Latest News
|^| Home -> Pangthi -> കാലവും കണ്ണാടിയും -> കന്നുകാലി വിപണന നിരോധനം: വിവാദമാകുന്ന വാദങ്ങള്‍

കന്നുകാലി വിപണന നിരോധനം: വിവാദമാകുന്ന വാദങ്ങള്‍

മാർ ജോസഫ് പാംപ്ലാനി

കന്നുകാലികളുടെ വിപണനത്തെ സംബന്ധിച്ച് കേന്ദ്രപരിസ്ഥിതി മന്ത്രാലയം പുറത്തിറക്കിയ ഉത്തരവ് ഏറെ വിവാദം സൃഷ്ടിക്കുന്നുണ്ട്. സുപ്രീംകോടതി കോടതിവിധി മാനിച്ചുകൊണ്ടാണ് പുതിയ നിയമനിര്‍മ്മാണം നടത്തേണ്ടിവന്നത് എന്നാണ് പുതിയ ബില്ലിനെ ന്യായീകരിച്ച് കേന്ദ്രപരിസ്ഥിതി മന്ത്രാലയം ഉന്നയിക്കുന്ന പ്രധാന വാദം. ഇതു തികച്ചും തെറ്റാണെന്ന് വസ്തുതകള്‍ തെളിയിക്കുന്നു. നേപ്പാളിലേക്കും ബംഗ്ലാദേശിലേക്കും കന്നുകാലികളെ കടത്തിക്കൊണ്ടുപോകുന്നതിനെ നിയന്ത്രിക്കാനുള്ള നടപടികള്‍ സ്വീകരിക്കാനാണ് സുപ്രീംകോടതി ആവശ്യപ്പെട്ടത്. എന്നാല്‍ ഈ കോടതി ഉത്തരവ് മറയാക്കിക്കൊണ്ട് രാജ്യമാസകലം കശാപ്പും മാംസാഹാരവും നിയന്ത്രിക്കാനുള്ള ഗൂഢനീക്കമാണ് പരിസ്ഥിതി മന്ത്രാലയം നടത്തിയത്. രാജ്യമൊട്ടാകെ ഗോവധനിരോധനം നടപ്പിലാക്കാന്‍ ഉത്തരവിടണമെന്ന ആവശ്യവുമായി വന്ന ഹര്‍ജിയില്‍ അപ്രകാരമൊരു ഉത്തരവ് അനാവശ്യമാണെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് വിധിയെഴു തിയതിന്‍റെ മഷി ഉണങ്ങും മുന്‍പേയാണ് ഇപ്രകാരമൊരു നീക്കം കേന്ദ്രം നടത്തിയത് എന്നതും ശ്രദ്ധേയമാണ്. ഭരണഘടനാസ്ഥാപനങ്ങളെയും ഭരണഘടനയെയും നോക്കു കുത്തികളാക്കുന്ന സംഘപരിവാര്‍ ശൈലിയുടെ ഏറ്റവും പുതിയ പതിപ്പാണ് ഈ ഉത്തരവ്. ഭരണഘടനയ്ക്കു പശുവിന്‍ചാണകത്തിന്‍റെ വിലപോലും നല്‍കാത്തവരെ ഭാരതീയര്‍ ഭയപ്പെടണം. കശാപ്പിനായുള്ള കന്നുകാലികളുടെ കച്ചവടം മാത്രമേ നിരോധിച്ചിട്ടുള്ളൂ മാട്ടിറച്ചി നിരോധിച്ചിട്ടില്ല എന്ന വാദവും വിവേകം കുറഞ്ഞ ഫലിതം മാത്രമാണ്. ചായകുടി നിരോധിച്ചിട്ടില്ല; ചായപ്പൊടിയുടെ ഉല്‍പാദനവും വിതരണവും മാത്രമേ നിരോധിച്ചിട്ടുള്ളൂ എന്നു പറയുന്നതിനു സമാനമാണ് ഈ വാദം.

