Latest News
|^| Home -> Pangthi -> വരികള്‍ക്കിടയില്‍ -> കള്ളനെ വിശുദ്ധനാക്കിയ മെത്രാന്റെ കഥ

കള്ളനെ വിശുദ്ധനാക്കിയ മെത്രാന്റെ കഥ

ഫാ. കുര്യാക്കോസ് മുണ്ടാടന്‍

കോവിഡ്-19 ന്റെ മഹാപ്രഹരത്തില്‍ പള്ളികള്‍ പൂട്ടിയിടുകയും ആഘോഷമായി നടത്തേണ്ട ശവസംസ്‌കാരങ്ങള്‍ക്കു പകരം ജഡങ്ങള്‍ മാലിന്യകൂമ്പാരങ്ങളിലേക്ക് വലിച്ചെറിയുകയും ചെയ്യുന്ന കാഴ്ചകള്‍ നമ്മുടെ മാനുഷിക വികാരങ്ങളെ മരവിപ്പിക്കുകയാണ്. അതിനിടെ സത്യത്തെ കുഴിച്ചുമൂടുകയും സത്യത്തിനുവേണ്ടി കുരിശില്‍ മരിച്ചവനെ പോലും സങ്കു ചിതമായ ചിന്തകളുടെ പേരില്‍ ആക്ഷേപിക്കുകയും ചെയ്യുന്നതു കാണുമ്പോള്‍ ഉള്ളില്‍ കലിപ്പും കണ്ണില്‍ കണ്ണീരും പൊട്ടിയൊലിക്കുന്നു.

ഈ സാഹചര്യത്തിലാണ് ”ഞാന്‍ ഈശ്വരനില്‍ വിശ്വസിക്കുന്നു. പക്ഷേ ഒരു പള്ളിയുടെയും ശുശ്രൂഷ എനിക്കാവശ്യമില്ല. ഒരു നിര്‍ധനന്റെ ശവസംസ്‌കാരമാണ് എനിക്കിഷ്ടം” എന്ന് മരണപത്രത്തില്‍ എഴുതിവച്ച വിശ്വസാഹിത്യകാരന്‍ വിക്ടര്‍ ഹ്യൂഗോയുടെ ”പാവങ്ങള്‍” ഒരിക്കല്‍ കൂടി വായിച്ചു നോക്കിയത്. മനുഷ്യത്വത്തിന്റെയും പട്ടിണിയുടെയും വിമോ ചനത്തിന്റെയും വിപ്‌ളവത്തിന്റെയും മനുഷ്യബന്ധങ്ങളുടെ ഊഷ്മളതയേയും ഇത്രമാത്രം മഹത്തരമായി ചിത്രീകരിക്കുന്ന മറ്റൊരു കൃതിയുണ്ടോ? ആ കാലത്ത് ആത്മീയ നേതൃത്വത്തിലുള്ളവരുടെ ആര്‍ജ്ജവവും മനുഷ്യരോടുള്ള സ്‌നേഹവും കാണുമ്പോള്‍ ഇന്നുള്ള ആത്മീയനേതൃത്വത്തിന്റെ പാപ്പരത്തത്തെ ഓര്‍ത്തു നാം വിലപിച്ചുപോകും.

