നമ്മുടെ സ്വന്തം എലിപ്പത്തായങ്ങള്‍!

മിക്കിമൗസും ടോം ആന്‍റ് ജെറിയും തലമുറകളെ വളര്‍ത്തിയ കഥാപാത്രങ്ങളാണ്. കാലം മാറി; കണ്ണാടിക്കാഴ്ചകളും. പഴമൊഴികള്‍പോലും അപരിചിതങ്ങളായി. "പൂച്ചയ്ക്ക് വിളയാട്ടം; എലിക്കു പ്രാണവേദന" എന്നു കേട്ടാല്‍ ഈ തലമുറയ്ക്ക് എന്തെങ്കിലും മനസ്സിലാകുമോ, ആവോ! പക്ഷേ, ഒരു കാര്യം ഉറപ്പ്. കാലത്തിന്‍റെ കണ്ണാടിയില്‍ 'എലിപ്പത്തായം' കാലികപ്രസക്തിയോടെ പ്രതിഫലിച്ചു വിരാജിക്കുന്നു. അടൂര്‍ജിക്ക് നല്ല നമസ്കാരം!

പ്രളയത്തിനുമുമ്പ് കറന്‍റുവിറ്റും പ്രളയശേഷം കറന്‍റ് കട്ട് ചെയ്തും കേരളത്തെ കരണ്ടത് ആര് എന്ന ഒരു ചോദ്യം ഏതെങ്കിലും പിഎസ്സി പരീക്ഷയില്‍ ഇനി വന്നുകൂടായ്കയില്ല!

കരണ്ടുതിന്നലാണ് ഡാമുകളുടെപോലും അടിസ്ഥാനപ്രശ്നം എന്ന് ആരു കരുതി? മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ഹാരിഷ് സാല്‍വേ എന്ന പ്രമുഖ അഭിഭാഷകന്‍ കേരളസര്‍ക്കാരിനുവേണ്ടി സുപ്രീം കോടതിയില്‍ നല്കിയ മറുപടി ഈ കരണ്ടുതിന്നലിന്‍റെ നേര്‍ക്കാഴ്ചയാണല്ലോ. കേരളത്തിന്‍റെ ഖജനാവില്‍നിന്ന് ലക്ഷങ്ങളും കോടികളും പ്രതിഫലം നല്കിക്കൊണ്ടാണ് നമ്മുടെ താത്പര്യങ്ങള്‍ കരണ്ടുതിന്നാന്‍ മധ്യപ്രദേശില്‍നിന്നുള്ള ഈ വിദഗ്ദ്ധനെ സുപ്രീംകോടതിയിലേക്ക് നമ്മുടെ സര്‍ക്കാര്‍ അയച്ചത് എന്നോര്‍ക്കണം. ഒരു രാജ്യാന്തരവിദഗ്ദ്ധ സമിതിയെക്കൊണ്ട് മുല്ലപ്പെരിയാറിന്‍റെ ബലക്ഷമത പരിശോധിപ്പിക്കേണ്ടതില്ലെന്ന കാര്യത്തില്‍ കേരളസര്‍ക്കാരിന് ഒരു സംശയവുമില്ലത്രേ! പ്രളയം ദേശീയ ദുരന്തമാക്കാത്തതില്‍ പരിഭവിക്കുന്ന തനി കേരളാമോഡല്‍ 'എലിപ്പത്തായ'ത്തിന്‍റെ ഏറ്റവും ആധുനികഭാഷ്യം എന്നല്ലാതെ എന്തു പറയാന്‍! ഇവിടെയുണ്ടായ മഹാപ്രളയം കേന്ദ്രസൈന്യത്തെക്കൂടാതെ കൈകാര്യം ചെയ്യാവുന്ന വിഷയംമാത്രമാണെന്ന നിലപാടെടുത്തിട്ട്, പിന്നെ ഇതിനെ ദേശീയദുരന്തമായി പ്രഖ്യാപിക്കണമെന്നു പറയുന്നതിലെ യുക്തിഹീനത മുഖ്യനും സെക്രട്ടറിക്കും മാത്രമല്ലേ മനസ്സിലാകാതുള്ളൂ!

