കോടതി കയറുന്ന വിശ്വാസം!

Published on

പത്തിനും അമ്പതിനും ഇടക്കു പ്രായമുള്ള സ്ത്രീകള്‍ക്ക് ശബരിമല ദര്‍ശനത്തിനുണ്ടായിരുന്ന വിലക്ക് നീക്കിക്കൊണ്ട് ഇക്കഴിഞ്ഞ സെപ്തംബര്‍ 28-ന് സുപ്രീം കോടതി ഉത്തരവായി. സുപ്രീംകോടതി ബഞ്ചില്‍നിന്ന് വിയോജിപ്പുയര്‍ന്നതുപോലെതന്നെ ഹിന്ദുമത വിശ്വാസികളില്‍നിന്നും അഹിന്ദുക്കളില്‍നിന്നും ഈ വിധിക്കെതിരെ അഭിപ്രായങ്ങള്‍ ഉയരുന്നുണ്ട്. അതേസമയം, ഈ വിധി സ്വാഗതം ചെയ്യുന്ന അനേകരുണ്ട്. എന്നാല്‍ ആചാരം നോക്കണം; പക്ഷേ കോടതിവിധി പാലിച്ചേ പറ്റൂ എന്ന രണ്ടുംകെട്ട അഭിപ്രായം പ്രകടിപ്പിച്ചവരുമുണ്ട്. അവര്‍ക്ക് അടുത്ത തെരഞ്ഞെടുപ്പിലെ ഹിന്ദുവോട്ടുകള്‍ക്ക് കേടുതട്ടാതിരിക്കുക എന്ന രാഷ്ട്രീയലക്ഷ്യം മാത്രമേയുള്ളൂ. എന്നാല്‍ ഈ വിധിയുടെ പ്രാധാന്യം ഹിന്ദുസമുദായത്തില്‍ മാത്രം ഒതുങ്ങുന്നതല്ല. മതേതര ഇന്ത്യയില്‍ ഈ വിധിന്യായത്തിന്‍റെ പ്രാധാന്യവും സൂചനകളും ചര്‍ച്ച ചെയ്യപ്പെടേണ്ടതുണ്ട്.

ശബരിമലയിലെ പ്രവേശനവിലക്കിനു കോടതി നിയമപരമായ അന്ത്യംകുറിച്ചത് സ്ത്രീക്കും പുരുഷനും മതപരമായ അവകാശങ്ങളില്‍ തുല്യതയുണ്ട് എന്നതിന്‍റെ അടിസ്ഥാനത്തിലാണ്. ഭരണഘടനാപരമായ വാദങ്ങളാണ് പ്രധാനമായും കോടതി അവലംബിച്ചത്. എന്നാല്‍ ഈ വിലക്ക് നീക്കലിനെതിരെയുള്ള വാദങ്ങളും കോടതിയില്‍ പരിഗണിക്കപ്പെട്ടിട്ടുണ്ട്. ശബരിമലയിലെ പ്രതിഷ്ഠയായ അയ്യപ്പന്‍ നൈഷ്ഠികബ്രഹ്മചാരിയാണ്; അതിനാല്‍ സ്ത്രീകളുടെ സാന്നിധ്യം പ്രതിഷ്ഠാഭാവത്തിനെതിരാണ്. ഓരോ ക്ഷേത്രത്തിനും വ്യത്യസ്തങ്ങളായ ആചാരങ്ങളുണ്ട്. അത് മാനിക്കപ്പെടണം എന്നാണ് ഒരു പ്രധാന വാദം. ഇവയ്ക്കെതിരേ മറുവാദങ്ങള്‍ ശക്തമായി ഉന്നയിക്കുന്നവരുണ്ട്. ബ്രഹ്മചാരി സ്ത്രീവിരോധിയാണോ? ആര്‍ത്തവകാലം അശുദ്ധകാലമെന്ന് ആരു തീരുമാനിച്ചു? അയ്യപ്പസന്നിധിയിലുള്ള ഭക്തിയില്‍ ആണ്‍-പെണ്‍ ഭേദമുണ്ടോ? സ്ത്രീകളെ അയ്യപ്പസന്നിധിയില്‍ വിലക്കുന്നത് അയിത്താചാരമല്ലേ? എല്ലാ ആചാരങ്ങളും ലോകാവസാനംവരെ തുടരണമെന്നുണ്ടോ? ഈ ചോദ്യങ്ങള്‍ അപ്രസക്തങ്ങളല്ല. അവ ഉന്നയിക്കുന്നവര്‍ക്ക് തുടര്‍ന്യായങ്ങളും പറയാനുണ്ടാവും.

