Latest News
|^| Home -> Pangthi -> കാഴ്ചയ്ക്കപ്പുറം -> ജീവിക്കാന്‍ വേണ്ട കാരണങ്ങള്‍

ജീവിക്കാന്‍ വേണ്ട കാരണങ്ങള്‍

ബോബി ജോര്‍ജ്

‘നിങ്ങള്‍ ഒരു ഹീറോയെ കാണിച്ചുതരൂ. ഞാന്‍ ഒരു ദുരന്തകഥ എഴുതിത്തരാം’ എന്ന് പറഞ്ഞത് അമേരിക്കന്‍ നോവലിസ്റ്റായിരുന്ന സ്കോട്ട് ഫിറ്റസ്ജ്റാള്‍ഡ് (F. Scott Ftizgerald) ആണ്. ഇന്ത്യ മുഴുവന്‍ ഒരു ഹീറോയെ ഓര്‍ത്തു തേങ്ങുന്ന അവസരത്തില്‍ പെട്ടെന്നു മനസ്സില്‍ വന്ന വാചകം. കഴിഞ്ഞ രണ്ടു ദശകങ്ങള്‍ കൊണ്ട് ഇന്ത്യന്‍ കോര്‍പ്പറേറ്റ് ലോകത്ത് ഉദിച്ചുയര്‍ന്ന കഫേ കോഫി ഡേയുടെ (CCD) സ്ഥാപകന്‍ വി.ജി. സിദ്ധാര്‍ത്ഥ ജൂലൈ അവസാനം ആത്മഹത്യ ചെയ്തു. പെട്ടെന്ന് കുറേ പണം ഉണ്ടാക്കിയ വെറുമൊരു സംരംഭകന്‍ മാത്രം ആയിരുന്നില്ല സിദ്ധാര്‍ത്ഥ. വളരെ ചെറിയ രീതിയില്‍ തുടങ്ങി, സിദ്ധാര്‍ത്ഥ സൃഷ്ടിച്ചത് ലോകം അറിയുന്ന ഒരു ബ്രാന്‍ഡും ഒരു പുത്തന്‍ സംരംഭക സംസ്കാരവും ആയിരുന്നു. അതോടൊപ്പം പതിനായിരക്കണക്കിന് തൊഴിലുകളും, പല മേഖലകളില്‍ പടര്‍ന്നു കിടക്കുന്ന ഒരു വ്യവസായ സാമ്രാജ്യവും. കാപ്പികര്‍ഷകരുടെ കുടുംബത്തില്‍ നിന്നും വന്ന സിദ്ധാര്‍ഥ കാപ്പിയിലേക്കു തന്നെ തിരിഞ്ഞത് തികച്ചും സ്വാഭാവികം. മുന്‍ കര്‍ണാടക മുഖ്യമന്ത്രി കൃഷ്ണയുടെ മരുമകന്‍ ആയതോടുകൂടി സിദ്ധാര്‍ഥ കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടു. ഒരു സാമ്പത്തികശക്തിയാകാന്‍ വെമ്പല്‍ കൊണ്ട് നിന്ന ഇന്ത്യയെ സംബന്ധിച്ചിടത്തോളം, സിദ്ധാര്‍ഥ ഒരു ഹീറോയായി മാറാന്‍ അധികം നാള്‍ വേണ്ടി വന്നില്ല. യുവസംരംഭകര്‍ അദ്ദേഹത്തെ നെഞ്ചിലേറ്റി. രാജ്യത്തെ 250 ഓളം നഗരങ്ങളിലായി ചിതറിക്കിടക്കുന്ന 1700 ഓളം കഫെകളില്‍ ഇരുന്ന് ഇന്ത്യന്‍ യുവത്വം അവരവരുടേതായ സ്വപ്നങ്ങള്‍ കണ്ടു.

ഇക്കാരണങ്ങള്‍ കൊണ്ടാണ് സിദ്ധാര്‍ത്ഥയുടെ പെട്ടെന്നുള്ള ആത്മഹത്യ നിരവധിയായ ചോദ്യങ്ങള്‍ ഉന്നയിക്കുന്നത്. മരിക്കുന്നതിന് മുമ്പ്, സഹപ്രവര്‍ത്തകര്‍ക്ക് എഴുതിയ കത്തില്‍ തന്‍റെ മരണത്തിലേക്ക് നയിച്ച ചില കാരണങ്ങള്‍ സിദ്ധാര്‍ഥ പറയുന്നുണ്ട്. ‘താന്‍ പരാജയപ്പെട്ടു പോയെന്നും അതുകൊണ്ട് എല്ലാം ഉപേക്ഷിക്കുന്നുവെന്നും’ കത്ത് പറയുന്നു. കമ്പനി കടത്തിലാണെന്നും കടക്കാരുടെയും സ്വകാര്യ ഓഹരി വിപണിയുടെയും സമ്മര്‍ദ്ദങ്ങളെ ഇനിയും അതിജീവിക്കുവാന്‍ തനിക്കാവില്ലെന്നും അദ്ദേഹം എഴുതി. അതോടൊപ്പം രാജ്യത്തെ ആദായനികുതി വകുപ്പിന്‍റെ കയ്യില്‍ നിന്നും നേരിട്ട തിക്താനുഭവങ്ങള്‍ തന്നെ തളര്‍ത്തി എന്നും അദ്ദേഹം രേഖപ്പെടുത്തി. വരുന്ന ദിവസങ്ങളില്‍ വളരെ ഗൗരവമായി അന്വേഷിക്കേണ്ട ഒന്നാണ് സിദ്ധാര്‍ത്ഥന്‍റെ മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങള്‍. ഈ സംഭവത്തിന്‍റെ നിജസ്ഥിതി വെളിച്ചത്തു കൊണ്ടുവരേണ്ടത്, ഇന്ത്യയിലെ ഒരോ സംരംഭകരുടെയും ആവശ്യമാണ്. തന്‍റെ സ്വത്തുവകകള്‍, ബാധ്യതകളേക്കാളും കൂടുതലുണ്ടെന്നു സിദ്ധാര്‍ഥ തന്നെ എഴുതിയ സാഹചര്യത്തില്‍ കാര്യക്ഷമമായ അന്വേഷണത്തിന് പ്രസക്തി ഏറുന്നു.

