Latest News
|^| Home -> Pangthi -> കാലവും കണ്ണാടിയും -> ദൈവവചനം നീതിവചനമാവണം

ദൈവവചനം നീതിവചനമാവണം

ഫാ. ജിമ്മി പൂച്ചക്കാട്ട്

2008 ഒക്ടോബര്‍ 5 മുതല്‍ 26 വരെ റോമില്‍ നടന്ന മെത്രാന്മാരുടെ അസംബ്ലി ചര്‍ച്ച ചെയ്ത വിഷയം ദൈവവചനമായിരുന്നു. ഈ മീറ്റിംഗിനിടയില്‍ സീറോമലബാര്‍ സഭയുടെ അന്നത്തെ മേജര്‍ ആര്‍ച്ച് ബിഷപ്പായിരുന്ന ഭാഗ്യസ്മരണാര്‍ഹനായ കര്‍ദ്ദിനാള്‍ വര്‍ക്കി വിതയത്തില്‍ പിതാവ് 2008 ഒക്ടോബര്‍ 16-ന് സിനഡില്‍ എഴുതി അവതരിപ്പിച്ച ഇടപെടല്‍ വളരെ ശക്തമായിരുന്നു.

അദ്ദേഹം പറഞ്ഞു: “ദൈവവചനം എന്നാല്‍ അത് നീതിയുടെ വചനമാവണം.” ഈ അടുത്തകാലത്ത് സീറോ-മലബാര്‍ സഭയ്ക്ക് അനുവദിച്ചുകിട്ടിയ ഭാരതം മുഴുവനുമുള്ള അജപാലന സുവിശേഷവത്കരണ സ്വാതന്ത്ര്യം, ലോകം മുഴുവന്‍ ലഭിക്കേണ്ട അജപാലന അനുമതി തുടങ്ങിയവയിലെ മെല്ലെപ്പോക്കിനെയും അനീതിയെയും ചൂണ്ടിക്കാട്ടിയാണ് കര്‍ദ്ദിനാള്‍ പിതാവ് ഈ വിഷയം ശക്തമായി മുന്നോട്ടുവച്ചത്.

നീതിയില്ലാത്തിടത്ത് ദൈവവചനമില്ല എന്നോ, നീതിപൂര്‍വ്വകമായ അനുസരണമില്ലാതെ വചനം വെറുതെ പറഞ്ഞിട്ടു കാര്യമില്ലെന്നോ എല്ലാം ഇത് അര്‍ത്ഥമാക്കുന്നുണ്ട്. ക്രിസ്തുസന്ദേശം അറിവിനുള്ളതു മാത്രമല്ല പിന്നെയോ പ്രവര്‍ത്തനോന്മുഖവുമാവണം (Not only informative but performative: Spe Salvi 2).

നീതിയില്ലാതെ വചനം പറയുന്നിടത്താണ് സഭയും സഭാസമൂഹവും ചോദ്യം ചെയ്യപ്പെടുന്നത്. ഇന്നു നമ്മെയോ, സഭയെ തന്നെയോ ആരെങ്കിലും കുറ്റം വിധിക്കുന്നുണ്ടെങ്കില്‍ അതിന്‍റെ പ്രധാനകാരണം… ഒരു പരിധിവരെ ഏകകാരണം… നമ്മുടെ വചനശുശ്രൂഷകള്‍ നീതിവചനമാകുന്നില്ല എന്നതാണ്. ഒന്നും പറയാതെ അനീതി പ്രവര്‍ത്തിക്കുന്നവരെക്കാള്‍ നമ്മള്‍ വിമര്‍ശന വിധേയരാകുന്നതിനു കാരണം നീതി പ്രവര്‍ത്തിക്കാതെ അതു പറയുന്നു എന്നതാണോ?

ഉദാഹരണങ്ങള്‍ നിരവധി ചൂണ്ടിക്കാട്ടാനുണ്ടാകും. അത് നമ്മുടെ മനസ്സില്‍ ഇപ്പോള്‍തന്നെ ഇതിനകം കടന്നുവന്നിട്ടുണ്ടല്ലോ. മറ്റുള്ളവന്‍റെ ഉദാഹരണങ്ങള്‍ തേടിയലയുന്നതിനെക്കാള്‍ സ്വന്തം ഉദാഹരണങ്ങള്‍ തേടിയാല്‍ അത് ആത്മീയ ഉത്കര്‍ഷത്തിനു കാരണമാകും… തീര്‍ച്ച.

പഴയനിയമ വിശ്വാസസമൂഹത്തെയും നേതൃത്വത്തെയും എന്നും യേശു ചോദ്യം ചെയ്തിരുന്നത് ദൈവത്തിന്‍റെ വചനം നീതിയുടെ വചനം ആക്കാതിരുന്നതിനാലാണ്. “അവര്‍ നിങ്ങളോടു പറയുന്നതെല്ലാം അനുസരിക്കുകയും അനുഷ്ഠിക്കുകയും ചെയ്യുവിന്‍. എന്നാല്‍ അവരുടെ പ്രവൃത്തികള്‍ നിങ്ങള്‍ അനുകരിക്കരുത്. അവര്‍ പറയുന്നു, പ്രവര്‍ത്തിക്കുന്നില്ല” (മത്തായി 23:3).

ഒരുപാടു കാര്യങ്ങളെപ്പറ്റി നാട്ടുകാരെ മുഴുവന്‍ പ്രബോധിപ്പിക്കുന്നവരെ ഇന്നും നമുക്കു കാണാം. എന്നാല്‍ അവരാരും പ്രവര്‍ത്തിക്കുന്നില്ല എന്നു വരുമ്പോള്‍ ആ പ്രബോധനങ്ങള്‍ക്ക് പൂജ്യം മാര്‍ക്കാണ് എന്ന് പ്രത്യേകം പറയേണ്ടതില്ല.

നിങ്ങള്‍ വചനം കേള്‍ക്കുക മാത്രം ചെയ്യുന്ന ആത്മവഞ്ചകരാകാതെ അത് അനുവര്‍ത്തിക്കുന്നവരും ആയിരിക്കുവിന്‍ (യാക്കോബ് 1:22). നീതിയുടെ പ്രതിദ്ധ്വനിയായും പ്രതിഫലനമായും വചനം ജീവിതത്തില്‍ മാറണം. സത്യവും, നീതിയും, പങ്കുവയ്ക്കലും, നിയമപാലനവും എല്ലാം അടങ്ങുന്ന ദൈവവചനം പകലന്തിയോളം പ്രസംഗിക്കാനുള്ള ഒരു ഉപാധിയല്ല മറിച്ച് ജീവിക്കാനുള്ള മാര്‍ഗ്ഗദര്‍ശിയാണ് എന്ന് ഉറപ്പുണ്ടാകട്ടെ.

സഭയായാലും സഭാതനയരായാലും സഭയിലെ ഓരോ പ്രസ്ഥാനങ്ങളോ, ഗ്രൂപ്പുകളോ, സംഘടനകളോ ആയാലും ദൈവവചനം ഈശ്വരപ്രാര്‍ത്ഥനയ്ക്കോ സ്വാഗതപ്രസംഗത്തിനോ ഉള്ളതല്ല മറിച്ച് നീതിപൂര്‍വ്വം പ്രവര്‍ത്തിക്കാനുള്ളതാണ് എന്ന് വിലയിരുത്തട്ടെ.. ദൈവവചനം നീതിവചനമാണ്. ദൈവവചനം നീതിവചനമാകണം.

Leave a Comment

*
*