പ്രളയജലത്തില്‍ എലികള്‍ കൂട്ടത്തോടെ ചത്തൊടുങ്ങിയിട്ടുണ്ടാകുമെങ്കിലും പ്രളയാനന്തരം കേരളം ഏറ്റവും ആശങ്കപ്പെട്ടത് എലിവിചാരങ്ങളിലാണ്. എലിപ്പനിയുടെയും മറ്റു പകര്‍ച്ചവ്യാധികളുടെയും ആധിയില്‍നിന്ന് കൈരളി മെല്ലെ പുറത്തുകടക്കുകയാണ്. കാര്യഗൗരവത്തോടെ പ്രവര്‍ത്തിച്ച ഏക സര്‍ക്കാര്‍ വകുപ്പ് എന്ന ഖ്യാതി ആരോഗ്യവകുപ്പിന് സ്വന്തം. ദീര്‍ഘവീക്ഷണത്തോടും ഇച്ഛാശക്തിയോടും കാര്യശേഷിയോടുംകൂടെ പ്രവര്‍ത്തിച്ച ശൈലജ ടീച്ചറും ടീമും ഹാമെലിനിലെ ഓടക്കുഴലേന്തിയ ആ പഴയ എലിപിടുത്തക്കാരന്‍റെ (പൈഡ് പൈപര്‍ ഓഫ് ഹാമെലിന്‍) സ്മരണയാണ് ഈയുള്ളവനില്‍ ഉണര്‍ത്തിയത്.

നവകേരള നിര്‍മ്മാണംവരെ പഴയ കേരളം ഒരു എലി മാളമായിത്തുടരുമോ എന്നാണ് ഇനി അറിയേണ്ടത്. താറുമാറായ റോഡുകളുടെയും കുന്നുകൂടിയ മാലിന്യങ്ങളുടെയും ശൂന്യതയില്‍നിന്നാരംഭിക്കുന്ന ജീവിതങ്ങളുടെയും മാളങ്ങള്‍ക്ക് എവിടെയാണ് ഒരന്ത്യം? 10 ലക്ഷം രൂപ കൊണ്ട് സ്ഥലവും വീടും സംഘടിപ്പിക്കുന്നതെങ്ങനെയെന്നും 4 ലക്ഷം രൂപകൊണ്ട് വീട് നിര്‍മ്മിക്കുന്നതെങ്ങനെയെന്നും ആര്‍ക്കെങ്കിലും അറിയാമെങ്കില്‍ ദയവായി ആ പ്രളയബാധിത ഹതഭാഗ്യരെ ഒന്നു വിളിച്ചറിയിക്കണേ. ഈ അറിവിന്‍റെ അഭാവത്തിലാണല്ലോ പെരുമ്പാവൂര്‍ എംഎല്‍എയ്ക്ക് നിയമസഭ ഒരു ശകാരമാളമായിത്തീര്‍ന്നത്!

ആരോഗ്യവകുപ്പ് ഉണര്‍ന്നു പ്രവര്‍ത്തിച്ചിട്ടും എലിപ്പനിമൂലം അറുപതിലേറെ ജീവനുകള്‍ (ഔദ്യോഗിക കണക്കുപ്രകാരം, പന്ത്രണ്ട്) പ്രളയാനന്തരം പൊലിഞ്ഞു എന്നത് വേദനാജനകമാണ്. ഇതിനിടയില്‍ ഡോക്സിസൈക്ലിന്‍റെ പേരില്‍ ഒരു പ്രകൃതി ചികിത്സക്കാരന്‍ പത്തായത്തിലായ വാര്‍ത്തയും കണ്ടു. ഇത്തരക്കാര്‍ എല്ലായിടത്തും ഉണ്ടെന്നതാണ് യാഥാര്‍ത്ഥ്യം. ചില എലികള്‍ സ്വയം പത്തായത്തില്‍ കയറുന്നു. മറ്റു ചിലവ പത്തായത്തില്‍ ആക്കപ്പെടുന്നു എന്നതേയുള്ളൂ വ്യത്യാസം.