ഒറ്റരാത്രികൊണ്ടു കറന്‍സിനിരോധനം നടപ്പിലാക്കിയ ലാഘവത്തില്‍ നടപ്പിലാക്കേണ്ട നിരോധനമല്ല മാംസഭക്ഷണനിരോധനം. മൃഗങ്ങള്‍ക്കെതിരേയുള്ള ക്രൂരത അവസാനിപ്പിക്കാന്‍ 1960-ല്‍ പാര്‍ലമെന്‍റ് പാസ്സാക്കിയ നിയമത്തിന്‍റെ 11 (3) വകുപ്പുപ്രകാരം ആഹാരത്തിനായി മൃഗങ്ങളെ കൊല്ലാന്‍ അനുവാദം നല്‍കിയിട്ടുണ്ട്. എന്നാല്‍ പരിഷ്കരിച്ചനിയമത്തിന്‍റെ 22 (6) പ്രകാരം വ്യാപാരത്തിനായി മൃഗങ്ങളെ മാര്‍ക്കറ്റില്‍ കൊണ്ടുവരുന്നയാള്‍ കശാപ്പിനായല്ല എന്ന് സത്യവാങ്മൂലം സമര്‍പ്പിക്കണം. മൃഗത്തെ മേടിക്കുന്നയാള്‍ പിന്നീട് അതിനെ കശാപ്പുചെയ്യുന്നതിനെയും ഈ ബില്ല് നിരോധിക്കുന്നു (22. e.i). പേരന്‍റല്‍ നിയമത്തെ ഖണ്ഡിക്കുന്ന ഈ ബില്ല് നിയമദൃഷ്ട്യാ നിലനില്ക്കുക അസാധ്യമാണ്. എന്നാല്‍ പശുഭക്തരും കണ്ണീരില്‍ നിന്ന് മയിലുകള്‍ സന്താനങ്ങളെ ഉല്പാദിപ്പിക്കുമെന്ന് വാദിക്കുന്നവരും ജഡ്ജിമാരായിരിക്കുന്ന നാട്ടില്‍ ഏതു വിവരദോഷവും നിയമമാക്കാം.

പൗരാവകാശലംഘനം
ഈ ബില്ലില്‍ ഭരണഘടന ഉറപ്പുതരുന്ന പൗരാവകാശങ്ങളുടെ പ്രത്യക്ഷത്തിലുള്ള ലംഘനമുള്ളതിനാലാണ് ഈ ബില്ല് എതിര്‍ക്കപ്പെടേണ്ടത്. ഒന്നാമതായി, എന്തു ഭക്ഷിക്കണം എന്നു തീരുമാനിക്കാനുള്ള പൗരന്‍റെ സ്വാതന്ത്ര്യത്തെ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ ഇരുപത്തിയൊന്ന് ഉറപ്പുതരുന്നുണ്ട്. നിര്‍ബന്ധിത മാംസനിരോധനത്തിലൂടെ ഈ അവകാശമാണ് ഹനിക്കപ്പെടുന്നത്. രണ്ടാമതായി, ഇഷ്ടമുള്ള ജോലി അഭിമാനത്തോടെ ചെയ്തു ജീവിക്കാനുള്ള പൗരന്‍റെ മൗലികാവകാശത്തെയും ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 21 ഉറപ്പുവരുത്തുന്നുണ്ട്. കശാപ്പുജോലിയെ വര്‍ഗ്ഗീയവല്‍ക്കരിക്കുകയും അതിനെ ഹീനകൃത്യമായി കരുതുകയും ചെയ്യുന്നത് ധിക്കാരമായ നീക്കമാണ്. മൂന്നാമതായി, ഭരണഘടനയുടെ 301 അനുച്ഛേദപ്രകാരം പൗരന് രാജ്യത്ത് എവിടെയും വ്യാപാരവും വ്യവസായവും കച്ചവടവും ചെയ്യാന്‍ അവകാശം നല്‍കുന്നുണ്ട്. മാംസവ്യാപാരം, തുകല്‍വ്യാപാരം തുടങ്ങിയവ തുടച്ചുനീക്കുന്ന നീക്കമാണ് സര്‍ക്കാര്‍ നടത്തുന്നത്. അന്തര്‍ സംസ്ഥാന കന്നുകാലികൈമാറ്റം അസാധ്യമാണെന്ന വ്യവസ്ഥ (22. e.iv) ഭരണഘടനാ വിരുദ്ധമാണ്. നാലാമതായി, രാജ്യത്തിന്‍റെ ഫെഡറല്‍ വ്യവസ്ഥിതിയെ തകിടം മറിക്കുന്ന നിലപാടാണ് ഈ നിയമ നിര്‍മ്മാണത്തില്‍ സ്വീകരിച്ചിരിക്കുന്നത്. പൂര്‍ണ്ണമായും സംസ്ഥാന വിഷയമായി നിര്‍ണ്ണയിക്കപ്പെട്ട കാര്യത്തില്‍ കേന്ദ്രം നിയമനിര്‍മ്മാണം നടത്തുന്നത് രാജ്യത്തിന്‍റെ ഫെഡറല്‍ സംവിധാനത്തിനു വിരുദ്ധമാണ്.

