കവചകുണ്ഡലങ്ങള്‍ എവിടെ?

കവചകുണ്ഡലങ്ങള്‍ എവിടെ?

ഏതായാലും ജസ്റ്റിസ് കര്‍ണന്‍റെ പാദമുദ്ര പതിയാന്‍ എറണാകുളത്തെ ചാത്തമ്മയ്ക്കു യോഗമുണ്ടായ വാര്‍ത്തകേട്ടു സകലമാന മലയാളികളും രോമാഞ്ചംകൊണ്ടിട്ടുണ്ടാവും. രോമാഞ്ചം കഴിഞ്ഞപ്പോഴാണ് പലര്‍ക്കും സുബോധമുദിച്ചത്. ജനാധിപത്യത്തിന്‍റെ ശ്രീകോവിലായ ജുഡീഷ്യറി സംശയത്തിന്‍റെ 'ലിറ്റ്മസ് ടെസ്റ്റി'ലൂടെ കടന്നുപോകുന്ന ദിനങ്ങളാണോ ഇവ?

ദേശീയമൃഗം പശുവാകണം എന്ന് റിട്ടയര്‍ ചെയ്യുന്ന നിമിഷത്തില്‍ ജഡ്ജിയേമാന്‍ വാദിക്കുമ്പോള്‍ അദ്ദേഹത്തിന്‍റെ ഇതുവരെയുള്ള വിധിപ്രസ്താവങ്ങള്‍ക്ക് എത്രമാത്രം കാവിനിറമുണ്ടായിരുന്നിരിക്കും എന്നു സാമാന്യജനം സന്ദേഹിച്ചാല്‍ കുറ്റംപറയാനാകുമോ? കണ്ണന്‍റെ മഹിമ വാഴ്ത്താന്‍ മയിലിന്‍റെ കണ്ണീര്‍പ്രസവപുരാണം "ശാസ്ത്രീയമായി" എഴുന്നള്ളിക്കുന്നതില്‍ ജഡ്ജിക്ക് അല്പംപോലും യുക്തിഭംഗം തോന്നിയില്ല എന്നതും ഇതിനോടുചേര്‍ത്ത് കാണാതിരിക്കാനാവില്ല. യുക്തിബോധം തീരെയില്ലാത്തവര്‍ക്കും ഇരിക്കാനാകുന്ന കസേരയാണ് ജനാധിപത്യത്തിന്‍റെ ശ്രീകോവിലിലുള്ളത് എന്നു വരുന്നത് ഭൂഷണമല്ലെന്നു മാത്രമല്ല, ജനാധിപത്യത്തിന് അതിഭീഷണവുമാണ്.

ജുഡീഷ്യറിയുടെ നിശ്ശബ്ദതയും ജനത്തെ വല്ലാതെ ഭയപ്പെടുത്തുന്നുണ്ട്. കന്ധമാല്‍ കലാപത്തെത്തുടര്‍ന്ന് തത്പരകക്ഷികള്‍ രണ്ടു ജഡ്ജിമാരെ ഒഴിവാക്കി മൂന്നാമതൊരു ജഡ്ജിയെ സെഷന്‍സ് കോടതിയില്‍ നിയമിച്ച് സകല നീതിബോധത്തെയും കൊഞ്ഞനംകുത്തിക്കൊണ്ട് സമ്പാദിച്ച വിധിപ്രസ്താവത്തിനെതിരേ നിരപരാധികളായ ഏഴു തടവുകാര്‍ ഒഡീഷഹൈക്കോടതിയില്‍ സമര്‍പ്പിച്ച അപ്പീല്‍ മൂന്നുവര്‍ഷമായിട്ടും പരിഗണനയ്ക്കെടുക്കാത്തത് ഇന്നു ജുഡീഷ്യറിയില്‍ വളര്‍ന്നുവരുന്ന ഒരു തരം രോഗംകൊണ്ടല്ലേ?

കന്ധമാല്‍കലാപത്തിന്‍റെ പ്രാഥമിക ചരടുവലികള്‍ നടന്നത് ഇന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവിന്‍റെ സ്ഥാനംവഹിക്കുന്ന അജിത് ഡോവലിന്‍റെ ഫ്ളാറ്റിലാണെന്ന ഞെട്ടിപ്പിക്കുന്ന വിവരം പ്രശസ്ത പത്രലേഖകന്‍ ശ്രീ. ആന്‍റോ അക്കര, "സ്വാമി ലക്ഷ്മണാനന്ദയെ കൊന്നതാര്?" എന്ന ഗ്രന്ഥത്തിലൂടെ തെളിവുകള്‍ സഹിതം വെളിപ്പെടുത്തിയിരിക്കുന്നത് ആരും അറിഞ്ഞില്ലെന്നുണ്ടോ? സെഷന്‍സ് കോടതിയുടെ വിധിപ്രസ്താവത്തിലെ പൊള്ളത്തരങ്ങള്‍ തുറന്നുകാട്ടുന്ന ആ ഗ്രന്ഥത്തിന്‍റെ മൂര്‍ച്ച ആര്‍ക്കും മനസ്സിലായില്ലെന്നുണ്ടോ? കുല്‍ദീപ് നയ്യാറിനെപ്പോലെ ഭാരതം മാനിക്കുന്ന മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ അതു പ്രകാശനം ചെയ്യാന്‍ തയ്യാറായത് അതില്‍ കഴമ്പുണ്ടെന്നറിഞ്ഞിട്ടല്ലേ? ഈ വസ്തുതകള്‍ ഭുവനേശ്വറില്‍ ചെന്ന് ഒഡീഷ മാധ്യമങ്ങള്‍ക്കുമുന്നില്‍ നിരത്തിവച്ചിട്ടും ഒഡീഷ ഹൈക്കോടതി മൗനം ഭജിക്കുന്നത് എന്തുകൊണ്ട്? ഗ്രന്ഥകാരന്‍ അസത്യമാണ് വിളമ്പിയിട്ടുള്ളതെങ്കില്‍ അദ്ദേഹത്തിനെതിരേ ഉടനടി കോടതിയലക്ഷ്യക്കേസെടുക്കാന്‍ നീതിന്യായപീഠം തയ്യാറാകണം. അജിത് ഡോവലിനെപ്പോലുള്ള ശ്രേഷ്ഠാത്മാക്കള്‍ മാനനഷ്ടക്കേസ് കൊടുക്കണം. കേന്ദ്ര ഗവണ്‍മെന്‍റ് ശക്തമായി ഇടപെടണം. നിശ്ശബ്ദതയുടെ ഈ തീവ്രവാദം എത്രനാള്‍ തുടരാന്‍ കഴിയും?!

