|^| Home -> Pangthi -> കാലവും കണ്ണാടിയും -> വലിയ തെറ്റുകള്‍ക്കുള്ളില്‍ ചെറിയ ശരികള്‍

വലിയ തെറ്റുകള്‍ക്കുള്ളില്‍ ചെറിയ ശരികള്‍

ഫാ. മാത്യു ഇല്ലത്തുപറമ്പില്‍

വലിയ തെറ്റുകള്‍ക്കുള്ളില്‍ ചെറിയ ശരികള്‍ തനിയെ പൊട്ടി മുളക്കുകയില്ല. എന്നാല്‍ മുഴുത്ത തെറ്റുകളുടെ വേലിക്കെട്ടിനുള്ളില്‍ ചെറിയ ശരികള്‍ നട്ടുമുളപ്പിക്കുന്നവരുണ്ട്. അതിന് കാരണമുണ്ട്: ചെറിയ ഒരാശ്വാസം-എലിക്കെണിയില്‍ പെട്ടുകിടക്കുന്ന എലി കിട്ടിയസമയത്ത് ഉറങ്ങിയുണ്ടാക്കുന്ന സമാധാനംപോലെതന്നെ; ചെറിയൊരു പ്രതിശ്ചായ മിനുക്കല്‍-ആടിയുലഞ്ഞു നില്ക്കുന്ന വീടിനെ ചായമടിച്ച് മിടുക്കനാക്കുന്നതുപോലെ. വ്യക്തിജീവിതത്തിലും സമൂഹജീവിതത്തിലും ഇതുപോലെ വലിയ തെറ്റുകള്‍ക്കുള്ളില്‍ ചെറിയ ശരികള്‍ ചെയ്തുകഴിയുന്നവരുണ്ട്. നന്മയുടെ ഏതു ശ്രമവും സ്വീകാര്യമാണെങ്കിലും തെറ്റുകള്‍ക്കുള്ളില്‍ ശരികള്‍ വച്ചുപിടിപ്പിക്കാന്‍ ശ്രമിക്കുന്നത്, സുവിശേഷഭാഷയില്‍ പറഞ്ഞാല്‍ കീറത്തുണിയില്‍ പുതു കോടി തുന്നിച്ചേര്‍ക്കുന്നതുപോലെയാണ് (മത്താ. 9:16). ശരിക്കുള്ള മാനസാന്തരം തടയുന്ന ഒരു നീക്കുപോക്കാണിത്. തെറ്റുകള്‍ക്കുള്ളില്‍ ശരികള്‍ തട്ടിക്കൂട്ടുന്നവര്‍ക്കുള്ളതല്ല ദൈവരാജ്യം.

അപ്പനെ ഉപേക്ഷിച്ച് വീടുവിട്ടിറങ്ങിയ ധൂര്‍ത്തപുത്രന്‍ ഒരുവേള പന്നിക്കൂട്ടില്‍വച്ച് ഇങ്ങനെ മാനസാന്തരപ്പെട്ടു എന്നു കരുതുക. വീട്ടില്‍നിന്ന് കൊണ്ടുപോന്നതെല്ലാം കൈവിട്ടുപോയി. തന്തയുടെ മുതല്‍ നശിപ്പിച്ചവന്‍ എന്നെല്ലാം പറഞ്ഞ് ചേട്ടന്‍ എന്നെ പഴിക്കും. എന്തായാലും ഞാന്‍ കുറച്ചെങ്കി ലും പണം തിരികെക്കൊടുക്കും. ഈ ബോധ്യത്തില്‍ അവന്‍ പണിയെടുത്ത് പണമുണ്ടാക്കി കുറച്ച് വീട്ടിലെത്തിച്ചു എന്ന് കരുതുക. എങ്കില്‍ അത് വലിയ തെറ്റിനുള്ളില്‍ ഒരു ചെറിയ ശരിയുണ്ടാക്കുന്ന പരിപാടിയാണ്. അപ്പനെ ഉപേക്ഷിച്ചു വീടുവിട്ടു എന്നതാണ് വലിയ തെറ്റ്. അത് തിരുത്തുന്നതിനുപകരം കുറച്ചുപണം വീട്ടിലെത്തിക്കുന്നത് ചെറിയ നന്മ കൊണ്ട് വലിയ തിന്മയുടെ ഓട്ടയടക്കലാണ്. കാരണം, അപ്പനു വേണ്ടത് വീടുവിട്ടുപോയ മകനെയാണ്; അവന്‍ ധൂര്‍ത്തടിച്ച സ്വത്തല്ല.