ഒരു മതത്തിന്‍റെ വിശ്വാസത്തെ രാജ്യത്തിന്‍റെ നിയമ വ്യവസ്ഥിതിയുടെ ഭാഗമാക്കുന്നത് ഫാസിസത്തെക്കാളും താലിബാനിസത്തിന്‍റെ ഓര്‍മ്മകളാണുണര്‍ത്തുന്നത്. ഭാരതത്തിന്‍റെ ബഹുമതസംസ്കാരത്തില്‍ ഭൂരിപക്ഷമതത്തിന്‍റെ വിശ്വാസത്തില്‍ പങ്കുചേരാതെ ന്യൂനപക്ഷങ്ങള്‍ക്കു ജീവിക്കാനാകില്ല എന്ന മൗലികവാദ ചിന്തയ്ക്ക് നിയമപരിരക്ഷ ലഭിക്കുന്നു എന്നതാണ് പുതിയ നിയമപരിഷ്കാരത്തിലൂടെ സംഭവിക്കുന്ന അപരിഹാര്യമായ ദുരന്തം. കേവലം മൃഗസ്നേഹമാണ് നിയമനിര്‍മ്മാണത്തിനു പിന്നിലെ പ്രേരകമെങ്കില്‍ മനുഷ്യനൊഴികെയുള്ള എല്ലാ മൃഗങ്ങള്‍ക്കും ഈ നിയമങ്ങള്‍ ബാധകമാക്കാത്തത് എന്തുകൊണ്ടാണ്? പന്നി, കോഴി, ആട് തുടങ്ങിയവയെ ഒഴിവാക്കി ബീഫിലേക്ക് വിഷയം ചുരുക്കുന്നതു തന്നെ ഈ നിയമത്തിന്‍റെ ഉദ്ദേശ്യശുദ്ധിയില്‍ സംശയം ജനിപ്പിക്കുന്നു.

ന്യൂനപക്ഷങ്ങളുടെയും ദളിതരുടെയും ജീവനെക്കാള്‍ ഇന്ത്യയില്‍ വിലപ്പെട്ടത് പശുക്കളാണ് എന്ന സത്യം സംഘപരിവാര്‍ എത്രയോവട്ടം തെളിയിച്ചിട്ടുണ്ട്. ദല്‍ഹിയുടെ പ്രാന്തത്തിലുള്ള ബിഷാറയില്‍ പശുവിറച്ചി തിന്നു എന്ന സംശയത്തിന്‍റെ പേരില്‍ ജനക്കൂട്ടം നിഷ്ഠൂരം കൊലചെയ്ത മൊഹമ്മദ് അഖ്ലാഖും കഴിഞ്ഞമാസം രാജസ്ഥാനില്‍ പശുക്കളെ ലോറിയില്‍ കയറ്റിക്കൊണ്ടുപോയ കുറ്റത്തിനു പേപിടിച്ച തെരുവു നായയോടു പോലും കാട്ടാത്ത ക്രൂരതയോടെ അടിച്ചുകൊല്ലപ്പെട്ട പേലുഖാനും തുടങ്ങി അനേകര്‍ ഈ ദുരന്തസത്യത്തിന്‍റെ ഇരകളാണ്. ഇവരെ അടിച്ചുകൊന്ന കുറ്റത്തിന് അറസ്റ്റു ചെയ്യപ്പെട്ടവര്‍ക്ക് വീരപരിവേഷം നല്‍കി, അവരുടെ മോചനത്തിനായി പൊരുതിയ വ്യക്തിയാണ് ഇപ്പോഴത്തെ യു.പി. മുഖ്യമന്ത്രി എന്നതും കാര്യങ്ങളെ കൂടുതല്‍ സങ്കീര്‍ണ്ണമാക്കുന്നുണ്ട്. ഗോസംരക്ഷകരായി അവതരിച്ചിരിക്കുന്ന അഭിനവ സാമൂഹ്യവിരുദ്ധരുടെ ഗുണ്ടായിസങ്ങള്‍ക്ക് രാജ്യമൊട്ടാകെ നിയമപരിരക്ഷ ലഭിക്കുന്നു എന്ന ദുരന്തയാഥാര്‍ത്ഥ്യത്തെ കണ്ടില്ലെന്നു നടിക്കാന്‍ ജനാധിപത്യത്തെ സ്നേഹിക്കുന്നവര്‍ക്കു കഴിയില്ല.