നമുക്കൊക്കെ പരിചിതനായ ഴാങ് വാല്‍ ഴാങ് എന്ന മനുഷ്യന്റെ ജീവിതത്തിന്റെ ഓരോ ഏടിലും ഇന്നത്തെ മനുഷ്യന്റെ നൊമ്പരവും അമ്പരപ്പും കണ്ണീരുമുണ്ട്. ഡിയിലെ മെത്രാന്‍ മൊസ്യുമിറിയേലിനെ ഇന്നത്തെ നേതൃത്വവുമായി താരതമ്യം ചെയ്യാന്‍പോലും നാം ഭയപ്പെടണം. അത്രയ്ക്കു ഭൂതദയയും കാരുണ്യവും ഉള്ള ഒരു വിശുദ്ധനായ മനുഷ്യന്‍. ആ മനുഷ്യനാണ്, പട്ടിണിയെപ്രതി ചെറിയ കളവു ചെയ്ത് വര്‍ഷങ്ങളോളം ശിക്ഷിക്കപ്പെട്ട് അവസാനം അനാഥനായി ലോകത്തിന്റെ ഇരുട്ടിലേക്ക് ഇറങ്ങി നടന്ന ഴാങ് വാല്‍ ഴാങിന് അഭയം കൊടുത്തത്. പക്ഷേ സ്വപ്നങ്ങളും സ്വപ്ന ഭംഗങ്ങളും ചേര്‍ന്ന ചിന്തയില്‍ ആ രാത്രിയില്‍ തനിക്ക് അഭയം നല്കിയവന്റെ വെള്ളി പാത്രങ്ങള്‍ എടുത്തുകൊണ്ട് ഴാങ് കടന്നു കളഞ്ഞു. പക്ഷേ നേരം വെളുത്തില്ല, തന്റെ ജീവിതത്തിലെ ഒളിച്ചോടാനുളള ഒരു പദ്ധതിയിലും വിജയിക്കാത്ത ഴാങ് വാല്‍ ഴാങ് പൊലിസിന്റെ പിടിയിലായി. തൊണ്ടി സഹിതം കള്ളനെ മെത്രാന്റെ മുമ്പില്‍ ഹാജരാക്കിയപ്പോള്‍ മെത്രാന്റെ ഡയലോഗ് ഇങ്ങനെ യായിരുന്നു, ”ഹാ. നിങ്ങളായിരുന്നോ. കാണാന്‍ കഴിഞ്ഞതില്‍ വളരെ സന്തോഷം. എന്താ ഇത്, ഇന്നലെ ഞാന്‍ നിങ്ങള്‍ക്ക് തന്ന വെള്ളികൊണ്ടുള്ള മെഴുകുതിരിക്കാലുകള്‍ എടുക്കാന്‍ മറന്നു അല്ലേ?” തങ്ങളുടെ സ്വന്തം കാര്യസാധ്യതയ്ക്കും പ്രൗഢിക്കും പ്രശസ്തിക്കും വേണ്ടി ആരെയും കുറ്റവാളിയാക്കുന്ന മനുഷ്യത്വരഹിതമായ നാള്‍വഴികളുള്ള ഇന്നത്തെ നേതൃത്വത്തിനിടയില്‍ വിക്ടര്‍ ഹ്യുഗോയുടെ മെത്രാനെ മഷിയിട്ട് നോക്കിയാല്‍ പോലും കാണില്ല.

