വസന്ത പാഠങ്ങള്‍

കൊറോണ വൈറസ് പടര്‍ന്നു പിടിക്കുന്നതിന്‍റെ ഭീതിയിലാണ് ലോകം. അതിന്‍റെ പ്രത്യാഘാതങ്ങള്‍ ദൂരവ്യാപകമായി നാം അനുഭവിക്കാന്‍ തുടങ്ങിയിരിക്കുന്നു. എന്നാല്‍ യുദ്ധം, മഹാമാരികള്‍, പ്രകൃതിക്ഷോഭങ്ങള്‍, ആഭ്യന്തരകലഹം, ഭീകരാക്രമണം തുടങ്ങിയവ നേരിട്ട് അനുഭവമില്ലാത്ത കേരളീയര്‍ക്ക് വലിയ ആഘാതമാണ് കോറോണയുടെ വ്യാപനം. 2018-ലെ പ്രളയം, നിപ്പ വൈറസ് തുടങ്ങിയവ വിജയകരമായി നേരിട്ട അനുഭവം നമുക്ക് ഉണ്ടെന്നത് ശരിയാണ്. നാം ഇപ്പോള്‍ നേരിടുന്ന ഈ പകര്‍ച്ച വ്യാധി ഏതാനും കാര്യങ്ങള്‍ വെളിപ്പെടുത്തുന്നുണ്ട്. സമൂഹജീവികള്‍ എന്ന നിലയിലും ദൈവവിശ്വാസികള്‍ എന്ന നിലയിലും നാം ഉള്‍ക്കൊള്ളേണ്ട കാര്യങ്ങളാണവ.

വേണ്ടിവന്നാല്‍ ഒറ്റയ്ക്ക് ജീവിക്കാം എന്ന അബോധചിന്ത ഒരു പരിധിവരെ ഭരിക്കുന്ന സമൂഹമാണ് നമ്മുടേത്. എന്നാല്‍ എത്ര നിര്‍ണ്ണായകമാണ് നമ്മുടെ ജീവിതത്തില്‍ സമൂഹം എന്നു വെളിപ്പെടുന്ന സന്ദര്‍ഭമാണിത്. നാം എത്ര സൂക്ഷിച്ചാലും സമൂഹം മുഴുവനായി മുന്‍കരുതല്‍ എടുക്കുന്നില്ലെങ്കില്‍ നമ്മുടെ ജീവിതം അവതാളത്തിലായിപ്പോകും എന്നതാണ് വാസ്തവം. ഇതിന്‍റെ മറുഭാഗമാണ് നമുക്കുള്ള സാമൂഹിക ഉത്തരവാദിത്വം. രോഗം സംശയിച്ചുകഴിഞ്ഞവരില്‍ ചിലര്‍ സ്വമേധയാ എടുത്ത മുന്‍കരുതലുകള്‍ അവര്‍ക്കുവേണ്ടി മാത്രമായിരുന്നില്ല, പൊതുസമൂഹത്തിനുവേണ്ടിയായിരുന്നു. രോഗബാധിതരോടും കുടുംബാംഗങ്ങളോടും നിര്‍ഭാഗ്യവശാല്‍ ചിലര്‍ കാണിക്കുന്ന എതിര്‍പ്പ് നമ്മിലുള്ള മഠയത്തരത്തിന്‍റെയും സാമൂഹികവിരുദ്ധതയുടെയും അടയാളം കൂടിയാണ്.

സാമൂഹിക ശുചിത്വശീലങ്ങളുടെ പ്രാധാന്യം ഇപ്പോള്‍ എല്ലാവര്‍ക്കും വ്യക്തമാകുന്നുണ്ട്. പൊതുസ്ഥലത്ത് തുപ്പരുത്; തുമ്മുമ്പോള്‍ തൂവാല ഉപയോഗിക്കണം, കൈ നന്നായി കഴുകണം, വായിലും കണ്ണിലും അലക്ഷ്യമായി വിരല്‍ ഇടരുത് തുടങ്ങിയ ആരോഗ്യശീലങ്ങള്‍ നമുക്ക് അറിവുള്ളതാണ്. പൊതുസ്ഥലങ്ങളില്‍ ഇവ പാലിക്കാത്തവരെ നാം കാണാറുണ്ട്. പക്ഷേ, ഇപ്പോള്‍ മാസ്ക് ധരിച്ചു നടക്കാന്‍ നാം നിര്‍ബന്ധിതരായിരിക്കുന്നു. കൊറോണക്കാലത്തിനുശേഷം മാസ്ക്കുകള്‍ അനാവശ്യമായി മാറും; പക്ഷേ, ശുചിത്വശീലങ്ങളുടെ പ്രാധാന്യം ഒരിക്കലും കാലഹരണപ്പെടുകയില്ല എന്ന പാഠം നമുക്കുള്ളതാണ്.

ആരോഗ്യവകുപ്പ് ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ സംവിധാനങ്ങളുടെ പ്രാധാന്യം വെളിപ്പെടുന്ന അവസരമാണിത്. ഈ പകര്‍ച്ചപ്പനി നേരിടാന്‍ സര്‍ക്കാര്‍ സംവിധാനം ഒരുക്കുകയും അതിന്‍പ്രകാരം അനേകം പേര്‍ ഇക്കാര്യത്തിനുവേണ്ടി അദ്ധ്വാനിക്കുകയും ചെയ്യുന്നുണ്ട്. ഉപകാരമില്ലാത്ത കൂട്ടങ്ങള്‍ എന്ന മട്ടില്‍ സര്‍ക്കാര്‍ ജീവനക്കാരെ ഒറ്റയടിക്ക് എഴുതിത്തള്ളുന്നവര്‍ തങ്ങളുടെ ധാരണ തിരുത്തേണ്ട സമയമാണിത്.

