സ്നേഹവിനിമയം കുടുംബത്തില്‍

അജോ രാമച്ചനാട്ട്

ഈ ദിവസങ്ങളില്‍ പത്രം തുറക്കുന്നത് തന്നെ വല്ലാത്ത അസ്വസ്ഥതയോടെ ആണ്. ലൗ ജിഹാദ്, ഫ്ളാറ്റ് പൊളിക്കല്‍, പള്ളിത്തര്‍ക്കം, ഭൂമിവിവാദം… നല്ലതൊന്നുമില്ല! വാര്‍ത്ത കേള്‍ക്കാനും മൊബൈലില്‍ വരുന്ന വാര്‍ത്തകള്‍ വായിക്കാനുമെല്ലാം ബുദ്ധിമുട്ട് തന്നെ. വാട്ട്സാപ്പില്‍ വരുന്ന മുന്നറിയിപ്പുകളും 'നന്നാക്കല്‍ സന്ദേശ'ങ്ങളും നിര്‍ദ്ദേശങ്ങളും അതിലും അരോചകം. ഒരു കാര്യം സത്യമാണ്, നാടിന്, നമ്മുടെ യുവതയ്ക്ക് എന്തോ പറ്റിയിട്ടുണ്ട്. ചിലരുടെ എങ്കിലും ദിശ മാറുന്നുണ്ട്.

ഇടറിപ്പോയ – വിശ്വാസത്തിലോ, സന്മാര്‍ഗത്തിലോ, കാഴ്ചപ്പാടിലോ ആകട്ടെ – മക്കളുടെ മാതാപിതാക്കളും വീട്ടുകാരും വിലപിക്കുന്നത് പലപ്പോഴും ഇങ്ങനെയാണ്. 'ഒരു കഷ്ടപ്പാടും ബുദ്ധിമുട്ടും അറിയാതെ വളര്‍ത്തിയതാണച്ചാ,' 'അവനെ/അവളെ ഒരു വഴക്ക് പോലും പറഞ്ഞിട്ടില്ല,' 'ഒരു കുറവും വരാതെ ആണ് വളര്‍ത്തിയത്'…. അങ്ങനെ പോകുന്നു, സങ്കടങ്ങള്‍.

അല്ല, അറിയാന്‍ പാടില്ലാഞ്ഞിട്ട് ചോദിക്കുകയാ, കുട്ടികളെ ഒരു വഴക്കും പറയരുതെന്ന്, ചോദിക്കും മുന്‍പ് എല്ലാം വാങ്ങി കൊടുക്കണമെന്ന്, കഷ്ടപ്പാടുകള്‍ അറിയരുതെന്ന് ആരാണ് നമ്മോട് പറഞ്ഞത്? നിങ്ങളും ഒരിക്കല്‍ കുട്ടികള്‍ ആയിരുന്നില്ലേ? അക്കാലത്ത് മാതാപിതാക്കള്‍ ഈ handle with care മനോഭാവങ്ങളൊന്നും സ്വീകരിച്ചിരുന്നില്ലല്ലോ? അതിന്‍റെ പേരില്‍ ഏത് വീട്ടിലെ, ഏത് കുട്ടിയാണ് മോശമായത്? ഒരു പ്രതിസന്ധിയെ അഭിമുഖീകരിക്കേണ്ടി വരുമ്പോള്‍ പഴയ തലമുറയാണോ, പുതിയ തലമുറയാണോ മെച്ചം? എന്തുകൊണ്ടാണ്?

