“പണ്ടേ ഞാനങ്ങനെയാ”

“പണ്ടേ ഞാനങ്ങനെയാ”

"എനിക്കിത്തിരി മുന്‍കോപമുണ്ട്; പണ്ടേ ഞാനങ്ങനെയാ…." മുതിര്‍ന്നവര്‍ ചിലപ്പോള്‍ സ്വയം ന്യായീകരിക്കുന്ന ഒരു രീതിയാണിത്. "ഇങ്ങനെയൊക്കെ കണ്ടാലുണ്ടല്ലോ… പിന്നെ എന്നെ പിടിച്ചാല്‍ കിട്ടുകയില്ല." സ്വയം പിടിവിട്ടുപോയൊരാള്‍ സ്വന്തം ന്യായീകരണം കണ്ടെത്തുന്ന പണിയാണിത്. തങ്ങളുടെ കൊള്ളരുതായ്മകള്‍ക്ക് ഇങ്ങനെ അവനവനില്‍ ന്യായീകരണം കണ്ടു പിടിക്കുന്നവര്‍ പറയാതെ പറയുന്ന ഒരു കാര്യമുണ്ട്: ഞാന്‍ നന്നാകാന്‍ ഉദ്ദേശിക്കുന്നില്ല. ഞാനിതുപോലെ തന്നെ തുടരും. ഒരുപക്ഷേ ഇത്തരം പ്രസ്താവങ്ങളില്‍ ചിലപ്പോള്‍ കുറ്റസമ്മതത്തിന്‍റെ നേര്‍ത്ത ഒരു വിലാപവുമുണ്ടാകാം. ഇതിലപ്പുറം എന്നെക്കൊണ്ട് സാധിക്കുന്നില്ല. എന്നാല്‍ മനസുവച്ചാല്‍ ഏത് പ്രകൃതവും ശീലങ്ങളും ഏതു പ്രായത്തിലും നല്ലൊരു പരിധിവരെ മാറ്റിയെടുക്കാന്‍ സാധിക്കും. ഇക്കാര്യം ബോധ്യപ്പെടുത്തുന്ന മൂന്ന് ഉദാഹരണങ്ങള്‍:

വര്‍ഷം 217-ല്‍ കലിസ്റ്റസിനെ മാര്‍പാപ്പയായി തിരഞ്ഞെടുത്തു. പാപകരമായ വഴികള്‍ ഉപേക്ഷിച്ച് വിശുദ്ധ ജീവിതത്തിലേക്ക് പ്രവേശിച്ചയാളായിരുന്നു അദ്ദേഹം. മാത്രവുമല്ല കലിസ്റ്റസ് പാപ്പ എല്ലാത്തരം പാപികള്‍ക്കും കരുണയോടെ പാപമോചനം നല്കി. എന്നാല്‍ ഹിപ്പോളിറ്റസ് എന്ന പേരുള്ള മിടുക്കനായ റോമന്‍ വൈദികന്‍ ഇതിനെ എതിര്‍ത്തു. കലിസ്റ്റസിനെതിരെ ശക്തമായി സംസാരിച്ചു. ഇതേ അഭിപ്രായം പുലര്‍ത്തിയ വൈദികരെല്ലവരും ചേര്‍ന്ന് അദ്ദേഹത്തെ മാര്‍പാപ്പയായി തിരഞ്ഞെടുത്തു. അങ്ങനെ ആദ്യത്തെ എതിര്‍പാപ്പ (anti-pope) നിലവില്‍വന്നു. ഇതിനിടയില്‍ കലിസ്റ്ററ്റ് രക്തസാക്ഷിയായി. വേറെ രണ്ടു പാപ്പാമാര്‍ ഒന്നിനു പുറകെ പത്രോസിന്‍റെ സിംഹാസനത്തിലെത്തി. എങ്കിലും ഹിപ്പോളിറ്റസ് താന്‍ മാര്‍പാപ്പയാണെന്ന് അവകാശപ്പെട്ടു കൊണ്ടിരുന്നു. എന്നാല്‍ അക്കാലത്ത് മതമര്‍ദ്ദനം ശക്തമായി. അന്നത്തെ മാര്‍പാപ്പയായിരുന്ന പൊന്‍ഷ്യനും ഹിപ്പോളിറ്റസും പിടിക്കപ്പെട്ടു. അവരെ സര്‍ദീനിയയിലെ ഖനികളിലേക്ക് അയച്ചു. അവിടെവച്ച് ഹിപ്പോളിറ്റസിനു സുബോധമുണ്ടായി. അദ്ദേഹം മാര്‍പാപ്പയുമായി രമ്യപ്പെട്ടു. രണ്ടുപേരും ആ ഖനിയില്‍ കിടന്നു മരണമടഞ്ഞു. ഹിപ്പോളിറ്റസിന്‍റെ അനുതാപവും മാനസാന്തരവും വിശ്വാസികളെ സ്പര്‍ശിച്ചു. അദ്ദേഹം എതിര്‍ത്തിരുന്ന കലിസ്റ്റസിനോടും പൊന്‍ഷ്യനോടുമൊപ്പം ഹിപ്പോളിറ്റസിനെയും റോമന്‍ സഭ വിശുദ്ധനായി ഗണിക്കാന്‍ തുടങ്ങി. ഹിപ്പോളിറ്റസ് മാനസാന്തരപ്പെടുമ്പോള്‍ അദ്ദേഹത്തിനു പ്രായം 66.

