിച്ചേര്‍ത്ത തമ്പുരാന്‍ ശ്രുതിയുടെ ദൈവം തന്നെ. വചനം മാംസം ധരിച്ചവന്‍റെ 'എഫ്ഫാത്താ' ശബ്ദം ഗലീലിയില്‍ മുഴങ്ങിയപ്പോള്‍ ബധിരന്‍റെ ചെവികള്‍ തുറന്നു; മൂകനാവിന്‍റെ കെട്ടഴിഞ്ഞു (മര്‍ക്കോ. 7:31-37).

ഒരു വര്‍ഷംമുമ്പ് പി.ഒ.സിയില്‍വച്ചു നടന്ന സമ്മേളനത്തില്‍ പാലാരിവട്ടംകാരിയായ ലിനി ജോസഫ് ആംഗ്യഭാഷയിലൂടെ നടത്തിയ ഉജ്ജ്വലമായ പ്രസംഗം അത്യദ്ഭുതത്തോടെയാണ് ഏവരും ശ്രവിച്ചത്: "നമ്മള്‍ തമ്മില്‍ ഒരു വ്യത്യാസമേ ഉള്ളൂ: നിങ്ങള്‍ക്കു കേള്‍ക്കാം, സംസാരിക്കാം. ഞങ്ങള്‍ക്ക് അതിനു കഴിയില്ല. പക്ഷേ, ഒന്നോര്‍ക്കണം: ഞങ്ങളും നിങ്ങളെപ്പോലെതന്നെ ബുദ്ധിയും കഴിവും വിവേകവും ഉള്ളവരാണ്. എന്തുകൊണ്ടാണ് ഞങ്ങള്‍ക്കുവേണ്ടി ലോഗോസ് ക്വിസ് ഇല്ലാത്തത്? എന്തുകൊണ്ടാണ് ഞങ്ങള്‍ക്കുവേണ്ടി ബൈബിള്‍ ക്ലാസ്സുകള്‍ ഇല്ലാത്തത്? എന്തുകൊണ്ടാണ് ഞങ്ങള്‍ക്കു വേണ്ടി സണ്‍ഡേ സ്കൂള്‍ ഇല്ലാത്തത്? എന്തുകൊണ്ടാണ് ഞങ്ങള്‍ക്കു വേണ്ടി ഞായറാഴ്ചപ്രസംഗങ്ങള്‍ ഇല്ലാത്തത്?"

റോമില്‍വച്ച് ആരോഗ്യപരിപാലനത്തിനുള്ള പൊന്തിഫിക്കല്‍ സമ്മേളനത്തെ സംബോധനചെയ്തു കൊണ്ട് ബെനഡിക്ട് പതിനാറാമന്‍ പാപ്പാ 2009-ല്‍ നടത്തിയ പ്രസ്താവന ശ്രദ്ധേയമാണ്: "എന്‍റെ പ്രിയ ബധിര സഹോദരീസഹോദരന്മാരേ, നിങ്ങള്‍ സുവിശേഷസന്ദേശത്തിന്‍റെ സ്വീകര്‍ത്താക്കള്‍ മാത്രമല്ല, അതിന്‍റെ യോഗ്യരായ പ്രഘോഷകരും കൂടിയാണ്."

ബധിരരുടെ പ്രേഷിതപ്രതിഭ തെളിയാന്‍ ഒന്നുമാത്രമേ ചെയ്യേണ്ടതുള്ളൂ – മനുഷ്യരെന്നോ സഭാംഗങ്ങളെന്നോ ഉള്ള നിലയില്‍ ബധിരര്‍ക്കും അവകാശാധികാരങ്ങളുണ്ടെന്ന് അംഗീകരിച്ച് അവ നടപ്പിലാക്കുക. ഇതാ, ഏതാനും പ്രായോഗിക നിര്‍ദേശങ്ങള്‍:

1. വ്യക്തിഗതസഭകള്‍ ഇടവകതോറും ബധിരരുടെ വിശദവിവരങ്ങള്‍ രേഖപ്പെടുത്തുന്ന പട്ടിക തയ്യാറാക്കണം.

2. സന്ന്യാസസഭകള്‍ ബധിരര്‍ക്കുള്ള അജപാലനശുശ്രൂഷയ്ക്കുവേണ്ടി സജ്ജീകൃതരാകണം. ഓരോ സഭയിലും ഒരാളെങ്കിലും ആംഗ്യഭാഷ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നതു നന്നായിരിക്കും. ആംഗ്യഭാഷയില്‍ കുര്‍ബാനയര്‍പ്പിക്കാനും കുമ്പസാരിപ്പിക്കാനും ഏതാനും വൈദികര്‍ക്കു പരിശീലനം ലഭിക്കണം.

