വിദ്യാഭ്യാസം: ചെലവും പ്രയോജനങ്ങളും

മോഡി ഗവണ്‍മെന്‍റും ഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റിയും തമ്മിലുള്ള ശീതസമരം ഈയിടെ തുടങ്ങിയതല്ല. ഈ സര്‍വകലാശാല മുന്നോട്ടു വയ്ക്കുന്ന ബഹുസ്വരതയും, ലിബറല്‍ ആശയങ്ങളും, ബിജെപി വിശ്വസിക്കുന്ന രാഷ്ട്രീയത്തിന്‍റെ എതിര്‍ ചേരിയില്‍ ആയിപ്പോയി എന്നതാണ് സത്യം. അതുകൊണ്ടുതന്നെ, പലപ്പോഴും ഉള്ള അധികാരങ്ങള്‍ ഉപയോഗിച്ച് അതിനെ ശ്വാസം മുട്ടിക്കാന്‍ കിട്ടുന്ന അവസരങ്ങള്‍ സര്‍ക്കാര്‍ പാഴാക്കാറില്ല. പക്ഷേ, ജെഎന്‍യുവില്‍ വന്നിട്ടുള്ള ഫീസ് വര്‍ദ്ധനയെ ഈ ഒരു വീക്ഷണത്തില്‍ മാത്രം കണ്ടാല്‍ പോരാ, മറിച്ചു താഴെത്തലം മുതല്‍ ചെലവു കുറഞ്ഞ വിദ്യാഭ്യാസം രാജ്യത്തെ സാധാരണക്കാര്‍ക്ക് അപ്രാപ്യമാകുന്ന യാഥാര്‍ഥ്യവുമായും, വിദ്യാഭ്യാസമേഖലയില്‍ സ്വകാര്യമേഖലയുടെ കടന്നുകയറ്റവുമായും ഒക്കെ ഇതിനെ ബന്ധിപ്പിക്കേണ്ടതുണ്ട്. അതോടൊപ്പം തന്നെ ഒരു പുരോഗമന, മതേതര, ജനാധിപത്യ രാജ്യമായി ഇന്ത്യയെ നിലനിര്‍ത്താന്‍ വിദ്യാഭ്യാസത്തിനുള്ള സവിശേഷമായ പങ്കും നാം മറന്നുകൂടാ.

ജനങ്ങള്‍ക്ക് വേണ്ടത്ര വിദ്യാഭ്യാസം കൊടുക്കാതെ, സൂപ്പര്‍ പവര്‍ ആകാം എന്ന് മോഹിക്കുന്ന ഒരു രാജ്യമാണ് ഇന്ത്യ എന്നാണ് ഒരിക്കല്‍ അമര്‍ത്യാസെന്‍ പറഞ്ഞത്. സ്വാതന്ത്ര്യം കിട്ടി 72 വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും സാക്ഷരതയില്‍ പിന്നോക്കം നില്‍ക്കുന്ന, ലോകത്തിലെ ഏറ്റവും മികച്ച യൂണിവേഴ്സിറ്റികളില്‍ ഒന്നുപോലും ഇല്ലാത്ത ഒരു രാജ്യമാണ് ഇന്ത്യ. ചൈന, ദക്ഷിണ കൊറിയ, സിങ്കപ്പൂര്‍ തുടങ്ങി, കഴിഞ്ഞ ദശകങ്ങളില്‍ വന്‍ സാമ്പത്തിക പുരോഗതി പ്രാപിച്ച ഏഷ്യന്‍ രാജ്യങ്ങള്‍ അത് നേടിയത് വിദ്യാഭ്യാസത്തിന്‍റെ ബലത്തിലാണ്. ജിഡിപിയുടെ ആറ് ശതമാനമെങ്കിലും ചെലവഴിക്കേണ്ട സ്ഥാനത്തു വെറും മൂന്നു ശതമാനം മാത്രം വിദ്യാഭ്യാസത്തിനു വേണ്ടി മാറ്റിവയ്ക്കുന്ന രാജ്യമാണ് ഇന്ത്യ. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ഇതും കുറഞ്ഞുവരുന്നു. സ്കൂള്‍ തലത്തില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ പിന്മാറ്റം, നിലവാരത്തകര്‍ച്ച എന്നിവമൂലം, രാജ്യത്തെ ബഹുഭൂരിപക്ഷം പ്രദേശങ്ങളിലും ആളുകള്‍ സ്വകാര്യ സ്ഥാപനങ്ങളെ ആശ്രയിക്കുന്ന സ്ഥിതിയാണുള്ളത്.

