|^| Home -> Pangthi -> കാലവും കണ്ണാടിയും -> ഇത്രയധികം പ്രവാചകരോ!

ഇത്രയധികം പ്രവാചകരോ!

ഫാ. മാത്യു ഇല്ലത്തുപറമ്പില്‍

ദൈവത്തിന്‍റെ ആത്മാവുനിറഞ്ഞ സാവൂള്‍ പ്രവചിക്കാന്‍ തുടങ്ങി. അതുകേട്ട് അവന്‍റെ പരിചയക്കാര്‍ പലരും ചോദിച്ചു, സാവൂളും പ്രവാചകനോ? (1 സാമു. 10:11). ഈ പ്രയോഗം ഇസ്രായേലില്‍ പഴഞ്ചൊല്‍പദവി നേടിയെടുത്തു. ഈ പഴഞ്ചൊല്ലിന് ഒരു അഭിനവ പാഠഭേദമാകാം: ഇത്രയധികം പ്രവാചകരോ? സമൂഹികവും സഭാപരവും രാഷ്ട്രീയവുമായ വിഷയങ്ങളെക്കറിച്ചു ശക്തമായി പ്രതികരിക്കുന്നവരുടെ എണ്ണം കൂടിവരുന്ന കാലമാണിത്. സ്വകാര്യസംഭാഷണങ്ങളിലും പൊതുചര്‍ച്ചകളിലും സമൂഹമാധ്യമങ്ങളിലുമുള്ള പ്രതികരണങ്ങളില്‍ നല്ലൊരു പങ്കും പ്രവാചകവീര്യത്തോടെയാണ് നടക്കുന്നത്. പലതിലും ധാര്‍മ്മികരോഷം തിളച്ചു തൂവുന്നതു കാണാം. ഇവയില്‍ പല വിമര്‍ശനങ്ങളും സദുദ്ദേശ്യത്തോടെയാണു നടത്തുന്നത്. എന്നാല്‍ കുറെച്ചെണ്ണമെങ്കിലും സ്ഥാപിതതാത്പര്യപ്രകാരമാണെന്ന് ആര്‍ക്കും മനസിലാവുകയും ചെയ്യും. പ്രവാചകസ്വരമുള്ള ഇടപെടലുകള്‍ പ്രസംഗങ്ങളിലും ഉപദേശങ്ങളിലും ഗൃഹസദസ്സുകളിലും ക്ലാസ്സുമുറികളിലും തീന്‍മേശയിലും സമരവേദികളിലും മാധ്യമങ്ങളിലും പലപ്പോഴും നടക്കുന്നുണ്ട്. ഇതൊക്കെ കാണുമ്പോള്‍ ആര്‍ക്കും നിഷ്കളങ്കമായി ചോദിക്കാവുന്ന ചോദ്യമാണ്, ഈ നാട്ടില്‍ ഇത്രയധികം പ്രവാചകരോ?

ഇത്രയധികം പ്രവാചകര്‍ ഇന്നാട്ടില്‍ ഉണ്ടാകാന്‍ പാടില്ല എന്ന ധ്വനി ഈ ആശ്ചര്യത്തിലില്ല. മറിച്ച്, ഇത്രയധികം പ്രവാചകന്മാര്‍ സമൂഹത്തില്‍ ഉണ്ടെങ്കില്‍ അത് ഉത്പാദിപ്പിക്കേണ്ട ഭാവാത്മകഗുണങ്ങള്‍ കുറച്ചല്ല എന്നതാണ് ആശ്ചര്യനിദാനം. എല്ലാവരും സംസാരിക്കുന്നത് സത്യം, നീതി, സമത്വം തുടങ്ങിയ ധാര്‍മ്മിക മൂല്യങ്ങളെക്കുറിച്ചാണ്. ഇവിടെ പുലരേണ്ട കാരുണ്യം, ഔദാര്യം, സ്നേഹം, പരവിചാരം തുടങ്ങിയ മാനുഷിക ഗുണങ്ങളാണ് സാധാരണ പ്രതിപാദ്യം. ആരും സംരക്ഷിക്കാനില്ലാത്ത പാവപ്പെട്ടവര്‍ക്കുവേണ്ടിയാണ് അനേകര്‍ സംസാരിക്കുന്നത്. ചൂഷണം ചെയ്യപ്പെടുന്ന പ്രകൃതിക്കുവേണ്ടിയും കുട്ടികള്‍ക്കുവേണ്ടിയും സ്ത്രീകള്‍ക്കുവേണ്ടിയും പോരാടാന്‍ വ്യക്തികളുണ്ട്. ഇതിനൊക്കെ പുറമേ, മതത്തിന്‍റെയും രാഷ്ട്രീയത്തിന്‍റെയും പ്രസംഗപീഠങ്ങളും അനേകം യോഗങ്ങളും പ്രവാചകസ്വരം കേള്‍പ്പിക്കാന്‍ മത്സരിക്കുകയാണ്. ഇതൊന്നും മോശമല്ല. ഇതൊക്കെ കേള്‍ക്കുകയും കാണുകയും ചെയ്യുന്ന ഒരാള്‍ ആത്മപ്രഹര്‍ഷത്തോടെ ചോദിച്ചുപോകും, കൊള്ളാല്ലോ, ഇത്രയധികം പ്രവാചകരോ!