ഈ ചോദ്യങ്ങള്‍ ഉന്നയിക്കുന്ന ആചാര-വിശ്വാസ വിഷയത്തിന്‍റെ ഉള്ളടക്കമോ അതിന്‍റെ ഗുണമേന്മയോ അല്ല നമ്മുടെ വിഷയം. ഹിന്ദുസമുദായത്തിലും അയ്യപ്പഭക്തരുടെയിടയിലും ചര്‍ച്ച ചെയ്ത് സമവായത്തിലെത്തേണ്ട ഒരു വിശ്വാസവിഷയത്തില്‍ കോടതിവിധിയുണ്ടായിരിക്കുന്നു. വിശ്വാസവിഷയങ്ങളില്‍ കോടതിക്കും സര്‍ക്കാരിനും ഏതു പരിധിവരെ ഇടപെടാം എന്നത് ചര്‍ച്ച ചെയ്യപ്പെടണം.

രാജ്യത്ത് പ്രവര്‍ത്തിക്കുന്ന മതസംവിധാനങ്ങള്‍ ഭരണഘടനക്കും നിയമത്തിനും വിധേയമായിത്തന്നെ പ്രവര്‍ത്തിക്കണം. ഇതില്‍ സംശയമില്ല. എന്നാല്‍ മതങ്ങളുടെ വിശ്വാസവിഷയങ്ങളെല്ലാം കോടതിവിധികള്‍ക്ക് വിധേയമാക്കാനാവില്ല. മതങ്ങളില്‍ മനുഷ്യാവകാശലംഘനം വരുത്തുന്ന ആചാരങ്ങളോ മനുഷ്യവിരുദ്ധമായ നടപടികളോ ഉണ്ടെങ്കില്‍ തീര്‍ച്ചയായും നിയമം അതില്‍ ഇടപെടണം. ഉദാഹരണത്തിന്, നരബലി, ശിശുഹത്യ, ചികിത്സനിഷേധിക്കല്‍, സ്ത്രീകളുടെ ചേലാകര്‍മ്മം, രാജ്യവിരുദ്ധപ്രവര്‍ത്തനങ്ങള്‍, പുരുഷേച്ഛമാത്രം ആധാരമാക്കി വിവാഹബന്ധം വേര്‍പിരിയല്‍ തുടങ്ങിയവ വിശ്വാസത്തിന്‍റെ പരിരക്ഷ അര്‍ഹിക്കാത്ത കാര്യങ്ങളാണ്. എന്നാല്‍ സ്ത്രീപുരുഷതുല്യത, വ്യക്തിസ്വാതന്ത്ര്യം എന്നിവയുടെ അടിസ്ഥാനത്തില്‍ പരിശോധിക്കുമ്പോള്‍ അപാകം തോന്നാവുന്ന കാര്യങ്ങള്‍ വിശ്വാസവിഷയങ്ങളില്‍ ഉണ്ടാകാം. ഓരോ മതസമൂഹവും ആന്തരികമായ കൊടുക്കല്‍-വാങ്ങലുകളും ചര്‍ച്ചയുംകൊണ്ട് പരിഹരിക്കേണ്ട കാര്യമാണത്. ഉദാഹരണത്തിന്, കത്തോലിക്കാസഭയില്‍ പുരുഷന്മാര്‍ മാത്രമേ പുരോഹിതരായുള്ളൂ; അത് സ്ത്രീകളുടെ തുല്യതയ്ക്കെതിരാണെന്ന് വേണമെങ്കില്‍ വാദിച്ചുപോകാം. സ്ത്രീകള്‍ കുമ്പസാരക്കാരല്ലാത്തത് തുല്യതാസങ്കല്പത്തെ അട്ടിമറിക്കുന്നു എന്ന വാദമുയര്‍ത്താം. പക്ഷേ, ഇവക്കെല്ലാം വിശ്വാസപരമായ കാരണമാണുള്ളത്. മാത്രവുമല്ല, കുടുംബങ്ങളില്‍പോലും സ്ത്രീ പുരുഷന്മാര്‍ തമ്മില്‍ വ്യക്തികള്‍ എന്ന നിലയിലുള്ള തുല്യതയേയുള്ളൂ; ദൗത്യങ്ങളില്‍ എപ്പോഴും തുല്യതയില്ല. മതേതരമായ മതസ്വാതന്ത്ര്യമുള്ള രാജ്യത്ത് ഓരോ മതവിശ്വാസത്തിന്‍റേതുമായ ആചാരങ്ങള്‍ പാലിക്കാനുള്ള അവകാശമുണ്ട്. ഇതില്‍ മതേതരമായ ഘടനകള്‍ ഇടപെടാന്‍ തുടങ്ങിയാല്‍ അവിശ്വാസികളും അന്യവിശ്വാസികളും യുക്തിവാദികളും വിവിധ മതവിശ്വാസങ്ങള്‍ നിര്‍ണ്ണയിക്കുന്ന കാലംവരും. അത് വിശ്വാസസമൂഹങ്ങളുടെ സ്വാതന്ത്ര്യത്തിനെതിരായി ഭവിക്കും.

