Latest News
|^| Home -> Pangthi -> കാലവും കണ്ണാടിയും -> കണ്ണാടിയല്ല മാധ്യമങ്ങള്‍

കണ്ണാടിയല്ല മാധ്യമങ്ങള്‍

ഫാ. മാത്യു ഇല്ലത്തുപറമ്പില്‍

വല്ലാത്ത വികൃതിക്കുട്ടികളെപ്പോലെയാണ് പലപ്പോഴും മാധ്യമങ്ങള്‍. വികൃതി മൂക്കുമ്പോള്‍ മുതിര്‍ന്നവര്‍ പറയും, ഓ എന്തൊരു ശല്യം; എന്നാല്‍ അവര്‍ സ്ഥലത്തില്ലാത്തപ്പോള്‍ പറയും, വീടുറങ്ങി, ഒരു സുഖവുമില്ല. എന്നാല്‍ ഇതിനേക്കാള്‍ ഗൗരവമുള്ള സമീപനം മാധ്യമങ്ങള്‍ അര്‍ഹിക്കുന്നുണ്ട് ഇക്കാലത്ത്; മുഖ്യധാരാ മാധ്യമങ്ങള്‍ പലതും സഭക്കെതിരെ നിലപാട് എടുക്കുന്നു എന്ന ആക്ഷേപം ഉയരുമ്പോള്‍ പ്രത്യേകിച്ചും. സഭക്കെതിരെ അന്യായമായി വര്‍ത്തമാനം പറയുന്ന മാധ്യ മങ്ങള്‍ക്കെതിരെ എന്തുചെയ്യണം എന്ന ആലോചനകള്‍ പരിഗണിക്കേണ്ട ഏതാനും അടിസ്ഥാന വസ്തുതകള്‍ ആദ്യം.

മാധ്യമങ്ങള്‍ കാലത്തിന്‍റെ കണ്ണാടിയല്ല; അവ തരുന്നത് വാര്‍ത്തകളുടെയും വസ്തുതകളുടെയും നേര്‍ബിംബമല്ല. പലതരം പക്ഷങ്ങള്‍ വാര്‍ത്തകള്‍ക്കു നിറവും രുചിയും വലുപ്പവും ഊന്നലും കൊടുക്കും. പ്രേക്ഷരുടെ രുചിഭേദങ്ങള്‍ മുന്നില്‍ കാണാതെയല്ല മാധ്യമങ്ങള്‍ വാര്‍ത്താവിഭവം ഒരുക്കുന്നത്.

ഇക്കാലത്ത് മുഖ്യധാരാമാധ്യമങ്ങള്‍ സാമൂഹിക മാധ്യമങ്ങളോടാണ് പല കാര്യങ്ങളിലും മത്സരിക്കുന്നത്; സാമൂഹികമാധ്യമങ്ങളാകട്ടെ, മുഖ്യധാരയില്‍ നിറയാനും ശ്രമിക്കുന്നു. ഇവ മാധ്യമങ്ങള്‍ക്ക് സാരമായ സ്വരം മാറ്റം വരുത്തുന്നുണ്ട്.

ജനാധിപത്യത്തിന്‍റെ നാലാം തൂണ് എന്ന വിശേഷണത്തില്‍ മാധ്യമങ്ങള്‍ അഭിരമിക്കുന്നുണ്ടായിരിക്കും. പക്ഷേ, ഈ തൂണിന്ന് ഒരു വ്യവസായമാണ്. വാര്‍ത്തകളുടെ വിതരണവും വേണ്ടിവന്നാല്‍ ഉത്പാദനവും നടത്തുന്ന ഒരു സംരംഭം. ഈ വ്യവസായികള്‍ക്ക് മറ്റ് അനുബന്ധ വ്യവസായങ്ങളുണ്ട് എന്നതും നാം മറക്കരുത്. കൂടുതല്‍ റേറ്റിംഗ്, പരസ്യം, ലാഭം എന്നിവ ഈ വ്യവസായത്തിന്‍റെ നിലനില്പിന് ആവശ്യമാണ്. അധാര്‍മികമായിപ്പോലും ഈ രംഗത്ത് പിടിച്ചുനിന്ന് ലാഭമുണ്ടാക്കാന്‍ മാധ്യമങ്ങള്‍ ശ്രമിക്കും.

വാര്‍ത്താമൂല്യമുള്ള ഏതു മേഖലയിലും മാധ്യമങ്ങള്‍ നോട്ടമിടും. സഭാകാര്യങ്ങള്‍ അത്തരത്തില്‍ ഒരു വാര്‍ത്താ വിഭവമാണ്. പൊതുസമൂഹത്തില്‍ അറിയപ്പെടുന്ന വ്യക്തികളും പദവികളും വാര്‍ത്താവിഷയമാകും. മാധ്യമപ്രസിദ്ധി ലഭിച്ചവരെല്ലം മാധ്യമങ്ങള്‍ക്ക് പരോക്ഷമായ ഇരകളാണ്. അവസരം കിട്ടുമ്പോള്‍ കുറഞ്ഞ ചിലവില്‍ അവരെ മാധ്യമങ്ങള്‍ക്ക് ഉപയോഗിക്കാന്‍ സാധിക്കും. എല്ലാ രാഷ്ട്രീയ-മത നേതാക്കളും അതിനാല്‍ അതിവേഗം ഇരകളാക്കപ്പെടും. മാധ്യമഭ്രമത്തിന് അടിപ്പെടുന്നവര്‍ അവരറിയാതെ മാധ്യമ ഇരകളാകാന്‍ ഒരുങ്ങുകയാണ്.