ഗാന്ധിയുടെ ചിന്ത
രാഷ്ട്രപിതാവായ ഗാന്ധിയോട് ബാബുരാജേന്ദ്ര പ്രസാദ് ഗോവധനിരോധനത്തെക്കുറിച്ചു ചോദിച്ചപ്പോള്‍ മഹാത്മജി പറഞ്ഞ ഉത്തരം ഇവിടെ ഏറെ പ്രസക്തമാണ്. പശുവിനെ ശുശ്രൂഷിക്കാന്‍ ഇഷ്ടപ്പെടുന്ന ഞാന്‍ എന്‍റെ വിശ്വാസത്തെ മറ്റു മതസ്ഥരുടെമേല്‍ അടിച്ചേല്പിക്കുമ്പോള്‍ ഞാന്‍ ഭാരതീയനല്ലാതാകുന്നു. അതിനാല്‍ ഗോവധനിരോധനം ഭാരതത്തിനു ചേര്‍ന്നതല്ല. മഹാത്മജിയുടെ ക്രാന്തദര്‍ശനവും ഹൃദയവിശാലതയുമാണ് ആധുനിക ഭരണാധികാരികള്‍ക്കു നഷ്ടമാകുന്നത്. പശു കാര്‍ബണ്‍ഡൈഓക് സൈഡ് ശ്വസിച്ച് ഓക്സിജന്‍ പുറത്തുവിടുന്ന അത്ഭുതമൃഗമാണ് എന്നു വാദിക്കുന്ന മന്ത്രിമാരുള്ള നാട്ടില്‍ ക്രാന്തദര്‍ശനങ്ങളെക്കുറിച്ചു സ്വപ്നം കാണുന്നതു തന്നെ ഭ്രാന്തിന്‍റെ ലക്ഷണമായി വ്യാഖ്യാനിക്കപ്പെടാം.

പശുവിനെ മതവുമായി കൂട്ടിക്കെട്ടിയാല്‍ ഇതരമതസ്ഥര്‍ പശു വളര്‍ത്തുന്നതു പാപമാകുന്ന കാലം വിദൂരമല്ല. പശുവിന്‍പാലു കുടിക്കാന്‍ ജാതി സര്‍ട്ടിഫിക്കറ്റ് ചോദിച്ചാലും അത്ഭുതപ്പെടാനില്ല. പശുവിന്‍ചാണകം തിലകക്കുറിയായി മാത്രമേ ഉപയോഗിക്കാവൂ എന്നും അതിനെ കൃഷിഭൂമിയിലിടുന്നത് രാജ്യദ്രോഹമായി പരിഗണിക്കുമെന്നും നിയമമുണ്ടായാല്‍ ഞെട്ടരുത്. മതനിയമങ്ങളും രാഷ്ട്ര നിയമങ്ങളും തമ്മില്‍ അവശ്യംവേണ്ട അകലം ഇല്ലാതാകുമ്പോള്‍ നഷ്ടമുണ്ടാകുന്നത് രാഷ്ട്രമെന്ന മതേതര സത്യത്തിനാണ്.