അന്ന് ഴാങ് വാല്‍ ഴാങ് ദൈവത്തെ നേരിട്ടു കണ്ടു. അദ്ദേഹത്തിന് മാനസാന്തരത്തിനു മറ്റൊന്നും വേണ്ടി വന്നില്ല. മനുഷ്യത്വത്തിന്റെയും ദൈവികതയുടെയും മഹാനദിയില്‍ സ്‌നാനം ചെയ്ത പോലെയുള്ളൊരു അനുഭവമായിരുന്നു. അയാള്‍ ഒരുപാട് മാറി. ഴാങ് വാല്‍ ഴാങ് പിന്നെ ഏം പട്ടണത്തിന്റെ മേയര്‍ സ്ഥാനത്തേക്ക് ഉയര്‍ന്നു. മൊസ്യുമദലിയന്‍ എന്നു എല്ലാവരും ആദരവോടെ വിളിച്ചിരുന്ന മേയര്‍ വര്‍ഷങ്ങളോളം ജയില്‍ശിക്ഷ അനുഭവിച്ച ഴാങ് വാല്‍ ഴാങാണെന്ന് ആരും തിരിച്ചറിഞ്ഞില്ല. പക്ഷേ ഒരിക്കല്‍ ഏം പട്ടണത്തിലെ പൊലീസ് ഉദ്യോഗസ്ഥനും ക്രൂരനുമായ ഴാവേര്‍, ഴാങ് വാല്‍ ഴാങിനെ തിരിച്ചറിഞ്ഞു. അത് വന്ദ്യവയോധികനായ ഫാ. ഫൂഷല്‍വാങ് വണ്ടിക്കടിയില്‍പ്പെട്ട ദിവസമാണ്. എത്രയും വേഗം ആ വണ്ടിയുടെ വീലുകള്‍ പൊക്കിയില്ലെങ്കില്‍ ആ വൈദികന്‍ മരിക്കും. പക്ഷേ ആരും തയ്യാറായില്ല. അന്നേരം അവിടെ വന്ന മേയര്‍ പലര്‍ക്കും ധാരാളം പണം വാഗ്ദാനം ചെയ്തിട്ടും ആരും രക്ഷിക്കാന്‍ തുനിഞ്ഞില്ല. ഴാവേറും അവിടെയെത്തി. അ യാള്‍ പറഞ്ഞു, ഇത്രയും വലിയ വണ്ടി പൊക്കി അയാളെ രക്ഷിക്കാന്‍ സാധിക്കുന്ന ഒരാളേയുള്ളൂ. അയാള്‍ തൂലോങ്ങിലെ തണ്ടുവലിശിക്ഷ സ്ഥലത്തെ തടവുപുള്ളിയായിരുന്നു. ‘ആഹാം’ എന്നു ഉത്തരം പറഞ്ഞുകൊണ്ട് മദലിയന്‍ ആ വണ്ടി ഒറ്റയ്ക്കു പൊക്കി. അപ്പോഴേക്കും പലരും സഹായിക്കാന്‍ വന്നു. ഫാ. ഫൂഷല്‍വാങ് രക്ഷപ്പെട്ടു. പക്ഷേ പൊലീസുകാരന്‍ പഴയ ജയില്‍പുള്ളിയെ തിരിച്ചറിഞ്ഞു. പീന്നിടാണ് ഴാങ് വാല്‍ ഴാങ് അറിയുന്നത് താന്‍ പുറത്തുചാടിയതിനുശേഷം ഒരാപ്പിള്‍ കട്ടെടുത്തതിന്, ഷാങ്മത്തിയോവിനെ താനാണെന്നു പറഞ്ഞ് വിചാരണ ചെയ്തുകൊണ്ടിരിക്കുകയാണ്. എല്ലാം മറന്ന് ഴാങ് വാല്‍ ഴാങ് വിചാരണ കോടതിയിലെത്തി തന്റെ ഐഡന്ററ്റി വ്യക്തമാക്കി ഷാങ്മത്തിയോവിനെ രക്ഷിച്ചു വീണ്ടും തടവുപുള്ളിയായി മാറി. ഴാങ് വാല്‍ ഴാങിന്റെ ജീവിതം അവിടെ അവസാനിക്കുന്നില്ല. സത്യവും നീതിയും കാരുണ്യവും ഴാങ് വാല്‍ ഴാങിലെ മനുഷ്യത്വത്തെ മഹനീയതയിലേക്ക് ഉയര്‍ത്തുന്ന പല മുഹൂര്‍ത്തങ്ങളും ഈ നോവലിലുണ്ട്.

ഫുള്‍സ്റ്റോപ്പ്: ‘സമുദ്രത്തേക്കാള്‍ മഹത്തായ കാഴ്ചയുണ്ട്. അത് ആകാശമാണ്. ആകാശത്തേക്കാള്‍ മഹത്തായ കാഴ്ചയുണ്ട്. അത് മനുഷ്യമനസ്സാണ്.’

Leave a Comment

*
*