
സ്വാതന്ത്ര്യ ഇന്ത്യയുടെ ചരിത്രത്തിലെ കരിനിഴലായി കരുതപ്പെടുന്നത് അടിയന്തരാവസ്ഥക്കാലമാണ്. സ്വന്തം അധികാരക്കസേരയ്ക്ക് ഇളക്കം തട്ടാതിരിക്കാന്‍ ശ്രീമതി ഇന്ദിരാഗാന്ധി 1975 ജൂണ്‍ 25-ന് പ്രഖ്യാപിച്ച 21 മാസം നീണ്ട അടിയന്തരാവസ്ഥ (EMERGENCY) ഇന്ത്യന്‍ ജനാധിപത്യത്തിനേല്‍പിച്ച മാനഭംഗവും ദേഹക്ഷതവും ചെറുതല്ല. അടിയന്തരാവസ്ഥയ്ക്കെതിരു നില്‍ക്കാന്‍ ഒരു ജയപ്രകാശ് നാരായണന്‍ ഉണ്ടായിരുന്നതുകൊണ്ട് 21 മാസത്തിന്‍റെ ആയുസ്സില്‍ ഈ സ്വാതന്ത്ര്യഘാതം അവസാനിച്ചു. ഭരണഘടനാ വിരുദ്ധമായ കല്പനകള്‍ പുറപ്പെടുവിക്കുന്ന അധികാരികളെയോ അവരുടെ കയ്യിലെ ചട്ടുകമായ നിയമപാലകരെയോ അല്ല രാജ്യത്തിന്‍റെ ഭരണഘടനയെയാണ് പൗരന്‍ അനുസരിക്കേണ്ടത് എന്ന ജെപിയുടെ ആഹ്വാനത്തിന് ഇരുമ്പുമറകളെയും കല്‍ത്തുറുങ്കുകളെയും ഭേദിക്കാന്‍ കരുത്തുണ്ടായിരുന്നു.
സമകാലീന ഭാരതത്തിലെ സംഭവഗതികള്‍ രണ്ടാം അടിയന്തരാവസ്ഥയെ ഓര്‍മ്മിപ്പിക്കുന്നതാണ്. ജനാധിപത്യത്തില്‍ ഉരുക്കു മനുഷ്യരായ നേതാക്കള്‍ അപകടകാരികളാണ്. ഇന്ദിരാഗാന്ധി എന്ന ഉരുക്കു വനിതയ്ക്ക് സഹപ്രവര്‍ത്തകരെയല്ല സ്തുതിപാഠകരെയായിരുന്നു ആവശ്യം. മന്ത്രിസഭായോഗങ്ങള്‍ പ്രഹസനങ്ങളായിരുന്നതിനാല്‍ എല്ലാം പ്രധാനമന്ത്രിയുടെ ഓഫീസിന്‍റെ മാത്രം നിയന്ത്രണത്തിലായിരുന്നു. അമ്പത്തിയഞ്ചിഞ്ച് നെഞ്ചളവില്‍ അഭിരമിക്കുന്ന അഭിനവ പ്രധാനമന്ത്രിയുടെ റോള്‍ മോഡല്‍ ഇന്ദിരാഗാന്ധിയാണ്.
ഒന്നാമതായി, ഭരണഘടന നോക്കുകുത്തിയാകുന്നു എന്നതാണ് അടിയന്തരാവസ്ഥയുടെ ഗതികേട്. ഭരണ ഘടനയുടെ 352-ാം വകുപ്പിന്‍റെ ദുര്‍വിനിയോഗമാണ് അടിയന്തരാവസ്ഥയില്‍ കലാശിച്ചത്. ജനാധിപത്യത്തിന്‍റെ കരുത്തു തെളിയിക്കുന്ന ജനവിധികള്‍ അട്ടിമറിച്ചു കൊണ്ടാണ് അടിയന്തരാവസ്ഥയുടെ തേര്‍വാഴ്ച ആരംഭിച്ചത്. ഇന്ദിരാഗാന്ധി തെരഞ്ഞെടുപ്പുകള്‍തന്നെ മാറ്റി മറിച്ചെങ്കില്‍ മോദിഭരണത്തില്‍ തെരഞ്ഞെടുപ്പിലെ ജനഹിതമാണ് അട്ടിമറിക്കപ്പെടുന്നത്. ഗോവയിലും ബീഹാറിലും തമിഴ്നാട്ടിലും ഉത്തരാഖണ്ഡിലും മണിപ്പൂരിലുമൊക്കെ ജനഹിതം എതിരായിരുന്നിട്ടും ബി.ജെ.പി ഭരണത്തിലെത്തി. ഗുജറാത്തിലെ രാജ്യസഭാ തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ നടത്തിയ നീക്കവും വോട്ടിനു കോടികള്‍ മറിച്ചതും അടിയന്തരാവസ്ഥയുടെ പുനരാഗമനത്തെയാണ് ഓര്‍മ്മിപ്പിക്കുന്നത്. ജനഹിതത്തെ നോട്ടുകെട്ടുകൊണ്ട് അട്ടിമറിക്കുന്നിടത്ത് ജനാധിപത്യം അടിയന്തരാവസ്ഥക്കാലത്തിനു വഴിമാറുന്നു.