മൂല്യങ്ങളെക്കുറിച്ച് സമൂഹം നിരന്തരം സംസാരിച്ചു കൊണ്ടിരിക്കുന്നത് നിസാരകാര്യമല്ല. സമൂഹത്തിന്‍റെ മനഃസാക്ഷിക്കു ശക്തമായ നാവു ലഭിക്കുന്നു എന്നാണര്‍ഥം. ഇത്രയധികം പ്രവാചകരുള്ള സമൂഹത്തില്‍ നിന്ന് വളരെയധികം നന്മ ആരും പ്രതീക്ഷിച്ചുപോകും. കാരണം, ഇവിടെ എറിയുന്ന നന്മയുടെയും ഉന്നതമായ മൂല്യങ്ങളുടെയും വാഗ്വിത്തുകള്‍ കുറേശ്ശെയായി മുളയ്ക്കും എന്നു നാം മോഹിക്കുന്നുണ്ട്. അതു പെട്ടെന്ന് നടന്നില്ലെങ്കിലെന്താ, ഈ പ്രവാചകന്മാര്‍ ഓരോരുത്തരും പറയുന്നത് അവര്‍തന്നെ ചെയ്താല്‍ സമൂഹം എത്രയധികം മെച്ചമാകും?

ഗുണപരമായ സാമൂഹികമാറ്റം വരുത്താത്ത പ്രവാചകവിമര്‍ശനങ്ങള്‍ കേള്‍ക്കുമ്പോള്‍ കുറെപ്പേരെങ്കിലും അന്തംവിടുന്നുണ്ട്. എന്നാലും, എവിടെനിന്ന് കിട്ടുന്നു അവര്‍ക്ക് ഈ പ്രവാചകബലം? ഒരു സാധ്യതയിതാണ്: ഏതെങ്കിലും ഒരു മേഖലയില്‍ കുറ്റമറ്റവരോ തരക്കേടില്ലാത്തവരോ ആയിരിക്കും ഇത്തരം പ്രവാചകസ്വഭാവം പ്രകടിപ്പിക്കുന്നവര്‍. അതിന്‍റെ ബലത്തില്‍ സകലകാര്യങ്ങളും വിമര്‍ശനവിധേയമാക്കുന്നു. ഉദാഹരണത്തിന്, പാവപ്പെട്ടവരെ കുറച്ചൊക്കെ സഹായിച്ചുകൊണ്ടിരിക്കുന്ന ഒരാള്‍ക്ക് സകലരെയും വിമര്‍ശിച്ച് കുറ്റപ്പെടുത്താന്‍ ആത്മധൈര്യം കിട്ടിയെന്നുവരും. താന്‍ മദ്യം കുടിക്കുന്നില്ല എന്ന ഒറ്റ കാരണത്താല്‍ റോമാ മാര്‍പാപ്പ തുടങ്ങി സകലരെയും എല്ലാ വിഷയത്തിലും വെട്ടിനിരത്താന്‍ യോഗ്യനാണ് താനെന്ന് ഒരാള്‍ക്ക് തോന്നിപ്പോകാം. ഇത്തരം വിമര്‍ശനസ്വരങ്ങള്‍ വസ്തുനിഷ്ഠമാണെങ്കില്‍ അവ അസാധുവല്ല. പക്ഷേ, ജീവിതസമഗ്രതയില്ലാത്ത വിമര്‍ശനങ്ങള്‍ സത്ഫലമുണ്ടാക്കാന്‍ തക്കവിധം ആരെയും സ്പര്‍ശിക്കാന്‍ പോകുന്നില്ല.

പ്രവാചകരെല്ലാം പരവിമര്‍ശനത്തിനു വശംവദരാണ്. മറ്റുള്ളവര്‍ വിമര്‍ശിച്ചു പ്രവാചകനെ ഒരു കോമാളിയാക്കി മാറ്റുംമുമ്പ് ആത്മവിമര്‍ശനം നടത്തേണ്ടത് അനിവാര്യമാണ്. വിശുദ്ധ പൗലോസിന് ഈ അവബോധമുണ്ടായിരുന്നു. ദൈവത്തിന്‍റെ മുമ്പില്‍ തന്‍റെ ശുശ്രൂഷയ്ക്കുണ്ടാകേണ്ട സ്വീകാര്യതയെക്കുറിച്ചാണ് അദ്ദേഹം ആധി കൊണ്ടത്. അതായിരുന്നു അദ്ദേഹത്തിന്‍റെ ആത്മ വിമര്‍ശനത്തിന്‍റെ മാനദണ്ഡവും: “മറ്റുള്ളവരോട് സുവിശേഷം പ്രസംഗിച്ച ഞാന്‍ തന്നെ തിരസ്കൃതനാകാതിരിക്കേണ്ടതിനു എന്‍റെ ശരീരത്തെ ഞാന്‍ കര്‍ശനമായി നിയന്ത്രിച്ചു കീഴടക്കുന്നു” (1 കൊറി. 9:27). വ്യക്തികളിലെ പ്രവാചകവീര്യം നഷ്ടപ്പെടാതിരിക്കട്ടെ; സമൂഹത്തിലെ പ്രവാചകകുലം അന്യംനില്ക്കാതിരിക്കട്ടെ. പക്ഷേ, ഒന്നോര്‍ക്കാനുണ്ട്: ആത്യന്തികമായ ഭിന്നത, വാചാലരായ പ്രവാചകരും പ്രവാചകസ്വരം പൊതുവേദികളില്‍ കേള്‍പ്പിക്കാത്തവരും തമ്മിലല്ല. മറിച്ച്, സ്വന്തം പ്രവാചകബോധ്യങ്ങള്‍ പാലിക്കുന്നവരും അതു ജീവിക്കാത്തവരും തമ്മിലാണ്. പുറത്തെ പ്രവാചകന്‍ അകത്തെ കോമാളിയായി മാറുന്നതാണ് കടുംദുരന്തം.