കുട്ടികള്‍ക്ക് സ്നേഹം വേണം, പരിഗണന വേണം. പക്ഷേ, സ്നേഹ-വിനിമയം എന്നാല്‍ പദാര്‍ത്ഥ-വിനിമയം ആണെന്ന് നമ്മള്‍ അറിഞ്ഞോ അറിയാതെയോ തിരുത്തിയെഴുതി, എന്നതാണ് നമ്മുടെ വീഴ്ചയെന്ന് ഞാന്‍ കരുതുന്നു. ആവശ്യത്തിലധികം വസ്ത്രവും, ഭക്ഷണവും സൗകര്യങ്ങളും നല്‍കാന്‍ നമ്മള്‍ വ്യഗ്രത കാട്ടിയപ്പോള്‍ സ്നേഹമെന്നത് മാര്‍ക്കറ്റില്‍നിന്ന് വാങ്ങുന്ന സാധനങ്ങള്‍ ആണെന്ന് നമ്മള്‍ തെറ്റിദ്ധരിച്ചു, മക്കളെ തെറ്റിദ്ധരിപ്പിച്ചു!

അതുകൊണ്ടാണ് നമ്മളുടെ കുട്ടികള്‍ വാശിപിടിച്ചത്, ദുര്‍വാശിക്കാരായത്. ആ വാശി പരിഹരിക്കാന്‍ നമ്മള്‍ വീണ്ടും നെട്ടോട്ടം ഓടിയത്.

എന്താണ് സത്യത്തില്‍ ഈ സ്നേഹ-വിനിമയം (communication of love)? എങ്ങനെ ആയിരുന്നു, കുടുംബങ്ങളില്‍? ഈ നവീന കാലത്ത് അതെങ്ങനെയാണ് നടത്തേണ്ടത്?

കുട്ടികളുടെ ശാരീരിക – മാനസീക – ആത്മീയവളര്‍ച്ചകള്‍ക്ക് പിന്നില്‍ മാതാപിതാക്കളുടെ, മുതിര്‍ന്നവരുടെ കരുതലും സ്നേഹവും വാത്സല്യവും ഒക്കെ പ്രധാന ഘടകങ്ങളാണ്. സ്നേഹമോ പരിഗണനയോ വേണ്ടവിധം കിട്ടാതെ വളര്‍ന്ന കുട്ടികള്‍ ജീവിതത്തില്‍ പരാജയപ്പെടുന്നതിന്‍റെ കണക്കുകള്‍ പരിശോധിച്ചാല്‍ അത് നമുക്ക് മനസ്സിലാകും. ഇന്ന് വിവേകപൂര്‍വ്വം മനുഷ്യത്വം പകര്‍ന്നുകൊടുക്കപ്പെടാതെ വരും തലമുറയ്ക്ക് മനുഷ്യത്വമുള്ള ഒരു തലമുറയെ നിര്‍മ്മിച്ചെടുക്കാനാവൂ.

പറമ്പിലും, പാടത്തും, പൊതുവഴിയിലും, ആറ്റുവക്കത്തും അങ്ങാടിയിലും, ആശുപത്രി വരാന്തകളിലും, ഊട്ടുമുറിയിലും, കന്നുകാലികൂട്ടിലുമൊക്കെ മണിക്കൂറുകള്‍ മാതാപിതാക്കളുടെയും, മുതിര്‍ന്നവരുടെയും കൂടെ ചിലവഴിച്ചതിന്‍റെ ഓര്‍മ്മകള്‍ പഴയ തലമുറയ്ക്കുണ്ട്. ആവുന്നതു പോലെ അധ്വാനിച്ചും, ജോലികളില്‍ സഹായിച്ചും, കണ്ടും കേട്ടും ജീവിതമറിയാനുള്ള ഗുരുകുലകാലമായിരുന്നു അത്. കാലം മാറിയപ്പോള്‍, പാടത്തോ പറമ്പിലോ അങ്ങാടിയിലോ ഒന്നും ഇറങ്ങി നടന്നോ, കൂട്ട് പോയോ ജീവിതത്തെ അറിയേണ്ട ഒരവസ്ഥയില്‍നിന്ന് നമ്മള്‍ ഏറെ മാറിയിട്ടുണ്ട്. ചുറ്റുപാടുകളുടെയും, ജീവിതസൗകര്യങ്ങളുടെയും വളര്‍ച്ച, വിവരസാങ്കേതികതയുടെ പുരോഗതി ഇവയെല്ലാം ഓരോ ഘടകങ്ങള്‍ തന്നെ.