രണ്ടാമതായി, ഇന്ദിരയുടെ പുത്രന്‍ സഞ്ജയ്ഗാന്ധിയുടെ നേതൃത്വത്തിലുള്ള ഗുണ്ടാസംഘങ്ങളാണ് ക്രമസമാധാനം നിയന്ത്രിച്ചിരുന്നത്. ആളുകളെ തടവിലാക്കിയും നിര്‍ബന്ധിത വന്ധ്യംകരണം നടത്തിയും അവര്‍ പൗരസ്വാതന്ത്ര്യത്തെ കാറ്റില്‍ പരത്തി. സഞ്ജയിന്‍റെ ഗുണ്ടാസംഘങ്ങള്‍ക്കു പകരം ഇന്ന് ശ്രീരാമസേനയും ഗോസംരക്ഷണ സേനയും ക്രമസമാധാനരംഗത്തെ നിയന്ത്രണം ഏറ്റെടുത്തിരിക്കുകയാണ്. പശുവിറച്ചി തിന്നുന്നവന്‍ എന്നു സംശയിച്ചും പശുവിനെ കയറ്റിയ ലോറിയില്‍ കയറിയതിന്‍റെ പേരിലും പശുവിന്‍റെ കയറു പിടിച്ചതിന്‍റെ പേരിലും ഇവിടെ ന്യൂനപക്ഷങ്ങള്‍ നിഷ്ഠൂരം കൊല്ലപ്പെടുന്നു. ഭരണകക്ഷിയുടെ ആശയം പങ്കു വയ്ക്കാത്തവര്‍ക്കു നിലനില്പുതന്നെ അപകടത്തിലാകുന്ന പരിതോവസ്ഥയ്ക്കു സമാനമായത് അടിയന്തരാവസ്ഥക്കാലം മാത്രമാണ്. പ്രണയത്തിന്‍റെ പേരില്‍ കീഴ് ജാതികള്‍ അടിച്ചുകൊല്ലപ്പെടുന്നത് നിത്യസംഭവമാകു ന്നു. ജീന്‍സിട്ട പെണ്‍കുട്ടികളെയും പ്രണയദിനം ആഘോഷിച്ച കമിതാക്കളെയും സാംഘികള്‍ നിര്‍ദ്ദാക്ഷിണ്യം അടിച്ചുവീഴ്ത്തുന്നു. പൗരസ്വാതന്ത്ര്യം ഇത്രമേല്‍ അപകടാവസ്ഥയിലായിട്ടും പ്രതികരിക്കാന്‍ കരുത്തില്ലാത്ത പ്രതിപക്ഷമാണ് അഭിനവ അടിയന്തരാവസ്ഥയെ കൂടുതല്‍ അപകടകരമാക്കുന്നത്.