തങ്ങള്‍ തികച്ചും നിയമാനുസൃതമായി മാത്രമേ പ്രവര്‍ത്തിച്ചിട്ടുള്ളൂ എന്ന് പറയുമ്പോഴും ആദായനികുതി വകുപ്പിന്‍റെ അന്വേഷണനടപടികള്‍ എങ്ങനെ ഇത്തരം ദുരന്തങ്ങള്‍ക്ക് ഒരു കാരണമാകാം എന്ന കാര്യം നാം ശ്രദ്ധിക്കേണ്ടതുണ്ട്. സിദ്ധാര്‍ത്ഥ തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ തന്നെ, അതിന്‍റെ പേരിലുള്ള നടപടികള്‍ അയാളെ ആത്മഹത്യയുടെ വക്കിലെത്തിച്ചു എന്ന വാര്‍ത്ത ഒട്ടും ശുഭമല്ല. ഭരിക്കുന്ന പാര്‍ട്ടിയുടെ രാഷ്ട്രീയതാല്പര്യങ്ങള്‍ക്കു വേണ്ടി ആദായനികുതിവകുപ്പ് ഉള്‍പ്പടെയുള്ള ഏജന്‍സികളെ യാതൊരു തത്ത്വദീക്ഷയുമില്ലാതെ ഉപയോഗിക്കുന്നത് ഇന്ന് സാധാരണമാണ്. സിദ്ധാര്‍ത്ഥയുടെ കേസ് തന്നെ, അദ്ദേഹത്തിന്‍റെ ചില രാഷ്ട്രീയബന്ധങ്ങളും അവിടെ നടന്ന റെയ്ഡുകളുമൊക്കെ ചേര്‍ത്ത് വായിക്കേണ്ടതുണ്ട്. സിദ്ധാര്‍ത്ഥയുടെ മറ്റു കമ്പനികളിലെ ചില ഓഹരി വില്പനകളില്‍, ആദായനികുതി വകുപ്പ് ഏര്‍പ്പെടുത്തിയ വിലക്കുകള്‍, പണത്തിന്‍റെ ലഭ്യതയെ ഗുരുതരമായി ബാധിക്കുകയും അതുമൂലം പല കടക്കാര്‍ക്കും സിദ്ധാര്‍ഥ ഉദ്ദേശിച്ചപോലെ തിരിച്ചു കൊടുക്കാന്‍ സാധിച്ചില്ല എന്ന വസ്തുതയും പുറത്തു വരുന്നുണ്ട്. ഇത് പെട്ടെന്നുള്ള കടക്കെണിയിലേക്കു നയിച്ച ഒരു കാരണവുമാകാം. പലപ്പോഴും തങ്ങളുടെ നടപടികള്‍, കമ്പനികളുടെ ദൈനംദിന പ്രവര്‍ത്തങ്ങളെ എങ്ങനെ ബാധിക്കുന്നു എന്നത് പല അന്വേഷണ ഏജന്‍സികള്‍ക്കും പ്രശ്നമല്ല. കേന്ദ്ര ഏജന്‍സികളുടെ അധികാരങ്ങള്‍ നാള്‍ക്കുനാള്‍ വര്‍ധിച്ചു വരുന്ന ഇന്നത്തെ സാഹചര്യത്തില്‍, സിദ്ധാര്‍ത്ഥയുടെ ദുരന്തത്തിന് പ്രത്യേക പ്രസക്തിയുണ്ട്. സിദ്ധാര്‍ത്ഥയെ പോലുള്ള വലിയ ഒരു ബിസിനസ്സുകാരന്‍ തന്നെ, തനിക്കു നേരിട്ട അനുഭവങ്ങള്‍ ഇതാണെന്നു പറയുമ്പോള്‍ ചെറിയവരുടെ കാര്യം പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ.

