പ്രകൃതിദുരന്തങ്ങളും കരുതലുകളും

കാലവര്‍ഷത്തിന്‍റെ അത്ഭുതപൂര്‍വ്വമായ ദുരിതപെയ്ത്തില്‍ നാടും നഗരവും സ്തംഭിച്ചു നില്‍ക്കുന്ന നാളുകളിലാണ് ഈ കുറിപ്പ് എഴുതുന്നത്. 1924-നു ശേഷം ഇതുപോലൊരു പ്രളയ കാലം കണ്ടിട്ടില്ല എന്ന് പഴമക്കാരും കാലാവസ്ഥാ വിശാരദരും ഒരുപോലെ പറയുന്നു. പ്രകൃതിയുടെ വികൃതിയാണോ ഈ ദുരന്തം എന്ന തര്‍ക്കം ശേഷിക്കുന്നുണ്ട്.

4.6 ബില്യന്‍ വര്‍ഷങ്ങള്‍ പ്രായമുള്ള ഭൂമി മാതാവിന് ഏറ്റവും കൂടുതല്‍ ക്ഷതമേറ്റ നൂറ്റാണ്ടാണ് കഴിഞ്ഞുപോയത്. കഴിഞ്ഞതിനേക്കാള്‍ ക്ഷതമേല്‍പ്പിക്കുന്ന നൂറ്റാണ്ടിലാണ് നാം ജീവിക്കുന്നത്. ജനസംഖ്യാ ബാഹുല്യത്തിന്‍റെ അനിവാര്യതയായി പ്രപഞ്ചത്തിലെ കയ്യേറ്റങ്ങള്‍ കുറെയൊക്കെ ന്യായീകരിക്കപ്പെടേണ്ടതാണ്. പ്ര കൃതിയുടെ ഭാഗമായ മനുഷ്യന്‍ പ്രകൃതിയോട് ഇണങ്ങി ജീവിച്ച കാലത്ത് പ്രകൃതിയുടെ വികൃതികള്‍ വിരളമായി രുന്നു എന്ന് കരുതാം. എന്നാല്‍, പ്രപഞ്ചത്തിന്‍റെ ആകൃതിയും പ്രകൃതിയും പാടേ മാറ്റിയ പല ദുരന്തങ്ങളും ചരിത്രാതീത കാലംമുതല്‍ക്കേ പ്രപഞ്ചത്തില്‍ സംഭവിച്ചിട്ടുണ്ട്. ദിനോസറുകളുടെ വംശനാശത്തിനും പുതിയ തരം ജീവജാലങ്ങളുടെ ഉത്ഭവത്തിനും ഉതകുന്ന പരിസ്ഥിതി പരിണാമങ്ങള്‍ സംഭവിച്ചത് ഇക്കാലഘട്ടങ്ങളിലാണ്. തോമസ് റോബര്‍ട്ട് മാല്‍ത്തൂസിന്‍റെ വിചിത്രമായ സിദ്ധാന്തത്തില്‍ പരാമര്‍ശിക്കുംപോലെ പ്രകൃതി സ്വയം കണ്ടെത്തുന്ന ചില നിഗൂഢമായ അതിജീവന മാര്‍ഗ്ഗങ്ങളാണ് പ്രകൃതി ദുരന്തങ്ങളാകുന്നത്. പ്രകൃതിയുടെ നിഗൂഢതകള്‍ മനുഷ്യബുദ്ധിക്ക് അതീതമാണെന്ന സത്യം പ്രകൃതിതന്നെ പഠിപ്പിക്കുന്നുണ്ട്.

