വാളൂരിയ സമൂഹം

സര്‍വാംഗം ആയുധമണിഞ്ഞ സമൂഹമായി നാം മാറിക്കൊണ്ടിരിക്കുന്നു. കൊലപാതകത്തില്‍ ഞെട്ടിത്തരിക്കാത്ത സമൂഹം. അപകടങ്ങള്‍കൊണ്ടുണ്ടാകുന്ന ആള്‍നാശത്തെക്കുറിച്ച് ഖേദിക്കാത്ത സമൂഹം. ചെറിയ പ്രകോപനങ്ങള്‍ക്കുപോലും അന്യന്‍റെ ജീവനെടുക്കാന്‍ തയ്യാറാകുന്ന തലമുറ. രക്തസാക്ഷികളെ ഉണ്ടാക്കുന്നത് രാഷ്ട്രീയപ്രവര്‍ത്തനത്തിന്‍റെ ഭാഗമായിട്ടെടുക്കുന്ന സമൂ ഹം. ആശിച്ചത് കിട്ടിയില്ലെങ്കില്‍ ജീവനെടുക്കുകയും അല്ലെങ്കില്‍ സ്വജീവന്‍ കളയാന്‍ തയ്യാറാകുകയും ചെയ്യുന്ന പുതുമുറക്കാര്‍. ഇന്ത്യാ-പാക്കിസ്ഥാന്‍ സംഘര്‍ഷമുണ്ടായപ്പോള്‍ യുദ്ധം വേണമെന്ന് മുറവിളി നടത്തിയ സൈബര്‍പോരാളികള്‍. നമ്മുടെ സമൂഹത്തില്‍-ജീവന്‍ കവരുന്ന രീതിയിലും അല്ലാതെയും-ഹിംസ പെരുകുന്നു എന്നത് നമ്മെ ആശങ്കപ്പെടുത്തണം. സാംസ്കാരികമായ അധഃപതനം മാത്രമല്ല ഇത്; ക്രൈസ്തവര്‍ എന്ന നിലയില്‍ നമ്മുടെ മൂല്യങ്ങളില്‍ നാം പരാജയപ്പെടുന്നതിന്‍റെ അടയാളംകൂടെയാണിത്. നമ്മെ നോക്കി ക്രിസ്തു പറയുന്നു, വാള്‍ അതിന്‍റെ ഉറയില്‍ ഇടുക; വാളെടുക്കുന്നവന്‍ വാളാല്‍ നശിക്കും (യോഹ. 18:10-11). നാം ചിന്തിക്കാനിടയുണ്ട്; ഒരു കോഴിയെപ്പോലും കൊന്നിട്ടില്ലാത്ത ഞാന്‍ ആര്‍ക്കെതിരെ വാളുയര്‍ത്താന്‍? പക്ഷേ, പ്രത്യക്ഷത്തില്‍ നല്ലവരായ മനുഷ്യരിലെ ഹിംസാത്മകത നാം തിരിച്ചറിയേണ്ടതുണ്ട്.

ഹിംസാത്മകത പ്രവൃത്തിയില്‍ മാത്രമല്ല പ്രകടമാകു ന്നത്. അതിനു വൈകാരികവും മാനസികവുമായ ഭാവങ്ങളുണ്ട്. തിരിച്ചടിക്കാന്‍ ശക്തിയില്ലാത്തതുകൊണ്ടു മാത്രം പ്രത്യാക്രമണം നടത്താത്ത നല്ല മനുഷ്യരുണ്ട്. അവര്‍ ആരോഗ്യമില്ലാത്ത അഹിംസാവാദികളാണ്. പെരുമാറ്റത്തില്‍ അടിയൊഴികെ എല്ലാം നടത്തുന്നവരുണ്ട്. മൂര്‍ച്ചയേറിയ വാളായി സ്വന്തം നാവിനെ അഭിമാനപൂര്‍വം ഉപയോഗിക്കുന്നവരുണ്ട്. ഹിംസയുടെ വക്കിലെത്തി ആയുധമണിഞ്ഞ വാക്കുകള്‍ വിക്ഷേപിക്കുന്നവര്‍. തെറിപ്പദങ്ങളും തെറിപ്പിക്കുന്ന വാക്കുകളും ഉപയോഗിക്കുന്നവര്‍ കുറവല്ല. സൈബര്‍ലോകത്തില്‍ ഹിംസാത്മകമായി ഇടപെടുന്നവരുടെ എണ്ണം കൂടിക്കൂടി വരുന്നത് ശ്രദ്ധേയമാണ്. സുവിശേഷത്തെയും ക്രിസ്തുവിനെയും സഭയെയും പ്രതിരോധിക്കാന്‍വേണ്ടി എതിരാളികളെ ഹീനപദങ്ങള്‍കൊണ്ട് അഭിഷേകം ചെയ്യുന്നവരുണ്ട്. അത്തരക്കാരുടെ പല പദങ്ങളും പ്രയോഗങ്ങളും ക്രോധം കൊണ്ട് ചുട്ടുപഴുത്തതാണ്. സഭയുടെ എതിരാളികളെ തെറിയഭിഷേകം നടത്തിയാല്‍ സഭയുടെ മുഖം ശോഭിക്കുമെന്ന് വിചാരിച്ചുപോകുന്നവര്‍! ഓര്‍ക്കാനുണ്ട്, വിശുദ്ധ ഹിംസ എന്നൊന്നില്ല. തകര്‍ക്കപ്പെടാനും കൊല്ലപ്പെടാനും സ്വയം സന്നദ്ധനാകുന്നവനു പത്രോസിന്‍റെ വാള്‍പ്രയോഗം ആവശ്യമില്ല.