പീഡനക്കഥകളുടെ എലിപ്പനിക്കാലം കൂടിയാണിത്. കുമ്പസാരക്കൂടും ജലന്ധറും ജനപ്രതിനിധിയുമെല്ലാം വാര്‍ത്താപ്രളയം തീര്‍ത്ത കാലം! നിരീശ്വരപ്പാര്‍ട്ടിയുടെ നീതിബോധംപോലും സഭാനേതൃത്വത്തിന് ഇല്ലാതെ പോയി എന്നതില്‍ വിശ്വാസീസമൂഹവും പൊതുസമൂഹവും കൊടുംവേദനയുടെ പത്തായത്തിലാണ്.

പ്രളയാനന്തരം ദര്‍ശനങ്ങളുടെയും പ്രവചനങ്ങളുടെയും എലിപ്പനിയുണ്ടായതും ഈ കാലത്തിന്‍റെ കണ്ണാടിയില്‍ പതിഞ്ഞിട്ടുണ്ട്. ലോകാവസാനത്തിന്‍റെ എലിപ്പത്തായക്കാഴ്ചയായി പ്രളയത്തെ അവതരിപ്പിക്കാന്‍ ചില ദിവ്യന്മാര്‍ ശ്രമിച്ചുകണ്ടു. അവരുടെ ലോകം കേരളമാണല്ലോ, പാവങ്ങള്‍! ശബരിമലയില്‍ പ്രവേശിക്കാന്‍ സ്ത്രീകള്‍ ശ്രമിച്ചതിന്‍റെ ഫലമാണ് പ്രളയമെന്നും ഗോമാതാവിനെ ഭക്ഷിച്ചതിനുള്ള ശിക്ഷയാണതെന്നുമൊക്കെ സ്ഥാപിക്കാന്‍ ശ്രമിച്ച ചില കൂട്ടരുടെയിടയില്‍ അങ്ങനെ നമ്മില്‍ ചിലര്‍ക്കും സ്ഥാനം ലഭിച്ചു. മനുഷ്യരുടെ ദുരന്തങ്ങളില്‍പ്പോലും സമചിത്തതയോ വിവേകമോ ഇല്ലാത്തവരായി ധ്യാനഗുരുക്കന്മാര്‍ മാറുന്നതു ഖേദകരമാണ്. 'മാറാനാത്താ' പ്രാര്‍ത്ഥനയുമായി ('കര്‍ത്താവേ വരണമേ!') ആനന്ദത്തോടെ ക്രൈസ്തവന്‍ കാത്തിരിക്കേണ്ട ക്രിസ്തുവിന്‍റെ രണ്ടാം വരവിനെ ഇത്ര വികലമായി ചിത്രീകരിക്കാന്‍ കത്തോലിക്കാപ്രഘോഷകര്‍ക്ക് ആകുന്നതെങ്ങനെ?

ഒരു ഇന്‍റര്‍നാഷണല്‍ എലിപ്പത്തായത്തെ നിയമവിധേയമാക്കാന്‍ ഇവിടെ ഒരു അഞ്ചംഗബെഞ്ച് തയ്യാറായി എന്നതാണ് ഏറ്റവും അടുത്ത കാലത്തെ കണ്ണാടിക്കാഴ്ച. പടിഞ്ഞാറന്‍ ലോകം പെട്ടുപോയ അതേ പത്തായത്തില്‍ ഭാരതത്തെയും പെടുത്തിയേ അടങ്ങൂ എന്ന് ഏതോ തലച്ചോറിന് നിര്‍ബന്ധമുള്ളതുപോലെ! 'എന്‍റെ പത്തായം ഞാന്‍തന്നെ തെരഞ്ഞെടുക്കും' എന്ന പ്ലക്കാര്‍ഡുവരെ അവന്‍ എഴുതിക്കൊടുത്തതാണെന്ന് പാവം എലിക്കുഞ്ഞുണ്ടോ അറിയുന്നു! വിവാഹവും കുടുംബവും ദത്തുകുഞ്ഞുങ്ങളും സമൂഹവും ഭാവിയുമെല്ലാം ഇനി ജാഗ്രത പുലര്‍ത്തേണ്ടത് ഈ പത്തായത്തില്‍നിന്ന് അകന്നുമാറി നടക്കാനാണ്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org