വീണ്ടും ഒരു സ്മാര്‍ത്ത വിചാരം

വീണ്ടും ഒരു സ്മാര്‍ത്ത വിചാരം

മലയാളിയുടെ വ്യാജസദാചാരബോധത്തെ തൊലിയുരിഞ്ഞു കാട്ടിയ സംഭവങ്ങളിലൊന്ന് കുറിയേടത്ത് താത്രിയുടെ സ്മാര്‍ത്ത വിചാരമായിരുന്നു. മൂത്തപുത്രന്മാര്‍ക്കു മാത്രം സ്വജാതി വിവാഹം അനുവദിച്ചിരുന്ന നമ്പൂതിരി സമുദായത്തില്‍ വേളിക്കു യോഗമില്ലാതെ ഒട്ടനവധി പെണ്‍കുട്ടികള്‍ കഴിഞ്ഞിരുന്നു. നമ്പൂതിരി പുരുഷന്മാരെപ്പോലെ നായര്‍ കുടുംബങ്ങളുമായുള്ള സംബന്ധത്തിന് സ്ത്രീകള്‍ക്ക് അനുവാദമില്ലാതിരുന്നതിനാല്‍ ഒട്ടനവധി നമ്പൂതിരി സ്ത്രീകള്‍ ഇല്ലങ്ങളില്‍ വിവാഹ ഭാഗ്യമില്ലാതെ കഴിഞ്ഞിരുന്നു. വിവാഹത്തിന് അനുവാദമുണ്ടായിരുന്ന കുടുംബകാരണവന്മാരായ നമ്പൂതിരിമാരുടെ നാലാംവേളിവരെയാകാന്‍ ഇവര്‍ നിര്‍ബന്ധിക്കപ്പെട്ടിരുന്നു. വല്യപ്പന്‍റെ പ്രായമുള്ള കുടുംബ കാരണവന്മാരുടെ ഭാര്യമാരാകാന്‍ ഈ പെണ്‍കുട്ടികള്‍ വിധിക്കപ്പെട്ടിരുന്നു. തന്മൂലം ഇരുപതുകളിലെത്തുമ്പോഴേക്കും വൈധവ്യം വരിക്കേണ്ടി വന്നവരുടെ എണ്ണം ഏറെയായിരുന്നു. ഇത്തരം സ്ത്രീകള്‍ ലൈംഗിക ചൂഷണത്തിനും വ്യഭിചാരത്തിനും നിര്‍ബന്ധിക്കപ്പെട്ടിരുന്നു. സ്ത്രീകളുടെ സദാചാര ഭംഗത്തെ വിചാരണ ചെയ്യാനുള്ള സമുദായാചാരമാണ് സ്മാര്‍ത്ത.

അരങ്ങാട്ടുകരക്കാരി താത്രിക്കുട്ടിയെ സ്മാര്‍ത്ത വിചാരം നടത്താനുള്ള ശ്രമമാണ് വ്യാജസദാചാരബോധത്തിനു തിരിച്ചടിയായത്. നാട്ടിലെ അറിയപ്പെടുന്ന മാന്യന്മാരെല്ലാം തന്‍റെ ഇടപാടുകാരായിരുന്നു എന്ന് താത്രിക്കുട്ടി ഘട്ടംഘട്ടമായി വെളിപ്പെടുത്തി. പേരിന്‍റെ പട്ടിക 65 എണ്ണം കടന്നപ്പോള്‍ സ്മാര്‍ത്തവിചാരക്കാര്‍ പതറി. കൊച്ചി രാജാവ് ഇടപെട്ട് പട്ടികയ്ക്കു പൂര്‍ണ്ണവിരാമമിട്ടു. മദ്രാസ് ഹൈക്കോടതി വരെയെത്തിയ സ്മാര്‍ത്ത വിചാരക്കേസിന്‍റെ കോളിളക്കം ഇന്നും തുടരുകയാണ്.

സ്മാര്‍ത്ത വിചാരക്കഥ പുനരാഖ്യാനം ചെയ്യാന്‍ ഇടവരുത്തിയത് സോളാര്‍ കേസിന്‍റെ പുനരാഗമനമാണ്. അധികാരം പിടിക്കാന്‍ ഭരണകക്ഷി സമര്‍ത്ഥമായി ഉപയോഗിച്ച വാളായിരുന്നു സോളാര്‍ വിവാദം. ഭരണത്തിലേറി വാര്‍ഷികം കഴിഞ്ഞിട്ടും സ്വതേ ദുര്‍ബ്ബലമായ പ്രതിപക്ഷത്തെ പ്രതിരോധിക്കാന്‍ സോളാര്‍ വിവാദം മാത്രമേ ഭരണകക്ഷിയുടെ മുന്നിലുള്ളൂ എന്ന തിരിച്ചറിവ് സാമാന്യജനത്തിന് സമ്മാനിക്കുന്നത് നിരാശയാണ്. എല്ലാം ശരിയാക്കാം എന്ന വാഗ്ദാനവുമായി ഭരണത്തിന്‍റെ സാരഥ്യം ഏറ്റെടുത്ത മുഖ്യമന്ത്രി നേരിട്ടു പത്രസമ്മേളനം നടത്തി പറയാന്‍മാത്രം വലിയ കാര്യമാണോ ഈ ആധുനിക സ്മാര്‍ത്ത വിചാരത്തിന്‍റെ ചീഞ്ഞ കഥകള്‍? ആവര്‍ത്തന വിശകലനംകൊണ്ട് സാധാരണക്കാരന് ഓക്കാനത്തോളം എത്തിയ സോളാര്‍ വിവാദത്തിന്‍റെ രണ്ടാം ഭാഗത്തിന്‍റെ അവതാരകനായി മുഖ്യമന്ത്രി അവതരിച്ചത് അപമാനകരമായി എന്നു പറയാതെ തരമില്ല. അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടിലെ പറയേണ്ട കാര്യങ്ങളൊന്നും പറയാതെ നിക്ഷിപ്ത താല്പര്യമുള്ളവ മാത്രം വെളിപ്പെടുത്തുമ്പോള്‍ ഭരണനേട്ടമൊന്നും നിരത്താനില്ലാത്ത സര്‍ക്കാരിന്‍റെ താല്‍ക്കാലിക പിടിവള്ളിയായി മാത്രം ഈ വിവാദത്തിന്‍റെ പുനരവതാരത്തെ കരുതാനാണ് നിഷ്പക്ഷമതികള്‍ക്ക് താല്പര്യം.

