കാല്‍വരി കാഴ്ചകള്‍

കാല്‍വരി കാഴ്ചകള്‍

ഫാ. ജെന്‍സണ്‍ ലാസലെറ്റ്

നോമ്പിന്‍റെ അവസാനം നമ്മള്‍ എത്തിനില്ക്കുന്നതു കാല്‍വരിയിലെ കുരിശിന്‍കീഴിലാണ്. പ്രതീക്ഷിച്ചവര്‍ പലരും അവിടെയില്ല. എന്നാല്‍ പ്രതീക്ഷിക്കാത്ത പലരും അവിടെയുണ്ടുതാനും. കണ്ണീര്‍ വാര്‍ക്കുന്ന നല്ല കള്ളന്‍ കുരിശിന്‍റെ ഒരു വശത്ത്. സ്വന്തം അഹന്തയുമായി മല്‍പ്പിടുത്തം നടത്തി കണ്ണീര്‍വറ്റി മറ്റൊരു കള്ളന്‍ മറുവശത്ത്. കണ്ണീര്‍ വാര്‍ത്തവനോടവന്‍ പറഞ്ഞു: "നീ ഇന്ന് എന്നോടുകൂടെ പറുദീസയിലായിരിക്കും" (ലൂക്കാ 3:43). "കര്‍ത്താവിങ്കലേക്കു തിരിയുവാന്‍ വൈകരുത്. നാളെ നാളെ എന്നു നീട്ടിവയ്ക്കുകയുമരുത്" (പ്രഭാ. 5:9) എന്ന വചനത്തിന്‍റെ ഓര്‍മ്മപ്പെടുത്തലാണു നല്ല കള്ളന്‍റേത്. എത്ര പെട്ടെന്നാണ് അവന്‍ സ്വര്‍ഗം സ്വ ന്തമാക്കിയത്. എത്ര പെട്ടെന്നാണ് അവന്‍റെ ദുഃഖം സന്തോഷമായത്. "അവിടുന്ന് അവരുടെ മിഴികളില്‍ നിന്നു കണ്ണീര്‍ തുടച്ചുമാറ്റും. ഇനി മരണം ഉണ്ടായിരിക്കുകയില്ല. പഴയതെല്ലാം കടന്നുപോയി" (വെളി. 21:4) എന്ന വചനങ്ങള്‍ നല്ല കള്ളനെക്കുറിച്ച് എഴുതിയതുപോലുണ്ട്. ഒരുവനു സ്വര്‍ഗം ലഭിക്കുമ്പോഴും കയ്യെത്തും ദൂരെനിന്നു സ്വര്‍ഗം നഷ്ടമാക്കുന്നവനാണ് അപരന്‍. ഒന്ന് എളിമപ്പെട്ടെങ്കില്‍, മാപ്പ് പറഞ്ഞെങ്കില്‍, വിശ്വസിച്ചിരുന്നെങ്കില്‍ അവനും കൂടി അവകാശപ്പെട്ടതായിരുന്നില്ലേ ആ പറുദീസ?" ജീവിതത്തില്‍ പലപ്പോഴും സംഭവിക്കുന്നത് അങ്ങനെതന്നെയാണ്. നമ്മുടെ പിടിവാശിയും വെറുപ്പും വിദ്വേഷവും പണവുമെല്ലാം നമുക്കു പറുദീസകള്‍ നഷ്ടപ്പെടുത്തികൊണ്ടിരിക്കുകയാണ്.