പ്രപഞ്ച രഹസ്യങ്ങളെ എളിമയോടെ ധ്യാനിക്കാനും സ്രഷ്ടാവിനെ വിളിച്ചപേക്ഷിക്കാനുമുള്ള അവസരമായാണ് പ്രകൃതി ദുരന്തങ്ങളെ മനസ്സിലാക്കേണ്ടത്. എന്നാല്‍, സര്‍വ്വ പ്രപഞ്ച രഹസ്യങ്ങളുടെയുംമേല്‍ ആധിപത്യമുണ്ടെന്ന ചിന്തയോടെ പ്രകൃതിദുരന്തങ്ങള്‍ക്ക് ഒറ്റവാക്കില്‍ ഉത്തരം കണ്ടെത്താന്‍ ശ്രമിക്കുന്നവര്‍ വിഢികളുടെ സ്വര്‍ഗ്ഗത്തിലാണ്. പേമാരിക്ക് കാരണം പശ്ചിമഘട്ടത്തില്‍ കുടിയേറ്റ കര്‍ഷകര്‍ കപ്പ നട്ടതാണ് എന്നു വാദിക്കുന്നവര്‍ ഇത്തരം സുന്ദരവിഢികളാണ്. കാടുവെട്ടിയതിനാലാണ് മഴയില്ലാത്തത് എന്ന നിരീക്ഷണത്തിന് പണ്ട് കേരള നിയമസഭയില്‍ സീതിഹാജി സാഹിബ് ഉന്നയിച്ച മറുവാദം ശ്രദ്ധേയമായിരുന്നു: അറബിക്കടലില്‍ കാടുണ്ടായിട്ടാണോ അവിടെ മഴപെയ്യുന്നത്? ഈ മറുചോദ്യത്തില്‍ വലിയ കഴമ്പില്ലെങ്കിലും പ്രകൃതിയിലെ പ്രതിഭാസങ്ങളെ മനസ്സിലാക്കാന്‍ ഏകതാനമായ ചിന്ത പോരെന്ന തിരിച്ചറിവുണ്ട്. കാടുവെട്ടിയതിനാലാണ് ഉരുള്‍പൊട്ടല്‍ ഉണ്ടാകുന്നത് എന്ന് വാദിച്ചവരുടെ വായടയ്ക്കാന്‍ വേണ്ടിയാകാം ഇത്തവണ മിക്കവാറും ഉരുള്‍ പൊട്ടലുകള്‍ വനാന്തരങ്ങളില്‍ത്തന്നെ സംഭവിച്ചത്. പരിസ്ഥിതി നാശത്തിന്‍റെ സര്‍വ്വ പാപഭാരവും കര്‍ഷകന്‍റെ തോളിലേറ്റി അവനെ കുരിശിലേറ്റാനുള്ള വ്യഗ്രത പരിസ്ഥിതി സ്നേഹത്തേക്കാള്‍ ഉപരിപ്ലവമായ പരിസ്ഥിതിബോധമാണ് പ്രകടമാകുന്നത്.

കാടുകള്‍ നാടിന്‍റെ ശ്വാസകോശങ്ങളാകയാല്‍ അവയെ പരിരക്ഷിക്കാന്‍ നമുക്ക് കൂട്ടുത്തരവാദിത്വമുണ്ട്. ഭൂമിക്ക് നമ്മെക്കൂടാതെയും ജീവിക്കാം, എന്നാല്‍ നമുക്ക് ഭൂമിയെക്കൂടാതെ ജീവിക്കാനാവില്ല എന്ന സത്യം നാം വിസ്മരിക്കരുത്. മുന്‍തലമുറ ഭരമേല്‍പിച്ച ശുദ്ധഭൂമിയെ കൂടുതല്‍ മലിനമാക്കാതെ വരുംതലമുറയ്ക്കായി കാത്തുസൂക്ഷിക്കേണ്ടത് നാം ഓരോരുത്തരുടെയും കടമയാണ്. എന്നാല്‍ പരിസ്ഥിതി വാദത്തില്‍ സ്വാര്‍ത്ഥതയും വര്‍ഗ്ഗീയതയും കലര്‍ത്തുന്നത് അക്ഷന്തവ്യമായ അപരാധമാണ്. ലോകത്ത് ഏറ്റവും കൂടുതല്‍ കാര്‍ബണ്‍ പുറംതള്ളുന്ന അമേരിക്ക മൂന്നാംരാജ്യങ്ങളോട് കാര്‍ബണ്‍ ഉപഭോഗം കുറയ്ക്കാന്‍ കല്പിക്കുന്നതിലെ അവിവേകം അന്താരാഷ്ട്ര പരിസ്ഥിതി തമാശയാണ്. സമാനമായ വാദമാണ് കേരളത്തിലെ ചില പരിസ്ഥിതിവാദികള്‍ ഉയര്‍ത്തുന്നത്. ഭൗമദുര്‍ബ്ബല പ്രദേശങ്ങളിലെ കരിങ്കല്‍ ഖനനവും അനിയന്ത്രിതമായ പ്രകൃതി ചൂഷണവും കണ്ടിട്ടും കണ്ണടയ്ക്കുന്നവരാണ് കുടിയേറ്റ കര്‍ഷകരെ കയ്യേറ്റക്കാരും പരിസ്ഥിതി ഘാതകരുമായി ചിത്രീകരിക്കുന്നത്. കൊതുകിനെ അരിച്ചുനീക്കാന്‍ വെമ്പല്‍കൊള്ളുന്നവര്‍ ഒട്ടകങ്ങളെ വിഴുങ്ങുന്നതിലെ അന്യായം കാണാതെ പോകരുത്. ആനയേക്കാളും കുഴിയാനയെ പേടിക്കുന്നവന് നിക്ഷിപ്ത താത്പര്യങ്ങളുണ്ട്. യഥാര്‍ത്ഥ പ്രകൃതിചൂഷണം തടയാനുള്ള നടപടികളാണാവശ്യം.

