നല്ല മരത്തില്‍ പടരുന്ന ഇത്തിള്‍ക്കണ്ണികള്‍

നല്ല മരത്തില്‍ പടരുന്ന ഇത്തിള്‍ക്കണ്ണികള്‍

ഏതാണ്ട് മുപ്പതുവര്‍ഷംമുമ്പ് ഒരു മാത്യു തിരുമലയച്ചന്‍ കൊച്ചി കേന്ദ്രമാക്കി നൂറുകണക്കിനു മനുഷ്യരെ തന്‍റെ അനുയായികളാക്കി സഭയില്‍ നിന്ന് അടര്‍ത്തിമാറ്റി. കരിസ്മാറ്റിക് പ്രസ്ഥാനത്തിന്‍റെ ആദ്യത്തെ ദോഷഫലം എന്‍റെ അറിവില്‍ അതായിരുന്നു. അതേത്തുടര്‍ന്ന് ഫോര്‍ട്ടുകൊച്ചി വെളി കേന്ദ്രമാക്കി ശക്തിപ്പെട്ട ഒരു പ്രാര്‍ത്ഥനാക്കൂട്ടായ്മ തികച്ചും പുതുമയുള്ള പ്രബോധനങ്ങളും ജീവിതശൈലികളും സമ്മാനിച്ചുകൊണ്ട് ആയിരങ്ങളെ ആകര്‍ഷിച്ചു. ഭയത്തിന്‍റെ അരൂപി വിശ്വാസികളില്‍ നിറയ്ക്കുന്ന ഒന്നായി 1996-ല്‍ ത്തന്നെ അതിനെ തിരിച്ചറിയാന്‍ ഞാനുള്‍പ്പെടെയുള്ള ചില വൈദികര്‍ക്ക് കഴിയുകയും സത്യവിശ്വാസസംരക്ഷണത്തിന്‍റെ പൂര്‍ണചുമതലയുള്ള മെത്രാന്മാരുടെ ശ്രദ്ധയില്‍ അതു കൊണ്ടുവരുകയും ചെയ്തെങ്കിലും കാലികമായ ഇടപെടലുകളുടെ അഭാവം കാര്യങ്ങള്‍ ഗുരുതരമാകാന്‍ ഇടയാക്കി. കേരളത്തിന്‍റെ വിവിധ ഭാഗ ങ്ങളില്‍നിന്നുള്ളവര്‍ക്ക് അത് അബദ്ധ വിശ്വാസബോധ്യങ്ങളുടെ ഒരു നഴ്സറിയായിത്തീര്‍ന്നു. പിന്നീട് സ്പിരിറ്റ് ഇന്‍ ജീസസ് എന്ന തനി പാഷണ്ഡതയെയാണ് കേരളക്കര കണ്ടത്. കെട്ടിലും മട്ടിലും തികച്ചും കത്തോലിക്ക മെന്നു തോന്നിപ്പിച്ച ഈ വിശ്വാസഭ്രംശത്തെ, നീണ്ടകാലത്തെ പഠനത്തിനും വിശകലനത്തിനും ചര്‍ച്ചകള്‍ ക്കും ശേഷം, 2015-ല്‍ കെസിബിസി ഔദ്യോഗികമായി തള്ളിപ്പറഞ്ഞു. ഇതിനിടയിലാണ് വ്യക്തികേന്ദ്രീകൃതമായ മറ്റു ചില പ്രസ്ഥാനങ്ങള്‍ ആവിര്‍ഭവിച്ചത്. എംപറര്‍ ഇമ്മാനുവേല്‍ എന്നപേരില്‍ മുരിയാട് കേന്ദ്രീകൃതമായി നൂറുകണക്കിനു കത്തോലിക്കാവിശ്വാസികളെ ആകര്‍ഷിച്ചു ഭ്രമിപ്പിച്ച പ്രസ്ഥാനം ഇതിലൊന്നാണ്. സ്വന്തം വീടും പുരയിടവും വിറ്റ് പേടകത്തില്‍ ഇടം കണ്ടെത്തിയ ഇവര്‍, മരിക്കില്ലെന്നു തങ്ങള്‍ വിശ്വസിച്ചിരുന്ന സ്ഥാപകന്‍റെ ശവസംസ്കാരശേഷം ആകെ ചിതറിയ അവസ്ഥയിലാണ്.