ശബരിമലയിലെ സ്ത്രീകള്‍ക്കുണ്ടായിരുന്ന വിലക്ക് അനിവാര്യമായ ആചാരം (essential practice) അല്ല എന്ന് കോടതി വിധിച്ചു. ഒരു മതത്തിന്‍റെ ഏതെങ്കിലും ആചാരം അനിവാര്യമാണോ അല്ലയോ എന്നത് ആ വിശ്വാസത്തിന്‍റെ ദൈവശാസ്ത്രവിഷയമാണ്. മണ്ഡലകാലത്തല്ലാതെ സ്ത്രീകള്‍ ശബരിമലയില്‍ പ്രവേശിച്ചിട്ടുണ്ട്; അതിനാല്‍ മണ്ഡലകാലത്തുള്ള വിലക്ക് അനിവാര്യമായ ആചാരമല്ല എന്ന മട്ടില്‍ പോയി കോടതിയുടെ പക്ഷം. ഇത് കേവലയുക്തിയുടെ വിധിയാണ്. ഹിന്ദുയിസംപോലെ വിപുലമായ ആചാരസഞ്ചയം സ്വന്തമായുള്ള വിശ്വാസത്തില്‍ ഏതെങ്കിലുമൊരു കാര്യം അനിവാര്യമാണോ അല്ലയോ എന്നു യുക്തികൊണ്ട് നിര്‍ണ്ണയിക്കുമ്പോള്‍ നിയമസംവിധാനം വിശ്വാസരംഗത്തേക്ക് അതിക്രമിച്ചു കടക്കുകയാണ്.

ഇന്ത്യയില്‍ ഏറ്റവുമധികം വിശ്വാസ്യതയുള്ളത് കോടതികള്‍ക്കാണ്. ജനകോടികള്‍ കോടതിയെ വിശ്വസിക്കുന്നു. മതങ്ങളുടെ ആചാര, വിശ്വാസകാര്യങ്ങള്‍ കോടതി വിഷയമാക്കാതിരിക്കുന്നത് കോടതികളുടെ വിശ്വാസ്യത വര്‍ദ്ധിപ്പിക്കുകയേയുള്ളൂ.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org