ഒരു പരിധിയില്‍ കവിഞ്ഞു സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ഫീസ് കൂട്ടുക എന്ന് വച്ചാല്‍ വിദ്യാഭ്യാസം സാധാരണക്കാര്‍ക്ക് അപ്രാപ്യമാകുന്നു എന്ന് തന്നെയാണ് അര്‍ത്ഥം. മെറിറ്റ് ഉള്ളവര്‍ പണക്കാര്‍ മാത്രം അല്ലല്ലോ. ഉയര്‍ന്ന വിദ്യാഭ്യാസം നേടാന്‍ ആഗ്രഹിക്കുന്ന ഏവര്‍ക്കും അത് ലഭ്യമാകുന്ന ഒരു സാഹചര്യം ഉണ്ടാകേണ്ടതുണ്ട്. ഒരുപക്ഷേ ഏതു രാജ്യവും അവിടത്തെ ഏതൊരു പൗരനും ഉറപ്പു വരുത്തേണ്ട ഒന്നാണ് ചെലവ് കുറഞ്ഞ, നല്ല വിദ്യാഭ്യാസം. പഠിക്കാന്‍ വേണ്ട സ്കോളര്‍ഷിപ്പുകള്‍ വ്യാപകമായി സാധാരണക്കാര്‍ക്ക് ലഭ്യമാക്കേണ്ടതുണ്ട്. വിദ്യാഭ്യാസ ലോണുകള്‍ ഒരു പരിധിവരെ നല്ലതാണെങ്കിലും, അത് മാത്രമല്ല പരിഹാരം. പഠനം തീരുമ്പോഴേക്കും നമ്മുടെ കുട്ടികളെല്ലാം കടക്കാരാകുന്നതു ആശാസ്യമല്ലല്ലോ.

ഇതോടൊപ്പം തന്നെ ചിന്തിക്കേണ്ട ഒന്നാണ്, ഏതു തരത്തിലുള്ള വിദ്യാഭ്യാസമാണ് നാം പ്രോത്സാഹിപ്പിക്കേണ്ടത് എന്ന്. ഈ അടുത്ത കാലത്തായി ഉയര്‍ന്നു വന്നിട്ടുള്ള ഒരു മുദ്രാവാക്യം, സാമ്പത്തികപുരോഗതിക്കു ഉപയുക്തമായ വിദ്യാഭ്യാസം മാത്രമേ നാം പ്രോത്സാഹിപ്പിക്കേണ്ടതുള്ളൂ എന്നതാണ്. എല്ലാറ്റിനെയും ഉത്പന്നമായി കാണുന്ന കമ്പോളവ്യവസ്ഥിതിയുടെ ഒരാശയമാണത്. ആ അര്‍ത്ഥത്തില്‍ മാനേജ്മെന്‍റ്, ശാസ്ത്രം, സാങ്കേതികവിദ്യ എന്നിവയൊക്കെ ഒഴിച്ചുള്ള വിഷയങ്ങള്‍ കുട്ടികള്‍ എന്തിനു പഠിക്കണം എന്ന ചോദ്യം സമൂഹത്തിലെ നല്ലൊരു ശതമാനം ആളുകള്‍ ഉയര്‍ത്തുന്നുണ്ട്. സര്‍വ്വകലാശാലകളിലെ മാനവിക, സാമൂഹ്യശാസ്ത്രവിഷയങ്ങള്‍ക്കെതിരെയാണ് ഈ ചോദ്യങ്ങള്‍ ഉയരുന്നത്. ഈ സാഹചര്യത്തില്‍, സാമൂഹ്യ ശാസ്ത്ര/മാനവിക വിഷയങ്ങള്‍ക്ക് ഒരു ജനാധിപത്യ രാജ്യത്തുള്ള പ്രസക്തി നാം മനസ്സിലാക്കേണ്ടതുണ്ട്. ജിഡിപി വളരുന്നത് മാത്രമല്ല ഒരു രാജ്യത്തിന്‍റെ പുരോഗതി. വിദ്യാഭ്യാസത്തെ സാമ്പത്തിക പുരോഗതിയുമായി മാത്രം ബന്ധിപ്പിക്കുമ്പോള്‍ നാം ഓര്‍ക്കേണ്ടത് സാമൂഹ്യ/ജനാധിപത്യ മൂല്യങ്ങള്‍, ലിംഗനീതി, സമത്വം എന്നിവയെല്ലാം ഊട്ടിയുറപ്പിക്കുന്നതില്‍ വിദ്യാഭ്യാസത്തിന്, പ്രത്യേകിച്ചും സാമൂഹ്യ ശാസ്ത്ര/മാനവിക വിദ്യാഭ്യാസത്തിനുള്ള വലിയ പങ്കാണ്. ചരിത്രബോധമില്ലാത്ത ഒരു തലമുറയ്ക്ക്, ചരിത്രത്തിന്‍റെ അനീതികള്‍ക്കു പരിഹാരം കാണുവാനും സാധിക്കില്ല. കോര്‍പ്പറേറ്റ് ലോകത്തിനു വേണ്ടി, അറിവിനെ തൊണ്ട തൊടാതെ വിഴുങ്ങുന്ന ഒരു തലമുറയെ സൃഷ്ടിക്കുക മാത്രമല്ല വിദ്യാഭ്യാസത്തിന്‍റെ ഉദ്ദേശം. നേരെമറിച്ച്, അധികാരകേന്ദ്രങ്ങളോട് ചോദ്യങ്ങള്‍ ഉന്നയിക്കുന്ന, സഹജീവികളോട് അനുകമ്പയുള്ള, രാഷ്ട്രീയത്തെയും, സമൂഹത്തെയും വസ്തുനിഷ്ഠമായി വിലയിരുത്താന്‍ കഴിവുള്ള ഒരു സമൂഹത്തെയാണ് നമ്മള്‍ നിര്‍മ്മിച്ചെടുക്കേണ്ടത്. ശാസ്ത്രവും സാങ്കേതികവിദ്യയും പ്രധാനമായിരിക്കുമ്പോള്‍ത്തന്നെ, അവയുടെ മാത്രം പഠനം നമ്മുടെ കുട്ടികളെ വിശ്വപൗരന്മാരും, ഉന്നതമായ സ്വാതന്ത്ര്യബോധം ഉള്ളവരും ആക്കണമെന്നില്ല.

