Latest News
|^| Home -> Pangthi -> കാലവും കണ്ണാടിയും -> ഇനി കൃഷിയിടങ്ങളിലേക്ക്…

ഇനി കൃഷിയിടങ്ങളിലേക്ക്…

സിജോ കണ്ണമ്പുഴ OM

ഓരോ പതിസന്ധിയും മനുഷ്യനെ കൂടുതല്‍ ക്രിയാത്മകവും യുക്തിഭദ്രവുമായി ചിന്തിക്കാന്‍ പ്രേരിപ്പിക്കും. ആ ചിന്തകളുടെ ബഹിര്‍സ്ഫുരണങ്ങളാണ് പ്രതിസന്ധികളെ എതിര്‍ത്തു തോല്‍പ്പിക്കാന്‍ അവനെ സഹായിക്കുക. മനുഷ്യന്‍റെ ചരിത്രം എന്നും ഇത്തരത്തിലുള്ള വെല്ലുവിളികളുടെയും സംഘര്‍ഷങ്ങളുടെയും അതിജീവനത്തിന്‍റെയും സമരസപ്പെടലിന്‍റെയും ആകെത്തുകയായിരുന്നു. സ്വാതന്ത്രലബ്ധിക്ക് ശേഷം തളര്‍ന്നും തകര്‍ന്നും കിടന്നിരുന്ന കാര്‍ഷികമേഖല, ഭക്ഷ്യസുരക്ഷയുടെ മേച്ചില്‍പുറങ്ങളില്‍ എത്തിച്ചേര്‍ന്നതിനു പിന്നില്‍ ഇങ്ങനെയൊരു അതിജീവനത്തിന്‍റെ കഥയുണ്ട്. ഒരു രാഷ്ട്രത്തെയും ഒരു സമൂഹത്തെയും സംബന്ധിച്ചിടത്തോളം ഭക്ഷ്യസുരക്ഷാ എത്രമാത്രം പ്രധാനപ്പെട്ടതാണ് എന്ന് നാം ഈ കൊറോണക്കാലത്ത് പിന്നെയും തിരിച്ചറിഞ്ഞതാണ്. അയല്‍ക്കാരുടെ കാരുണ്യത്തിനും സന്മനസ്സിനും അനുസരിച്ച് ഭക്ഷണം കഴിക്കേണ്ടി വരിക എന്നത് ഒരു ഗതികേടാണ്.

കൊറോണക്ക് ശേഷമുണ്ടാകുമെന്ന് കരുതപ്പെടുന്ന ഭക്ഷ്യക്ഷാമം കേരളസമൂഹം ഇപ്പോള്‍ തന്നെ വളരെ ഗൗരവമായി കൈകാര്യം ചെയ്യേണ്ടതുണ്ട്. എന്തിനും ഏതിനും അയല്‍ സംസ്ഥാനങ്ങളെ ആശ്രയിച്ചിരുന്ന നമുക്ക് ഇനി അത് സാധ്യമാകണമെന്നില്ല. ഇവിടെയാണ് നമ്മള്‍ മറന്നുപോയതും ഒഴിവാക്കിയതുമായ കൃഷിശീലങ്ങളിലേക്ക് മടങ്ങിപ്പോകേണ്ടതിന്‍റെ ആവശ്യകത അടങ്ങിയിരിക്കുന്നത്. ഓരോ കുടുംബവും ഇടവകയും തങ്ങള്‍ ഉള്‍ക്കൊള്ളുന്ന സമൂഹത്തിന് ആവശ്യമായ പച്ചക്കറികളും കിഴങ്ങുവര്‍ഗ്ഗങ്ങളും ഫലങ്ങളും ഉത്പാദിപ്പിക്കാനും മറ്റുള്ളവരുമായി പങ്കുവയ്ക്കാനും തയ്യാറായില്ലെങ്കില്‍ കൊറോണയ്ക്ക് ശേഷമുള്ള നമ്മുടെ അതിജീവനം അല്പം കഠിനമായിരിക്കും.

