ഫാ. ടോം ഉഴുന്നാലില്‍ സംഭവം ക്രൈസ്തവജനതയ്ക്കു നല്കുന്ന പാഠം

ഫാ. ടോം ഉഴുന്നാലില്‍ സംഭവം ക്രൈസ്തവജനതയ്ക്കു നല്കുന്ന പാഠം

ഏറെ പ്രതീക്ഷയും സമാശ്വാസവും നല്കുന്ന ഒരു വാര്‍ത്തയാണു കഴിഞ്ഞ 12-ാം തീയതി ഉച്ചയോടുകൂടി നമ്മുടെ ഇടയിലേക്കു കടന്നുവന്നത്. ഏതാണ്ട് ഒന്നര വര്‍ഷത്തിലധികമായി അക്രമികളുടെ കയ്യില്‍പ്പെട്ടിരുന്ന ടോമച്ചന്‍ മോചിതനായി എന്നുള്ള വാര്‍ത്ത ഇന്ത്യയിലെ ഓരോരുത്തര്‍ക്കും, വിശിഷ്യാ വിശ്വാസസമൂഹത്തിന്, എത്രയേറെ ആശ്വാസകരമായിരുന്നുവെന്നു പ്രത്യേകം പറയേണ്ടതില്ല.

വിശ്വാസത്തിന്‍റെ ഭാഗത്തുനിന്നുകൊണ്ട് ഈ വിഷയത്തെ വിശകലനം ചെയ്യാനാണ് ഇവിടെ ശ്രമിക്കുന്നത്. ടോമച്ചന്‍റെ തിരോധാനത്തിന്‍റെ ദിവസം മുതല്‍ അദ്ദേഹത്തെ തിരിച്ചു ലഭിക്കുന്നതിനുവേണ്ടി ഒരുപാടു പരിശ്രമങ്ങള്‍ നമ്മള്‍ നടത്തിയിരുന്നു. ഇവയില്‍ ഏറ്റവും പ്രധാനമായി നമ്മള്‍ നടത്തിയതു ദീര്‍ഘമായ പ്രാര്‍ത്ഥനകളായിരുന്നു. സീറോ-മലബാര്‍ സഭയിലെ എല്ലാ മെത്രാന്മാരും ഒരുമിച്ചു സെന്‍റ് മേരീസ് കത്തിഡ്രല്‍ ബസിലിക്കയില്‍ വിശ്വാസസമൂഹത്തോടൊപ്പം നടത്തിയ പ്രാര്‍ത്ഥന ഈയവസരത്തില്‍ പ്രത്യേകം ഓര്‍ക്കുകയാണ്. ഒപ്പംതന്നെ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍, കേരളത്തില്‍ വളരെ പ്രത്യേകമായും എല്ലാ പിതാക്കന്മാരും രൂപതകളും വിവിധ സന്ന്യാസസമൂഹങ്ങളുമെല്ലാം പ്രാര്‍ത്ഥനയിലായിരുന്നു.

ഒരു വര്‍ഷം കഴിഞ്ഞിട്ടും ഒന്നും പ്രത്യേകിച്ചു സംഭവിക്കാതെ വന്നപ്പോള്‍ വിശ്വാസികളുടെയിടയില്‍നിന്നുതന്നെ ധാരാളം പേര്‍ ചോദിച്ചു. എന്താണിതിന്‍റെ അവസ്ഥ. നാം ഇങ്ങനെ പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നിട്ട് എന്തു ഫലമാണു ലഭിക്കുക; അദ്ദേഹം ജീവനോടെ ഉണ്ടോ എന്നു നമുക്കറിയില്ലല്ലോ? ഇതിനെല്ലാം മറുപടിയെന്നോണം പ്രാര്‍ത്ഥനയുടെ വലിയ അര്‍ത്ഥങ്ങള്‍, ആഴങ്ങള്‍ നമ്മുടെ വിശ്വാസജീവിതത്തിലേക്കു കടന്നുവരാന്‍ ഇടയാക്കിയ ഒരു സംഭവമായി ടോം ഉഴുന്നാലിലച്ചന്‍റെ മോചനവാര്‍ത്ത.