കുരിശിന്‍കീഴില്‍ നില്ക്കുന്നുണ്ട് അമ്മ. അവളുടെ ഓരം ചേര്‍ന്നു ശിഷ്യനും കുറച്ചു സ്ത്രീകളും. സഹനത്തില്‍ മാത്രമേ തിരിച്ചറിയൂ കൂടെ നില്ക്കുന്നവര്‍ ആരെല്ലാമാണെന്ന്. കൂടെ നില്ക്കുന്നവരെയും കൂടെപ്പിറപ്പിനെയും മാതാവിനെയും മക്കളെയും പരിപാലിക്കണമെന്ന സുവിശേഷംകൂടി കുരിശിലെ ഈശോ പ്രഘോഷിക്കുന്നുണ്ട്. അവിടുന്നു ശിഷ്യനെ നോക്കി പറഞ്ഞു. ഇതാ നിന്‍റെ അമ്മ (യോഹ. 19:29). കുരിശില്‍ കിടന്നുകൊണ്ട് അന്നുവരെ അങ്ങനെയാരും പറഞ്ഞിട്ടില്ല. മാതാപിതാക്കളെ അനാഥമന്ദിരത്തിലേക്കും തെരുവിലേക്കും അമ്പലപ്പറമ്പുകളിലേക്കും പറഞ്ഞയക്കുന്ന മക്കള്‍ക്കുവേണ്ടിയുള്ള സുവിശേഷമായിരുന്നുവത്. "വൃദ്ധജനങ്ങള്‍ക്ക് ഇടമില്ലാത്ത സമൂഹം അതിന്‍റെ വേരുകളില്‍ നിന്നു പിഴുതെറിയപ്പെട്ടിരിക്കുന്നു" എന്ന ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഓര്‍മ്മപ്പെടുത്തലും ചേര്‍ത്തു ചിന്തിക്കാവുന്നതാണ് (സ്നേഹത്തിന്‍റെ ആനന്ദം നമ്പര്‍ 193). മക്കളുടെ കയ്യില്‍നിന്ന് ഒരിറ്റു വെള്ളം സ്വീകരിച്ചു മരിക്കാനാകുമോ എന്നു നൊമ്പരപ്പെടുന്ന എത്രയോ മാതാപിതാക്കളാണിന്നുള്ളത്. എറണാകുളം അതിരൂപതാ സഹായമെത്രാന്‍ എടയന്ത്രത്ത് പിതാവു പങ്കുവച്ച ഒരു സംഭവം ഈ അവസരത്തില്‍ പ്രചോദകമാണ്. വൃദ്ധയായ ഒരു സ്ത്രീ പിതാവിനെ സമീപിച്ചു പറഞ്ഞു: ഭര്‍ത്താവ് മറവിരോഗിയാണ്. ആകെയുള്ള മകന്‍ വിദേശത്തും. അവനെ ഫോ ണ്‍ വിളിച്ചു കാര്യം പറഞ്ഞപ്പോള്‍ ഒന്നും പറയാതെ അവന്‍ ഫോണ്‍ കട്ട് ചെയ്തു. ഞങ്ങളിനി എന്തു ചെയ്യും പിതാവേ? പ്രാര്‍ത്ഥിക്കാമെന്ന പതിവു സമാശ്വാസവുമായി പിതാവ് അവരെ പറഞ്ഞയച്ചു. കുറച്ചു ദിവസങ്ങള്‍ക്കുശേഷം അവരുടെ മകനും മരുമകളും കുട്ടികളും രോഗിയായ പിതാവിനെയും കൂട്ടി ബിഷപ്സ് ഹൗസിലെത്തി. സംസാരത്തിനിടയില്‍ മകന്‍ പിതാവിനോടു പറഞ്ഞു: "കുഞ്ഞുന്നാളില്‍ എന്‍റെ കരംപിടിച്ചു നടത്തിയത് അപ്പനാണ്. അപ്പനാണ് എന്നെ പഠിപ്പിച്ച തും വളര്‍ത്തി വലുതാക്കിയതും. ഇന്ന് അപ്പന് ഇങ്ങനെ ഒരനുഭവം വന്നപ്പോള്‍ ഞാനല്ലാതെ മറ്റാരാണ് അപ്പനു തുണയാകുക?" അതുകൊണ്ടു ഞാനും എന്‍റെ ഭാര്യയും ജോലി രാജിവച്ച് അപ്പനെ ശുശ്രൂഷിക്കുവാന്‍ നാട്ടിലേക്കു വന്നു. അപ്പനെ തനിച്ചാക്കിയിട്ടു ഞങ്ങള്‍ക്കു സമ്പാദിക്കണ്ട." മനവും മിഴികളും നിറയ്ക്കുന്ന വാക്കുകള്‍.