രാജകുടുംബാംഗമായിരുന്നു ഹെലേന. റോമന്‍ ദൈവങ്ങളെ ആരാധിച്ചിരുന്നവള്‍. ഇരുപത്തിരണ്ടു വര്‍ഷത്തെ ദാമ്പത്യബന്ധം മുറിച്ച് ഭര്‍ത്താവ് മറ്റൊരു വനിതയെ വിവാഹം ചെയ്തു. അവളുടെ മകന്‍ കോണ്‍സ്റ്റന്‍റൈനാകട്ടെ റോമിലെ ചക്രവര്‍ത്തിപദം മോഹിച്ച് യുദ്ധം ചെയ്തുകൊണ്ടിരുന്നു. ഇതിനിടയില്‍ ഹെലേന റോമന്‍ വിശ്വാസങ്ങള്‍ ഉരിഞ്ഞുകളഞ്ഞ് ക്രിസ്ത്യാനിയായി മാറി. അപ്പോള്‍ അവള്‍ക്ക് പ്രായം 60. വര്‍ഷം 309. റോമില്‍ നിര്‍ണ്ണായക വിജയം നേടിയ കോണ്‍സ്റ്റന്‍റൈന്‍ തന്‍റെ അമ്മയുടെ ആഗ്രഹപ്രകാരം സഭാമര്‍ദ്ദനം അവസാനിപ്പിച്ചു. ക്രിസ്ത്യാനികള്‍ക്ക് ആരാധനാസ്വാതന്ത്ര്യം നല്കി. അന്ന് അദ്ദേഹം ക്രിസ്തുമതം സ്വീകരിച്ചിട്ടില്ലായിരുന്നു. 326-ല്‍ ഹെലേന രാജ്ഞി വിശുദ്ധ നാടുകളിലേക്ക് രണ്ടു വര്‍ഷത്തെ തീര്‍ത്ഥാടനത്തിനുപോയി. ക്രിസ്തുവിന്‍റെ കല്ലറയും കുരിശും കണ്ടെടുത്തു എന്നാണ് പാരമ്പര്യം. ഓര്‍ക്കണം, അവര്‍ ഈ തീര്‍ത്ഥാടനത്തിനു പുറപ്പെട്ടപ്പോള്‍ 77 വയസുകാരിയായിരുന്നു.