കേരള സംസ്കാരത്തിന്‍റെ അവിഭാജ്യഘടകമായിരുന്ന കൃഷിയും അതുമായി ബന്ധപ്പെട്ട മറ്റ് ജോലികളും എങ്ങനെ ഇത്രമാത്രം കാലഹരണപ്പെട്ടു എന്ന് ചിന്തിക്കുന്നതും ഇത്തരുണത്തില്‍ ഉചിതമായിരിക്കും. കൊറോണ കൊണ്ടുവരുന്ന കഷ്ടകാലത്തില്‍ നിന്നുള്ള ഒരു മോചനം മാത്രമായല്ല ഇനിയുള്ള കാലത്തെ ജീവിതത്തെ അല്പം കൂടി മെച്ചപ്പെടുത്താനും പ്രകൃതിയോടിണങ്ങിയ, പാരമ്പര്യ കൃഷിരീതികളെ ബഹുമാനിക്കുന്ന ഒരു കൃഷിസംസ്കാരം വളര്‍ത്തിയെടുക്കാനും അത് സഹായിക്കും.

സ്വന്തം പിതാവിന്‍റെ ജോലി എന്താണെന്നുള്ള കോളത്തില്‍ ഭൂരിഭാഗവും കൃഷി എന്നെഴുതിയിരുന്ന ഒരു കാലം കഴിഞ്ഞ 30 വര്‍ഷം മുമ്പുവരെ ഉണ്ടായിരുന്നു. ഇന്നത് തുലോം കുറവായിരിക്കുന്നു. എങ്ങനെ ഈ അവസ്ഥയിലെത്തി? നല്ലൊരു ശതമാനം കര്‍ഷകരും ലാഭകരമായതുകൊണ്ട് കൃഷിപ്പണി ചെയ്യുന്നതല്ല; അവര്‍ക്ക് വേറെ നിവര്‍ത്തി ഇല്ലാത്തതുകൊണ്ട് ചെയ്തുപോകുന്നതാണ്.

മണ്ണിലിറങ്ങുന്നതും അദ്ധ്വാനിക്കുന്നതും വിയര്‍ക്കുന്നതും ഒരു സ്റ്റാറ്റസ് പ്രശ്നമാവുകയും എല്ലാവരും കറങ്ങുന്ന കസേരയിലും സര്‍ക്കാര്‍ ജോലി നല്‍കുന്ന സുരക്ഷയിലും കണ്ണുടക്കുകയും ചെയ്തപ്പോള്‍ കാര്‍ഷീക രംഗത്തിന്‍റെ അധഃപതനം ആരംഭിച്ചു. എത്ര അദ്ധ്വാനിച്ചാലും ചിലവുപോലും കണ്ടെത്താനാകാതിരിക്കുകയും കര്‍ഷകന്‍ ഏത് രാഷ്ട്രീയ/മത നേതാക്കള്‍ക്കും കൊട്ടാനുള്ള ചെണ്ടയാവുകയും ചെയ്തതോടെ പലരും ജീവിക്കാന്‍ മറ്റുവഴികള്‍ ആലോചിച്ചു. വിദേശ രാജ്യങ്ങളിലെ ജോലി സാധ്യതകളും സര്‍ക്കാരുകളുടെ കെടുകാര്യസ്ഥതയും കര്‍ഷകനെ അവസാനം കുരിശില്‍ തറച്ചു. അവനുവേണ്ടി എഴുന്നേറ്റുനിന്നു സംസാരിക്കുവാനോ അവനുവേണ്ടി കാര്യമാത്ര പ്രസക്തമായ നിലപാടുകള്‍ എടുക്കുവാനോ ആര്‍ക്കും സാധിച്ചില്ല. ചില ഭാഗങ്ങളില്‍നിന്നും ഉണ്ടായ മുന്നേറ്റങ്ങള്‍ ഫലപ്രാപ്തിയില്‍ എത്തിയതുമില്ല.