മൂന്നാമതായി, അടിയന്തരാവസ്ഥക്കാലത്ത് സാധാരണക്കാരന്‍റെ അവകാശങ്ങള്‍ ചവിട്ടിമെതിക്കപ്പെടുകയും കുഴലൂത്തുകാരായ കുത്തക മുതലാളിമാര്‍ക്കുവേണ്ടി നയങ്ങള്‍ രൂപീകരിക്കപ്പെടുകയും ചെയ്തിരുന്നു. പ്രാണവായുപോലും നിഷേധിക്കപ്പെട്ട് പാവപ്പെട്ടവന്‍റെ 85 പിഞ്ചുകുഞ്ഞുങ്ങള്‍ പിടഞ്ഞു മരിച്ചിട്ടും അനുശോചിക്കാന്‍ അമാന്തിച്ച ഭരണകൂട ഭീകരത ക്രൂരമാണ്. നോട്ടുനിരോധനത്തിലൂടെ രാജ്യത്തെ ഞെട്ടിച്ച പ്രധാനമന്ത്രി രാജ്യത്തിന്‍റെ വികസനം പിന്നോട്ടു നയിച്ചതായി കണക്കുകള്‍ സൂചിപ്പിക്കുമ്പോഴും അംബാനി, അദാനി തുടങ്ങിയ കോര്‍പറേറ്റു ഭീമന്മാരുടെ വാര്‍ഷികവരുമാനം 40% വര്‍ദ്ധിച്ചതായി ഫോബ്സ് മാഗസിന്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. നോട്ടുനിരോധനമെന്ന അവിവേകം കുത്തകകള്‍ക്കുവേണ്ടി വിരിച്ച ചുവപ്പു പരവതാനിയായിരുന്നു എന്ന സംശയം രാജ്യത്തു ബലപ്പെട്ടു തുടങ്ങിയിട്ടുണ്ട്. പെട്രോളിന്‍റെയും ഡീസലിന്‍റെയും വില അനുദിനം വര്‍ദ്ധിപ്പിച്ചും പാവപ്പെട്ടവന്‍റെ സബ്സിഡികള്‍ വെട്ടിക്കുറച്ചും കുത്തക മുതലാളിമാര്‍ക്കു കൊള്ളയടിക്കാന്‍ ഭരണകൂടം ചൂട്ടുകത്തിച്ചു കൊടുക്കുകയാണ്.
നാലാമതായി, അടിയന്തരാവസ്ഥ ആവിഷ്കാര സ്വാതന്ത്ര്യത്തിന്‍റെ കണ്ഠത്തിലാണ് കത്തിവച്ചത്. എതിര്‍പ്പിന്‍റെ സമസ്തസ്വരങ്ങളും അടിച്ചൊതുക്കാന്‍ ഭരണഘടനാ സ്ഥാപനങ്ങളായ സി.ബി.ഐയും ഇന്‍കം ടാക്സു വിഭാഗവും ഉപയോഗിക്കപ്പെടുന്നു. അടിയന്തരാവസ്ഥക്കാലത്ത് പത്രസ്വാതന്ത്ര്യം നിഷേധിക്കപ്പെട്ടിരുന്നു. കുഴലൂത്തുകാരല്ലാത്തവര്‍ക്കെല്ലാം കൂച്ചുവിലങ്ങുവീണു. ഇന്നു മാധ്യമങ്ങള്‍ അവ ദേശീയ, പ്രാദേശിക ഭേദമില്ലാതെ കോര്‍പറേറ്റുകളാല്‍ വിഴുങ്ങപ്പെടുകയാണ്. മോദിയെ സ്തുതിച്ചു മതിവരാതെ സഹസ്രനാമ ജപത്തിന്‍റെ തിരക്കിലാണ് മീഡിയ. നട്ടെല്ലുള്ള അപൂര്‍വ്വം മാധ്യമങ്ങളെ (ഉദാ. എന്‍ഡി ടിവി) കേസില്‍ കുടുക്കി നിശ്ശബ്ദരാക്കാന്‍ ശ്രമം നടക്കുന്നു.
ഇന്ദിരയുടെ അടിയന്തരാവസ്ഥയും മോദിയുടെ അടിയന്തരാവസ്ഥയും തമ്മില്‍ സമാനതകള്‍ ഏറെയാണ്. എന്നാല്‍ ഇന്ദിരയുടെ അടിയന്തരാവസ്ഥയെ പ്രതിരോധിച്ച ജയപ്രകാശ് നാരായണനില്‍നിന്ന് രാഹുല്‍ ഗാന്ധിയിലേക്കുള്ള അകലം പ്രകാശവര്‍ഷങ്ങള്‍ക്കും അപ്പുറമാണ്. ഭാവിയെക്കുറിച്ചുള്ള ആശങ്ക വര്‍ദ്ധിപ്പിക്കുന്നതും ഈ നേതൃശൂന്യതയാണ്.