നമ്മുടെ ഉന്നതവിദ്യാഭ്യാസ മേഖലയ്ക്ക് ഏറ്റവും അത്യാവശ്യമായി വേണ്ട മറ്റൊരു കാര്യം അക്കാഡമിക് സ്വാതന്ത്ര്യമാണ്. അനാവശ്യമായ ഭീതിയും, നിയന്ത്രണങ്ങളുമുള്ള അന്തരീക്ഷത്തില്‍ ഉന്നതനിലവാരമുള്ള വിജ്ഞാനം ഉത്പാദിപ്പിക്കപ്പെടുകയില്ല. നമ്മുടെ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കു സാമ്പത്തിക, അക്കാഡമിക് സ്വാതന്ത്ര്യം ഉറപ്പു വരുത്തേണ്ടത് ഓരോ പൗരന്‍റെയും കടമയാണ്. ഈ രാജ്യത്തെ സമ്പത്തിന്‍റെ ന്യായമായ ഒരു പങ്കു നമ്മുടെ കുട്ടികള്‍ക്ക് നല്ല വിദ്യാഭ്യാസം ലഭ്യമാക്കാന്‍ ചെലവഴിക്കുക എന്നത് ഒരു നിര്‍ബന്ധമായി മാറണം. പഠിക്കാന്‍ താത്പര്യമുള്ള കുട്ടികള്‍ക്ക് അതിനുള്ള അവസരം കൊടുക്കാതെ അവര്‍ക്കു വേണ്ടി പിന്നീട് എന്ത് ചെയ്തിട്ടും കാര്യമില്ല. നമ്മുടെ കുട്ടികള്‍ക്ക് വേണ്ടി രാജ്യം മുടക്കുന്ന ധനം, കുറേപ്പേര്‍ കരുതുന്നതു പോലെ, ധൂര്‍ത്തല്ല, മറിച്ചു നന്മയിലേക്കും പുരോഗതിയിലേക്കും ഒക്കെയുള്ള ഏറ്റവും ഉറപ്പുള്ള ചുവടുകളാണ്.

ലേഖകന്‍റെ ബ്ലോഗ്: www.bobygeorge.com

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org