നമ്മുടെ സമയം, ദൈവത്തിന്‍റെയും

കാനായിലെ വീട്ടില്‍ കല്യാണമേളം. വിരുന്നിനിടെ അപ്രതീക്ഷിതമായി വീഞ്ഞുപാത്രങ്ങള്‍ കാലിയായി. അവിടെ ഈശോ തന്‍റെ ആദ്യത്തെ അത്ഭുതകരമായ ഇടപെടല്‍ നടത്തി (യോഹ 2:1-11). ഈശോക്ക് അത്ഭുതം പ്രവര്‍ത്തിക്കാന്‍ ആ വീട്ടില്‍ സമയം കിട്ടി എന്നത് നിര്‍ണ്ണായകമായ കാര്യമാണ്. മാതാവിന് ഇടപെടാനും ജോലിക്കാര്‍ക്ക് വെള്ളം കോരാനും സമയം കിട്ടി. കല്യാണവീട്ടില്‍ വീഞ്ഞുതീര്‍ന്നുപോയപ്പോള്‍ മറ്റ് രണ്ടു സാധ്യതകള്‍ ഉണ്ടായിരുന്നു. വീഞ്ഞുപാത്രങ്ങളെല്ലാം പെറുക്കിക്കൊടുത്ത് ഗൃഹനാഥന് തന്‍റെ ജോലിക്കാരെ അടുത്ത കടകളിലേയ്ക്കും അയല്‍പക്കങ്ങളിലേയ്ക്കും ഓടിക്കാമായിരുന്നു. അതുമല്ലെങ്കില്‍ അയാള്‍ക്ക് തന്‍റെ വിരുന്നുകാരുടെ മുന്നില്‍ നാണംകെടാന്‍ തീരുമാനിക്കാമായിരുന്നു. കൈപ്പിഴ പറ്റിപോയി ചങ്ങാതിമാരെ, വീഞ്ഞു തീര്‍ന്നു. നിങ്ങള്‍ എന്നെ എന്തുവേണമെങ്കിലും പറഞ്ഞോ എന്ന മട്ടില്‍ ഒരു നില്പങ്ങു നില്ക്കാമായിരുന്നു. ഇത് രണ്ടും അയാള്‍ ചെയ്തില്ല. യുക്തിസഹമായ ഈ രണ്ടു സാധ്യതകള്‍ക്കിടയില്‍ അയാള്‍ അനുവദിച്ച സമയത്താണ് ഈശോ അത്ഭുതം പ്രവര്‍ത്തിക്കുന്നത്. മനുഷ്യര്‍ ദൈവത്തിന് സമയം അനുവദിക്കുമ്പോഴാണ് ദൈവം നിര്‍ണ്ണായകമായി ദൈവികമായ രീതിയില്‍ ഇടപെടുന്നത്.

മോശയും ഇസ്രായേല്‍ ജനവും ഫറവോയുടെ നാട്ടില്‍നിന്ന് ഓടിരക്ഷപ്പെടുന്ന രംഗം (പുറ. 14). എടുക്കാവുന്നതെല്ലാം കൈക്കലാക്കി ജീവന്‍ വാരിപ്പിടിച്ച് നാടുവിടുന്ന ഒരു കൂട്ടം മനുഷ്യര്‍. അവരുടെ ഓട്ടം എത്തിപ്പെട്ടത് ചെങ്കടലിനു മുന്നിലാണ്. പിന്നാലെ ഇരച്ചുവരുന്ന ഫറവോയുടെ സൈന്യം. ചെകുത്താനും കടലിനും മദ്ധ്യേ നിന്ന ആ നിര്‍ണ്ണായക നിമിഷങ്ങളില്‍ മോശയ്ക്കും ജനത്തിനും മാനുഷികയുക്തി അംഗീകരിക്കുന്ന രണ്ടു സാധ്യതകള്‍ ഉണ്ടായിരുന്നു. ഒന്നാമത്തേത്, വാളുകൊണ്ട് മരിക്കേണ്ട, വെള്ളം കുടിച്ച് മരിക്കാം എന്ന് കൂട്ടത്തോടെ തീരുമാനിച്ച് കടലിലേക്ക് ചാടുക. രണ്ടാമത്തേത്, അല്പംകൂടെ തന്ത്രപരമാണ്. പിടിക്കപ്പെട്ടു എന്ന് മനസ്സിലാക്കി പരുക്കുകള്‍ പരമാവധി കുറച്ച് കീഴടങ്ങുകതന്നെ. പാഞ്ഞുവരുന്ന സൈന്യനിരയ്ക്ക് നേരെ തിരിച്ചുചെല്ലുക. മോശ ചെന്ന് സൈന്യാധിപനോട് ചോദിക്കണം, നിങ്ങളെന്താ എല്ലാവരുംകൂടെ പതിവില്ലാത്തവിധം ഈ കടല്‍ത്തീരത്തേക്ക്..? ഈജിപ്ത് വിട്ടുപോന്ന ഇസ്രായേല്ക്കാരില്‍ എല്ലാവരും എപ്പോഴും ദൈവത്തിന് സമയം നല്കാന്‍ തക്കവിധമുള്ള വിശ്വാസികളായിരുന്നില്ല എന്നത് സത്യം. എങ്കിലും ഈ രണ്ടു സാധ്യതകളും പരീക്ഷിക്കാതെ ദൈവത്തിന്‍റെ മുന്നില്‍ വെറുംകൈയോടെ നിന്ന സമയത്താണ് കര്‍ത്താവ് ഇടപെടുന്നത്. കൈയിലുള്ള വടി നീട്ടി ചെങ്കടലിനോട് കല്പ്പിക്കാന്‍ കര്‍ത്താവ് ആവശ്യപ്പെട്ടു. ദൈവത്തിന് പ്രവര്‍ത്തിക്കാന്‍ നാം കൊടുക്കുന്ന സമയത്തിന്‍റെ പേരാണ് വിശ്വാസം.