ദളിത്ക്രൈസ്തവരെ വിവേചനത്തിനിരകളാക്കിയ 1950-ലെ പ്രസിഡന്‍ഷ്യല്‍ ഉത്തരവിനെതിരേ 2004-ല്‍ തമിഴ്നാട്ടിലെ ഫ്രാങ്ക്ളിന്‍ സീസര്‍ സുപ്രീംകോടതിയില്‍ ഫയല്‍ചെയ്ത കേസു സംബന്ധിച്ച് മറുപടി നല്കാതെ നിശ്ശബ്ദത പാലിക്കുന്ന, മാറിമാറി വന്ന കേന്ദ്രസര്‍ക്കാരുകളുടെ ഒളിച്ചുകളി ഏതു ഗണത്തില്‍ പെടും?
ഭരണഘടനയെയും നിയമവാഴ്ചയെയും സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം കൈയാളുന്നയാളാണ് രാഷ്ട്രപതി. മതേതര ഭാരതത്തിലെ ഒരു രാഷ്ട്രപതി സ്ഥാനാര്‍ത്ഥിക്ക് 'പറഞ്ഞുകേട്ടത്ര' തീവ്രത വേണോ? നീതിന്യായാധികാരങ്ങളുള്ള കേന്ദ്ര ന്യൂനപക്ഷ കമ്മീഷനംഗമായി കേരളത്തിലെ ബിജെപി വൈസ് പ്രസിഡന്‍റിനെ നിയോഗിച്ചത് ഒരു ചാനലും ചര്‍ച്ചചെയ്തു കണ്ടില്ല. ന്യൂനപക്ഷമെന്നത് വെറും പേരായി മാറുകയാണ്…

ഭരണഘടനയുടെ കാവല്‍പ്പട്ടി മരിച്ചുപോകുകയും നീതിന്യായവ്യവസ്ഥിതിയുടെ സംരക്ഷകര്‍ മരവിച്ചുപോകുകയും ചെയ്യുന്ന ഒരു ജനാധിപത്യം എത്ര ഭീകരമാണ്! കവചകുണ്ഡലങ്ങള്‍ നഷ്ടപ്പെട്ട സൂര്യപുത്രന്മാരുടെ വീരമൃത്യുവിനു പിന്നില്‍ എന്നും ശ്രേഷ്ഠാത്മാക്കളുടെ ചതിയുടെ കഥയുണ്ട്.

വാല്‍ക്കഷണം 1: തീയില്‍ വെന്തുമരിക്കാന്‍ വിധിക്കപ്പെട്ട പുതുവൈപ്പുകാരുടെ മുദ്രാവാക്യം വിളിക്ക് അല്പം തീര്‍ച്ചയും മൂര്‍ച്ചയും കൂടിപ്പോയതിനെ തീവ്രവാദം എന്നു വിളിക്കാമെങ്കില്‍ ലാത്തികൊണ്ടു പോലീസ് നടത്തിയ വാദത്തെ എന്തു പേരിട്ടു വിളിക്കണം?

വാല്‍ക്കഷണം 2: 'ആരോഗ്യ അടിയന്തിരാവസ്ഥ' എന്ന കേള്‍ക്കാന്‍ സുഖമുള്ള പ്രതിപക്ഷനേതാവിന്‍റെ പ്രയോഗം തീവ്രമായ വാദമായിപ്പോയെന്ന് ഒരു വാദത്തിനുവേണ്ടി സമ്മതിക്കാമെങ്കിലും അതു കേരളജനതയെ ഭീതിയിലാഴ്ത്താനാണെന്ന് 'ശ്രീ'യുള്ളവര്‍ പറയരുത്. നൂറ്റമ്പതോളംപേര്‍ പനിപിടിച്ചുമരിച്ച സാക്ഷരസംസ്ഥാനത്ത് തന്‍റെ ഊഴവുംകാത്തു കിടക്കുന്ന ഹതഭാഗ്യന് ഇനി എന്തു പേടിക്കാന്‍!

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org