Latest News
|^| Home -> Pangthi -> കാലവും കണ്ണാടിയും -> നീതിക്കുവേണ്ടി വിശപ്പും ദാഹവും

നീതിക്കുവേണ്ടി വിശപ്പും ദാഹവും

Sathyadeepam

ഫാ. അജോ രാമച്ചനാട്ട്

ദയാബായി – മധ്യപ്രദേശില്‍ ര ഗ്രാമത്തിലെ ആദിവാസികള്‍ക്കിടയില്‍ താമസമാക്കിയ മലയാളി വനിത. യഥാര്‍ത്ഥ പേര്, മേഴ്സി മാത്യു. സ്വദേശം പാലായ്ക്കടുത്ത് പൂവരണി. ഇന്ത്യയിലെ ഇപ്പോള്‍ ഏറ്റവും കൂടുതല്‍ അറിയപ്പെടുന്ന സാമൂഹ്യപ്രവര്‍ത്തക. ഈ ദിവസങ്ങളില്‍ ഈ സ്ത്രീ വീണ്ടും വാര്‍ത്തകളില്‍ നിറയുന്നത് നമ്മള്‍ കണ്ടു. എന്‍ഡോസള്‍ഫാന്‍ ബാധിതരായ കുട്ടികള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കുമൊപ്പം സെക്രട്ടറിയേറ്റ് പടിക്കല്‍ നിരാഹാരമിരിക്കുന്ന ദയാബായിയുടെ ചിത്രങ്ങളില്‍ ഒന്നില്‍ വല്ലാതെ മനസുടക്കി. എന്‍ഡോസള്‍ഫാന്‍ ഇരയായ ഒരു കുട്ടിയെ മടിയില്‍ കിടത്തി അവന്‍റെ അമ്മയുടെ അടുത്തിരുന്ന് അവരോടൊപ്പം കരയുകയാണവര്‍. ആ കുഞ്ഞിനെ സ്വന്തം കുഞ്ഞെന്നപോലെ മാറത്തടുക്കിപ്പിടിച്ച് സമരം ചെയ്യുന്ന ചിത്രങ്ങളില്‍ അവര്‍ക്ക് ക്രിസ്തുവിന്‍റെ മുഖമല്ലേ?

അതെ, മലയിലെ പ്രസംഗത്തില്‍ ക്രിസ്തു ഓര്‍മപ്പെടുത്തുമ്പോലെ (മത്താ. 5:6) അവര്‍ അക്ഷരാര്‍ത്ഥത്തില്‍ വിശപ്പും ദാഹവും സഹിക്കുകയാണ്. ആര്‍ക്കോ വേണ്ടിയാണത്. സ്വന്തമല്ലാത്ത ആരുടെയോ അവകാശങ്ങള്‍ക്കു വേണ്ടിയാണത്. സന്യാസിനിയാകാന്‍ ആഗ്രഹിച്ചു ചേര്‍ന്ന മഠത്തില്‍നിന്നും കന്യകാലയത്തിന് പുറത്ത് ജീവിക്കുന്ന ഗോത്രവര്‍ഗക്കാര്‍ക്കിടയിലേയ്ക്ക് താമസം മാറിയ മേഴ്സി മാത്യു അവര്‍ക്കിടയില്‍ ‘ദയാബായി’ ആയി മാറുകയായിരുന്നു. അവര്‍ക്കു വേണ്ടി ജീവിക്കുകയായിരുന്നു, അവര്‍ക്ക് വേണ്ടി സമരം ചെയ്യുകയായിരുന്നു.

നീതിസമരങ്ങളെക്കുറിച്ചോര്‍മിക്കുമ്പോള്‍ മനസ്സില്‍ മറ്റൊരു മുഖം. സി.കെ. ജാനുവിന്‍റേതാണ്. ജാനു എന്ന ആദിവാസി നേതാവിനെ അറിയില്ലേ?

മുത്തങ്ങസമരമെന്ന പേരില്‍ നാടറിഞ്ഞ ആദിവാസി സമരത്തിന്‍റെ നായിക.

2003-ലായിരുന്നു അത്. ആദിവാസികള്‍ നിയമവിരുദ്ധമായി വനഭൂമി കയ്യേറി എന്നായിരുന്നു സര്‍ക്കാര്‍ നിലപാട്. ജനിച്ചതും, വളര്‍ന്നതും വനഭൂമിയിലാണ്, അവിടെ നിന്നും ഇറങ്ങില്ല എന്ന് ആദിവാസികളും. പ്രശ്നം വഷളായി. പോലീസ് വെടിവയ്പില്‍ ഒരു ആദിവാസി മരിക്കുകയും ചെയ്തതാണ്. എന്നിട്ടും അവര്‍ക്ക് വേണ്ട നീതി കിട്ടിയില്ല.

Mother Forest: The unfinished story of C.K. Janu എന്ന പേരില്‍ ഒരു പുസ്തകമുണ്ട്. വായിക്കാനുണ്ടത്.

ആരുടേതാണീ ഭൂമി ?

മനുഷ്യന്‍മാരുടേതല്ലേ ?