Comments

One thought on “ഇത്രയധികം പ്രവാചകരോ!”

  1. biju says:

    പൂര്‍വ പിതാവായ ഇസ്മയെലിനെ സഭ മനപൂര്‍വം മറന്നിരിക്കുന്നു. അല്ലെങ്കില്‍ അദ്ധേഹത്തെ ഇസ്ലാമിന് വിട്ടു കൊടുത്തിരിക്കുന്നു. ഈ വിഷയത്തെ കുറിച്ച് സഭയിലെ ചിന്തകര്‍ ഒന്ന് പഠിക്കുക.
    എന്റെ വാദം ഇതാണ് – മാത്യു അച്ചനോട് ഇസ്ലാം ഇസ്മയെലിന്റെ പിന്തുടര്ച്ച അല്ല.
    യഥാര്ത്ഥ ത്തില്‍ അറേബ്യയിലെ ഇസ്മയെല്യര്‍ എല്ലാം ക്രിസ്തുമതം സ്വീകരിച്ചിരുന്നു. ക്രിസ്ത്യാനികളായി മാറിയിരുന്നു. ഇവരാണ് അറേബ്യയിലും യെമനിലുമെല്ലാം, സിറിയയിലും എല്ലാം ഉണ്ടായിരുന്ന ക്രിസ്ത്യാനികള്‍. ബൈബിളിലെ പ്രവാചകന്മാരെ ഖുറാനില്‍ കയറ്റിയത് പോലെ ഇസ്മയെലിനെയും ഖുറാനില്‍ കയറ്റി. ഇസ്മയെലിലൂടെ ഉള്ള ജനത ഇസ്ലാം അല്ല. ഇസ്മയെല്യര്‍ അറബി / സിറിയന്‍ / പേര്ഷ്യിന്‍ /കോപ്ടിക് തുടങ്ങിയ ക്രിസ്ത്യാനികള്‍ ആണ്. യഹോവ ഹാഗരിനു കൊടുത്ത വാഗ്ദാനം പൂര്ണ്മാകുന്നത് അങ്ങനെയാണ് 1400 വര്ഷം മുന്പ് ഉണ്ടായ ഇസ്ലാം അതിനു എത്രയോ കാലം മുന്പ്ി ഉണ്ടായിരുന്ന ഹാഗറിന്റെയോ ഇസ്മയെളിന്റെയോ തുടര്ച്ച എങ്ങനെ ആകും . ഇസ്ലാം എന്നത് ബൈബിളില്‍ പ്രതിപാതിചിരിക്കുന്ന ബാലിന്റെ പിന്തുടര്ച്ച ആണ്. അതുപോലെ ക്രിസ്ത്യാനികള്‍ക്കിടയില്‍ ഹാഗറിനെയും ഇസ്മയെലിനെയും കുറിച്ചുള്ള തെറ്റിധാരണ തിരുത്തേണ്ടത് അത്യാവശ്യമാണ്. യഹൂദരില്‍ നിന്നുള്ള രക്ഷ (യേശു) ഇസ്മയെല്യക്കും കൂടെ ഉള്ളതാണ് . ഇസ്ലാമിക പീഡകളെ തുടര്‍ന്ന് ഇസ്മയെല്യ ക്രിസ്ത്യാനികള്‍ പാലായനം അല്ലെങ്കില്‍ കൊല ചെയ്യപ്പെട്ട്. ഹാഗറിന്റെ സന്തതികളായ ക്രിസ്ത്യാനികള്‍ കേരളത്തിലും എത്തിയിട്ടുണ്ട്, സിറിയയില്‍ നിന്നും കേരളത്തില്‍ എത്തിയവരുടെ പിതാവ് ഇസ്മയേല്‍ ആണ് . അറബി നാട്ടില്‍ ഉണ്ടായിരുന്ന ക്രിസ്ത്യാനികളില്‍ കുറെ പേര്‍ മതം മാറ്റി. മതം മാറിയവര്‍ ഇസ്മയെല്യര്‍ അല്ലാതായി മാറി അവര്‍ അല്ലാഹുവിന്റെ ആയി മാറി,

Leave a Comment

*
*