സൂക്ഷിച്ചാല്‍ ദുഃഖിക്കണ്ട എന്ന ചൊല്ല് എല്ലായിടത്തും ബാധകമാണ്. എങ്കിലും ഒരു സമൂഹം എന്ന നിലയില്‍ നമ്മിലെ ഭയപ്പാടുകളുടെ ആഴം വെളിവാക്കുന്ന സന്ദര്‍ഭമാണിത്. കൊറോണയെത്തുടര്‍ന്ന് ചൈനാ-നിര്‍മ്മിത വസ്തുക്കളെല്ലാം എടുത്തെറിഞ്ഞവരുണ്ട്. പ്രാണഭയം അത്ര നിസ്സാരമല്ല. പക്ഷേ, കണക്കുകള്‍ പ്രകാരം, കൊറോണബാധിതരിലെ മരണനിരക്ക് രണ്ട് ശതമാനം മാത്രമാണ്. പലപ്പോഴും പരിഭ്രാന്തിയും സുരക്ഷാ മുന്‍ കരുതലുകളും തമ്മിലുള്ള അകലം കുറയുന്നത് നാം കാണാതിരുന്നുകൂടാ. മാധ്യമങ്ങളുടെ വെപ്രാളറിപ്പോര്‍ട്ടിംഗ് ശൈലിയാണ് ഇതിനുള്ള ഒരു പ്രധാന കാരണം.

കൊറോണയ്ക്കെതിരെയുള്ള എല്ലാ മുന്‍കരുതലുകളും എല്ലാ സന്നാഹമൊരുക്കിയുള്ള പടപ്പുറപ്പാടും ഒറ്റക്കാര്യം മുന്‍നിര്‍ത്തിയാണ്. ഒറ്റ ജീവനും നഷ്ടപ്പെട്ടു കൂടാ. ഓരോ ജീവനും വിലപ്പെട്ടതാണ്. ഇങ്ങനെതന്നെയാണ് സമൂഹം പ്രതികരിക്കേണ്ടത്. ഇതു തന്നെയാകണം മാനദണ്ഡം. പക്ഷേ, ഓര്‍ക്കാന്‍ വേറെ ചിലതുണ്ട്. ഓരോ ദിവസവും കേരളത്തിലെ റോഡുകളില്‍ പൊലിയുന്ന ജീവന്‍ എത്രയാണ്? 4259 പേരാണ് 2018-ല്‍ കേരളത്തില്‍ റോഡപകടങ്ങളില്‍ മരണപ്പെട്ടത്. കൊറോണ നേരിടാന്‍ കാണിക്കുന്ന ഇഛാശക്തിയില്‍ കുറച്ചെങ്കിലും നമുക്ക് ഇക്കാര്യത്തിലും വേണ്ടേ? ക്യാന്‍സര്‍, കിഡ്നി രോഗങ്ങള്‍ വഴിയുള്ള ജീവനഷ്ടം നിസ്സാരമാണോ? ജീവനെതിരെയുള്ള ഭീഷണിക്ക് നാം എല്ലാ മേഖലകളിലും പ്രാമുഖ്യം കൊടുക്കേണ്ടതുണ്ട്. ഈ വസന്ത പിന്‍മാറുന്ന ദിവസങ്ങള്‍ വരും. പക്ഷേ, മനുഷ്യജീവന്‍ അപഹരിക്കുന്ന മറ്റ് കാര്യങ്ങള്‍ ഇവിടെയുണ്ടാകും. അവ ശ്രദ്ധിക്കുമ്പോഴാണ് നാം ശരിക്കും പരിഷ്കൃതരാകുന്നത്.

പകര്‍ച്ചപ്പനി ദൈവവിശ്വാസികളില്‍ ചില ചോദ്യങ്ങളും യുക്തിവാദികളില്‍ പരിഹാസവും ജനിപ്പിക്കുന്നുണ്ട്. അത് മനസ്സിലാക്കാവുന്നതേയുള്ളൂ. ദൈവം സുഖപ്പെടുത്തുന്നത് മരുന്നുകള്‍ വഴിയുമാണ്; നേരിട്ട് മാത്രമല്ല. പ്രതിരോധമുറകള്‍ സ്വീകരിക്കുക എന്നതും ദൈവവിശ്വാസത്തിന്‍റെ ഭാഗമാണ്. ദൈവത്തിന് ശക്തിയില്ലാത്തതുകൊണ്ടല്ല അത്; മറിച്ച്, ദൈവം സൃഷ്ടിച്ച മനുഷ്യബുദ്ധി നാം ഉപയോഗിക്കണം എന്നും ദൈവം ആഗ്രഹിക്കുന്നുണ്ട്. ഞാന്‍ മുന്‍കരുതലൊന്നും എടുക്കുകയില്ല, വേണമെങ്കില്‍ ദൈവം എന്നെ രക്ഷിക്കട്ടെ എന്ന് പറയുന്നത് ദൈവവിശ്വാസമല്ല; ദൈവത്തെ പരീക്ഷിക്കലാണ്. ദൈവത്തില്‍ കൂടുതലായി ആശ്രയിക്കാനും നമ്മുടെ എല്ലാ പരിമിതികളും മനസ്സിലാക്കാനുമുള്ള ധ്യാനകാലം കൂടിയാണ് പകര്‍ച്ചപ്പനിക്കാലം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org