സഭക്കെതിരെ സത്യവിരുദ്ധമായ മാധ്യമാതിക്രമം പലപ്പോഴും നടക്കുന്നുണ്ട് എന്നത് വാസ്തവമാണ്. പലതരം പ്രതിവിധികള്‍ ഇതിനെതിരെ തേടുന്നവരുണ്ട്. സഭയ്ക്ക് സ്വന്തമായി ഒരു ചാനലുണ്ടായാല്‍ മതി എന്ന് കരുതുന്നവരുണ്ട്. ഒരു പാര്‍ട്ടിച്ചാനലിന്‍റെ ഗതി അതിനുണ്ടാവാനാണ് വലിയ സാധ്യത. അതായത്, പാര്‍ട്ടിക്കാരില്‍ കുറച്ചുപേര്‍ മാത്രം പാര്‍ട്ടിക്കാര്യങ്ങള്‍ അറിയാന്‍ ആശ്രയിക്കുന്ന ചാനല്‍ എന്ന സ്ഥിതി. കാരണം, ഒരു സംഘടിതപ്രസ്ഥാനത്തിന്‍റെ സ്വന്തം എന്ന മുദ്ര അതിന്‍റെ സ്വാധീനവ്യാപ്തി നന്നായി കുറക്കും. വിശ്വാസികള്‍ക്ക് മാധ്യമബോധനം ആവശ്യമാണ്. അതായത്, കേള്‍ക്കുന്നതും കാണുന്നതും മാത്രമാകില്ല സത്യങ്ങള്‍ എന്ന് തിരിച്ചറിയാനുള്ള മാധ്യമവിവരമെങ്കിലും വ്യക്തികള്‍ക്ക് ലഭിക്കണം.

സഭ മാധ്യമങ്ങളില്‍ ആക്രമിക്കപ്പെടുന്നത് ഒരു സൂചനയാണ്. സഭയോട് പല കാര്യങ്ങളിലും കടുത്ത വെറുപ്പുള്ളവരുണ്ട് എന്നതാണ് പ്രധാന സൂചന. അതിനു പല കാരണങ്ങളുണ്ട്. അത് തിരിച്ചറിഞ്ഞ് പരിഹരിക്കണം. പലതും പരിഹരിക്കാവുന്നതും പരിഹരിക്കേണ്ടതുമായ കാര്യങ്ങളായിരിക്കും.

സഭയ്ക്കെതിരെ സംഘടിത മാധ്യമ ആക്രമണം ഉണ്ടാകുമ്പോള്‍ നാം സത്യം പറയണം; അതിന് ലഭ്യമായ മാര്‍ഗങ്ങള്‍ ഉപയോഗിക്കണം. അതേ സമയം, ഈ ചാനല്‍ നമുക്കെതിരെ തിരിഞ്ഞു, എല്ലാം തകര്‍ന്നു എന്ന മട്ടില്‍ വിറളി പിടിക്കാതിരിക്കുകയും വേണം. മാധ്യമങ്ങള്‍ നമുക്കെതിരെ തിരിഞ്ഞാല്‍ സഭയ്ക്ക് താത്ക്കാലികമായ പ്രതിച്ഛായാ നഷ്ടമുണ്ടാകും. സംശയമില്ല. അതൊരു രക്തസാക്ഷിത്വം തന്നെയാണ്. എന്നാല്‍ തെരുവിലിറങ്ങി സഭയ്ക്ക് പ്രതിച്ഛായ തിരിച്ചു പിടിക്കാനാവില്ല; സഭയുടെ ഉദ്ദേശ്യശുദ്ധി ആരെയും ബോധ്യപ്പെടുത്താനുമാവില്ല. എന്നാല്‍ നിങ്ങള്‍ എന്തൊക്കെ വിളിച്ചുകൂവിയാലും കളങ്കമറ്റ രീതിയില്‍ ഞങ്ങള്‍ മുന്നോട്ടു പോകും എന്നമട്ടില്‍ സ്വന്തം ശുശ്രൂഷയില്‍ മനസര്‍പ്പിക്കുന്ന സഭയ്ക്ക് അപാരമായ പ്രതിരോധ ശക്തിയുണ്ട്.

പക്ഷേ, മാധ്യമങ്ങള്‍ നല്ലതുപറയാതെ നമുക്കു രക്ഷയില്ല എന്ന തോന്നലും സഭയ്ക്ക് പാടില്ല. സഭയുടെ ഏറ്റവും വലിയ ബലം മാധ്യമവിജയമോ മാധ്യമാംഗീകാരമോ അല്ല; വിശുദ്ധമായ ജീവിതമാണ്. ഒരു മാധ്യമത്തിനും അവകാശപ്പെടാനാവാത്ത വലിയ ശക്തി സഭയ്ക്കുണ്ട്; അതിന്‍റെ ചെറുസമൂഹങ്ങള്‍; അതായത്, ഇടവകകള്‍. അവിടെ സത്യങ്ങള്‍ ബോധ്യപ്പെടട്ടെ; ന്യായം വിശ്വാസികള്‍ മനസിലാക്കട്ടെ; അതിന്‍റെ അടിസ്ഥാനത്തില്‍ വിശുദ്ധമായി ജീവിക്കുന്ന വ്യക്തികളും കുടുംബങ്ങളും സ്ഥാപനങ്ങളും ഉണ്ടാകട്ടെ. എല്ലാ മാധ്യമങ്ങളെയും മര്യാദ പഠിപ്പിച്ചശേഷം സന്യാസജീവിതമോ സഭാ ജീവിതമോ സാധ്യമല്ല.

Comments

One thought on “കണ്ണാടിയല്ല മാധ്യമങ്ങള്‍”

  1. Such a sensible article…

Leave a Comment

*
*