മറിച്ച് സംഭവിക്കാവുന്ന കാര്യവുമുണ്ട്: അതായത്, ദൈവം മനുഷ്യര്‍ക്ക് സമയം നീട്ടിക്കൊടുക്കുന്നു. അത് മനുഷ്യരില്‍ ദൈവം അര്‍പ്പിക്കുന്ന വിശ്വാസത്തിന്‍റെ അടയാളമാണ്. അതുകൊണ്ട് ഉദ്ദേശിക്കുന്നതോ, മനുഷ്യര്‍ക്ക് ദൈവത്തിലുള്ള വിശ്വാസം വര്‍ദ്ധിക്കണമെന്നും. ഈശോ തന്‍റെ ആദ്യ അത്ഭുതം പ്രവര്‍ത്തിച്ചപ്പോള്‍ അവന്‍റെ ശിഷ്യന്മാര്‍ അവനില്‍ വിശ്വസിച്ചു എന്ന് യോഹന്നാന്‍ ശ്ലീഹാ (യോഹ 2:11) സാക്ഷ്യപ്പെടുത്തുന്നുണ്ട്. കുറഞ്ഞ സമയംകൊണ്ട് താണ്ടാവുന്ന കാനാന്‍ ദേശത്തേക്കുള്ള യാത്രാദൂരം നാല്പതുകൊല്ലം നീളാന്‍ ഇടയാക്കിയപ്പോള്‍ ദൈവം അവരുടെ വിശ്വാസം വളരാന്‍ കൂടുതല്‍ സമയം അനുവദിക്കുകയായിരുന്നു.

ദൈവത്തിന് നാം സമയം കൊടുക്കുമ്പോള്‍ നാം ദൈവത്തില്‍ വിശ്വസിക്കുക മാത്രമല്ല, അവനില്‍ ശരണപ്പെടുകകൂടെ ചെയ്യുന്നു. അതായത്, എന്‍റെ കാര്യം ദൈവം നോക്കികൊള്ളും എന്ന ശരണഭാവം. എന്‍റെ കാര്യം ദൈവം നോക്കും എന്ന ഉറപ്പില്ലെങ്കില്‍ നാം കിട്ടുന്ന വഴിയിലൂടെയെല്ലാം എടുത്തുചാടും; പ്രതികരിക്കും; നമ്മുടെ രീതിയില്‍ നീതി നടപ്പാക്കും. നമ്മെ ഉപദ്രവിക്കുന്നവനോട് നാം ക്ഷമിക്കുമ്പോള്‍ നാം ദൈവത്തിന് പ്രവര്‍ത്തിക്കാന്‍ സമയം കൊടുക്കുന്നു; മാത്രമല്ല, ദൈവം അവന്‍റേതായ രീതിയില്‍ ഇടപ്പെട്ടു കൊള്ളും എന്നു ശരണപ്പെടുക കൂടെ ചെയ്യുന്നു. ദൈവശരണമില്ലാത്തയാള്‍ ഉടനടി തിരിച്ചടിക്കും. എന്‍റെ കാര്യം ഞാനല്ലെങ്കില്‍ പിന്നെ ആര് നോക്കും എന്നാണ് ഉള്ളിലിരിപ്പ്.

ദൈവത്തിന് നാം സമയം കൊടുക്കുന്നതിന്‍റെ മറ്റൊരു പേരാണ് സ്നേഹം. നിവൃത്തികേടുകൊണ്ട് കാത്തു നില്ക്കുന്നതുപോലെയല്ല സ്നേഹം നിര്‍ബന്ധിക്കുന്ന കാത്തിരിപ്പുകള്‍. ദൈവത്തിനു മുമ്പില്‍ സ്നേഹപൂര്‍വ്വം കാത്തുനില്ക്കുന്നയാള്‍ ചെയ്യുന്ന പ്രവൃത്തിയാണ് പ്രാര്‍ത്ഥന. അതായത്, വിശ്വാസം, ശരണം, സ്നേഹം എന്നീ ദൈവികപുണ്യങ്ങള്‍ നമ്മില്‍ വളരാന്‍ നാം ദൈവത്തിന് സമയം കൊടുത്തേ മതിയാകൂ.

ദൈവത്തിന് സമയം കൊടുക്കുക എന്നുപറഞ്ഞാല്‍ നാം കാഴ്ചക്കാരായി മാറിനില്ക്കുക എന്നല്ല അര്‍ഥം. നമ്മുടെ പങ്ക് നാം നിര്‍വഹിക്കണം; കല്യാണവീട്ടിലെ പാത്രങ്ങളില്‍ വെള്ളം നിറയ്ക്കണം; മോശ ചെങ്കടലിനു നേരെ വടി നീട്ടണം. വിശ്വാസത്തിലും ശരണത്തിലും ഉപവിയിലും ദൈവത്തിന്‍റെ ഹിതം വെളിപ്പെടും മുമ്പേ കടലില്‍ ചാടരുത്; ഫറവോയുടെ വാളിന് കഴുത്തുവച്ചു കൊടുക്കുകയുമരുത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org