സമാനതകളില്ലാത്ത ദുരന്തമുഖത്ത് കേരളമൊന്നാകെ വിറങ്ങലിച്ചുനില്‍ക്കുമ്പോള്‍ പരസ്പരം ചെളിവാരിയെറിയാതെ, ഒറ്റക്കെട്ടായി ഈ ദുരന്തത്തെ നേരിടാന്‍ സര്‍ക്കാരിനൊപ്പം നില്‍ക്കുകയാണ് വേണ്ടത്. ഈ പ്രകൃതി ദുരന്തത്തെ നേരിടാന്‍ സര്‍ക്കാര്‍ സംവിധാനങ്ങളെ യുദ്ധസമാനമായ ജാഗ്രതയോടെ അണിനിരത്തിയ കേരള സര്‍ക്കാരും അതിന്‍റെ അമരക്കാരനായ മുഖ്യമന്ത്രി പിണറായി വിജയനും തീര്‍ച്ചയായും അഭിനന്ദനം അര്‍ഹിക്കുന്നു. സമയോചിതമായ സഹായ ഹസ്തവുമായെത്തിയ കേന്ദ്ര സര്‍ക്കാരിനെയും വിസ്മരിക്കാനാവില്ല. പതിവുപോലെ ഈ ദുരന്തമുഖത്തും നിസ്വാര്‍ത്ഥവും ശക്തവുമായ സാന്നിധ്യമായി സഭയുണ്ടായിരുന്നു.

പ്രകൃതി ദുരന്തങ്ങളില്‍നിന്ന് പാഠങ്ങള്‍ പഠിക്കാന്‍ കഴിഞ്ഞാല്‍ വരുംകാല ദുരന്തങ്ങളെ ഒഴിവാക്കാനോ ലഘൂകരിക്കാനോ സാധിക്കും. പരിസ്ഥിതി ദുര്‍ബ്ബല മേഖലകളിലെ കരിങ്കല്‍, ചെങ്കല്‍ ഖനനങ്ങളെ കര്‍ക്കശമായി നിയന്ത്രിക്കേണ്ടതുണ്ട്. തോട്, പുഴ എന്നിവയുടെ തീരങ്ങളിലെ കയ്യേറ്റങ്ങള്‍ ഒഴിപ്പിച്ച് ജലപ്രവാഹം സുഗമമാക്കണം. അണക്കെട്ടുകള്‍ തുറന്നാല്‍ എവിടെയൊക്കെ പ്രളയമുണ്ടാകുമെന്നകാര്യം ശാസ്ത്രീയമായി പഠിച്ച് മുന്‍കരുതലുകളെടുക്കണം. ഇത്തരം പ്രദേശങ്ങളിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ വേണ്ടത്ര മുന്‍കരുതലുകളെടുക്കണം. പ്രധാന പാതകളിലെ വെള്ളം കയറുന്ന താഴ്ന്ന പ്രദേശങ്ങള്‍ ഉയര്‍ത്താനും വെള്ളം കടന്നുപോകാന്‍ അടിപ്പാതകള്‍ നിര്‍മ്മിക്കാനും ശ്രദ്ധിക്കണം. കൂടുതല്‍ കരുതല്‍ അണക്കെട്ടുകള്‍ നിര്‍മ്മിക്കു ന്നതിനെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം നടത്തേണ്ടതുണ്ട്. പ്രളയസാധ്യത പ്രദേശങ്ങളിലെ ഭവന നിര്‍മ്മാണത്തിന് വ്യക്തമായ മാനദണ്ഡങ്ങള്‍ ഏര്‍പ്പെടുത്താന്‍ ശ്രദ്ധവയ്ക്കണം. പട്ടണങ്ങളിലെ ജലനിര്‍ഗ്ഗമന സൗകര്യങ്ങള്‍ ശാസ്ത്രീയ പഠനപ്രകാരം വിപുലപ്പെടുത്തണം. പ്രകൃതി തന്ന മുന്നറിയിപ്പായി ഈ ദുരന്തത്തെ കണക്കാക്കി കൂടുതല്‍ മുന്നൊരുക്കങ്ങള്‍ക്ക് സര്‍ക്കാരും സമൂഹവും ഒരുമനസ്സോടെ തയ്യാറാകണം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org