ഇന്നത്തെ ഉക്രൈനിന്‍റെ ഭാഗമായിരുന്ന കീവിലെ രാജ്ഞിയായിരുന്നു ഓള്‍ഗ. എതിരാളികളെ വാളിനും അഗ്നിക്കും ഇരയാക്കിയ ക്രൂരയായ അധികാരി. വര്‍ഷം 954-ല്‍ അവര്‍ കോണ്‍സ്റ്റാന്‍റിനോപ്പിളിലേക്ക് യാത്ര ചെയ്തു. ചക്രവര്‍ത്തിയെ തന്‍റെ പക്ഷത്തുചേര്‍ക്കാന്‍ പോയ അവള്‍ ക്രിസ്തുവിശ്വാസത്തിലേക്ക് മാനസാന്തരപ്പെട്ടു. തിരിച്ചുവന്നപ്പോള്‍ സ്വന്തം രാജ്യത്തേയ്ക്ക് അവള്‍ പണവും പണ്ടവും കൊണ്ടുവന്നില്ല. എന്നാല്‍ വണ്ടിനിറയെ മെത്രാന്മാര്‍, വൈദികര്‍, തിരുവസ്ത്രങ്ങള്‍, ബൈബിള്‍, വിശുദ്ധരുടെ തിരുശേഷിപ്പുകള്‍ എല്ലാം കൊണ്ടുവന്നു. പക്ഷേ രാജ്ഞിയുടെ ഈ വിശ്വാസക്കൈമാറ്റം പ്രജകള്‍ തള്ളിക്കളഞ്ഞു. അവളുടെ വീട്ടുകാര്‍പോലും ക്രിസ്തു മതവിശ്വാസികളായില്ല. എങ്കിലും അവള്‍ തുടങ്ങിയ ശ്രമം പേരക്കുട്ടിയുടെ കാലത്ത് ഫലമണിഞ്ഞു. പാശ്ചാത്യ സഭ അവളെ അപ്പസ്തോലന്മാര്‍ക്ക് തുല്യയായി കണക്കാക്കുന്നു. നാമറിയണം, വിശുദ്ധ ഓള്‍ഗ മാനസാന്തരപ്പെട്ടപ്പോള്‍ അവളുടെ പ്രായം 75.

ഏതു പുതിയ പുണ്യങ്ങള്‍ ശീലിക്കാനും പ്രായപ്പഴക്കം തടസ്സമല്ല. പണ്ടേ ഞാനങ്ങനെയാ എന്ന വാദം സ്വയംമാറാന്‍ മനസില്ലാത്തവരുടെ ഒഴികഴിവാണ്. കുട്ടികള്‍ കേള്‍ക്കേ മുതിര്‍ന്നവര്‍ കുട്ടികളുടെ ദുശീലങ്ങളുടെമേല്‍ കാലപ്പഴക്കത്തിന്‍റെ മുദ്രയടിച്ചുവിടരുത്. എന്‍റെ മോന്‍ ജന്മനാ വാശിക്കാരനാ എന്നു കേള്‍ക്കുന്ന ബുദ്ധിമാനായ മോന്‍ ശക്തമായ ഒരു പാഠം സ്വന്തമാക്കുന്നുണ്ട്. എന്‍റെ വാശിത്തരം മാതാപിതാക്കള്‍ അംഗീകരിക്കുന്നുണ്ട്. മുമ്പ് നാമെന്താണെന്നുള്ളതല്ല, ഇനി മുതല്‍ നാമെന്താണ് എന്നുള്ളതാണ് പ്രധാനപ്പെട്ട കാര്യം. അതുകൊണ്ടാണ് വിശുദ്ധ പൗലോസ് പ്രഖ്യാപിച്ചത്: "ഇതാ ഇപ്പോള്‍ സ്വീകാര്യമായ സമയം. ഇതാ ഇപ്പോള്‍ രക്ഷയുടെ ദിവസം" (2 കൊറി. 6:2). ഇത് ക്രിസ്തുവിനു മുമ്പ് ഏശയ്യാ പ്രവാചകന്‍റെ കാലത്തും (ഏശ 49:8) വിശുദ്ധ പൗലോസിന്‍റെ കാലത്തും സാധുവായിരുന്നു; ഇപ്പോള്‍ നമ്മുടെ കാലത്തും.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org