സ്വകാര്യമായ ലാഭവും, ദേശീയമായ നഷ്ടവും

രാജ്യം ഒന്നടങ്കം കോവിട് വൈറസ് ഭീതിയിലൂടെ കടന്നു പോകുമ്പോള്‍, മറ്റെല്ലാ പ്രശ്നങ്ങളും, പിറകോട്ടു തള്ളപ്പെടുക സ്വാഭാവികമാണ്. എങ്കില്‍പ്പോലും, നാം ജാഗരൂകരായിരിക്കേണ്ട പല വിഷയങ്ങളും ഉണ്ട്. കാരണം നമ്മുടെ രാജ്യത്തെ സംബന്ധിച്ചിടത്തോളം, വളരെ പ്രധാനപ്പെട്ട ചില സംഗതികള്‍ ആണ് അവ. കഴിഞ്ഞ ആഴ്ചകളില്‍ ഇന്ത്യയുടെ സാമ്പത്തിക രംഗത്തെ, പ്രത്യേകിച്ച് ബാങ്കിങ് മേഖലയെ ഏറെ പിടിച്ചു കുലുക്കിയ ഒന്നായിരുന്നു യെസ് ബാങ്കില്‍ ഉണ്ടായ പ്രതിസന്ധി. നമ്മള്‍ കാണാതെ പോകരുതാത്ത ഒന്നാണത്.

ഏതൊരു രാജ്യത്തിന്‍റെയും സാമ്പത്തികമേഖലയുടെ ജീവനാഡിയാണ് ബാങ്കിങ് മേഖല. അതു കൊണ്ടുതന്നെ ബാങ്കിങ് മേഖലയുടെ ആരോഗ്യം, രാജ്യത്തിന്‍റെ പുരോഗതിക്കു അത്യന്താപേക്ഷിതവുമാണ്. കഴിഞ്ഞ ഒന്നര വര്‍ഷത്തിനുള്ളില്‍ രണ്ടു ബാങ്കുകളും (YES Bank, PMC Bank), ഒരു ബാങ്കി ങ് ഇതര സ്ഥാപനവും (DHFL) നമ്മുടെ രാജ്യത്തു കടുത്ത പ്രതിസന്ധി നേരിട്ടിട്ടുണ്ട്. അതില്‍ യെസ് ബാങ്കിനെ, രക്ഷപ്പെടുത്താന്‍ ഉള്ള നീക്കങ്ങള്‍ നടന്നപ്പോള്‍ മറ്റു രണ്ടു സ്ഥാപനങ്ങളുടെ കാര്യത്തില്‍ അതുണ്ടായിട്ടില്ല. ഇന്ത്യയെ സംബന്ധിച്ചിടത്തോളം, 1969-ല്‍ നടന്ന ബാങ്കുകളുടെ ദേശസാല്‍ക്കരണത്തിന്‍റെയും, തുടര്‍ന്ന് RBI യുടെ നേതൃത്വത്തില്‍ നടക്കുന്ന കര്‍ശനമായ ഓഡിറ്റിങ്ങിന്‍റെയും, നിയന്ത്രണങ്ങളുടെയും ഒക്കെ ഫലമായി ബാങ്കിങ് മേഖലയില്‍ കാര്യമായി പ്രശ്നങ്ങള്‍ ഇല്ലാതെ പോകുന്ന ഒരു രീതിയായിരുന്നു ഉണ്ടായിരുന്നത്. ജനങ്ങള്‍ക്ക് സാമ്പത്തിക മേഖലയില്‍ ഉള്ള വിശ്വാസത്തിന്‍റെ പ്രത്യക്ഷമായ ലക്ഷണം ആണ്, ബാങ്കുകളുടെ ആരോഗ്യം.