കുത്തകകള്‍ക്കു രാജവീഥി
കന്നുകാലി വിപണനത്തിനായുള്ള നിയമം പരിഷ്കരിച്ചതിനു പിന്നില്‍ കേന്ദ്രസര്‍ക്കാറിന്‍റെ കുത്തകപ്രീണന നയവും സ്വാധീനം ചെലുത്തിയിട്ടുണ്ട്. കശാപ്പോ മാംസവില്പനയോ അല്ല സര്‍ക്കാര്‍ നിരോധിച്ചിരിക്കുന്നത് എന്ന കേന്ദ്രത്തിന്‍റെ വ്യാഖ്യാനം ശരിയാണ്. ഇവിടെ നിരോധിക്കാന്‍ ശ്രമിക്കുന്നത് സാധാരണക്കാരായ കര്‍ഷകര്‍ കാലികളെ വാങ്ങുന്നതിനെയും മാംസത്തിനായി ഉപയോഗിക്കുന്നതിനെയുമാണ്. എന്നാല്‍ പതിനായിരക്കണക്കിനു കന്നുകാലികളെ ഫാമുകളില്‍ വളര്‍ത്തി മാംസത്തിനായി കൊല്ലുന്ന കുത്തക മാംസവ്യാപാരത്തെ ഈ നിയമം പിന്തുണയ്ക്കുകയാണ്. ഇന്ത്യയിലെ പാല്‍- മാംസ വ്യാപാരം ചെറുകിടക്കാരില്‍ നിന്ന് പിടിച്ചുപറിച്ച് വന്‍കിടക്കാര്‍ക്കു കാണിക്കവയ്ക്കാനുള്ള സര്‍ക്കാര്‍ നീക്കം ഈ ബില്ലിനു പിന്നില്‍ സംശയിക്കാന്‍ ന്യായമുണ്ട്. ലോകത്തെ മാട്ടിറച്ചി വിപണിയുടെ 20% കൈയാളുന്ന ഇന്ത്യയുടെ മാട്ടിറച്ചി കയറ്റുമതിയില്‍ മുന്‍നിരയില്‍ നില്‍ക്കുന്ന കമ്പനികളില്‍ ഭൂരിഭാഗവും സംഘപരിവാര്‍ നേതാക്കളുടെ ഉടമസ്ഥതയിലുള്ളതാണ്. പശുവിനേക്കാള്‍ പണത്തോടുള്ള സ്നേഹമാണ് ഈ നിയമത്തിനു പിന്നിലുള്ളത് എന്ന തിരിച്ചറിവ് ഗോസംരക്ഷകരെന്ന പേരില്‍ ചൂടുചോറു വാരുന്ന എത്ര പേര്‍ക്കറിയാം. മൃഗങ്ങളെ വളര്‍ത്തുന്നവര്‍ക്ക് അവയെ വില്‍ക്കാന്‍ അവസരമില്ലാതാകുമ്പോള്‍ മൃഗപരിപാലനം ആദായകരമായ ഉപജീവനമാര്‍ഗ്ഗമല്ലാതാകുന്നു. ആദായകരമായ വഴികള്‍തേടി കര്‍ഷകര്‍ മൃഗപരിപാലനം ഉപേക്ഷിക്കുമ്പോള്‍ ഭക്ഷ്യസ്വയം പര്യാപ്തത കൂടുതല്‍ അപകടകരമാകുന്നു. മലയാളികള്‍ നാണ്യവിളകള്‍ക്കായി പച്ചക്കറി കൃഷിയും കിഴങ്ങു കൃഷിയും ഉപേക്ഷിച്ചപ്പോള്‍ കേരളം തമിഴ്നാടിന്‍റെ കോളനിയായി മാറിയതിന് നാം സാക്ഷികളാണല്ലോ.

ഭാരതത്തിലെ സാധാരണക്കാരന് സംലഭ്യമായ ചെലവുകുറഞ്ഞ പ്രോട്ടീന്‍സമ്പുഷ്ട ഭക്ഷണം മാംസമാണ്. പ്രസ്തുത ഭക്ഷണം സാധാരണക്കാരനു നിഷേധിക്കുന്നവര്‍ കപടമായ രാജ്യസ്നേഹത്തിന്‍റെ പേരില്‍ രാജ്യവാസികളെ ദ്രോഹിക്കുന്നവരാണ്. കശാപ്പും മാംസവ്യാപാരവും ഒരു പ്രത്യേക സമുദായത്തിന്‍റെ തൊഴിലാണെന്നു മുദ്രകുത്തി പ്രസ്തുതസമുദായത്തെ സാമ്പത്തികമായി നിസ്സഹായരാക്കാനുള്ള ശ്രമവും ഈ നിയമത്തിന്‍റെ പിന്നില്‍ വായിച്ചെടുക്കാം. യഹൂദരുടെ സര്‍വ്വനാശത്തിന് ഹിറ്റ്ലര്‍ ഉപയോഗിച്ച തന്ത്രവുമായി ഈ പുതിയ നിലപാടുകള്‍ക്ക് ഒട്ടേറെ സാമ്യമുണ്ട്. ആധുനിക യുഗ ത്തില്‍ ഇത്തരം നിയമങ്ങള്‍ ലംഘിക്കുന്ന മറ്റൊരു ഭരണകൂടത്തെ തേടുന്നവര്‍ ഉത്തരകൊറിയവരെ പോകേണ്ടിവരും.

Leave a Comment

*
*