ചില കൊറോണാനന്തര വിചാരങ്ങള്‍

അജോ രാമച്ചനാട്ട്

എല്ലാം മാറിമറിഞ്ഞൊരു കാലത്തിലാണ് നമ്മള്‍. പഠിച്ചതും ശീലിച്ചതും നിര്‍മിച്ചെടുത്തതും ആയ ശീലങ്ങളും, രീതികളും മാറിമറിയുന്ന ഒരു കാലം. ദേഹത്ത് വന്നുതട്ടുന്ന ഇളംകാറ്റിനെക്കൂടി പേടിക്കുന്ന ഒരു കാലം. എന്നും രാവിലെ വീട്ടില്‍നിന്നും ഓടിയിരുന്നവര്‍ പഞ്ചപുച്ഛമടക്കി വീടുകള്‍ക്കുള്ളില്‍ അടക്കപ്പെട്ട കാലം. പണത്തിന്‍റെ, ബന്ധങ്ങളുടെ, സമൂഹ ജീവിതത്തിന്‍റെ, കൂട്ട ആത്മീയതയുടെ വിലയറിഞ്ഞ കാലം. ഇത് കൊറോണക്കാലം!

ആരോടും മിണ്ടാതെ, ആരെയും കാണാതെ ഇവിടെ പള്ളിമുറിയില്‍ ഇരുന്ന് ചില നേരത്തെങ്കിലും വല്ലാതെ വീര്‍പ്പുമുട്ടുന്നുണ്ട്. ഇടവക ജനത്തിന്‍റെ കൂടെയല്ലാതെയുള്ള ബലിയര്‍പ്പണം ആദ്യമൊക്കെ കണ്ണുനിറഞ്ഞു തന്നെയായിരുന്നു. ഓശാന ഞായര്‍ദിവസം വിശ്വാസ പ്രമാണം പൂര്‍ത്തിയാക്കാന്‍ കഴിയാതെ പോയി. (പാട്ടുകാരന്‍ ചേട്ടന്‍ കൃത്യസമയത്ത് പാടി പൂര്‍ത്തിയാക്കിയത് കൊണ്ട് യൂട്യുബിലൂടെ കുര്‍ബാനയില്‍ പങ്കെടുത്തവര്‍ക്കു കൂടി മനസ്സിലായില്ല എന്ന് കേട്ടപ്പേഴാണ് സമാധാനമായത്). Lock down ദിവസങ്ങളില്‍ ഏറ്റവും കൂടുതല്‍ മറുപടി കൊടുത്തത് വി. കുര്‍ബാനയില്‍ പങ്കെടുക്കാന്‍ പറ്റാത്തവരുടെ സങ്കടം പറച്ചിലുകള്‍ക്കാണ് !

സുഹൃത്തേ,
അടുത്ത കാലത്തെങ്ങും കേട്ടുകേള്‍വി ഇല്ലാത്ത പുത്തന്‍ ജീവിതക്രമങ്ങളി ലേയ്ക്ക് നമ്മള്‍ കടന്നു കഴിഞ്ഞു. ഏതു മതവുമാകട്ടെ, ആചാരങ്ങളുടെ അനിവാര്യതയായിരുന്ന സാമൂഹികക്രമങ്ങളെ ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതമായിരിക്കുകയാണ്. വിദ്യാഭ്യാസ മേഖലയാകട്ടെ വിപുലമായ പൊളിച്ചെഴുത്തുകള്‍ക്ക് വിധേയമാവുകയാണ്. കുടുംബങ്ങളുടെ അകത്തളങ്ങളില്‍ പൂപ്പല്‍ പിടിച്ചിരുന്ന പാരസ്പരികതകള്‍ക്ക് പുതുജീവന്‍ വച്ചിരിക്കുകയാണ്. ആരാധനാലയവും, ക്ലാസ്സ് റൂമും, ഹോട്ടലും, ക്ലബ്ബും, വായനശാലയും, ജിമ്മും എല്ലാം വീടകങ്ങള്‍ തന്നെ.

ആദ്യമൊക്കെ, വിര്‍ച്വല്‍ ആരാധനയും, വിര്‍ച്വല്‍ ക്ലാസുകളുമൊക്കെ രസമായിരുന്നു, ഹരമായിരുന്നു നമുക്ക്. എന്നാല്‍ നാളെയത് ചില പ്രത്യാഘാതങ്ങള്‍ സൃഷ്ടിച്ചേക്കുമോ എന്നെനിക്ക് ഭയമുണ്ട്.