യെസ് ബാങ്കിന്‍റെ കാര്യം എടുത്താല്‍ 2004-ല്‍ തുടങ്ങി ഇന്ത്യയിലെ അഞ്ചാമത്തെ ഏറ്റവും വലിയ പ്രൈവറ്റ് ബാങ്കായി വളര്‍ന്ന ഒരു സ്ഥാപനം ആണത്. ആയിരത്തിലേറെ ബ്രാഞ്ചുകള്‍, അത്രയും തന്നെ എടിഎം, അങ്ങനെ, രാജ്യത്തെ ബാങ്കിങ് രംഗത്ത് അതിന്‍റെ സ്ഥാനം വളരെ വലുതായിരുന്നു. പല ബാങ്കുകളും തകരുന്നത് ഒരു ദിവസം കൊണ്ടല്ല. അതുകൊണ്ട് തന്നെ, ബാങ്കുകളുടെ തകര്‍ച്ചയില്‍ അനേകം പേരുടെ പങ്കുണ്ട്. പക്ഷെ പലപ്പോഴും, ഈ വീഴ്ചകളുടെ പേരില്‍ ആരും തന്നെ ശിക്ഷിക്കപ്പെടാതെ പോകുന്നതാണ് നാം കാണുന്നത്. യെസ് ബാങ്കിന്‍റെ കാര്യം എടുത്താല്‍ പല കാര്യങ്ങളിലും ആദ്യം മുതലേ പാളിച്ചകള്‍ വന്നിട്ടുണ്ട്. ബാങ്കിന്‍റെ ഭരണത്തില്‍ വന്ന പിടിപ്പുകേടുകള്‍, തലപ്പത്തുണ്ടായ മാറ്റങ്ങള്‍, പാപ്പരായ പല സ്ഥാപനങ്ങള്‍ക്കും കൊടുത്തിട്ടുള്ള ഭീമമായ വായ്പകള്‍ ഇവയെല്ലാം അതില്‍പ്പെടും. RBI ഉള്‍പ്പടെ പല തരത്തില്‍പ്പെട്ട റെഗുലേറ്റര്‍മാര്‍ ഉണ്ടെങ്കിലും, കൃത്യമായ സമയത്തു വേണ്ടത്ര നടപടികള്‍ എടുക്കാന്‍ സാധിക്കാതിരുന്നത് കൂടി നാം ചേര്‍ത്ത് വായിക്കേണ്ടതുണ്ട്. ലഭ്യമായ തെളിവുകള്‍ വച്ച് നോക്കുമ്പോള്‍ തന്നെ, ബാങ്കിന്‍റെ വായ്പാ തുകയില്‍ ഉണ്ടായ ക്രമാതീതമായ വളര്‍ച്ച (ഇപ്പോഴത്തെ സര്‍ക്കാരിന്‍റെ കാലത്തു തന്നെ) ആരും ശ്രദ്ധിച്ചില്ല എന്നത് അത്ഭുതകരമാണ്. 2015-16 അവസാനം ഒരു ലക്ഷം കോടി ആയിരുന്നത്, 2017-18 ന്‍റെ അവസാനം രണ്ടു ലക്ഷത്തി അയ്യായിരം കോടിയും, 2018-19 ആയപ്പോഴേക്കും രണ്ടു ലക്ഷത്തി നാല്‍പ്പത്തിയഞ്ച് കോടിയും ആയി അത് മാറി. യെസ് ബാങ്ക് വളരെ ഉദാരമായി നല്‍കിയ വായ്പയുടെ ഗുണഭോക്താക്കളായ, വന്‍കിട കോര്‍പ്പറേറ്റ് കമ്പനികള്‍ എല്ലാം തന്നെ ഇന്ന് തകര്‍ച്ചയില്‍ ആണ്. വന്‍തോതിലുള്ള, രാഷ്ട്രീയ സ്വാധീനം ഒക്കെ ഇല്ലാതെ, ഈ കമ്പനികള്‍ ഇത്രയും വായ്പാസഹായം കൈപ്പറ്റി എന്നുള്ളത് അവിശ്വസനീയമാണ്.

എന്തുകൊണ്ടാണ് പ്രൈവറ്റ് ബാങ്കുകള്‍ തകരുമ്പോള്‍ അതിനെ രക്ഷിക്കാന്‍ സര്‍ക്കാര്‍ മുന്‍കൈ എടുക്കേണ്ടത് എന്നത് വളരെ പ്രസക്തമായ ഒരു ചോദ്യമാണ്. അതിന്‍റെ ഉത്തരം, സാമ്പത്തിക രംഗത്തിന്‍റെ നില നില്‍പ്പില്‍, വിശ്വാസ്യതയുടെ പ്രാധാന്യമാണ്. ആയിരക്കണക്കിന് നിക്ഷേപകര്‍ ഉള്ള ഒരു ബാങ്ക് തകരുമ്പോള്‍, അത് ബാധിക്കുന്നതു മറ്റു പ്രൈവറ്റ് ബാങ്കുകളുടെ വിശ്വാസ്യതയെക്കൂടിയാണ്. ഫലം മറ്റു സമാന സ്ഥാപനങ്ങളുടെയും തകര്‍ച്ച ആയിരിക്കും. ഒരു രാജ്യത്തിന്‍റെ ബാങ്കിങ് മേഖലയ്ക്കും താങ്ങാന്‍ പറ്റാത്ത ഒന്നായിരിക്കും അത്. യെസ് ബാങ്കിന്‍റെ കാര്യത്തില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ നേതൃത്വത്തില്‍ ഉള്ള ഒരു കണ്‍സോര്‍ഷ്യമാണ്, അതിനെ പുനരുജ്ജീവിപ്പിക്കാന്‍ ഉള്ള മൂലധനം ഇറക്കുന്നത്. വിപുലമായ നെറ്റ് വര്‍ക്കും, ആസ്തികളും ഉള്ള യെസ് ബാങ്കിനെ രക്ഷപ്പെടുത്തുന്നത്, ദീര്‍ഘകാല അടിസ്ഥാനത്തില്‍ നല്ലതാണ് എന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ കണക്കു കൂട്ടുന്നു. ആ കണക്കുകൂട്ടലുകള്‍ പരാജയപ്പെടുന്നു എങ്കില്‍, സര്‍ക്കാരും, നികുതിദായകരും കൂടി ആ നഷ്ടം ഏറ്റെടുക്കേണ്ടി വരും.

