ജനാധിപത്യരാജ്യത്തെ സ്ഥാപനങ്ങള്‍

ഭാരതം എന്ന സ്വതന്ത്ര പരമാധികാര രാജ്യത്തിന്‍റെ ഏറ്റവും പ്രധാനപ്പെട്ട ഒരു സമ്പത്തു അതിന്‍റെ ശ്രേഷ്ഠമായ ഭരണഘടന തന്നെയാണ്. ജനങ്ങളുടെ ക്ഷേമത്തിനും, രാജ്യത്തിന്‍റെ സുഗമമായ നടത്തിപ്പിനും വേണ്ടി വിപുലമായ അധികാരങ്ങളോടെ, തികച്ചും സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ ഉതകുന്ന രീതിയിലാണ് ഭരണഘടന ഈ രാജ്യത്തെ വിവിധ സ്ഥാപനങ്ങള്‍ വിഭാവന ചെയ്തിരിക്കുന്നത്. സൈന്യം, കോടതി എന്നിവയ്ക്കും വ്യക്തമായ അതിര്‍വരമ്പുകള്‍ നിശ്ചയിച്ചിട്ടുണ്ട്. ഏതു ഭരണാധികാരി വന്നാലും ഈ അതിരുകളുടെ ഉള്ളിലാണ് പ്രവര്‍ത്തിക്കേണ്ടത്. അതു കൊണ്ടു തന്നെ അത് വ്യക്തി അധിഷ്ഠിതമല്ല എന്ന് കാണുവാന്‍ സാധിക്കും. എങ്കില്‍പ്പോലും, കാലാകാലങ്ങളില്‍ മാറി മാറി വരുന്ന വ്യക്തികള്‍ അവരുടെ ചില ബോധ്യങ്ങളും മൂല്യങ്ങളും ഇവയ്ക്കു കൊടുക്കാന്‍ ശ്രമിച്ചിട്ടുണ്ട്. എങ്കിലും, ഈ സ്ഥാപനങ്ങളുടെ നിഷ്പക്ഷതയോ സ്വാതന്ത്ര്യമോ ഒരിക്കലും സ്വാര്‍ത്ഥതാല്പര്യങ്ങള്‍ക്കുവേണ്ടി വിട്ടു വീഴ്ച ചെയ്യാന്‍ പാടുള്ളതല്ല. ഈ ഒരു പശ്ചാത്തലത്തിലാണ് നമ്മുടെ ഭരണഘടനാ സ്ഥാപനങ്ങള്‍ക്ക് സംഭവിക്കുന്ന അപചയം ചര്‍ച്ച ചെയ്യേണ്ടത്.

സ്വതന്ത്രമായ സ്ഥാപനങ്ങളുടെ തകര്‍ച്ചയുടെ തുടക്കം ഭരിക്കുന്ന രാഷ്ട്രീയത്തോടും ഭരണാധികാരികളോടുമുള്ള അമിതമായ വിധേയത്വത്തില്‍ നിന്നാണ്. ഇത് പലതരത്തില്‍ പ്രകടമാകുന്നതായി കാണുവാന്‍ സാധിക്കും. ഒന്ന് ഭരണം കയ്യാളുന്ന രാഷ്ട്രീയത്തോട് കൂടുതല്‍ അനുരൂപരാകുവാന്‍ ശ്രമിക്കുക. മറ്റൊന്ന് ഭരണാധികാരികള്‍ ചെയ്യുന്ന തെറ്റുകളോട് സൗകര്യപൂര്‍വ്വം സന്ധി ചെയ്യുക. അടുത്തയിടെ സിവില്‍ സര്‍വീസ് മെയിന്‍ പരീക്ഷയ്ക്ക് വന്ന ഒരു ചോദ്യം, മതേതരത്വത്തിന്‍റെ പേരില്‍ ഇന്ത്യയുടെ സംസ്കാരം നേരിടുന്ന വെല്ലുവിളികള്‍ എന്തെല്ലാം എന്നതായിരുന്നു. മതേതരത്വം എന്നത് ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖത്തിലുള്ളതാണ് എന്നോര്‍ക്കുക. വളരെ കൗശലപൂര്‍വ്വം തിരുകുന്ന ഇത്തരം ചോദ്യങ്ങള്‍ക്കു വ്യക്തമായ ഒരു ലക്ഷ്യമുണ്ട്. ചില പുതിയ ചിന്താഗതികള്‍, വളരെ നിഷ്ക്കളങ്കമായി ആളുകളുടെ ഇടയില്‍ കടത്തിവിടാന്‍ ഇങ്ങനെ സാധിക്കും. കഴിഞ്ഞ പൊതു തിരഞ്ഞെടുപ്പുകാലത്ത്, പ്രധാനമന്ത്രി നടത്തിയ വളരെ വ്യക്തമായ തിരഞ്ഞെടുപ്പ് ചട്ടലംഘനങ്ങളുണ്ട്. സൈന്യത്തെക്കുറിച്ചും ന്യൂനപക്ഷങ്ങളെക്കുറിച്ചുമുള്ള ചില അപലപനീയമായ പ്രസ്താവനകള്‍ പ്രധാനമന്ത്രി നടത്തുകയുണ്ടായി. എങ്കില്‍ പോലും, തിരഞ്ഞെടുപ്പ് കമ്മീഷന് അതൊരു ശാസനയ്ക്കു പോലും വിഷയമായില്ല എന്നത് ശ്രദ്ധേയമാണ്. ടി.എന്‍. ശേഷന്‍റെയൊക്കെ കാലത്തു തിരഞ്ഞെടുപ്പ് കമ്മീഷന്‍ കൈവരിച്ച വിശ്വാസ്യതയും, ജനപ്രീതിയും ഇത്തരുണത്തില്‍ സ്മരണീയമാണ്.