സുവിശേഷത്തിലുടനീളം ഈശോ പ്രാര്‍ത്ഥനയെപ്പറ്റി പ്രതിപാദിക്കുന്നുണ്ട്. ലൂക്കായുടെ സുവിശേഷ ത്തില്‍ ഒരു ഉപമയിലൂടെ പറയുന്നു (ലൂക്കാ 11: 5-11). ഒരു രാത്രിയില്‍ വിരുന്നുകാരന്‍ കയറിവരുന്നു. ആ വീട്ടില്‍ അപ്പമില്ല. അപ്പം തിരക്കി അടുത്ത വീടിനെ സമീപിക്കുന്നു. അവന്‍ അതു കൊടുക്കാന്‍ തയ്യാറാകുന്നില്ല. അപ്പമില്ല എന്നുള്ളതല്ല, മറിച്ച് ചില പ്രായോഗികബുദ്ധിമുട്ടുകളാണു പ്രശ്നമായി അവതരിപ്പിക്കുന്നത്. അവസാനം നിര്‍ബന്ധത്തിനു വഴങ്ങി അതു നല്കുന്നു.
ഈ ഉപമയും ഈശോ പ്രാര്‍ത്ഥനയെപ്പറ്റി മറ്റു സ്ഥലങ്ങളില്‍ വിവരിക്കുന്നതും എല്ലാം ക്രോഡീകരിച്ചുകൊണ്ടു ബൈബിള്‍ വ്യാഖ്യാതാക്കള്‍ കൃത്യമായി പ്രാര്‍ത്ഥനയ്ക്കു രണ്ട് അടിസ്ഥാന യോഗ്യതകള്‍ ഉണ്ടാകണം എന്നു പറയുന്നുണ്ട്. ഒന്നാമതായി ഞാന്‍ കടന്നുചെല്ലുന്ന സ്ഥലത്ത് അപ്പമുണ്ട് എന്നുള്ള ബോദ്ധ്യം. അതാണ് ആ പാതിരാത്രിയില്‍ അപ്പം തിരക്കി അങ്ങോട്ടു ചെല്ലാന്‍ ഇടയാക്കിയത്. കാരണം, അവരെ സംബന്ധിച്ചു പൊതുവായ ബേക്കറികളിലാണ് അവര്‍ അപ്പം ഉണ്ടാക്കിയിരുന്നത്. അതുകൊണ്ടുതന്നെ ഇന്ന് എന്‍റെ വീട്ടില്‍ അപ്പം തീര്‍ന്നാല്‍ ഇന്നു വൈകീട്ട് ടേണ്‍ ഉണ്ടായവന്‍റെ വീട്ടില്‍ അപ്പമുണ്ട് എന്ന് ഉറപ്പാണ്. അതു കൊണ്ടുതന്നെ ഞാന്‍ ചെല്ലുന്നിടത്ത് അപ്പമുണ്ട് എന്ന ഉറപ്പിലാണ് അവന്‍ അവിടെ ചെല്ലുന്നത്. ആയതിനാല്‍ ആ ഉപമയില്‍ ഒരിക്കലും ഇവിടെ അപ്പമില്ല, അതുകൊണ്ടു നിനക്കു തരാനാവില്ല എന്നു പറയുന്നില്ല എന്നതും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

ചുരുക്കത്തില്‍, ഞാന്‍ പ്രാര്‍ത്ഥിക്കുന്ന സംഗതി നല്കാന്‍ എന്‍റെ ഈശോയ്ക്ക് തീര്‍ച്ചയായും കഴിവുണ്ട് എന്നുള്ള ഉത്തമ ബോദ്ധ്യമായിരിക്കണം പ്രാര്‍ത്ഥനയുടെ ഒന്നാമത്തെ മികവ്. യെമനില്‍ നയതന്ത്രബന്ധമില്ലെങ്കിലും… ഒരുപക്ഷേ, എന്തെല്ലാം പ്രശ്നങ്ങള്‍ ഉണ്ടെങ്കിലും… ആരെല്ലാമാണു പിടിച്ചുകൊണ്ടു പോയത് എന്നു നമുക്ക് അറിവില്ലെങ്കിലും. സര്‍വശക്തനായ ദൈവത്തിന് അസാദ്ധ്യമായി ഒന്നുമില്ല എന്നതായിരിക്കണം അവനു മുമ്പില്‍ മുട്ടുമടക്കുന്നവര്‍ക്കുണ്ടാകേണ്ട അടിസ്ഥാന യോഗ്യത.