ഇതൊരു അതിജീവനത്തിന്‍റെ സമയമാണ്. ഇതിലും അനുകൂലമായ ഒരു സമയം വരാനില്ല. കേരള സഭക്ക് ഈ അവസരത്തില്‍ ഒത്തിരി ചെയ്യാനുണ്ട്. സഭ കര്‍ഷകര്‍ക്കുവേണ്ടി ഇന്നുവരെ നടത്തിയിട്ടുള്ള എല്ലാ പ്രവര്‍ത്തനങ്ങളില്‍നിന്നും പാഠമുള്‍ക്കൊണ്ടുകൊണ്ട്, അതിന്‍റെ കുറവുകളും പോരായ്മകളും മനസ്സിലാക്കി പുതിയ ആശയങ്ങള്‍ അവതരിപ്പിക്കാനും അത് പ്രാവര്‍ത്തികമാക്കാനും സാധിക്കേണ്ട സമയമാണ്. കഴിഞ്ഞുപോയ കാലങ്ങളിലെ ഏതാനും പോരായ്മകള്‍ ആവര്‍ത്തിക്കാതിരിക്കാനും കരുതലുണ്ടാകണം.

കാര്‍ഷികമേഖലയ്ക്കുവേണ്ടി സഭ നടത്തിയ മുന്നേറ്റങ്ങള്‍ പലപ്പോഴും ചില പ്രദേശങ്ങളിലും ചില രൂപതകളിലും മാത്രമാണ് ശക്തിയാര്‍ജ്ജിച്ചത്. അത് കേരളസഭയുടെ മുഴുവന്‍ ആവശ്യമായോ നിര്‍ദ്ദേശമായോ പലപ്പോഴും എല്ലാവരാലും പരിഗണിക്കപ്പെട്ടില്ല. ഈ വിധമുള്ള വിഭാഗീയതയ്ക്ക് മാറ്റമുണ്ടാകണം. കൃഷിയും ഭക്ഷ്യസുരക്ഷയും എല്ലാവരെയും ഒരുപോലെ ബാധിക്കുന്ന കാര്യങ്ങളാണെന്ന പൊതുബോധം വളര്‍ത്താനും ഈ അവസരങ്ങള്‍ ഉപയോഗിക്കപ്പെടണം. അത് കേരളത്തിലെ ഏതെങ്കിലും പ്രത്യേക പ്രദേശത്തുള്ളവരുടെ സ്വകാര്യമായ പ്രശ്നമല്ല എന്നത് എല്ലാവരും തിരിച്ചറിയണം.

സഭയുടെ ഭാഗത്തുനിന്നുണ്ടായ കര്‍ഷകര്‍ക്കുവേണ്ടിയുള്ള പല നിലപാടുകളും വിവിധങ്ങളായ ആവശ്യങ്ങള്‍ സര്‍ക്കാരില്‍നിന്ന് നടത്തിക്കിട്ടുവാനായിരുന്നു. സഭാമക്കളായ കര്‍ഷകര്‍ക്ക് സഭയുടെ ഭാഗത്തുനിന്ന് എന്ത് സാന്ത്വനവും പ്രതീക്ഷയുമാണ് നല്‍കാന്‍ സാധിച്ചത് എന്നത് കൂടി നാം പരിഗണിക്കേണ്ടിയിരിക്കുന്നു. സര്‍ക്കാര്‍ നല്‍കേണ്ട അവകാശങ്ങള്‍ക്കുവേണ്ടി ശബ്ദമുയര്‍ത്തുന്നതോടോപ്പം സഭയുടെ ഭാഗത്തുനിന്നുള്ള കടമകള്‍ ചെയ്തുതീര്‍ത്തു എന്ന് ഉറപ്പു പറയാനും സാധിക്കണം.