സ്വന്തം മൊബൈലിന്‍റെ സ്ക്രീനില്‍ ജീവിതം തളച്ചിടപ്പെട്ടവര്‍ എന്ന് ഈ തലമുറയെ വിളിച്ചാല്‍ അത് അതിശയോക്തിയല്ല. മൊബൈലിലേക്ക് മുഖം പൂഴ് ത്തുമ്പോള്‍ പ്രിയപ്പെട്ടവരുടെ മുഖങ്ങള്‍ അന്യമായി തുടങ്ങുകയാണ്. എന്‍റെ മുറിയുടെ വാതിലടയുമ്പോള്‍ എന്‍റെ പൂര്‍വികതലമുറ പകരാന്‍ കൊതിക്കുന്ന ജീവിതാനുഭവങ്ങളെ പുച്ഛിക്കുകയാണ്. Gadgets സൃഷ്ടിക്കുന്ന മായാലോകത്തിന്‍റെ അടിമയാവുകയാണ്.

ഒരു വീട്ടിലെ എല്ലാവര്‍ക്കും സ്മാര്‍ട്ട് ഫോണുകള്‍ ജീവിതത്തിന്‍റെ ഭാഗമായ സ്ഥിതിക്ക് ഇനി ചെയ്യാനുള്ളത് ഒരു media discipline വീടുകളില്‍ രൂപപ്പെടുത്തുക എന്നതാണ്. ഒരുമിച്ചുള്ള പ്രാര്‍ത്ഥന, ഭക്ഷണം, അര മണിക്കൂറെങ്കിലുമുള്ള വിശേഷം കൈമാറല്‍… ഈ നേരത്ത് മാതാപിതാക്കളോട് ഒപ്പം മക്കളും തങ്ങളുടെ സാന്നിധ്യം ഉറപ്പ് വരുത്തുക. അന്നന്ന് കണ്ടതും കേട്ടതുമായ എല്ലാ കാര്യങ്ങളും പരസ്പരം പങ്കുവച്ചാല്‍ പിന്നെ ആരും കൈവിട്ടുപോവുകയില്ല, ഒരിക്കലും.

സ്നേഹ-വിനിമയം കുറച്ച് കൂടി effective നടപ്പാക്കാന്‍, നല്‍കുന്ന സ്നേഹം മക്കള്‍ sense ചെയ്യുന്നുണ്ട് എന്ന് ഉറപ്പ് വരുത്താന്‍ മാതാപിതാക്കള്‍ ശ്രദ്ധിച്ച് തുടങ്ങേണ്ട കാലമായി. സ്നേഹമെന്നവികാരം സമ്മാന കൈമാറ്റങ്ങളില്‍ ഒതുങ്ങി പോകരുതേ. കൂടെയിരുത്തി, കൂടെ നടത്തി അപ്പനും അമ്മയും കടന്ന് പോയ പരീക്ഷണങ്ങളും പ്രതിസന്ധികളും നിങ്ങളുടെ കുഞ്ഞുങ്ങള്‍ അറിയുന്നതില്‍ എന്താണ് തെറ്റ്?

ചില ഇടങ്ങളിലെങ്കിലും കുടുംബമെന്ന സംവിധാനത്തെ ഒന്ന് പുനര്‍നിര്‍മിക്കാനുണ്ട്. ബന്ധങ്ങളെ നിര്‍വചിച്ച് അര്‍ത്ഥങ്ങള്‍ ഊട്ടി ഉറപ്പിക്കാനുണ്ട്.

ഒരു നല്ല കാലം നാളെ തിരികെ വരാനുണ്ട്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org