ചെറുതും വലുതുമായ നിവര്‍ത്തന ഹിംസ (passive violence) നടത്തുന്ന മനുഷ്യരുണ്ട്. ഉദാഹരണത്തിന്, ഉച്ചഭക്ഷണം വിളമ്പിക്കഴിഞ്ഞ് എല്ലാവരും കഴിക്കാന്‍ വന്നിരിക്കുന്നു. ഇപ്പം വേണ്ട എന്നൊരു വാക്കും പറഞ്ഞ് അപ്പന്‍ ഉടനെ ടെലവിഷന്‍റെ മുമ്പോട്ടു നീങ്ങുന്നു. അതൊരു ഏകാംഗ പ്രതിഷേധജാഥയാണ്; ഹിംസാത്മകവും. മുറിഞ്ഞ വാക്കുകളില്‍മാത്രം സംഭാഷണം നടത്തിപ്പോകുന്ന ബന്ധങ്ങളുണ്ട്. കൂടുതല്‍ പറഞ്ഞിട്ടെന്ത് കാര്യം എന്ന് വിചാരിക്കുന്നവരും എന്നെക്കൊണ്ട് അധികം പറയിപ്പിക്കണ്ട എന്നു കരുതുന്നവരും ഇക്കൂട്ടത്തിലുണ്ടാകും. രണ്ടു കൂട്ടരും അടക്കിപ്പിടിച്ച ഹിംസയാണ് നടത്തുന്നത്. രാവിലെ ആറുമണിക്ക് തുടങ്ങേണ്ട വിശുദ്ധ കുര്‍ബാന ആറേകാലിനു തുടങ്ങുന്ന വൈദികന്‍ ബലിയര്‍പ്പിക്കാന്‍ കാത്തുനില്ക്കുന്നവരെ മൃദുവായി ഹിംസിക്കുകയാണ്. എന്നാല്‍ ന്യായമായ ഏതെങ്കിലും കാരണത്താല്‍ വൈകിപ്പോയ വൈദികനാണെങ്കില്‍ അദ്ദേഹം ജനത്തോട് വൈകിയതിനു ക്ഷമാപണം നടത്തും.

അധികാരത്തിന്‍റെയും പദവിയുടെയും ബലത്തില്‍ മറ്റുള്ളവരെ കൊല്ലാക്കൊല ചെയ്യുന്ന മനുഷ്യരുണ്ട്. ആവശ്യക്കാരെ ആശ്രിതരായി മാറ്റാതെ അവര്‍ അടങ്ങില്ല. പണ്ടു ചെയ്തുകൊടുത്ത സഹായത്തിന്‍റെ പേരില്‍ എപ്പോഴും വൈകാരികമായ കപ്പം വാങ്ങിക്കൊണ്ടിരിക്കുന്നവരുണ്ട്. സഹായം പറ്റിയവനെ കൊല്ലാതെ കൊന്നുകൊണ്ടിരിക്കുന്ന പണിയാണത്. സംഭാഷണം നടത്താന്‍ വശമില്ലാത്തവര്‍ എളുപ്പത്തില്‍ കല്പിച്ചുകൊണ്ടിരിക്കും. പുറത്തുവരുന്നതിനുമുമ്പേ എതിര്‍ശബ്ദങ്ങളെയെല്ലാം അവര്‍ ഞെരിച്ചുകളയുന്നു.

ഹിംസ നമ്മെയും മറ്റുള്ളവരെയും അപകടത്തിലാക്കുമെന്ന് ഈശോയ്ക്ക് അറിയാമായിരുന്നു. ഹിംസിക്കുന്നവനും അവന്‍റെ ഇരകളും ആത്മീയമായും ഭൗതികമായും വിലകൊടുക്കേണ്ടി വരും. അതുകൊണ്ട് ഹിംസയുടെ നേര്‍ത്ത രൂപങ്ങളെക്കുറിച്ചും ഈശോ ബോധവാനായിരുന്നു. കൊല്ലുന്നവന്‍ ന്യായവിധിക്ക് അര്‍ഹനാകുന്നതുപോലെ, സഹോദരനെ വിഡ്ഢീ എന്ന് വിളിക്കുന്നവന്‍ നരകാഗ്നിക്ക് ഇരയായിത്തീരും എന്നവന്‍ പഠിപ്പിച്ചു (മത്താ. 5:20, 22). ഒരാളെ വിഡ്ഢീ എന്ന് വിളിക്കുന്നതും ഒരുവനെ കൊല്ലുന്നതും സാമാന്യയുക്തിയനുസരിച്ച് ഒരുപോലെയല്ല. എന്നാല്‍ ഈശോ അവ രണ്ടും തമ്മില്‍ ഭേദം കല്പിച്ചില്ല എന്നത് നാം ശ്രദ്ധിക്കണം. എന്തെല്ലാം കാര്യങ്ങളിലായിരിക്കും ഊരിപ്പിടിച്ച വാള്‍ നാമിനിയും ഉറയില്‍ ഇടേണ്ടിവരുന്നത്?

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org