കുട്ടികള്‍ കൈവിട്ടു പോകുന്നുണ്ടോ?

ജീപ്പില്‍ യാത്ര ചെയ്തിരുന്ന അമ്മയുടെ കയ്യില്‍നിന്നാണു കുട്ടി കൈവിട്ടുപോയത്. അമ്മ അറിഞ്ഞില്ലത്രേ! അറിഞ്ഞുപറ്റിയതോ അറിയാതെ പറ്റിയതോ എന്നതിനെപ്പറ്റിയെല്ലാം തര്‍ക്കവിതര്‍ക്കങ്ങളുണ്ട്. കുട്ടി പക്ഷേ, അത്ഭുതകരമായി രക്ഷപ്പെട്ടു. ഒന്നുരണ്ടു ദിവസം മാധ്യമങ്ങളുടെ വലിയ ചര്‍ച്ചയായിരുന്നു. എന്തൊരു കഷ്ടമായിപ്പോയി എന്ന് എല്ലാവരും പറഞ്ഞു. ഒരു കാരണവശാലും ഇങ്ങനെ സംഭവിക്കരുത് എന്ന് എല്ലാവരും ഒരുപോലെ അഭിപ്രായപ്പെട്ടു.

വാര്‍ത്തകള്‍ കണ്ടപ്പോഴും പത്രങ്ങള്‍ വായിച്ചപ്പോഴും നിരവധിയായ പ്രതികരണങ്ങള്‍ ശ്രദ്ധിച്ചപ്പോഴും ഈയുള്ളവനുണ്ടായ ചില ചിന്തകള്‍ പങ്കുവയ്ക്കുകയാണിവിടെ. നമ്മുടെ കയ്യില്‍ സുരക്ഷിതരാണ് എന്നു കരുതുന്ന കുട്ടികള്‍ നമ്മളറിയാതെതന്നെ കൈവിട്ടുപോകുന്ന എത്രയോ അനുഭവങ്ങളിലൂടെ നാം കടന്നുപോകുന്നു. നാം അറിയാതെ തന്നെ അവര്‍ നമുക്കു നഷ്ടമാകുന്നു.

സഭയാകുന്ന ജീപ്പില്‍ യാത്ര ചെയ്യുമ്പോള്‍ അവളുടെതന്നെ നിസ്സംഗതയോ ഉറക്കമോ അലസതയോമൂലം കയ്യിലുണ്ട് എന്നു വിചാരിക്കുന്ന കുഞ്ഞ് അറിയാതെ കൈവിട്ടുപോകുന്നുണ്ടോ? എല്ലാവരും സുരക്ഷിതരാണ് എന്നു തെറ്റിദ്ധരിക്കുമ്പോഴും അവളുടെ ആഭ്യന്തര പ്രശ്നങ്ങളാകുന്ന ഗട്ടറുകളും സ്ഥാപനവത്കരണത്തിന്‍റെ എന്‍ജിന്‍ തകരാറുകളുടെ, അജപാലന ഔത്സുക്യമില്ലായ്മയുടെ, ട്രാഫിക് ബ്ലോക്കുകളും വഴി നമ്മുടെ കൈപ്പിടിയിലെന്നു നമ്മള്‍ കരുതിയിരുന്ന (കരുതിയിരിക്കുന്ന) ആരെങ്കിലുമൊക്കെ കൈവിട്ടു റോഡില്‍ വീഴുകയോ നഷ്ടപ്പെടുകയോ ചെയ്തിട്ടുണ്ടോ എന്ന് ഉത്കണ്ഠയോടെ പരതേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. വഴിയില്‍ വീണ കുഞ്ഞു വെളിച്ചം കണ്ടിടത്തേയ്ക്കു നീന്തിപ്പോയിട്ടുണ്ടാകാം. അതു യഥാര്‍ത്ഥ വെളിച്ചമല്ല എന്നും നീ ചെന്നുപെട്ട സ്ഥലം സത്യമല്ല എന്നും അതിനാല്‍ വണ്ടിയിലേക്കു തിരികെയെത്തിക്കണമെന്നും നാം വാശിപിടിക്കുമ്പോള്‍ അതിനു വഴങ്ങുന്ന-വീണ്ടും ഉടമസ്ഥനു തിരിച്ചേല്പിക്കാന്‍ തയ്യാറാകുന്ന ഒരു ചെക്പോസ്റ്റ് ഓഫീസില്‍ത്തന്നെ അവര്‍ എത്തിച്ചേര്‍ന്നിട്ടുണ്ടാകണം എന്നു യാതൊരു ഉറപ്പുമില്ലല്ലോ!! നഷ്ടമായിക്കഴിഞ്ഞാല്‍… അത് എവിടെയെന്നുപോലും അറിയാനാവുന്നില്ലെങ്കില്‍ കൈവിട്ടുപോയ കുഞ്ഞുങ്ങളെയോര്‍ത്തു പരിതപിക്കുകയല്ലാതെ വേറെ നിവൃത്തിയില്ല. അപ്പന്‍റെ റഫ് ഡ്രൈവിംഗെന്നോ അമ്മയുടെ ശ്രദ്ധക്കുറവെന്നോ കുടുംബാംഗങ്ങളുടെ തിക്കിത്തിരക്കലുകളെന്നോ എല്ലാം പറഞ്ഞു പരസ്പരം കുറ്റപ്പെടുത്തി ആശ്വസിക്കാം എന്നു മാത്രം. ആരും കൈവിട്ടുപോകാതിരിക്കാനും കയ്യിലുള്ളതിനെ സൂക്ഷ്മതയോടെ അടക്കിപ്പിടിക്കാനും നാമെല്ലാവരും ഉള്‍ക്കൊള്ളുന്ന സഭാഗാത്രത്തിനു പരിശ്രമിക്കാം.