ദൈവം തിരുമനസ്സാകുന്നെങ്കില്‍ അവന് ഈ ലോകത്തില്‍ എന്തും സാധിക്കും എന്ന ഉറപ്പോടെ നമ്മള്‍ പ്രാര്‍ത്ഥിക്കുന്നത്. ടോമച്ചന്‍റെ കാര്യത്തിലും രീതി വ്യത്യസ്തമായിരുന്നില്ല. ഇതിന്‍റെ പ്രായോഗിതകളെല്ലാം ഏറെ ബുദ്ധിമുട്ടേറിയതാണെന്നു നാം സമീപിച്ച സകലരും പറയുകയുണ്ടായി. വത്തിക്കാനില്‍ നിന്നുപോലും അതിന്‍റെ ബുദ്ധിമുട്ടുകള്‍ കൃത്യമായി അറിയിച്ചതാണ്. അബുദാബി കേന്ദ്രമാക്കിയുള്ള വികാരിയേറ്റിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള തടസ്സങ്ങള്‍ അവര്‍ അറിയിച്ചതാണ്. ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയത്തെയും പ്രധാനമന്ത്രിയെപ്പോലും നാം കണ്ടപ്പോഴും അതിന്‍റെ ബുദ്ധിമുട്ടുകള്‍ അറിയിച്ചതാണ്. പക്ഷേ, ഞാന്‍ മുട്ടുമടക്കി വണങ്ങുന്ന തമ്പുരാന് ഒന്നും അസാദ്ധ്യമല്ല എന്നുള്ള വലിയ ബോദ്ധ്യം നമ്മെ, നിരന്തരമായി പ്രാര്‍ത്ഥിക്കാന്‍ പ്രേരിപ്പിച്ചു. ഈ ലോകത്തില്‍ നമ്മുടെ പ്രാര്‍ത്ഥനയുടെ ഒന്നാമത്തെ ഗുണം അതായിരിക്കണം.

രണ്ടാമതായി ഇതു ദീര്‍ഘമായ പ്രാര്‍ത്ഥനയായിരുന്നു. 2016 മാര്‍ച്ച് 4 മുതലുള്ള പ്രാര്‍ത്ഥന 2017 സെപ്തംബര്‍ 12 വരെ നീണ്ടു എന്നുള്ളത്. പലരും ചോദിച്ചു, എന്തുകൊണ്ട് ഇത് ഇങ്ങനെ? ഇനി പ്രാര്‍ത്ഥിച്ചിട്ടു ഫലമുണ്ടോ? എത്ര നാളായി പ്രാര്‍ത്ഥിക്കുന്നു? ഈശോ പറയുന്നു, നീ അവന്‍റെ വീടിന്‍റെ മുമ്പില്‍നിന്ന് അപ്പം ചോദിക്കുമ്പോള്‍ ഒരു പ്രാവശ്യം ചോദിച്ചിട്ടു തന്നില്ലെങ്കില്‍പ്പോലും… അതിന് ഒരുപാടു പ്രായോഗിക ബുദ്ധിമുട്ടുകള്‍ ഉണ്ടെങ്കില്‍പ്പോലും നിരന്തരമായ പ്രാര്‍ത്ഥന കേള്‍ക്കുന്ന ഒരു ദൈവം നമുക്കുണ്ട്. ഒന്നര വര്‍ഷമെന്നോ അതിലേറെ കാലഘട്ടമെന്നോ ഉള്ളതു കാര്യമാക്കേണ്ടതില്ല. ടോമച്ചനെ കാണാതായ ദിവസം മുതല്‍ നമ്മള്‍ പ്രാര്‍ത്ഥിക്കുകയായിരുന്നു. എല്ലാ ദേവാലയങ്ങളിലും ഉയര്‍ന്ന പ്രാര്‍ത്ഥനാമഞ്ജരികള്‍ ദൈവസന്നിധിയിലേക്ക് ഉയരുകയായിരുന്നു. നിരന്തരമായ പ്രാര്‍ത്ഥന ദൈവത്തിന്‍റെ മനംമാറ്റാനല്ല, മറിച്ച് ദൈവഹിതം സ്വീകരിക്കത്തക്കതരത്തില്‍ നാം രൂപപ്പെടുവാനാണ്. അതുകൊണ്ടാണ് നിരന്തരം പ്രാര്‍ത്ഥിക്കേണ്ടതിന്‍റെ ആവശ്യകത അവിടുന്ന് ആവര്‍ത്തിച്ച് ചൂണ്ടിക്കാട്ടുന്നത്. നീയും ദൈവവുമായിട്ടുള്ള വലിയ ബന്ധത്തിന്‍റെ അടയാളമെന്നോണം നീ പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കണം എന്ന്. തീര്‍ച്ചയായും അതും ടോമച്ചന്‍റെ കാര്യത്തില്‍ സാദ്ധ്യമായിരിക്കുകയാണ്.

