Latest News
|^| Home -> Pangthi -> കാലവും കണ്ണാടിയും -> കളത്തിപ്പറമ്പില്‍ പിതാവും കാര്‍ലേലവും

കളത്തിപ്പറമ്പില്‍ പിതാവും കാര്‍ലേലവും

ഫാ. ജിമ്മി പൂച്ചക്കാട്ട്

കേരളത്തിന്‍റെ പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് ഒഴുകുന്ന സാധനങ്ങള്‍ക്ക് അതിരുകളില്ല. ലോകമെമ്പാടുമുള്ള എല്ലാ വിഭാഗം ആളുകളും കൈമെയ് മറന്നു സഹകരിച്ചതിന്‍റെയും നിര്‍ലോഭമായി സഹായങ്ങള്‍ വാഗ്ദാനങ്ങള്‍ ചെയ്തതിന്‍റെയും വിവരണങ്ങള്‍ ഓരോ ദിവസവും നാം കേട്ടുകൊണ്ടിരിക്കുന്നു. സൈക്കിള്‍ വാങ്ങാന്‍ കുടുക്കയില്‍ സൂക്ഷിച്ചിരുന്ന പണം ദുരിതാശ്വാസത്തിനായി നല്കിയ കൊച്ചുകുട്ടിയുടെ കഥ മുതല്‍ ഹൃദയസ്പര്‍ശിയായ ധാരാളം അനുഭവങ്ങളും അവയ്ക്കിടയിലുണ്ട്. നമ്മളെല്ലാം ഒന്നാണ് എന്ന വലിയ സന്ദേശം പ്രഖ്യാപിക്കുകയായിരുന്നു ഇവിടെയെല്ലാം.

സഭയുടെയും സാമൂഹ്യ അവബോധത്തിന്‍റെയും പ്രതിബദ്ധതയുടെയും വലിയ തെളിവായും ഈ കാലഘട്ടം മാറുകയായിരുന്നു. സഭാപിതാക്കന്മാരുടെ ഭാഗത്തുനിന്നുണ്ടായ അകമഴിഞ്ഞ പ്രോത്സാഹനവും പങ്കുവയ്ക്കലും എടുത്തുപറയാതെ വയ്യ. മേലദ്ധ്യക്ഷന്മാരുടെ പേരെടുത്തു പറയാനാവാത്തവിധം എല്ലാവരും തങ്ങളുടെ മേഖലകളില്‍ അകമഴിഞ്ഞ സഹകരണം കാഴ്ചവച്ചു. എന്നാല്‍ ഇതില്‍ ഏറെ ശ്രദ്ധയാകര്‍ഷിച്ച ചില പ്രഖ്യാപനങ്ങള്‍ അരമനയിലെ ചെറുകാറിലേക്കു യാത്ര മാറ്റി സ്വന്തം ഇന്നോവ കാര്‍ ലേലത്തിനുവച്ച വരാപ്പുഴ മെത്രാപ്പോലീത്ത ജോയി കളത്തിപ്പറമ്പില്‍ പിതാവിന്‍റെയും പള്ളിയിലെ പൊന്‍കുരിശുപോലും വിറ്റു ദുരിതബാധിതര്‍ക്കു നല്കാന്‍ പറഞ്ഞ പാലായിലെ ജോസഫ് കല്ലറങ്ങാട്ട് പിതാവിന്‍റേതുമായിരുന്നു. കളത്തിപ്പറമ്പില്‍ പിതാവ് കാറു വിറ്റിട്ട് എത്ര രൂപ കിട്ടി എന്നൊന്നും ഞാനുള്‍പ്പെടെ ആരും അന്വേഷിച്ചില്ല. അതല്ലല്ലോ കാര്യം, ആ തീരുമാനത്തിലാണു മഹത്ത്വവും ലാളിത്യവും അടങ്ങിയിരിക്കുന്നത്. അതു പറയാനുള്ള ചങ്കൂറ്റത്തെയാണു ഹൃദയവിശാലത എന്നു നാം വിളിക്കുന്നത്. ആഹ്വാനങ്ങള്‍ നടത്തുന്നതിനേക്കാള്‍ എത്രയോ പ്രശംസനീയമാണത്. സീറോ മലബാര്‍ സഭയുടെ കേന്ദ്രമായ മൗണ്ട് സെന്‍റ് തോമസ് മുതല്‍ മെത്രാസനമന്ദിരങ്ങളിലും പള്ളികളിലും വിവിധ സ്ഥാപനങ്ങളിലും ദുരിതാശ്വാസ ക്യാമ്പുകള്‍ സംഘടിപ്പിക്കപ്പെട്ടതും എല്ലാവരും സന്തോഷത്തോടെ ജീവിച്ചു മടങ്ങിയെന്നതും നമുക്ക് അഭിമാനകരംതന്നെ.

വിവിധ രൂപതകളുടെ സാമൂഹ്യക്ഷേമ വിഭാഗങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ഇവിടെ വിവരിക്കാനാവില്ല. നമ്മുടെ ചുറുചുറുക്കുള്ള സന്നദ്ധപ്രവര്‍ത്തകരെ എങ്ങനെ മറക്കാനാവും. തലശ്ശേരി അതിരൂപതയില്‍നിന്നു ശുചീകരണത്തിനുള്ള എല്ലാ സാധനസാമഗ്രികളോടുംകൂടി എറണാകുളത്തെത്തിയ ചെറുപ്പക്കാരുടെ മലബാറിന്‍റെ കരുത്തിന്‍റെ പ്രവര്‍ത്തനം അത്ഭുതത്തോടെ നോക്കിനിന്നു പോയി. ഇതുപോലെ എത്രയെത്ര സ്ഥലങ്ങളില്‍ എത്രയെത്ര ആളുകള്‍.

ആരാലും ചോദ്യം ചെയ്യപ്പെടാത്തവിധം എല്ലാവരാലും പ്രശംസിക്കപ്പെടത്തക്കവിധം നാം ശുശ്രൂഷകളില്‍ പങ്കുകാരായി. എന്നാല്‍ വചനാധിഷ്ഠിതമായി പറഞ്ഞാല്‍ ഇതിന്‍റെ വമ്പു പറയാന്‍ നമുക്കൊന്നും അവകാശമോ അധികാരമോ ഇല്ല. തിളക്കമാര്‍ന്ന ഈ ജോലികള്‍ നമ്മുടെ കടമ മാത്രമാണ്. ഇടത്തും വലത്തുമുള്ളവരില്‍ ദൈവത്തെ കാണുന്നവന്‍റെ കടമ. അതില്‍ അഹങ്കരിക്കാന്‍ ഒന്നുമില്ല. ഈശോയുടെ വാക്കുകള്‍ തന്നെ നമുക്കു പാഠമാകണം. “കല്പിക്കപ്പെട്ടതെല്ലാം ചെയ്തതിനുശേഷം ഞങ്ങള്‍ പ്രയോജനമില്ലാത്ത ദാസന്മാരാണ്; കടമ നിര്‍വഹിച്ചതേയുള്ളൂ എന്നു പറയുവിന്‍” (ലൂക്കാ 17:10). നമുക്കാര്‍ക്കുമല്ല കര്‍ത്താവായ ദൈവത്തിനു മഹത്ത്വമുണ്ടാകട്ടെ… ആമ്മേന്‍.

Leave a Comment

*
*