പ്രതിലോമവായനകള്‍

പ്രതിലോമവായനകള്‍

പ്രതിലോമവായനകളെ ഇഷ്ടപ്പെടുന്നവരാണ് ആധുനിക മനുഷ്യര്‍. സ്വാഭാവികവും പരമ്പരാഗതവുമായ സങ്കേതങ്ങളില്‍നിന്നു മാറിനിന്നുകൊണ്ട് വ്യതിരിക്തമായി നടത്തുന്ന വായനകളെയാണ് പ്രതിലോമവായനകള്‍ എന്നു പറയുന്നത്. ഗാന്ധിയെക്കാളും മഹത്വമുള്ളത് ഗോഡ്സെക്കാണെന്ന് പറയുന്നത് തീര്‍ച്ചയായും പ്രതിലോമവായനയാണ്. രാമനെക്കാള്‍ മാന്യന്‍ രാവണനാണെന്നും ക്രിസ്തുവിനേക്കാള്‍ നീതിമാന്‍ യൂദാസാണെന്നും വാദിക്കുന്നത് പ്രതിലോമവായനകളുടെ ശക്തമായ ദൃഷ്ടാന്തമാണ്.

പരമ്പരാഗത സരണികളില്‍നിന്നുമാറി ചിന്തിക്കാനു ള്ള കേവലമായൊരു കൗതുകം മാത്രമല്ല പ്രതിലോമവായനകള്‍ക്കു പിന്നിലുള്ളത്. ധര്‍മ്മാധര്‍മ്മങ്ങളെ പുനര്‍ നിര്‍വ്വചിക്കുക എന്ന ഗൂഢലക്ഷ്യം പ്രതിലോമവായനകളുടെ പ്രത്യക്ഷ ലക്ഷണമാണ്. ഉദാഹരണമായി ലൈംഗികതയെ വിവാഹത്തിന്‍റെ പവിത്രതയുമായി ബന്ധിപ്പിക്കുന്ന പരമ്പരാഗത വായനയെ വെട്ടിത്തിരുത്തുന്നവര്‍ അരാജകത്വത്തെ സ്വാതന്ത്ര്യമെന്ന് വാഴ്ത്തുന്നവരാണ്. ധര്‍മ്മത്തിനും അധര്‍മ്മത്തിനും സ്വയംകൃത മാനദണ്ഡങ്ങള്‍ മതി എന്നതാണ് പ്രതിലോമ വായനക്കാരുടെ നിലപാട്. പരമ്പരാഗതവും സാമാന്യവത്കൃതവുമായ പൊതുനിലപാടുകളെ ആക്രമിക്കാനുള്ള ഏതൊരവസരവും പ്രതിലോമവായനക്കാര്‍ ഫലപ്രദമായി ഉപയോഗിക്കും. ധാര്‍മ്മികതയുടെ പരമ്പരാഗത ബിംബങ്ങളെ തച്ചുടയ്ക്കാനുള്ള ഏതു ചെറിയ സന്ദര്‍ഭവും ഫലപ്രദമായി ഉപയോഗിക്കാന്‍ ഇവര്‍ പരിശ്രമിക്കും. വൈദികരുടെ ഒറ്റപ്പെട്ട വീഴ്ച്ചകളെ പര്‍വ്വതീകരിക്കുന്നവരുടെ ആത്യന്തികലക്ഷ്യം ധാര്‍മ്മികതയുടെ പ്രതിലോമവായനയാണ്.

രാഷ്ട്രീയത്തിലും പ്രതിലോമ വായനകള്‍ക്ക് ഇടം കൂടുന്നുണ്ട്. രാജ്യത്തെ സാധാരണക്കാരന്‍റെ ഉന്നതമാനത്തേക്കാള്‍ കോര്‍പ്പറേറ്റുകളുടെ അഭ്യുന്നതി കാംക്ഷിക്കുന്ന ഭരണകൂടം പ്രതിലോമവായന നടത്തുന്നവരാണ്. എണ്ണവിപണിയുടെ പകുതിയോളം കൈകാര്യം ചെയ്യുന്ന കോര്‍പ്പറേറ്റുകള്‍ക്ക് കൊള്ളലാഭം ഒരുക്കാന്‍ വിലനിശ്ചയത്തിനുള്ള അധികാരം അവര്‍ക്കു വിട്ടുകൊടുത്ത സര്‍ക്കാരിന്‍റെ പ്രതിബദ്ധത ആരോടാണെന്നു വ്യക്തമാണ്. തുഗ്ലക്കിന്‍റെ പേരുദോഷം മാറ്റിക്കൊടുത്ത ചരിത്രവിഢിത്തമായ നോട്ടുനിരോധനം പ്രതിലോമ വായനയുടെ മറ്റൊരു ദൃഷ്ടാന്തമാണ്. കള്ളപ്പണം പിടിച്ചെടുക്കുമെന്നു പറഞ്ഞവര്‍ സത്യത്തില്‍ കള്ളപ്പണം വെളുപ്പിക്കാന്‍ വഴിയൊരുക്കുകയായിരുന്നു. നോട്ടുനിരോധനം ഉല്‍പാദനമേഖലയിലേല്പിച്ച ഭീകരമായ ആഘാതം മറച്ചുപിടിക്കാന്‍ ഇന്ധനവില കൂട്ടി സര്‍ക്കാര്‍ ധനസമ്പാദനം നടത്തുകയാണ്. ഇതിനോടകം ഇന്ധനനികുതിയിലൂടെ 4 ലക്ഷം കോടിയില്‍പരം രൂപ സര്‍ ക്കാര്‍ സമാഹരിച്ചിട്ടും (ഇതിന്‍റെ പകുതിയോളം തുക എണ്ണ വ്യാപാരികളായ കോര്‍പ്പറേറ്റുകള്‍ക്കും ലഭിച്ചു) രാജ്യത്തിന്‍റെ വരുമാനത്തില്‍ ഭീമമായ ഇടിവുണ്ടായി എന്നു കണക്കുകള്‍ വ്യക്തമാക്കുമ്പോഴാണ് ഭരണകര്‍ത്താക്കളുടെ വിവരദോഷത്തിന് സാധാരണക്കാര്‍ നല്‍കേണ്ടിവരുന്ന വില എത്രവലുതാണെന്ന് നാം തിരിച്ചറിയുന്നത്. പ്രതിലോമ വായനയുടെ ആദ്യപാഠം ഇപ്രകാരമാണ്: എല്ലാ ശരിയും തെറ്റും കയ്യൂക്കും അധികാര മുള്ളവന്‍റെ ഇഷ്ടാനിഷ്ടങ്ങളാണ്.