ഈ സംഭവവുമായി ബന്ധപ്പെട്ട് മാധ്യമങ്ങള്‍ ആവര്‍ത്തിച്ചു ചോദിക്കുന്നത് ഇത് ആരു ചെയ്തു തന്നു എന്നാണ്. ഇത് ഒമാന്‍ ഗവണ്‍മെന്‍റാണോ? അതോ വത്തിക്കാനാണോ? അല്ലെങ്കില്‍ ഇന്ത്യന്‍ ഗവണ്‍മെന്‍റാണോ? ഇവര്‍ ആരുമല്ല. ഇവരിലൂടെ ഇതു ചെയ്തുതന്നതു ദൈവമാണ് എന്ന് ഉറപ്പിച്ചു പറയുന്നതാണു നമ്മുടെ അടിസ്ഥാനവിശ്വാസം.

ഒരുപാടു പ്രാര്‍ത്ഥിക്കുന്നവരാണു നാം പ്രാര്‍ത്ഥിച്ചിട്ടു ഫലങ്ങള്‍ ലഭിക്കാത്തതിന്‍റെ പേരില്‍ ഏറെ നിരാശപ്പെടുന്നവരുണ്ടാകും നമ്മുടെ കൂട്ടത്തില്‍. അവരെല്ലാം ഈ ടോമച്ചന്‍റെ സംഭവത്തില്‍ നിന്നും ആത്മീയതയുടെ ആഴങ്ങള്‍ പഠിക്കണം എന്നു മാത്രമാണ് ഇവിടെ കുറിക്കാനുള്ളത്. യഥാര്‍ത്ഥ പ്രാര്‍ത്ഥനയുടെ രണ്ട് അടിസ്ഥാനമൂല്യങ്ങള്‍ നമ്മള്‍ തീര്‍ച്ചയായിട്ടും ഓര്‍ത്തിരിക്കണം. ഒന്ന്, ഉറപ്പോടെ, വിശ്വാസത്തോടെ യേശുവിലുള്ള അചഞ്ചലമായ ബോദ്ധ്യത്തോടെ പ്രാര്‍ത്ഥിക്കണം. രണ്ട്, നിരന്തരമായി പ്രാര്‍ത്ഥിക്കണം. ഈശോ പറഞ്ഞു: അങ്ങനെയൊരു പ്രാര്‍ത്ഥനയുടെ മുമ്പില്‍ ഒരു മലപോലും മാറി കടലില്‍ വീണെന്നു വരാം. ഓരോ സംഭവങ്ങളും നമുക്കോരോ ഗുണപാഠങ്ങള്‍ നല്കുന്നുണ്ട്. നമ്മുടെ വിശ്വാസത്തിന്‍റെ കണ്ണാടിയിലൂടെ നോക്കുമ്പോള്‍ നമ്മള്‍ പഠിക്കേണ്ട വലിയ പാഠം പ്രാര്‍ത്ഥനയുടെ വലിയ ചിന്താധാരകളാകട്ടെ. ടോമച്ചനെ മോചിതനാക്കിയ ദൈവത്തിന്‍റെ കരങ്ങളില്‍ ഉപകരണങ്ങളായ സകലരെയും നന്ദിയോടെ ഓര്‍ക്കുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org