ആരോപണ വിധേയര്‍ കുറ്റക്കാരാണെങ്കില്‍ അന്വേഷണം നടത്താനും നിയമനടപടികള്‍ സ്വീകരിക്കാനും ഈ സ്മാര്‍ത്ത വിചാരണയുടെ ആവശ്യമുണ്ടോ? ആരോപണം ഉന്നയിക്കുന്നവരെക്കാള്‍ വിശ്വാസ്യത ആരോപണവിധേയര്‍ക്ക് സമൂഹത്തിലുണ്ടെന്ന് അറിയാവുന്നതുകൊണ്ടാകാം ആരോപണത്തിന് കൊഴുപ്പുകൂട്ടാന്‍ മുഖ്യമന്ത്രിതന്നെ എത്തിയത്. ജനപ്രതിനിധികളുടെ തനിനിറം വെളിപ്പെടുത്താനും സ്ത്രീസുരക്ഷയെ ഉറപ്പു വരുത്താനുമാണ് ഭരണകൂടം ലക്ഷ്യമാക്കുന്നതെങ്കില്‍ അതിന് കേരളസമൂഹത്തിന്‍റെ മുഴുവന്‍ പിന്തുണയുണ്ടാകും. എന്നാല്‍ അതിന് ഇത്തരം പൊറാട്ടു നാടകങ്ങള്‍ പോരാ. അതിനുള്ള ആത്മബലമില്ലാത്തപ്പോഴാണ് ഭരണകൂടം തന്നെ ചെളിവാരിയെറിഞ്ഞ് സംതൃപ്തരാകുന്നത്.

നിയമം എപ്പോഴും അധികാരത്തിന്‍റെ കയ്യിലെ ആയുധമാകാറുണ്ട്. ദേശീയനേതാവിന്‍റെ പുത്രനെതിരേ അഴിമതി ആരോപണമുണ്ടായപ്പോള്‍ നിയമത്തിന്‍റെ ഉരുക്കുകോട്ട കെട്ടി സംരക്ഷണം ഏര്‍പ്പെടുത്തിയവരും എതിര്‍പക്ഷത്തെ അരിഞ്ഞു വീഴ്ത്താന്‍ നിയമത്തിന്‍റെ ഖഡ്ഗം വീശുന്നവരും ഒരുപോലെ ജനാധിപത്യ ധ്വംസനം നടത്തുകയാണ്. നിയമം ഒരിക്കലും നിയമത്തിന്‍റെ വഴിക്കു പോകാറില്ല. പകരം നിയമം എപ്പോഴും അധികാരത്തിന്‍റെ വഴിയേയാണ് നടക്കാറുള്ളത്. മെഡിക്കല്‍ കോഴക്കേസും ബന്ധുനിയമന കേസും പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടിവന്ന അധികാരികളുടെ പത്രപ്രസ്താവനകള്‍ മഞ്ഞപത്രങ്ങളുടെ നിലവാരത്തിനപ്പുറം വളരേണ്ടതുണ്ട്.

കുറിയേടത്തു താത്രിയുടെ സ്മാര്‍ത്തവിചാരത്തിലെ ആരോപിതരുടെ പട്ടിക 65-ല്‍ ഒതുക്കിയത് കൊച്ചി രാജാവിന്‍റെ ഇടപെടല്‍ മൂലമാണ്. കൊച്ചി രാജാവ് കാലം ചെയ്തതിനാല്‍ പുതിയ പട്ടിക ഇനിയും നീളുമെന്ന് പ്രത്യാശിക്കാം. മലയാളിയെ ഇക്കിളിപ്പെടുത്താന്‍ സോളാര്‍ വാര്‍ത്തകളില്‍ മത്സരിക്കുന്ന മാധ്യമങ്ങള്‍ക്കൊപ്പം ഭരണകൂടം അണിചേരുന്നതിന്‍റെ അപകടമാണ് നാം തിരിച്ചറിയേണ്ടത്. മാന്യന്മാരുടെ പേരുപറഞ്ഞ് സ്വന്തം തെറ്റിനെ സമര്‍ത്ഥമായി മറച്ച കുറിയേടത്തു താത്രിമാര്‍ക്ക് ഭരണകൂടം കുടപിടിക്കരുത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org