3. അനുയോജ്യരായ ബധിരരെ ആവശ്യമായ പരിശീലനത്തിനും പഠനങ്ങള്‍ക്കുംശേഷം വൈദികപട്ടം നല്കി ബധിരസഭയുടെ അജപാലനച്ചുമതലകള്‍ ഏല്പിക്കാന്‍ കേരളസഭ തയ്യാറാകണം. ഏതാനും വര്‍ഷങ്ങള്‍ക്കുമുമ്പ് കൊറിയയില്‍നിന്നു വന്ന ഏഷ്യയിലെ ഏക ബധിര വൈദികനായ ഫാ. മിന്‍സിയോ പാര്‍ക്ക് തൃശൂരില്‍വച്ച് അര്‍പ്പിച്ച ദിവ്യബലി പലരും ഇന്നും മറന്നിട്ടില്ല. ബധിരസംസ്കാരം അധരസംസ്കാരത്തില്‍നിന്നു വ്യത്യസ്തമാണെന്നും തദനുസൃതം ബധിരര്‍ക്കു ശുശ്രൂഷ ചെയ്യാന്‍ ബധിരഅജപാലകര്‍ക്കേ കഴിയൂ എന്നും അദ്ദേഹം കുറിച്ചിട്ടുണ്ട്.

4. രൂപതയില്‍ ഒരു ബധിരസൗഹൃദ ദേവാലയമെങ്കിലും ഉണ്ടാകണം. ഞായറാഴ്ചക്കുര്‍ബാനയ്ക്കായി അവിടെ ബധിരര്‍ക്കുവേണ്ടി സംവരണം ചെയ്യപ്പെട്ടിട്ടുള്ള ഇടങ്ങളില്‍ ആംഗ്യഭാഷയുടെ സഹായം ഒരുക്കുകയും വേണം.

5. ബധിരരെ രോഗികളായി കരുതുകയും വീടുകളില്‍ ഒതുക്കിനിര്‍ത്തുകയും ചെയ്യുന്ന പഴഞ്ചന്‍ശൈലി മാറിയേ തീരൂ. അവര്‍ പരസ്പരം ബന്ധപ്പെടുകയും ഒന്നിച്ചുകൂടുകയും ചെയ്യാന്‍ അവസരങ്ങളൊരുക്കണം. കൈരളി ഫെഡറേഷന്‍ ഓഫ് ഡെഫ് വിമെന്‍ പോലുള്ള സെക്കുലര്‍ കൂട്ടായ്മകളില്‍ അംഗങ്ങളാകാന്‍ ബധിരരെ പ്രോത്സാഹിപ്പിക്കണം.

6. കേരളത്തില്‍ അങ്ങോളമിങ്ങോളം ബധിരര്‍ക്കായി രൂപംകൊണ്ടിട്ടുള്ള കത്തോലിക്കാകൂട്ടായ്മകളോടു ബന്ധപ്പെടാനും കെസിബിസി ബൈബിള്‍ കമ്മീഷനും ഫാമിലി കമ്മീഷനും ഒരുക്കുന്ന ബധിരസൗഹൃദ പരിപാടികളില്‍ പങ്കെടുക്കാനും ബധിരര്‍ക്ക് അവസരമൊരുക്കണം.

7. സഭയുടെ ബധിരവിദ്യാലയങ്ങള്‍ തമ്മില്‍ കൂട്ടായ്മ ശക്തിപ്പെടുത്തുകയും യോഗങ്ങള്‍ ചേര്‍ന്ന് ബധിരപ്രേഷിതത്വത്തിന്‍റെ സാധ്യതകള്‍ പഠിക്കുകയും ചെയ്യുന്നത് നന്നായിരിക്കും.

8. ബധിരരെ ഒരു ഭാഷാന്യൂനപക്ഷമായി അംഗീകരിക്കാന്‍ മനസ്സുള്ളവര്‍ക്കു മാത്രമേ ആംഗ്യഭാഷ (Sign language) ഉള്‍ക്കൊള്ളാനാകൂ. അധരഭാഷ (Lip language) മാത്രം പഠിപ്പിക്കുന്ന സമ്പ്രദായം ഇപ്പോഴും ചിലയിടങ്ങളില്‍ നിലനില്ക്കുന്നുണ്ട്. പക്ഷേ അത് ബധിരരുടെ സമഗ്രവളര്‍ച്ചയ്ക്കോ ഭാവിക്കോ വേണ്ടവിധം ഉതകുന്നില്ല എന്നതു വ്യക്തമാണ്. ആംഗ്യഭാഷാപഠനം (ഇന്ത്യന്‍ ആംഗ്യഭാഷയും, സാധിക്കുമെങ്കില്‍ അമേരിക്കന്‍ ആംഗ്യഭാഷയും) എല്ലാ ബധിരവിദ്യാലയങ്ങളിലും നിര്‍ബന്ധമാക്കണം.

9. ബധിരര്‍ക്കുള്ള തൊഴില്‍സാധ്യതകള്‍ കണ്ടെത്തി അവരെ അതിലേക്കു നയിക്കാന്‍ രൂപതയില്‍ സംവിധാനങ്ങളുണ്ടാകണം.

"അവന്‍ എല്ലാ കാര്യങ്ങളും നന്നായി ചെയ്യുന്നു; ബധിരര്‍ക്കു ശ്രവണശക്തിയും ഊമര്‍ക്കു സംസാരശക്തിയും നല്കുന്നു" (മര്‍ക്കോ 7:37) എന്ന് ഗലീലി യിലെ ജനം യേശുവിനെ നോക്കിപ്പറഞ്ഞു. എപ്പോഴാണ് ഇക്കാലഘട്ടത്തിലെ ജനം കേരളസഭയെ നോക്കി ഇതു നിറമനസ്സോടെ പറയാന്‍ പോകുന്നത്?

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org