ഈ മരണം മറ്റു ചില യാഥാര്‍ഥ്യങ്ങളെക്കുറിച്ചും കൂടി ചിന്തിക്കാന്‍ നമ്മെ പ്രേരിപ്പിക്കണം. ചില കമ്പനികള്‍ എല്ലാ നിയന്ത്രണങ്ങള്‍ക്കും അപ്പുറത്തേക്ക് വളരുന്ന പ്രതിഭാസം, ലാഭനഷ്ടങ്ങള്‍ നോക്കാതെ വന്‍തോതില്‍ നിക്ഷേപങ്ങള്‍ കിട്ടുന്ന ചില സംരംഭങ്ങള്‍, വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങള്‍ ചില കമ്പനികളെ വന്‍ നഷ്ടത്തിലേക്ക് തളളിവിടുന്ന അവസ്ഥ ഇവയെല്ലാം ഇന്ന് സാധാരണമാണ്. കമ്പനിഭരണത്തില്‍ (Corporate Governance) കൂടുതല്‍ സുതാര്യതയും അവശ്യം തന്നെ. ഒരു ദിവസം കൊണ്ട് ഒരു കമ്പനിയും ആയിരക്കണക്കിന് കോടിയുടെ കടക്കാരാകുന്നില്ലല്ലോ. അതുകൊണ്ടുതന്നെ സമയാസമയങ്ങളില്‍ കമ്പനികളുടെ പ്രവര്‍ത്തനങ്ങള്‍ കൃത്യമായ ഓഡിറ്റിംഗിന് വിധേയമാക്കേണ്ടതുണ്ട്. ശരിയായ മാര്‍ഗങ്ങളിലൂടെ, നിയമാനുസൃതമായി ധനം ആര്‍ജ്ജിക്കുവാനും കമ്പനികള്‍ വളര്‍ത്തുവാനുമുള്ള സാഹചര്യമാണ് ഒരു രാജ്യത്തു സൃഷ്ടിക്കപ്പെടേണ്ടത്. ഏറ്റവും പെട്ടെന്ന് എങ്ങനെയും വളരുക എന്ന ലക്ഷ്യത്തേക്കാളും ഉദാത്തമായത്, കൈവരിക്കുന്ന വളര്‍ച്ച നിലനിര്‍ത്തുക എന്നതാണ്. പല ഭാഗത്തു നിന്നും നേരിട്ട കടുത്ത സമ്മര്‍ദ്ദങ്ങളാണ് ഒരുപക്ഷേ സിദ്ധാര്‍ത്ഥയെ ആത്മഹത്യയിലേക്കു നയിച്ചത്. ധനികരാണെങ്കില്‍ കൂടി എല്ലാ സാഹചര്യങ്ങളും നേരിടാന്‍ അവര്‍ പ്രാപ്തരായിക്കൊള്ളണമെന്നില്ല. വൈകാരികമായ പിന്തുണ അവര്‍ക്കു ആവശ്യമുള്ള സന്ദര്‍ഭങ്ങള്‍ അനേകമുണ്ട്. ധനികനായാലും ദരിദ്രനായാലും പലപ്പോഴും ആത്മഹത്യയില്‍ നിന്നും രക്ഷപ്പെടുന്നത് മറ്റുള്ളവരുടെ അവസരോചിതമായ ഒരു ഇടപെടല്‍ കൊണ്ടായിരിക്കും.

പരീക്ഷയില്‍ തോറ്റ വിദ്യാര്‍ത്ഥികളും, കൃഷി നശിച്ച കര്‍ഷകരും, സമ്മര്‍ദ്ദങ്ങളില്‍ ഉഴലുന്ന സംരംഭകരും ആത്മഹത്യ എന്ന എളുപ്പ വഴി തിരഞ്ഞെടുക്കുന്ന രാജ്യമായി ഇന്ത്യ മാറരുത്. ആത്മഹത്യ, അത് ചെയ്യുന്നവര്‍ക്ക് എല്ലാറ്റില്‍നിന്നും രക്ഷപ്പെടാന്‍ ഒരു എളുപ്പ വഴിയാണ്. പക്ഷേ അവര്‍ അവശേഷിപ്പിക്കുന്നത് അവരുടെ ആശ്രിതര്‍ക്ക് അനേകം പ്രശ്നങ്ങള്‍ ആയിരിക്കും. മഹത്തായ ഒരു രാഷ്ട്രം, അവിടത്തെ പൗരന്മാര്‍ക്ക് കൊടുക്കേണ്ടത് ജീവിക്കാന്‍ വേണ്ട കാരണങ്ങളാണ്, മരിക്കുവാനുള്ള ന്യായങ്ങളല്ല.

ലേഖകന്‍റെ ബ്ലോഗ്: www.bobygeorge.com

Comments

2 thoughts on “ജീവിക്കാന്‍ വേണ്ട കാരണങ്ങള്‍”

  1. Asheej says:

    Excellent article…

  2. Kuriakose Aravindath says:

    Well said Boby. We should explore reasons for living and not excuses for dying.

Leave a Comment

*
*