പ്രായമായ അമ്മയെ മക്കളെല്ലാംചേര്‍ന്ന് ആലോചിച്ച് കൊണ്ടുചെന്ന് വൃദ്ധസദനത്തിലാക്കി. ഒരു കണക്കിനു പറഞ്ഞാല്‍, ഒരു അസൗകര്യം മാന്യമായി ഒഴിവാക്കി. മക്കളും പേരക്കുട്ടികളും സ്വതന്ത്രരായി. പക്ഷേ, ദോഷം പറയരുത്. അമ്മയുടെ പിറന്നാള്‍ദിനത്തില്‍ മക്കള്‍സംഘം സ്വദേശത്തുനിന്നും വിദേശത്തുനിന്നും അമ്മയെ ഫോണ്‍വിളിക്കും. അമ്മക്ക് വിഷമം ഉണ്ടാകരുതല്ലോ… അമ്മയെ ഏകാന്തതയുടെ ഇരുട്ടിലേക്ക് കൈവിട്ടെങ്കിലും വര്‍ഷാവര്‍ഷം മക്കള്‍വക ചെറിയൊരു നന്മയുടെ പൂത്തിരിപ്രയോഗം.

പരസ്പരം പാരവയ്ക്കുകയും ഞാനോ നീയോ വലുത് എന്ന മട്ടില്‍ മത്സരിക്കുകയും ചെയ്യുന്ന ഒരു പ്രൊഫഷണല്‍ സംഘം. എല്ലാ വര്‍ഷവും അവര്‍ ഒരിക്കല്‍ ഒരു റിസോര്‍ട്ടില്‍ ഒത്തുകൂടും. മൂ ന്ന് സന്തോഷദിനങ്ങള്‍. എല്ലാ കിടമത്സരങ്ങളും മടക്കി പോക്കറ്റില്‍ ഇട്ട് അവര്‍ അങ്ങോട്ടുമിങ്ങോട്ടും കെട്ടിപ്പിടിക്കുന്നു; കുശലം പറയുന്നു; ചര്‍ച്ചകളില്‍ മുഴുകുന്നു; ഒന്നിച്ച് ഭക്ഷണം കഴിക്കുന്നു; വിനോദയാത്ര നടത്തുന്നു. സൗഹൃദത്തിന്‍റെ ഒരു ഇടവേള. പരസ്പര ആദരം തൊട്ടുതീണ്ടാത്ത ഒരു സാമൂഹികബന്ധത്തിന്‍റെ ഉള്ളില്‍ കൂട്ടായ്മയുടെ ഏതാനും ദിനങ്ങള്‍.

അവിഹിതബന്ധമൊരെണ്ണം കൊണ്ടുനടക്കുന്ന ഒരാള്‍. പക്ഷേ, കാര്യമായ മനഃസാക്ഷിക്കുത്തില്ല. കാരണം, ചിലവിന് കൊടുക്കുന്നുണ്ട്; പോരാത്തതിന് സ്നേഹവും കൊടുക്കുന്നുണ്ട്.

വലിയ തെറ്റുകള്‍ തിരുത്താതെ തെറ്റുകള്‍ക്കുള്ളില്‍ ശരികള്‍ തിരുകിക്കയറ്റാന്‍ നോക്കുന്നത് ഉരുമ്പുലക്ക വിഴുങ്ങിയിട്ട് ചുക്കു കഷായം കുടിക്കുന്നതുപൊലെയാണ്. തെറ്റിനുള്ളില്‍ നിന്നുകൊണ്ട് ശരികള്‍ മെനയുന്നതിന്‍റെ പേരല്ല മാനസാന്തരം. തെറ്റില്‍നിന്ന് തെറ്റിലേക്ക് കൂപ്പു കുത്തുന്നതിലും ഭേദമല്ലേ ഇതെന്ന് നമുക്ക് ആശ്വസിക്കാം. അത്രയും ശരിയാണ്. പക്ഷേ, തെറ്റിന്‍റെ തായ്ത്തടിയില്‍ ശരിയുടെ ചില്ലകള്‍ വെട്ടിയൊരുക്കുന്നത് സുവിശേഷത്തിന് നിരക്കുന്നതല്ല. ഇത് സ്വന്തം മനഃസാക്ഷിയെ മയക്കിക്കിടത്താനും മറ്റുള്ളവരുടെ കണ്ണില്‍ പൊടിയിടാനുമേ ഉപകരിക്കൂ.