ഒന്നാമത്, ദൈവാലയകേന്ദ്രീകൃതമായ ഒരു ആരാധനാപാരമ്പര്യത്തി നോടുള്ള മനോഭാവങ്ങളെ കൊറോണ പൊളിച്ചെഴുതിയേക്കാം. ആത്മീയജീവിതത്തിന്‍റെ സമൂഹപരതയും, ശാരീരികസാന്നിധ്യവും ചോദ്യം ചെയ്യപ്പെടാന്‍ സാധ്യതയുണ്ട്. കൊറോണക്കാലത്ത് ലഭിച്ചിരുന്ന ഇളവുകളിലും ഓണ്‍ലൈന്‍ സൗകര്യങ്ങളിലും മനുഷ്യര്‍ തൃപ്തിപ്പെട്ടേക്കാം.

രണ്ടാമത്, വിദ്യാഭ്യാസമേഖലയുടെ തകര്‍ച്ചയാണ്. കൊറോണയ്ക്കു മുന്‍പ് ഉണ്ടായിരുന്ന അധ്യാപകരുടെയും ചില കുട്ടികളുടെയും പരാതി, 'ഒരിടത്തും എത്തുന്നില്ല' എന്നതായിരുന്നു. അപ്പോള്‍ പിന്നെ ഗെയിം കളിക്കാനും, ചാറ്റിംഗിനും ഉപയോഗിച്ചിരുന്ന മൊബൈല്‍/ കംപ്യൂട്ടര്‍ സ്ക്രീനില്‍ നോക്കി അറിവിന്‍റെ മണ്ഡലങ്ങളെ, ഗൗരവ ബുദ്ധിയോടെ വികസിപ്പിക്കാനുള്ള മാനസിക പക്വതയും വിവേകവും നമ്മുടെ കുട്ടികള്‍ പ്രകടിപ്പിക്കുമോ?

മൂന്നാമത്, വലിയ പ്രതിസന്ധി നേരിടാന്‍ പോകുന്നത് സാമ്പത്തിക മേഖലയാണ്. പ്രവാസികളുടെ വിയര്‍പ്പിന്‍റെ മേല്‍ പണിതതല്ലാതെ മലയാളിക്ക് വേറെയെന്തുണ്ട്? സ്വപ്നങ്ങളും ആഗ്രഹങ്ങളും തട്ടിയെറിഞ്ഞ് നാലരലക്ഷം പ്രവാസികള്‍ നാട്ടിലേക്ക് തിരിക്കുമ്പോള്‍, ജോലി ഉള്ളവര്‍ക്ക് ശമ്പളം വെട്ടിക്കുറയ്ക്കുമ്പോള്‍ കേരളത്തിന്‍റെ സാമ്പത്തിക ഭാവി ഏതവസ്ഥയിലെത്തും? ഇവിടെ ഉള്ളവര്‍ക്ക് തന്നെ ഉപജീവനമാര്‍ഗങ്ങള്‍ നഷ്ടപ്പെട്ടുകഴിഞ്ഞു. പ്രവാസികളുടെ മടങ്ങി വരവ് കൂടിയാകുമ്പോള്‍ കേരളം എങ്ങനെ അതിജീവിക്കും പുതിയ പ്രതിസന്ധികളെ?

തമിഴ്നാടും ആന്ധ്രയും സമ്മാനിച്ചിരുന്ന ഭക്ഷ്യ വിഭവങ്ങള്‍ക്ക് പകരം സംവിധാനങ്ങള്‍ നമുക്ക് നിര്‍മിച്ചെടുക്കാനാവുമോ?

നാലാമത്, ബന്ധങ്ങളോടും കടമകളോടുമുള്ള അകല്ച്ചയാണ്. കൊറോണ ക്കാലം സമ്മാനിച്ച മാനസിക അകലങ്ങളില്‍ മനുഷ്യന്‍ പതിയെ ഒരു ഗൂഢ ആനന്ദം കണ്ടെത്താന്‍ തുടങ്ങിയോ? ഉറ്റവരും ഉടയവരും ഉള്‍പ്പെടെ, എല്ലാവരോടും എല്ലാറ്റിനോടുമുള്ള നിസംഗതയും അലസതയുമാകുമോ കൊറോണ ലോക്ക്ഡൗണ്‍ നമുക്കു സമ്മാനിക്കുക?

ഏതായാലും, കൊറോണാനന്തരകാലം ആശാവഹമാകാന്‍ തരമില്ല. കൊറോണക്കാലത്ത് പ്രകടിപ്പിച്ച ഒത്തൊരുമയും പക്വതയും നമ്മള്‍ ഇനിയും പ്രകടിപ്പിച്ചേ മതിയാകൂ. മലയാളികളുടെ ധീരതയും പ്രശ്ന പരിഹാരപാടവവും BBC പ്രകീര്‍ത്തിച്ചതോടെ തീരാനുള്ളതല്ല. മലയാളിയുടെ നിപുണതയും ധൈര്യവും ഒരുമയും പതിന്മടങ്ങാകട്ടെ. കെട്ടുറപ്പുള്ള ഒരു കൊറോണാനന്തര സമൂഹം രൂപപ്പെടട്ടെ.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org