ഇതോടൊപ്പംതന്നെ ചേര്‍ത്തുവായിക്കേണ്ട ഒന്നാണ് കോടതികളുടെ ചില സമീപനങ്ങള്‍. പൗരത്വ ബില്‍ താല്‍ക്കാലികമായി സ്റ്റേ ചെയ്യാന്‍ സുപ്രീം കോടതി തയ്യാറായിരുന്നുവെങ്കില്‍ ഒത്തിരി സമരപരമ്പരകള്‍ ഒഴുവാക്കാമായിരുന്നു എന്ന് ചിന്തിക്കുന്നവര്‍ ഏറെയാണ്. ജമ്മു കാശ്മീരില്‍ തുടരുന്ന അടിയന്തിരാവസ്ഥയ്ക്ക് സമാനമായ നിയന്ത്രണങ്ങള്‍ക്കും ഇതുവരെ ശമനം ഉണ്ടാക്കാന്‍ കോടതിക്ക് സാധിച്ചില്ല എന്നതും ശ്രദ്ധേയമാണ്.

ഈ ചര്‍ച്ചയില്‍ നാം ഒരിക്കലും വിസ്മരിക്കാന്‍ പാടില്ലാത്ത മറ്റൊരു കാര്യം, ഈയിടെയായി സൈന്യാധിപന്മാരുടെ ഭാഗത്തുനിന്നും ഉണ്ടാകുന്ന ചില പ്രസ്താവനകളും, നിലപാടുകളും മറ്റുമാണ്. സ്വതന്ത്രഭാരതത്തെ സംബന്ധിച്ചിടത്തോളം കേട്ടുകേള്‍വി പോലുമില്ലാത്തതാണിത്. തികച്ചും സിവിലിയന്‍ അധികാരത്തിനു കീഴെ, രാഷ്ട്രീയനിലപാടുകള്‍ക്കതീതമാണ് ഇന്ത്യയില്‍ സൈന്യത്തിന്‍റെ സ്ഥാനം. ആ സാഹചര്യത്തിലാണ്, ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയത് കാശ്മീരിനെ ശാന്തമാക്കി എന്ന് ഒരു സൈന്യാധിപന്‍ പറയുന്നത്. കാശ്മീര്‍ വളരെ സ്ഫോടനാത്മകമായി നില്‍ക്കുമ്പോള്‍ ഇങ്ങനെയൊക്കെ ഒരു സൈന്യാധിപന്‍ പറയുന്നത് ഒട്ടും ഭൂഷണമല്ല. പൗരത്വ ബില്ലിനെതിരെ നടക്കുന്ന പ്രക്ഷോഭങ്ങളെപ്പറ്റി, ചീഫ് ഓഫ് ഡിഫെന്‍സ് സ്റ്റാഫും ചില പ്രസ്താവനകള്‍ നടത്തുകയുണ്ടായി. അവരുടെ അധികാര മേഖലകള്‍ക്ക് പുറത്താണ് ഈ പ്രസ്താവനകള്‍ എന്ന് പറയാതെ വയ്യ. ക്രമസമാധാനം തകരുന്ന സാഹചര്യങ്ങളില്‍, പലപ്പോഴും പോലീസ് തങ്ങളുടെ നിഷ്പക്ഷ സ്വഭാവം കൈവിടുന്നു എന്നതും അപകടകരമാണ്. പൗരത്വാബില്ലിനെതിരെ നടന്ന സമരങ്ങളില്‍ ഈ നിലപാടുകള്‍ വലിയ പ്രതിഷേധത്തിന് ഇടയാക്കുകയും ചെയ്തു.