ഈ പ്രസ്ഥാനങ്ങളുടെയെല്ലാം പൊതുവായ സ്വ ഭാവം 'വിശ്വാസ'തീക്ഷ്ണതയും പ്രബോധനങ്ങളിലെ നവീനതയും ആയിരുന്നു. കടുത്ത ഉപവാസവും ജാഗരണപ്രാര്‍ത്ഥനയും ത്യാഗപ്രവൃത്തികളും ഇവരുടെ മുഖമുദ്രകളായിരുന്നു. സാധാരണ കത്തോലിക്കരില്‍നിന്ന് വ്യത്യസ്തരായിരിക്കാന്‍ അവര്‍ പ്രത്യേകം ശ്രദ്ധിച്ചു. ബാക്കിയുള്ളവരെല്ലാം നാശത്തിനുവേണ്ടി ഉഴിഞ്ഞുവയ്ക്കപ്പെട്ടവരാണെന്ന് അവര്‍ കരുതി. സഭാധികാരത്തെ നേരിട്ടു വെല്ലുവിളിച്ചും അല്ലാതെയും അവര്‍ സ്വന്തം സിദ്ധാന്തങ്ങള്‍ പാവം അണികളില്‍ കുത്തിനിറച്ചു. ഒരിക്കല്‍ സഭയില്‍ പ്രശസ്തരായിരുന്ന ധ്യാനഗുരുക്കന്മാരാണ് പിന്നീട് ഇവയ്ക്കെല്ലാം നേതൃത്വം വഹിച്ചത് എ ന്നതു പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. പുത്തന്‍ പ്രബോ ധനങ്ങള്‍ക്കായുള്ള പരക്കംപാച്ചിലില്‍ അവര്‍ക്കു സ്വാഭാവികമായി വന്നുഭവിച്ച പ്രബോധനദുരന്തങ്ങള്‍ അനേകര്‍ക്ക് ആത്മീയദുരന്തമായിത്തീര്‍ന്നു എന്നതാണു സത്യം.

ഈയിടെ ഒരു ധ്യാനകേന്ദ്രത്തില്‍ ചെറുപ്പക്കാര്‍ക്കുവേണ്ടി നടന്ന ധ്യാനത്തില്‍ 24 ചാക്കുകള്‍ നിറയെ വസ്ത്രങ്ങള്‍ കത്തിച്ചു നശിപ്പിച്ചു. സാത്താനാരാധകര്‍ പുറത്തിറക്കുന്നതോ ലിംഗഭേദം പരിഗണിക്കാത്തതോ അടക്കമൊതുക്കങ്ങളില്ലാത്തതോ ആയ വസ്ത്രങ്ങളാണത്രേ അത്തരത്തില്‍ നശിപ്പിച്ചത്. സാത്താനാരാധകര്‍ മാര്‍ക്കറ്റ് ചെയ്യുന്ന വസ്ത്രങ്ങള്‍ ബഹിഷ്കരിക്കേണ്ടതുതന്നെയാണ്, സംശയമില്ല. പക്ഷേ, കറുത്തതെല്ലാം പൈശാചികമെന്നു കരുതുന്നത് അത്യപകടകാരിയായ വര്‍ണബോധമല്ലേ?