തിന്മയ്ക്കുള്ളില്‍ നന്മയുടെ നാമ്പ് മുളപ്പിക്കുന്നതല്ല മാനസാന്തരം. മൂര്‍ച്ചയുള്ള പദങ്ങളും അറുത്തുമുറിക്കുന്ന പ്രയോഗങ്ങളും കൊണ്ടാണ് ബൈബിള്‍ മാനസാന്തരത്തെ അവതരിപ്പിക്കുന്നത്. ഉദാഹരണത്തിന്, “നിങ്ങളില്‍ ഭൗമികമായതിനെയെല്ലാം നശിപ്പിക്കുവിന്‍” എന്നാണ് വിശുദ്ധ പൗലോസിന്‍റെ ഉപദേശം (കൊളോ 3:5). ജോയേല്‍ പ്രവാചകന്‍ ആവശ്യപ്പെട്ടു, നിങ്ങളുടെ ഹൃദയം കീറുവിന്‍ (ജോയേല്‍ 2:13). പാപി അവന്‍റെ വഴികള്‍ ഉപേക്ഷിക്കട്ടെ എന്നാണ് ഏശയ്യായുടെ (55:7) ആഹ്വാനം.

ശത്രുതയുടെ വാള്‍ ഉറയിലിട്ടുകൊണ്ടുതന്നെ രാജ്യങ്ങള്‍ വ്യാപാരക്കരാറുകളില്‍ ഒപ്പിടാറുണ്ട്. പക്ഷേ, ദൈവരാജ്യത്തിന്‍റെ രീതി അതല്ല. “സമാധാനം ഇല്ലാതിരിക്കെ സമാധാനം എന്ന് ഉദ്ഘോഷിച്ച് അവര്‍ എന്‍റെ ജനത്തെ വഴി തെറ്റിച്ചു. എന്‍റെ ജനം കോട്ട പണിതപ്പോള്‍ അവര്‍ അതിന്മേല്‍ വെള്ളപൂശി… കോട്ട നിലംപതിക്കുമ്പോള്‍ നിങ്ങള്‍ അതിന്മേല്‍ പൂശിയ കുമ്മായം എവിടെ എന്ന് അവര്‍ ചോദിക്കുകയില്ലേ” (എസ 13:10-12). തിന്മക്കുള്ളില്‍ നന്മയുടെ നിഴലാട്ടംകൊണ്ടുവന്നാല്‍ പോരാ; മാനസാന്തരമുണ്ടാകണം; അനുരഞ്ജനം സാധിക്കണം; ബന്ധങ്ങള്‍ ക്രമപ്പെടുത്തണം. അല്ലെങ്കില്‍ തെറ്റുകള്‍ തെറ്റുകളായിത്തന്നെ തുടരും. ഫരിസേയരുടെ പല നന്മകളും ഈശോ എടുത്തു പറയുന്നുണ്ട്: അവര്‍ പലരെയും വേദംകൂട്ടുന്നുണ്ട്; അവര്‍ ദശാംശംകൊടുക്കുന്നുണ്ട്; ശുദ്ധീകരണ നിയമങ്ങള്‍ പാലിക്കുന്നുണ്ട്; പ്രവാചകന്മാര്‍ക്ക് സ്മാരകങ്ങള്‍ ഉണ്ടാക്കുന്നുണ്ട് (മത്താ. 23:12-36). പക്ഷേ, ഇവയില്‍ ഒന്നുപോലും അവന്‍ അംഗീകരിച്ചില്ല. കാരണം, അവരുടെ കാപട്യത്തിന്‍റെയും ആന്തരികശൂന്യതയും തിന്മകള്‍ക്കുള്ളില്‍ ജനിച്ച പടുനന്മകളാണിവ. ഗോതമ്പുവയലില്‍ കളകള്‍ വളരുന്നത് നല്ലതല്ലെങ്കിലും കൃഷിയുടെ ഒഴിയാഭാഗമായി നമുക്കത് മനസ്സിലാക്കാന്‍ സാധിക്കും. എന്നാല്‍ കളകള്‍ക്കുള്ളില്‍ വളരുന്ന ഗോതമ്പുപോലെ നന്മയുണ്ടായാല്‍ അതിന് ഉപേക്ഷിക്കപ്പെടാനായിരിക്കും വിധി. സമ്മതിക്കണം, നന്മയുടെ പക്ഷത്തേക്കുള്ള പൂര്‍ണ്ണമായ ചേക്കേറല്‍ അത്ര എളുപ്പമല്ല; പ്രത്യേകിച്ചും സങ്കീര്‍ണ്ണ സാഹചര്യങ്ങളില്‍. അതിനാല്‍ നാം ആദ്യം പ്രാര്‍ത്ഥിക്കേണ്ടത് മാനസാന്തരത്തിനുള്ള കൃപയ്ക്കുവേണ്ടിയാണ്. ഇതാകട്ടെ, നമുക്കെല്ലാവര്‍ക്കും വേണ്ടതാണ്; എന്നും വേണ്ടതാണ്.

Leave a Comment

*
*