ജനങ്ങളുടെ പക്ഷം ചേര്‍ന്ന്, സര്‍ക്കാരിനെ നിശിതമായി പരിശോധിക്കേണ്ട മാധ്യമങ്ങളുടെ കീഴടങ്ങല്‍ ഇന്ന് ഒരു വാര്‍ത്തയല്ലാതായി മാറിയിട്ടുണ്ട്. വളരെ കുറച്ചു മാധ്യമങ്ങളാണ് ഇതിനു അപവാദമായി നില്‍ക്കുന്നത്. വര്‍ഷങ്ങളിലൂടെ ആര്‍ജ്ജിച്ചെടുത്ത വിശ്വാസ്യതയാണ് ഇവിടെ തകര്‍ന്നത്. ഈ വിശ്വാസ്യത ഇനി എങ്ങനെ വീണ്ടെടുക്കാന്‍ സാധിക്കും എന്നത് ഒരു ചോദ്യചിഹ്നമാണ്. മാധ്യമങ്ങളുടെ ഈ തകര്‍ച്ചയുടെ പശ്ചാത്തലത്തിലാണ് നമ്മുടെ ഭരണ ഘടനാസ്ഥാപനങ്ങളുടെ ചില നിലപാടുമാറ്റങ്ങളും നാം ആശങ്കയോടെ കാണുന്നത്. ജീവിതത്തിന്‍റെ പരുക്കന്‍ യാഥാര്‍ഥ്യങ്ങളിലേക്കു തള്ളപ്പെടുന്ന സാധാരണ മനുഷ്യരുടെ അവസാന പ്രതീക്ഷയാണ് കോടതിയുള്‍പ്പടെയുള്ള ഭരണഘടനാസ്ഥാപനങ്ങള്‍. എല്ലാ രാഷ്ട്രീയപാര്‍ട്ടികളും വളരെയേറെ ഗൗരവത്തോടെ കാണേണ്ട ഒരു വിഷയമാണിത്. ഒരിക്കല്‍ ഭരണഘടനാ സ്ഥാപനങ്ങള്‍ രാഷ്ട്രീയവല്‍ക്കരിക്കപ്പെട്ടുകഴിഞ്ഞാല്‍ പിന്നീട് അവയെ വീണ്ടെടുക്കുക ക്ലേശകരമാണ്. അതുകൊണ്ടുതന്നെ ഇവയെല്ലാം ഒറ്റപ്പെട്ട സംഭവങ്ങളായി കാണരുത്. സ്ഥാപനങ്ങളുടെ തലപ്പത്തു വരുന്ന വ്യക്തികള്‍ക്കു ഉന്നതമായ സ്വാതന്ത്ര്യബോധവും മതേതരമൂല്യങ്ങളും, ജനങ്ങളോടും ഭരണഘടനയോടും വിശ്വസ്തതയും കൂറും ഉണ്ടായിരിക്കണം എന്ന് ഉറപ്പു വരുത്തേണ്ടതുണ്ട്. അതോടൊപ്പം തന്നെ കോടതി, സൈന്യം, ഭരണഘടനാസ്ഥാപങ്ങള്‍ ഇവയിലൊക്കെ സേവനമനുഷ്ടിച്ചു പിരിയുന്നവര്‍ ഭാവിയില്‍ സ്വീകരിക്കുന്ന സേവനമേഖലകളെക്കുറിച്ചു വ്യക്തമായ ചട്ടങ്ങള്‍ ഉണ്ടാക്കേണ്ടതുണ്ട്. ജനങ്ങളുടെ ജീവനും സ്വത്തിനും കക്ഷി രാഷ്ട്രീയ, ജാതിമത ഭേദമന്യേ സംരക്ഷണം കൊടുക്കുവാന്‍ പോലീസ് സേനയെയും പ്രതിജ്ഞാബദ്ധരാക്കേണ്ടതുണ്ട്.

ലേഖകന്‍റെ ബ്ലോഗ്: www.bobygeorge.com

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org