ഓണക്കാലമെത്തിയപ്പോഴേക്കും സാമൂഹികമാധ്യമങ്ങളില്‍ കത്തോലിക്കാ'തീക്ഷ്ണന്മാ'രുടെ ഇടപെടല്‍ അതിശക്തമായിരുന്നു. സാംസ്കാരികമായ എല്ലാറ്റിനെ യും തള്ളിപ്പറയുന്നവനാണു യഥാര്‍ത്ഥ ക്രൈസ്തവവി ശ്വാസി എന്ന സന്ദേശമാണ് അത്തരം ഇടപെടലുകാര്‍ നല്കിയത്. "നിന്‍റെ ദൈവമായ കര്‍ത്താവു തരുന്ന ദേശത്ത് നീ വരുമ്പോള്‍ ആ ദേശത്തെ ദുരാചാരങ്ങള്‍ അനുകരിക്കരുത്" (നിയ. 18, 9) എന്നും "വിജാതീയര്‍ ബലിയര്‍പ്പിക്കുന്നതു പിശാചിനാണ്" (1 കോറി 10, 20) എന്നും പലരും ആവര്‍ത്താവര്‍ത്തിച്ചു കുറിക്കുന്നുണ്ടായിരുന്നു. 'ക്രിസ്ത്യാനിക്ക് എന്തിന്‍റെ കുറവാണ്' എന്നായിരുന്നു മുഴങ്ങിക്കേട്ട ഒരു ചോദ്യം. ഒപ്പം, ഫ്രീമെയ്സണ്‍ അജണ്ട സഭയില്‍ നടപ്പായിക്കൊണ്ടിരിക്കുകയാണെന്ന പരിദേവനവും.

ഇന്നു കേരളത്തില്‍ ചില കേന്ദ്രങ്ങളില്‍ ആഴപ്പെടുന്ന ചില 'ധ്യാനചിന്ത'കളുടെ ശേഷിപ്പുകളാണിവ. വൈദികര്‍ക്കുള്ള ധ്യാനത്തിനിടയില്‍ സാംസ്കാരികാനുരൂപണത്തെക്കുറിച്ച് കേരളത്തിലെ ഒരു പ്രമുഖ ധ്യാനഗുരു നല്കിയ പ്രബോധനം കേട്ട്, ഇതു കത്തോലിക്കാസഭയുടെ പ്രബോധനത്തിനു വിരുദ്ധമാണല്ലോ എന്ന് എഴുതിക്കൊടുക്കേണ്ടിവന്നയാള്‍ കൂടിയാണ് ഈ ലേഖകന്‍. മറ്റു മതവിശ്വാസങ്ങളെയോ ആചാരങ്ങളെയോ സംസ്കാരങ്ങളെയോ സഭ ഒരിക്കലും പൈശാചികം എന്നു വിശേഷിപ്പിച്ചിട്ടില്ലെന്ന് അറി യാത്തവരല്ല ഈ ധ്യാനഗുരുക്കന്മാര്‍. ബൈബിള്‍ വ്യാഖ്യാനത്തിന്‍റെ ക ത്തോലിക്കാരീതി വേണ്ടവിധം സ്വാംശീകരിക്കാത്തതാണ് യഥാര്‍ത്ഥപ്രശ്നം. 'ലോഗോസി'ന്‍റെ ഉള്‍പ്പൊരുള്‍ സഭ യ്ക്കു സമ്മാനിച്ച വിശ്വാസത്തിന്‍റെയും യുക്തിയുടെയും പാരസ്പര്യമാണ് തമസ്കരിക്കപ്പെടുന്നത്. ദൈവശാ സ്ത്രം മറക്കുന്ന ധ്യാനങ്ങള്‍ തികച്ചും ഹാനികരംതന്നെ.