മണ്ണില്‍ ചവിട്ടിനില്‍ക്കാനും, ഒരു കൂര കെട്ടാനും, കിടന്നുറങ്ങാനും, നെല്ലോ കപ്പയോ വിളയിച്ച് കുഞ്ഞുങ്ങളുടെ വിശപ്പു മാറ്റാനും ഒരു മനുഷ്യന്‍ വേറൊരു മനുഷ്യനോട് യാചിക്കേണ്ടതുണ്ടോ? ആരോഗ്യത്തോടെ ജീവിക്കാന്‍, പഠിക്കാന്‍, ജോലി ചെയ്യാന്‍ സമരം ചെയ്യേണ്ടതുണ്ടോ?

അങ്ങനെയെങ്കില്‍ മനുഷ്യര്‍ രണ്ടു തരമുണ്ടാവണം. ദൈവം ഗുണം ഉള്ളതിനെയും ഇല്ലാത്തതിനെയും സൃഷ്ടിച്ചു എന്നു പറയേണ്ടിവരും!

നീതിക്കുവേണ്ടിയുള്ള സമരമെന്നാല്‍ ലോകത്തെവിടെയും നിലനില്‍പിനുവേണ്ടിയുള്ള സമരമാണ്.

നമ്മളാല്‍ ചവിട്ടിയരയ്ക്കപ്പെട്ട ഒരു കൂട്ടം മനുഷ്യരുടെ കണ്ണീര്‍ സമരമാണ്. ഒരു വശത്ത് ജീവിതം ആസ്വദിക്കുന്നവരും, മറുവശത്ത് നീതിക്കുവേണ്ടി – ജീവിക്കാനുള്ള അവകാശത്തിനുവേണ്ടി – നിരന്തരം പൊരുതിക്കൊണ്ടിരിക്കുന്നവരും. അക്കൂട്ടത്തില്‍ സ്ത്രീകളുണ്ട്, കുഞ്ഞുങ്ങളുണ്ട്, വൃദ്ധരുണ്ട്, ഉദ്യോഗസ്ഥരുണ്ട്, അഭയാര്‍ത്ഥികളുണ്ട്, വിദ്യാര്‍ത്ഥികളുണ്ട്… അങ്ങനെ പലരുണ്ട്.

ചരിത്രത്തിലെന്നും അങ്ങനെയായിരുന്നു..!

എന്തിനൊക്കെ വേണ്ടി നമ്മള്‍ പാവം മനുഷ്യര്‍ യുദ്ധം ചെയ്തിട്ടുണ്ട്? മനുഷ്യചരിത്രം എന്തോരം സമരങ്ങള്‍ക്കു സാക്ഷ്യം വഹിച്ചിട്ടുണ്ട്?

ഈ കോലാഹലങ്ങളുടെയൊക്കെ മധ്യത്തില്‍ പ്രസക്തമായ രണ്ടു ചോദ്യങ്ങളുണ്ട്.

1. ഇത്തരം നീതിസമരങ്ങളോട് എനിക്ക് പക്ഷം ചേരാനാകുന്നുണ്ടോ?

2. എന്‍റെ-നമ്മുടെ-ആത്മീയതയില്‍ മാറ്റി നിര്‍ത്തപ്പെട്ടവനും അവകാശം നിഷേധിക്കപ്പെട്ടവനും എത്രത്തോളം പരിഗണനയും കരുതലും ലഭിക്കുന്നുണ്ട്?

വേട്ടക്കാരുടെ പക്ഷം ചേരാനാണ് നമുക്കെളുപ്പം. ഇന്നോളം സംഭവിച്ചിട്ടുള്ളതും അതൊക്കെത്തന്നെയാണ്. ആരോഗ്യവും സമ്പത്തും കയ്യൂക്കും കൊണ്ട് അടിച്ചമര്‍ത്താനാണ് എളുപ്പം, നീതി നിഷേധങ്ങളെ പൊളിച്ചെഴുതുന്നതിനേക്കാള്‍!

ജീവിതത്തില്‍ ഒരിക്കലും തൃപ്തി അനുഭവിക്കാത്തവരുണ്ട്. കാരണമിതാണ്, അവര്‍ ഒരിക്കലും മറ്റൊരാള്‍ക്കുവേണ്ടി വിശപ്പനുഭവിച്ചിട്ടില്ല എന്നതാണ്. ഏതോ ഒരാള്‍ക്കായി അലയേണ്ടി വന്നിട്ടില്ല!
മറ്റൊരാളുടെ നൊമ്പരം എന്‍റെ ഉറക്കം കെടുത്തിയിട്ടുമില്ല!

നീതിക്കുവേണ്ടി വിശപ്പും ദാഹവും സഹിക്കുന്നവനുവേണ്ടി ക്രിസ്തു വച്ചിരിക്കുന്ന സമ്മാനമെന്താണെന്നറിയുമോ?

സംതൃപ്തി – ജീവിതത്തോടുള്ള പൂര്‍ണതൃപ്തി!

ദൈവമേ, ഇനിയെന്നാണ് മറ്റൊരുത്തന്‍റെ നൊമ്പരങ്ങള്‍ എന്‍റേതു കൂടിയാവുക?

എന്നാവും അന്യനുവേണ്ടി എന്‍റെ കാലുവെന്തു പൊളളുക?

അന്നാദ്യമായി ഞാനൊന്നു സുഖമായി ഉറങ്ങും, സംതൃപ്തിയോടെ!

ദയാബായിയെപ്പോലെ!!

Leave a Comment

*
*