കേന്ദ്രസര്‍ക്കാര്‍ നിര്‍ബന്ധിച്ചു തുടങ്ങിയ അക്കൗണ്ടുകളില്‍ മിനിമം ബാലന്‍സ് നിലനിര്‍ത്താന്‍ ശേഷിയി ല്ലാത്തവന്‍റെ പിച്ചച്ചട്ടിയില്‍നിന്ന് ഒരു പൊതുമേഖലാ ബാങ്കു മാത്രം 263 കോടി കവര്‍ന്നെടുത്തതായി വാര്‍ത്തയുണ്ടായിരുന്നു. പ്രതിലോമവായനയുടെ രണ്ടാംപാഠവും ഇതുതന്നെയാണ്. അത്താഴപ്പട്ടിണിക്കാരായ പൗരന്മാരേക്കാള്‍ കോര്‍പ്പറേറ്റു ഭീമന്മാരുടെ സുസ്ഥിതി ഉറപ്പാക്കുന്നതാണ് ക്ഷേമരാഷ്ട്രവും അഛാദിനും.

സമാനമായ പ്രതിലോമവായനയാണ് സംസ്ഥാന സര്‍ക്കാരും നടത്തുന്നത്. മദ്യംമൂലം നശിക്കുന്ന കുടുംബങ്ങളുടെ ഗതികേടോ നാട്ടിലെ അമ്മമാരുടെ കണ്ണു നീരോ ഭാവിയിലെ ഇരുട്ടുകണ്ടു ഭയപ്പെടുന്ന കുഞ്ഞുങ്ങളുടെ വിഹ്വലതയോ പരിഗണിക്കാതെ സര്‍ക്കാര്‍ മദ്യമുതലാളിമാരുടെ ആവശ്യംമാത്രം പരിഗണിച്ചു നാട്ടില്‍ മദ്യം ഒഴുക്കുന്നു. ജനവികാരം എതിരാണെന്നു വ്യക്തമായതുകൊണ്ടല്ലേ മദ്യശാലകള്‍ക്ക് അനുമതി നല്‍കാനുള്ള പ്രാദേശിക ഭരണസമിതികളുടെ അധികാരം എടുത്തുകളഞ്ഞത്. സ്കൂള്‍, ആരാധനാലയങ്ങളോട് അനുബന്ധിച്ചു മദ്യശാല തുടങ്ങാന്‍ (50 മീറ്റര്‍ ഒരു അകലമേയല്ലെന്ന് ആര്‍ക്കാണ് അറിയാത്തത്) ലൈസന്‍സ് കൊടുത്തപ്പോഴും ഹൈവേകളെ പേരുമാറ്റി ഗ്രാമപാത കളാക്കിയപ്പോഴും സര്‍ക്കാര്‍ നടത്തിയത് പ്രതിലോമ വായനയാണ്. ബാര്‍കേസു ചമയ്ക്കാന്‍ കൂട്ടുനിന്ന മദ്യമുതലാളിമാരോടുള്ള ഉപകാരസ്മരണ സര്‍വ്വപരിധിയും ലംഘിച്ചതും ഈ പ്രതിലോമവായനമൂലമാണ്. അതിനാല്‍ പ്രതിലോമവായനയുടെ മൂന്നാംപാഠവും പ്രസക്തമാണ്. പണത്തിനുമുകളില്‍ ഇടതെന്നോ വലതെന്നോ പക്ഷമില്ല; മദ്യപാനംമൂലം കൂമ്പടഞ്ഞുപോയ ദശലക്ഷക്കണക്കിനു മനുഷ്യരെക്കാള്‍ വിലയുള്ളത് മദ്യമുതലാളിമാരുടെ ശതകോടികള്‍ക്കാണ്. പ്രതിലോമവായനകള്‍ പൂര്‍ത്തിയാകുമ്പോള്‍ നന്മയെല്ലാം തിന്മയും തിന്മയെല്ലാം നന്മയുമായി രൂപപരിണാമം നേടും.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org