വിശ്വാസികളില്‍ ഭയവും തെറ്റിദ്ധാരണയും അന്ധവിശ്വാസവും ഉത്തരവാദിത്വത്തില്‍നിന്ന് ഒളിച്ചോടാനുള്ള പ്രവണതയും ജനിപ്പിക്കുന്ന 'തകിടുപ്രഘോഷണം' ഒരു ധ്യാനഗുരു നിര്‍ബാധം തുടരുകയാണ്. ഹൈന്ദവ ദൈവസങ്കല്പങ്ങളെ പുച്ഛിച്ചുതള്ളുന്ന മറ്റൊരു ഗുരു ഈയിടെ സാമൂഹികമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്നതും കണ്ടു. നിരുത്തരവാദിത്വപരമായ ഇത്തരം ദുര്‍വിശേഷപ്രഘോഷണങ്ങള്‍ സഭയ്ക്കും സമൂഹത്തിനും ബാധ്യതയല്ലേ? പരിസരബോ ധവും ഒരു പുണ്യംതന്നെയാണല്ലോ.

കത്തോലിക്കാസഭയുടെ പരമ്പരാഗതമായ സത്യവിശ്വാസപ്രബോധനങ്ങളെ കാലികപ്രസക്തവും സ്വീകാര്യ വുമാക്കി വിശ്വാസികളെ ജീവിതനവീകരണത്തിനു സ ഹായിക്കുക മാത്രമാണ് ധ്യാനഗുരുക്കന്മാരുടെ ഉത്തരവാദിത്വമെന്നിരിക്കെ, പുത്തന്‍ ആശയങ്ങളും തീവ്രശൈ ലികളും പരത്താന്‍ തത്രപ്പെടുന്ന പലരുടെയും ഇന്നത്തെ രീതിക്കു കടിഞ്ഞാണിടേണ്ട കാലമായി. ഇത്തരം പ്രഘോഷണങ്ങളുടെ ചുവടുപിടിച്ച് പലരും മനോവ പോലുള്ള തരികിട ഓണ്‍ ലൈന്‍ പോര്‍ട്ടലുകള്‍ പടച്ചുവിടുന്ന മാനവികവിരുദ്ധതയിലും സഭാവിരുദ്ധതയിലും എത്തിപ്പെടു ന്നുണ്ട്. തീവ്രത കൂടുതല്‍ തീവ്രതയെ തേടാതിരിക്കില്ലല്ലോ. ഈയിടെ ജീസസ് യൂത്തിന്‍റെ എറണാകുളം സബ് സോണ്‍ സംഘടിപ്പിച്ച ഫെയിത്ത് ഫോറത്തില്‍ പങ്കെടുത്തവരില്‍ വലിയൊരുപങ്കും പ്രകടിപ്പിച്ച സാംസ്കാരികവിരുദ്ധത ഈ കുറിപ്പെഴുതുന്നതിന് പ്രേരകമായിട്ടുണ്ട് എന്നും വ്യക്തമാക്കട്ടെ.

മതങ്ങള്‍ക്കു പൊതുവേ ഇന്നു സംഭവിച്ചുകൊണ്ടിരിക്കുന്ന സത്താക്ഷയം ക്രിസ്തുമാര്‍ഗത്തെയും ബാധിക്കാതിരിക്കാന്‍ നാം പ്രത്യേകം ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. ധ്യാനകേന്ദ്രങ്ങള്‍ സഭയ്ക്കും സമൂഹത്തിനും ചെയ്തുകൊണ്ടിരിക്കുന്ന സേവനങ്ങള്‍ അതിശ്രേഷ്ഠമാണ്. എന്നാല്‍, നല്ല മരത്തില്‍ പടരുന്ന ഇത്തിള്‍ക്കണ്ണി കളെ നിസ്സാരമായി കരുതുന്നത് എന്തൊരബദ്ധമാണ്! മതമൗലികവാദികളുടെ നഴ്സറിയായി ധ്യാനകേന്ദ്രങ്ങള്‍ മാറാതിരിക്കാന്‍ ധ്യാനഗുരുക്കന്മാര്‍ അതീവ ജാഗ്രത പുലര്‍ത്തേണ്ടതാണ്; സത്യവിശ്വാസം സംരക്ഷിക്കാന്‍ മുഖ്യചുമതലയുള്ള മെത്രാന്മാരും.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org