നമ്മുടെ രാജ്യത്ത് ഒരു ചൊല്ലുണ്ട്. നമ്മള്‍ ലാഭം സ്വകാര്യവല്‍ക്കരിക്കുകയും, നഷ്ടം ദേശസാല്‍ക്കരിക്കുകയും ചെയ്യുന്നു എന്നത്. ഇതില്‍ കുറെ സത്യവുമുണ്ട്. ഇവിടെ, ബാങ്ക് നടത്തിപ്പുകാരുടെ പിടിപ്പുകേട് കൊണ്ട്, തകര്‍ച്ചയില്‍ ആയ ഒരു സ്വകാര്യ ബാങ്കിനെ രക്ഷിക്കാന്‍ സര്‍ക്കാര്‍ നിയോഗിക്കുന്നത് ഒരു പൊതുമേഖലാ സ്ഥാപനത്തെയാണ്. കുറച്ചുനാള്‍ മുമ്പ്, ഇതുപോലൊരു നിയോഗം LIC ക്ക് ആയിരുന്നു. ഇത് അത്ര ആശാവഹമായ ഒരു പ്രവണത അല്ല. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഈയിടെ സ്ഥിരനിക്ഷേപങ്ങള്‍ക്കുള്ള പലിശ നിരക്ക് ഒക്കെ വെട്ടിക്കുറച്ചിട്ടുണ്ട്. സര്‍ക്കാരിന് അതിന്‍റെ അധികാരം ഉപയോഗിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയെ ഇതില്‍ ഉള്‍പ്പെടുത്തുക വളരെ എളുപ്പമാണ്. പക്ഷെ പൊതു മേഖലാബാങ്കുകളുടെ ഭാവി ബലികഴിച്ചു കൊണ്ടാകരുത് ഇത്തരം നടപടികള്‍. അതോടൊപ്പം വളരെ പ്രധാനപ്പെട്ട ഒന്നാണ്, ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സര്‍ക്കാര്‍ എന്തൊക്കെ ചെയ്യണം എന്നുള്ളത്. എന്‍ഫോഴ്സ്മെന്‍റ്, SEBI, RBI തുടങ്ങിയ എല്ലാ സംവിധാനങ്ങളും അവയുടെ അധികാരപരിധിയില്‍ ഉള്ള നിയമങ്ങളും, പരിശോധനകളും കൃത്യമായി നടപ്പിലാക്കിയാല്‍ ഇത്തരം ബാങ്ക് തകര്‍ച്ചകള്‍ ആവര്‍ത്തിക്കുന്നത് ഒരു പരിധി വരെ തടയാന്‍ സാധിക്കും.

ഒരുപക്ഷെ ഇത്തരം ബാങ്ക് തകര്‍ച്ചകള്‍ കേന്ദ്ര സര്‍ക്കാര്‍ ഇനിയും അവരുടെ രാഷ്ട്രീയമായ നിലനില്‍പ്പിനു ഒരു ഭീഷണി ആയി കാണുന്നില്ലായിരിക്കും. എല്ലാറ്റിനും മുന്‍ഗവണ്മെന്‍റുകളെ കുറ്റപ്പെടുത്തുക എന്നതും എളുപ്പമാണ്. പക്ഷെ ഇന്ത്യയിലെ ലക്ഷക്കണക്കിന് മനുഷ്യരുടെ കഠിനാധ്വാനത്തിന്‍റെ ഫലമാണ് ബാങ്കുകളില്‍ നിക്ഷേപിക്കപ്പെട്ടിട്ടുള്ള അവരുടെ സമ്പാദ്യം. ബെര്‍ ടോള്‍ഡ് ബ്രെഹ്ത് പറഞ്ഞത് മറക്കാതിരിക്കുക, 'സാധാരണ കള്ളന്മാര്‍ ബാങ്ക് കൊള്ളയടിക്കുമ്പോള്‍, പ്രൊഫഷണല്‍ കള്ളന്മാര്‍ ഒരു ബാങ്ക് സ്ഥാപിക്കുന്നു.'

ലേഖകന്‍റെ ബ്ലോഗ് : www.bobygeorge.com

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org