കുടുംബത്തില്‍ അവര്‍ ആവശ്യപ്പെട്ടതും അതിലധികവും നല്കിയിട്ടും നമ്മെ സ്നേഹിക്കുന്നു എന്നു നമ്മള്‍ ധരിക്കുന്ന കുട്ടികള്‍ നമ്മുടെ കൈപ്പിടിയില്‍ത്തന്നെ ഉണ്ടോ? അതോ അവര്‍ കൈവിട്ടുപോവുകയാണോ? കണ്ണുനീരോടെ കഴിഞ്ഞ ദിവസം ഒരു അമ്മ പറഞ്ഞു: അവള്‍ ചോദിച്ചതൊന്നും ഞങ്ങള്‍ ചെയ്തുകൊടുക്കാതിരുന്നിട്ടില്ല. എന്നിട്ടും ഇരുപതു വര്‍ഷം കഴിഞ്ഞപ്പോള്‍ ഞങ്ങളോടൊരു വാക്കോ ആലോചനയോ ഇല്ലാതെ ഒരുവന്‍റെ കൂടെ ഇറങ്ങിപ്പോയി. കുട്ടികള്‍ കൈവിട്ടുപോവുകയാണ്! ഇപ്രകാരം പോകുന്നതു മാത്രമല്ല, മദ്യത്തിലേക്കും മയക്കുമരുന്നിലേക്കും സാമൂഹ്യ-ധാര്‍മിക അധഃപതനത്തിലേക്കും കടന്നുപോകുന്ന യുവജനങ്ങള്‍ നമ്മുടെ കുടുംബസംവിധാനമെന്ന ജീപ്പില്‍ നിന്നു കൈവിട്ടുപോകുന്നവരല്ലേ. തങ്ങള്‍ പടുത്തുയര്‍ത്തിയ വിശ്വാസസംഹിതകളില്‍നിന്നും ബലിയര്‍പ്പണത്തില്‍നിന്നും അകലം പാലിക്കുന്നവരും കൈ വിട്ടുപോയവരുടെ ഗണത്തില്‍പ്പെടേണ്ടവരല്ലേ. അവര്‍ നമ്മുടെ കൂടെയുണ്ട് എന്നു നാം കരുതുമ്പോഴും നമ്മുടെ കയ്യിലെ സുരക്ഷിതത്വത്തിലാണോ അവരുള്ളത് എന്ന് ആഴമായി ചിന്തിക്കേണ്ടിയിരിക്കുന്നു. കുടുംബത്തിലെ പ്രകാശം വിട്ടു മറ്റേതോ പ്രകാശത്തിലേക്കു നീന്തിനീങ്ങാന്‍ മാത്രം അശക്തകരങ്ങളാണോ നമ്മുടേത് എന്ന് എല്ലാ മാതാപിതാക്കളും ചിന്തിക്കട്ടെ. നിസ്സഹായതയുടെ നിഴലില്‍ നില്ക്കുന്നവര്‍ കരങ്ങള്‍ക്കു ശക്തി കിട്ടാന്‍ ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കട്ടെ.

ഇത്തരത്തില്‍ ജീവിതത്തിന്‍റെ വിവിധ മേഖലകളില്‍ പ്രവര്‍ത്തനനിരതരാകുന്നവര്‍ ആഴമായി ചിന്തിക്കേണ്ടതുണ്ട്. തങ്ങളുടെ വാക്കുകൊണ്ട്, പ്രവൃത്തികൊണ്ട് കയ്യിലുള്ളതിനെയും കയ്യിലുണ്ടാകേണ്ടതിനെയും കളഞ്ഞു കുളിക്കുന്ന അവസ്ഥ സംജാതമാകുന്നുണ്ടോ? ഇതു കുടംബത്തിനും സമൂഹത്തിനും സഭയ്ക്കും ഇടവകയ്ക്കും ജോലിസ്ഥലത്തിനും എല്ലാം ഒരുപോലെ ബാധകമത്രേ.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org