കര്‍ഷകരുടെ ഏറ്റവും പ്രധാന പ്രശ്നം അവരുടെ ഉത്പന്നങ്ങള്‍ക്ക് മതിയായ വില കിട്ടുന്നില്ല എന്നതും ആവശ്യക്കാരില്ല എന്നതുമാണ്. ‘ഇടവക ചന്ത’ എന്ന ആശയം ആഴ്ചയിലെ സൗകര്യപ്രദമായ ഒരു ദിവസം നടത്തിയാല്‍ കര്‍ഷകര്‍ക്ക് അവരുടെ വിളകള്‍ എത്തിക്കുവാനും ആവശ്യക്കാര്‍ക്ക് മാന്യമായ വിലക്ക് ലഭ്യമാക്കാനും കഴിയും. ഈ ചന്തകളിലേക്ക് മറ്റ് മതസ്ഥര്‍ക്കും പ്രവേശനം അനുവദിക്കുക.

ഓരോ ഭവനവും അതിനാവശ്യമായ പച്ചക്കറികളെങ്കിലും സ്വന്തമായി കൃഷി ചെയ്യട്ടെ. ഇടവകയുടെയോ, ഇടവകയിലെ സന്ന്യാസ ഭവങ്ങളുടെയോ, അല്ലെങ്കില്‍ ഇടവകാതിര്‍ത്തിയില്‍ തരിശായിക്കിടക്കുന്ന ഇടങ്ങളില്‍ മാതൃവേദി, പിതൃവേദി, യുവജനങ്ങള്‍ എന്നിവരുടെ നേതൃത്വത്തില്‍ കൃഷിയിറക്കുക. ഓരോ ഇടവകയും അവരുടെ പരിധിയില്‍ സ്ഥലങ്ങള്‍ വെറുതെ കിടക്കുന്നില്ല എന്ന് ഉറപ്പുവരുത്തട്ടെ.

ആവശ്യത്തിന് വിത്തിനങ്ങള്‍ എത്തിച്ചുകൊടുക്കാനും ഓരോ സ്ഥലത്തിനും ഇണങ്ങുന്ന കൃഷിരീതികള്‍ അവിടെയുള്ള മുതിര്‍ന്ന കര്‍ഷകരില്‍ നിന്ന് സ്വായത്തമാക്കാനും ഇടവകയുടെയും സോഷ്യല്‍ സര്‍വീസ് സംഘങ്ങളുടെയും സഹായം നല്‍കുക.

വിവിധ സര്‍ക്കാര്‍/സര്‍ക്കാരിതര ഏജന്‍സികളുമായി ചേര്‍ന്ന് കര്‍ഷകര്‍ക്ക് പലിശ രഹിത വായ്പകള്‍ ലഭ്യമാക്കുക.

സാമ്പത്തീകമായി ബുദ്ധിമുട്ടനു ഭവിക്കുന്ന കര്‍ഷകരെ പിരിവുകളില്‍ നിന്നും ഒഴിവാക്കുക.

കര്‍ഷകരുടെ അവകാശങ്ങള്‍, അവര്‍ക്ക് ലഭിക്കേണ്ട പെന്‍ഷനുകള്‍, ആനുകൂല്യങ്ങള്‍ എന്നിവയെക്കുറിച്ച് അവര്‍ക്ക് അറിവ് നല്‍കുക.

കൃഷിയോട് ഇനിയുള്ള തലമുറയെ ചേര്‍ത്തുനിര്‍ത്താനും തനതായ കൃഷിരീതികളുടെ നാശം തടയാന മുള്ള ഒരു അവസരമായി ഈ സമയത്തെ നമുക്ക് മാറ്റിയെടുക്കാം. കൊറോണയുടെ ക്ഷീണങ്ങള്‍ നമ്മെ അലട്ടുന്നത് കൂടുതലായും ഭക്ഷണമേശയിലായിരിക്കും. അതിന് ഇപ്പോള്‍ തന്നെ നാം ഇറങ്ങി പ്രവര്‍ത്തിക്കേണ്ടിയിരിക്കുന്നു. ഇനിയും വൈകരുത്. ഇങ്ങനെയൊരു അവസരം ഇനി കിട്ടിയില്ല എന്നുവരാം.

Leave a Comment

*
*