കുരിശിന്‍കീഴില്‍ നിന്ന മാതാവിനോട് യോഹന്നാനെ ചൂണ്ടിക്കാണിച്ച് യേശു പറയുന്നുണ്ട് "ഇതാ, നിന്‍റെ മകന്‍" എന്ന് (യോഹ. 19:26). ഭ്രൂണഹത്യയും ശിശുഹത്യയും ശരീരകച്ചവടവും ഏറുന്ന ഈ നാളുകളില്‍ എല്ലാ മാതാപിതാക്കന്മാര്‍ക്കും മുതിര്‍ന്നവര്‍ക്കുമുള്ള വാക്കുകളല്ലേ അത്? മക്കളെ സംരക്ഷിക്കണം, അവര്‍ക്കു തുണയാകണം എന്ന സന്ദേശമുള്ള വാക്കുകള്‍. പരി. കന്യകാമറിയം യോഹന്നാനെ ചേര്‍ത്തുനിര്‍ത്തിയതുപോലെ മക്കളെയും ആരുമില്ലാത്തവരെയും അവഗണിക്കപ്പെടുന്നവരെയും കൂടെപ്പിറപ്പിനെയും ചേര്‍ത്തുനിര്‍ത്തുവാന്‍ നമുക്കാകുന്നുണ്ടോ എന്നു ചിന്തിക്കുന്നതു നല്ലതാണ്.
കുരിശിന്‍ചുവട്ടില്‍ കാഴ്ച കാണാന്‍ നിന്നിരുന്ന ജനക്കൂട്ടവും ഒരു കാഴ്ചയാണ്. ജനക്കൂട്ടം ആരുമാകാം. ഞാനും നിങ്ങളും ആകാം. കരളലിയിക്കുന്ന കാഴ്ചയിലും പരിഹാസവാക്കുകളുമായി നില്ക്കുന്ന ഹൃദയം കഠിനമായവര്‍. കാര്യങ്ങളിലെ നിജസ്ഥിതി അറിയാതെ അപരന്‍റെ തകര്‍ച്ചകളും വീഴ്ചകളും ആഘോഷിക്കുന്നവര്‍. സത്യത്തില്‍ അവന്‍ കുരിശില്‍ മരിച്ചതു ഇന്നായിരുന്നുവെങ്കില്‍ അവന്‍റെ നഗ്നമേനിയുടെ ചിത്രം പകര്‍ത്തി ഷെയര്‍ ചെയ്യാനും ലൈക്കും കമന്‍റും അടിക്കാനും ജനക്കൂട്ടം തടിച്ചുകൂടുമായിരുന്നു. അതു ചര്‍ച്ച ചെയ്യാന്‍ കുറേ ചാനലുകാരും.
കാല്‍വരിയിലെ കാഴ്ച തീരുന്നില്ല. ഇവയ്ക്കെല്ലാം സാക്ഷിയായി നസ്രത്തിലെ ആ തച്ചനുമുണ്ടവിടെ. കുരിശ് എന്നെ ഓര്‍മ്മപ്പെടുത്തുന്നതു തച്ചനായ യൗസേപ്പിന്‍റെ വിരിമാറില്‍ ചാഞ്ഞുകിടക്കുന്ന ക്രിസ്തുവിനെയാണ്. എത്രയോ തവണ ഉളിയും ചുറ്റികയും ആണിയും വഹിച്ച കരങ്ങളാണ് അവര്‍ തടിയില്‍ ചേര്‍ത്തുവച്ചു തറച്ചത്! അപ്പോള്‍ അവനറിയാതെ ഓര്‍ത്തിരിക്കും തടിയില്‍ തന്നെ ചേര്‍ത്തു നിര്‍ത്തി പുണരുന്ന ആ വളര്‍ത്തുപിതാവിനെ. കാലിത്തൊഴുത്തില്‍ മാത്രമല്ല കാല്‍വരിയിലുമുണ്ട് ആ തിരുക്കുടുംബം. ഓരോ കുരിശും നമുക്കു സമര്‍പ്പി ക്കാം ആ തിരുക്കുടുംബത്തിന്. ആ തച്ചന്‍ മകന്‍റെ കരങ്ങളില്‍ നിന്ന് ആണികള്‍ പിഴതുമാറ്റി ഉത്ഥാനത്തിന്‍റെ ഉദയത്തിലേക്ക് അവനെ ആനയിക്കും.
ഏവര്‍ക്കും ഈസ്റ്റര്‍ മംഗളങ്ങള്‍!

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org